പരുത്തിയിലും പട്ടിലും പ്രകൃതിയില്‍നിന്നുള്ള നിറക്കൂട്ടുകള്‍ ചേര്‍ത്തുമെനഞ്ഞ തുണിത്തരങ്ങള്‍... നെയ്ത്തുഗ്രാമങ്ങളില്‍നിന്ന് കാതങ്ങള്‍ കടന്നെത്തിയ അവയ്ക്ക് പിന്നിലുണ്ട് അധ്വാനത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ, പോരാട്ടത്തിന്റെ, ഇല്ലായ്മകളുടെ അറിയാക്കഥകള്‍... ആ തുണിത്തരങ്ങളും കഥകളും തേടിയുള്ള യാത്രകളിലൂടെ സംരംഭകയായിമാറിയ ഒരാള്‍, ചാരുലത എ.എസ്. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിനരികിലെ ചെറിയ റോഡില്‍നിന്ന് കുറച്ചൊന്ന് മുന്നോട്ട് നടന്ന് ചെനക്കലിലെത്തിയാല്‍ ആ ബോര്‍ഡ് കാണാം; കണ്ണകി. അലങ്കാരവിളക്കുകളുടെ ആഡംബരമില്ലാത്ത മുറിക്കുള്ളില്‍ നിറയെ തുണിത്തരങ്ങള്‍. ഗ്രാമീണ ഇന്ത്യയുടെ പരിച്ഛേദംപോലെ, ഇന്ത്യയുടെ ഗ്രാമഭൂപടംപോലെ, കണ്ണകി. ഒറിയ കോട്ടണ്‍, സംബല്‍പുര്‍ സില്‍ക്ക്, മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഡിസൈനുകളിലൊന്നായ ബാന്ധനി, കോട്ടണ്‍-സില്‍ക്ക് നൂലുകള്‍നിന്നുള്ള ഭാരംകുറഞ്ഞ കോട്ട ഡോറിയ സാരികള്‍, കടുംനിറമുള്ള തുണിയില്‍ തിരമാലകളടുക്കിയ ലെഹെരിയ സാരികള്‍, അജ്‌റക്ക്്, കാന്ത, കലംകാരി തുണിത്തരങ്ങള്‍, പട്ടിലും പരുത്തിനൂലിലും നെയ്‌തെടുത്ത മഹേശ്വരി സാരികള്‍, കൃത്യതയുള്ള കൈവേലയില്‍ പടുത്ത പട്ടോളസാരികള്‍... കണ്ണകിയുടെ തട്ടുകളില്‍ നിറയെ തറിയില്‍നിന്നിറങ്ങിവന്ന തുണിത്തരങ്ങള്‍.  സിന്തറ്റിക് തുണിത്തരങ്ങള്‍ക്ക് കണ്ണകിയിലിടമില്ല. തന്റെ സ്വപ്‌നസംരംഭത്തിന്റെ പിറവിമുതലിങ്ങോട്ട് ചാരുലത കണ്ടറിഞ്ഞ ദേശങ്ങളും കേട്ടറിഞ്ഞ കഥകളുമേറെയാണ്. തന്നെ സഞ്ചാരിയും സംരംഭകയുമാക്കിമാറ്റിയ 'കണ്ണകി'യെക്കുറിച്ച് അവര്‍ക്ക് പറയാനേറെയുണ്ട്.
 
