ഫുട്‌ബോള്‍ ലോകകപ്പ് വിജയിയെയും തിരഞ്ഞെടുപ്പ് വിജയിയെയും പ്രവചിക്കാന്‍ മൃഗങ്ങളെ ആശ്രയിക്കുന്നത് സര്‍വസാധാരണമാണ്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍. നീരാളി, പെന്‍ഗ്വിന്‍, തത്ത തുടങ്ങി പലതരം പക്ഷി-മൃഗാദികളെയാണ് അതിനായി ഉപയോഗിക്കുന്നത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയിയെ പ്രവചിക്കാന്‍ ഇക്കുറി ആശ്രയിച്ചത് ഒരു ഹിപ്പോക്കുഞ്ഞിനെയാണ്. ചില്ലറക്കാരനല്ല ഈ ഹിപ്പോക്കുഞ്ഞ്. പിഗ്മി വര്‍ഗത്തില്‍പ്പെട്ട വൈറല്‍ താരമായ 'മൂ ഡെങ്'. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപോ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസോ, ആര് ജയിക്കും? ഇരുവരുടെയും പേരെഴുതിയ തണ്ണിമത്തന്‍ മനോഹരമായി അലങ്കരിച്ച് മൂ ഡെങ്ങിന്റെ മുന്നില്‍ കൊണ്ടുവെച്ചു. ആരുടെ പേരെഴുതിയ തണ്ണിമത്തനാണോ കഴിക്കുന്നത്, അയാള്‍ ജയിക്കും. ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനിലേക്കാണ് അവളുടെ കണ്ണുകള്‍ പോയത്. ഒട്ടും സമയം കളയാതെ അത് അകത്താക്കുകയും ചെയ്തു. 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോയ് എന്ന പട്ടി പ്രവചിച്ചതും ട്രംപ് ജയിക്കുമെന്നാണ്. ഇരുവരുടെയും ഫോട്ടോയും അതിനുപിന്നിലെ ഗ്ലാസില്‍ ഒരേപോലുള്ള തീറ്റയും വെച്ചു. കഴിക്കാന്‍ പറഞ്ഞപ്പോഴും ജോയ് ട്രംപിന്റെ ഫോട്ടോ വെച്ച ഗ്ലാസിനടുത്തേക്ക് നീങ്ങി. 

നോച്ചി ജൂനിയര്‍ എന്ന അണ്ണാന്‍കുഞ്ഞിന്റെ മുന്നിലേക്ക് നട്‌സ് വെച്ച രണ്ട് ബൗളുകളാണ് നീട്ടിയത്. ബൗളുകളുടെ മുകളില്‍ കമലയുടെയും ട്രംപിന്റെയും പേരും. ഏറ്റവും കൂടുതല്‍ നട്‌സ് ഏത് ബൗളില്‍നിന്നാണോ കഴിക്കുന്നത്, അയാള്‍ ജയിക്കും. അരമണിക്കൂറിനുശേഷം നോക്കിയപ്പോള്‍, കമലയുടെ പേരുള്ള ബൗളിലെ നട്‌സാണ് നോച്ചി കൂടുതല്‍ കഴിച്ചതെന്ന് മനസ്സിലായി. 

2017-ല്‍ വിജയിയെ പ്രവചിച്ചത് ഗെദ എന്ന ചൈനീസ് കുരങ്ങനാണ്. ട്രംപ് വിജയിക്കുമെന്നായിരുന്നു പ്രവചനം. അത് സത്യമാവുകയും ചെയ്തു. 2010-ലെ ലോകകപ്പ് ഫുട്‌ബോളില്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ നിറഞ്ഞത് 'പോള്‍ ദ ഒക്ടോപസ്' എന്ന നീരാളിയാണ്. യൂറോ കപ്പിലെ ആറ് മത്സരങ്ങളും ലോകകപ്പിലെ എട്ട് മത്സരങ്ങളുമാണ് പോള്‍ പ്രവചിച്ചത്. അതോടെ പോള്‍ താരമായി.