അങ്ങനെ ഒരിടം

മലപ്പുറത്തെ ഒരു സ്വകാര്യസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു ഞാന്‍. പക്ഷേ, ഒരു ഘട്ടമെത്തിയപ്പോള്‍ ഇനി ആ ജോലിയില്‍ തുടരാനാകില്ലെന്നുറപ്പിച്ചു. ഇനിയെന്ത്, എങ്ങനെ എന്നൊന്നുമറിയില്ലായിരുന്നു. അന്ന് എന്റെ മകള്‍ ഹൈദരാബാദില്‍ ഗവേഷകവിദ്യാര്‍ഥിയാണ്. ഇടയ്ക്ക് ഞാന്‍ അവിടേക്ക് പോകും. പകല്‍ മുഴുവന്‍ തെലങ്കാനയുടെ പല ഭാഗങ്ങളിലായി അലഞ്ഞുതിരിയും. അങ്ങനെയാണ് പോച്ചംപള്ളിയിലെത്തുന്നത്. തുണിത്തരങ്ങളോട് ഇഷ്ടക്കൂടുതലുള്ള ആളാണ് ഞാന്‍. കണ്ണില്‍ത്തടയുന്നത് വാങ്ങാന്‍ തോന്നും. അതിനെല്ലാമുള്ള തുക കൈയിലില്ല. കുറേയൊക്കെ വാങ്ങി നാട്ടിലേക്ക് മടങ്ങും. അടുത്ത കൂട്ടുകാരികളില്‍ ആരെങ്കിലും വന്ന് അതിലേതെങ്കിലും ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാല്‍, വാങ്ങിയ വിലയ്ക്ക് അതവര്‍ക്ക് കൊടുക്കും. എങ്കില്‍പ്പിന്നെ, ഇതൊരു തൊഴിലാക്കാവുന്നതല്ലേ എന്ന ചിന്ത പിന്നെയെപ്പോഴോ തോന്നി. പിന്നീടുള്ള യാത്രകളില്‍ വാങ്ങിയ തുണിത്തരങ്ങള്‍ ഞാന്‍ ചെറിയ ലാഭത്തിന് അടുപ്പക്കാര്‍ക്ക് കൊടുത്തുതുടങ്ങി. അങ്ങനെയാണ് സ്വന്തമായി ഒരു സ്ഥാപനമെന്ന തീരുമാനത്തിലേക്കെത്തുന്നത്. വെറും കച്ചവടം എന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. നല്ല വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്ന മനോഹരമായ ഒരിടമെന്നതായിരുന്നു എന്റെ സ്വപ്‌നം. 
 
അടച്ചിട്ട കാലം

വാടകയ്‌ക്കെടുത്ത ഒറ്റമുറിക്കെട്ടിടത്തില്‍ കണ്ണകി തുറന്നു. പോച്ചംപള്ളിയില്‍നിന്നും കുത്താമ്പുള്ളിയില്‍നിന്നുമൊക്കെയുള്ള തുണിത്തരങ്ങളായിരുന്നു തുടക്കത്തില്‍. ആഴ്ചാവസാനങ്ങളില്‍ കണ്ണകിയുടെ മുറ്റത്ത് മെഹ്ഫിലുകള്‍ സംഘടിപ്പിച്ചു. ഒഴുക്കില്‍ മുന്നോട്ട് പോകുമ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വൈകാതെ, കട പൂട്ടേണ്ടിവന്നു. വാടകമുറിയൊഴിഞ്ഞ് തുണികളെല്ലാം വീട്ടിലേക്ക് മാറ്റി. വീട്ടിലെ സ്വീകരണമുറി കണ്ണകിയായി. പരുത്തിത്തുണിത്തരങ്ങളാണ്, കൂട്ടിയിട്ടാല്‍ നശിച്ചുപോകും. അത് കാണാന്‍ വയ്യ. അങ്ങനെ, ഞാന്‍ വാട്സാപ്പില്‍ കൂട്ടുകാര്‍ക്കൊക്കെ മെസേജയച്ചു. കിട്ടുന്ന വിലയ്ക്ക് വിറ്റുതീര്‍ക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും എന്റെ ആശങ്കകള്‍ വെറുതേയായി. ഒരുവര്‍ഷത്തിനിടെ എല്ലാം വിറ്റുതീര്‍ന്നു. അതോടെ, ധൈര്യമായി. വീണ്ടും തെലങ്കാനയിലേക്ക് വണ്ടികയറി. ഒരുലക്ഷം രൂപയുടെ സാരികളുമായായിരുന്നു മടക്കം. പുതിയൊരു മുറി വാടകയ്‌ക്കെടുത്ത് വീണ്ടും കട തുടങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ, അതിനുമുന്നേ തുണികളെല്ലാം വിറ്റുതീര്‍ന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുമൊക്കെ വായിച്ചറിഞ്ഞ് പലരും വാങ്ങി. വീണ്ടും കട തുടങ്ങി. അതോടെ, കോവിഡിന്റെ രണ്ടാംതരംഗമെത്തി. അടച്ചിടല്‍. ഓണ്‍ലൈന്‍ വില്‍പ്പന തുടര്‍ന്നു. കോവിഡ് പിന്‍വാങ്ങിയതോടെ, കണ്ണകി സജീവമായി തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി.
 
നര്‍മദയില്‍ നിന്ന്

ദീര്‍ഘകാലം കുട്ടികളെ സോഷ്യല്‍ സയന്‍സ് പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ഞാന്‍. ലോകത്തെ ഒട്ടുമിക്ക വിപ്ലവങ്ങളുടെയും തുടക്കം തുണിമില്ലുകളില്‍നിന്നാണെന്ന് അറിയാം. അതിന്റെ നേര്‍ച്ചിത്രം കണ്ണകിയിലൂടെ കണ്ടറിയാനായി. നര്‍മദാ തീരവുമായി ബന്ധപ്പെട്ട ഒരനുഭവമാണ് അക്കൂട്ടത്തില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചത്. അതിന് കാരണമായത് ഒരു സാരിയും. പരിസ്ഥിതി പ്രവര്‍ത്തകനും സുഹൃത്തുമായ സി.ആര്‍. നീലകണ്ഠന്‍ ഒരിക്കല്‍ രണ്ട് സാരികള്‍ എനിക്ക് എത്തിച്ചുതന്നു. നര്‍മദയില്‍നിന്ന് മേധാ പട്കര്‍ കൊണ്ടുവന്നതാണത്. നര്‍മദാ തീരത്തെ ആദിവാസികള്‍ പരുത്തിത്തുണിയില്‍ നെയ്തെടുക്കുന്ന സാരി. പ്രകൃതിയില്‍ നിന്നുള്ള ചായങ്ങളില്‍ തീര്‍ത്ത മനോഹരമായ ഡിസൈനുകളോടുകൂടിയ ഭംഗിയുള്ള സാരികള്‍. ആ നര്‍മദാ സാരികളിലൊന്ന് എഴുത്തുകാരി ശാരദക്കുട്ടി വാങ്ങി. ഫേസ്ബുക്കിലൂടെ അതേപ്പറ്റി അറിഞ്ഞ് കൂടുതല്‍ പേര്‍ നര്‍മദാ സാരികളപ്പെറ്റി അന്വേഷിച്ചുതുടങ്ങി. അങ്ങനെ മേധയുടെ പക്കല്‍നിന്ന് കൂടുതല്‍ സാരികളെത്തിച്ച് വില്‍പ്പന നടത്തി. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മിതിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട, തൊഴില്‍ ചൂഷണത്തിന് ഇരയായ ആദിവാസികളുടെ ചെറുത്തുനില്‍പ്പിന്റെ ഉത്പന്നമാണ് നര്‍മദാ സാരികള്‍. അത് വിറ്റു ലഭിച്ച പണം പൂര്‍ണമായും അവര്‍ക്കുതന്നെ നല്‍കി. ഒരു രൂപപോലും ലാഭം എടുത്തില്ല. നര്‍മദാ സാരികള്‍ക്ക് ഇന്നും ആവശ്യക്കാരേറെയാണ്. അത് തേടി വരുന്നവര്‍ സത്യത്തില്‍ നര്‍മദയിലെ ആ പാവം മനുഷ്യരുടെ ചെറുത്തുനില്‍പ്പിനോട് ഐക്യപ്പെടുകയാണ് ചെയ്യുന്നത്. വ്യവസ്ഥിതിയോട് മല്ലിട്ട് ജീവിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ ഒരു ചെറു സംരംഭത്തിലൂടെപ്പോലും കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
  
തറികള്‍ ഉറങ്ങാത്ത നാട്

കണ്ണകിക്കുവേണ്ടി ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും യാത്ര ചെയ്തു. നര്‍മദയിലേക്കും പോയി. അവിടെ കണ്ട കാഴ്ചകള്‍ ഒരിക്കലും മറക്കാനാവില്ല. വലിയൊരു മനുഷ്യനെപ്പോലെ മുന്നില്‍ നദി നര്‍മദ. നിറഞ്ഞ ജലച്ചാര്‍ത്ത്. അതിന്റെ കരയിലായി തകരം മേഞ്ഞ കൊച്ചു കൂരകള്‍. അതിനുള്ളില്‍ നിലയ്ക്കാത്ത തറിയുടെ ശബ്ദം. പരുത്തിനൂലും പ്രകൃതിദത്ത നിറങ്ങളും ഉപയോഗിച്ചാണ് അവര്‍ സാരികള്‍ നെയ്യുന്നത്. അടയ്ക്കയില്‍നിന്നും അനാറില്‍നിന്നുമൊക്കെ നിറങ്ങള്‍. ശര്‍ക്കരയും ഇരുമ്പും ചാണകവെള്ളവും മിശ്രിതമാക്കി പുളിപ്പിച്ച് കടും നിറങ്ങള്‍. പ്രളയവും പലായനവും ഒക്കെയറിഞ്ഞ പാവം മനുഷ്യരാണവര്‍. അവരില്‍നിന്ന് നേരിട്ട് സാരികള്‍ വാങ്ങിത്തുടങ്ങി. മഹാരാഷ്ടയിലെ ഉപ്പാഡയിലേക്കുള്ള യാത്രയും മറക്കാനാവില്ല. സില്‍ക്ക് സാരികള്‍ക്ക് പ്രസിദ്ധമാണ് ഉപ്പാഡ. കടലോര ഗ്രാമം. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ചെറിയ കുടിലുകള്‍. ദാരിദ്ര്യം നിറഞ്ഞ കൂരകളില്‍ നിന്നാണ് പട്ട് ഇറങ്ങി വരുന്നത്. അവര്‍ നെയ്തെടുക്കുന്ന സാരികള്‍ക്ക് എത്ര വില വരുമെന്ന് ആ സാധുക്കള്‍ക്ക് അറിയില്ല. മുതലാളിമാര്‍ക്കുവേണ്ടി തുച്ഛമായ കൂലിക്ക് അവര്‍ പണി ചെയ്യുന്നു. നെയ്ത്തുകാര്‍ക്കും ആവശ്യക്കാര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ടാകും. അവരിലൂടെയാണ് വില്‍പ്പന. പകിട്ടും പ്രൗഢിയുമുള്ള സാരികള്‍ പൊന്നുംവിലയ്ക്ക് വിറ്റുപോകും. പക്ഷേ, അതുകൊണ്ടൊന്നും നെയ്ത്തുകാരുടെ ദുരിതം ഒഴിയുന്നില്ല. 
 
പ്രിയം പ്രകൃതി

ഈ സംരംഭം തുടങ്ങുമ്പോള്‍ തുണിത്തരങ്ങളെപ്പറ്റിയും അവയുടെ ഗുണമേന്മയെപ്പറ്റിയും എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. സാധാരണക്കാര്‍ക്ക് ഇപ്പോഴും കോട്ടണ്‍ എന്താണെന്ന് അറിയില്ല. നല്ല കോട്ടണ്‍ ഒരിക്കലും വടിപോലെ നില്‍ക്കില്ല. അത് ദേഹത്തോട് ചേര്‍ന്നു കിടക്കും. അല്ലാത്തത് സിന്തറ്റിക് മെറ്റീരിയലാണ്. അതുപോലെ കൃത്രിമ നിറങ്ങള്‍ ചര്‍മത്തിന് ദോഷം ചെയ്യും. പ്രകൃതിദത്ത നിറങ്ങള്‍ ചേര്‍ത്ത തുണിത്തരങ്ങളാണ് കണ്ണകിയില്‍ ഉള്ളത്. തുടങ്ങുന്ന സംരംഭം എല്ലാത്തരത്തിലും പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം എന്നുണ്ടായിരുന്നു. അക്കാരണത്താല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചു. ഓര്‍ഡറുകള്‍ പോസ്റ്റോഫീസ് വഴിയാണ് അയക്കാറുള്ളത്. ഇതിനെല്ലാം ഉപരി അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടറിയാനും അവരോട് ചേര്‍ന്നുനില്‍ക്കാനും ചെറുതായെങ്കിലും കഴിഞ്ഞു. കണ്ണകി എനിക്ക് ആ മനുഷ്യരുടെ ജീവിതത്തിലേക്കുള്ള വഴി കാണിച്ചുതന്നു. നെയ്ത്ത് ഉപജീവനമാക്കിയവര്‍ക്ക് തന്റെ സംരംഭത്തിലൂടെ കൈത്താങ്ങേകുകയാണ് ചാരുലത. ധാര്‍വാഡ് ഐ.ഐ.ടി.യില്‍ റിസര്‍ച്ച് അസോസിയേറ്റായ ഗയ ഹദിയയാണ് ചാരുലതയുടെ മകള്‍. മഞ്ചേരി എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. ആസാദ് ഭര്‍ത്താവ്.