ഒരുകാലത്ത് സിനിമയിലെ തിരക്കേറിയ നായിക. സല്‍മാന്‍ ഖാന്‍, ചിരഞ്ജീവി, അനില്‍ കപൂര്‍, സഞ്ജയ് ദത്ത്, മമ്മൂട്ടി...ഒട്ടുമിക്ക സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയായി, കുടുംബജീവിതം നയിക്കുകയാണവര്‍. പറഞ്ഞുവരുന്നത് നമ്രത ശിരോദ്കറിനെ കുറിച്ചാണ്.

1993-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയ നമ്രത, സ്വാഭാവികമായും സിനിമയിലേക്കെത്തി. 1998-ല്‍ 'ജബ് പ്യാര്‍ കൈസെ ഹോതാ ഹെ' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 2000-ലാണ് അവര്‍ തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'വംശി' എന്ന ആ സിനിമയില്‍ നായകനായത് മഹേഷ് ബാബുവാണ്. തെലുഗു സൂപ്പര്‍സ്റ്റാറും നിര്‍മാതാവും സംവിധായകനുമൊക്കെയായ കൃഷ്ണയുടെ മകന്‍. തെലുഗുസിനിമയെക്കുറിച്ച് കാര്യമായൊന്നും അറിയാതെയാണ് നമ്രതയുടെ വരവ്. മഹേഷ് ആണെങ്കില്‍ സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളും. സ്വാഭാവികമായും ഇരുവരും നല്ല സുഹൃത്തുക്കളായി.  

52 ദിവസത്തോളം ന്യൂസിലന്‍ഡിലായിരുന്നു 'വംശി'യുടെ ഷൂട്ടിങ്. ഇരുവരും പരസ്പരം മനസ്സിലാക്കി, കൂടുതലടുത്തു. അത് പ്രണയത്തിലേക്ക് മാറിയെങ്കിലും, അത് ഗോസിപ്പ് കോളങ്ങളുടെ ഭാഗമാവാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും അധികം വൈകാതെ വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. ഏറ്റവും കൂടുതല്‍ എതിര്‍ത്തത് മഹേഷിന്റെ കുടുംബമായിരുന്നു. നമ്രതയ്ക്ക് മഹേഷിനേക്കാള്‍ നാലുവയസ്സ് കൂടുതലായതും, ഒരു നായികയെ മകന്‍ വിവാഹം കഴിക്കുന്നതിനോടുള്ള മഹേഷിന്റെ അച്ഛന്റെ താത്പര്യക്കുറവുമായിരുന്നു പ്രശ്‌നം. ഒടുവില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് 2005-ല്‍ ഇരുവരും വിവാഹിതരായി. 

placeholder
നമ്രതയും മഹേഷ് ബാബുവും മക്കളായ ഗൗതം, സിതാര എന്നിവരോടൊപ്പം

ഹീറോ ഹിന്ദുസ്ഥാനി, പുകാര്‍, അസ്തിത്വ, ദില്‍ വില്‍ പ്യാര്‍ വാര്‍, തെഹ്‌സീബ്, ഇന്‍സാഫ്, ബ്രൈഡ് ആന്റ് പ്രിജുഡൈസ്...ഹിന്ദി, കന്നഡ, തെലുഗു, മറാത്തി, മലയാളം എന്നീ ഭാഷകളിലായി കുറേ നല്ല സിനിമകളുടെ ഭാഗമായിരുന്നു നമ്രത. 'എഴുപുന്ന തരകന്‍' എന്ന സിനിമയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണവര്‍.  

കുടുംബജീവിതത്തിലേക്ക്...
വിവാഹത്തിനു മുമ്പുതന്നെ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും നമ്രത പൂര്‍ത്തിയാക്കിയിരുന്നു. വിവാഹത്തിനുമുമ്പ് മഹേഷ് ബാബു ഒരു നിബന്ധന വെച്ചുവെന്നും അതാണ് അഭിനയം നിര്‍ത്താന്‍ കാരണമെന്നും നമ്രത പിന്നീട് പറഞ്ഞിട്ടുണ്ട്. ''മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടിയിരുന്നത്. ഞങ്ങളുടെ പ്രണയകാലത്ത് തന്നെ ആ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞാനൊരു ഓഫീസ് ജോലിയാണ് ചെയ്തിരുന്നതെങ്കില്‍ പോലും എന്നോട് ജോലി നിര്‍ത്താന്‍ മഹേഷ് പറയുമായിരുന്നു. വലിയ നായികയാവണമെന്നൊന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ടാവാം സിനിമ നിര്‍ത്തുമ്പോള്‍ എനിക്കും വിഷമമൊന്നും തോന്നിയില്ല''. 

placeholder
നമ്രത ശിരോദ്കര്‍ / ഫോട്ടോ: AP

തനിക്കുവേണ്ടി മഹേഷും ചില വിട്ടുവീഴ്ചകള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് കുടുംബജീവിതം മുന്നോട്ടുപോയതെന്നും അവര്‍ പറഞ്ഞു. ''മുംബൈയില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഫ്‌ളാറ്റുകളിലെ ജീവിതമായിരുന്നു ഏറ്റവും സുഖകരം. പക്ഷേ ഹൈദരാബാദില്‍ മഹേഷിനുള്ളത് വലിയ ബംഗ്ലാവാണ്. ഫ്‌ളാറ്റില്‍നിന്ന് ബംഗ്ലാവിലേക്ക് മാറുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അതു മനസ്സിലാക്കിയ മഹേഷ്, വിവാഹശേഷം കുറേനാള്‍ എന്റെ കൂടെ മുംബൈയില്‍ താമസിച്ചു. പിന്നീട് ഹൈദരാബാദില്‍ ഒരു ഫ്‌ളാറ്റെടുത്ത് അങ്ങോട്ടുമാറി. അതും കഴിഞ്ഞാണ് ബംഗ്ലാവിലേക്ക് പോവുന്നത്. 

അധികം വൈകാതെ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചു, ഗൗതം. പെട്ടെന്നൊരു നാള്‍ വീണ്ടും വാര്‍ത്ത പരന്നു, നമ്രതയും മഹേഷും പിരിഞ്ഞുവെന്നും, നമ്രത കുഞ്ഞിനെയും കൂട്ടി മുംബൈയിലേക്ക് പോയെന്നും. അക്കാലത്തെ കുറിച്ചും പിന്നീട് നമ്രത പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ''കരിയറില്‍ മോശം സമയമായിരുന്നു മഹേഷിനത്, ഇനി എന്തുചെയ്യുമെന്ന കണ്‍ഫ്യൂഷന്‍. എനിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അതിനിടയില്‍ ചില അഭിപ്രായവ്യത്യാസങ്ങളും. കുറച്ചുകാലം അകന്നുനിന്നു ഞങ്ങള്‍. പക്ഷേ പങ്കാളികളെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഞങ്ങളെ ഏറ്റവും കൂടുതല്‍ കരുത്തരാക്കിയത് ആ സമയമാണ്''. ഒരു പരീക്ഷണകാലം കടന്ന് അവര്‍ വീണ്ടും ഒരുമിച്ചു. 2012-ല്‍ ഒരു മകള്‍ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു, സിതാര. 

placeholder
മഹേഷ് ബാബുവും നമ്രതയും മകള്‍ സിതാരയോടൊപ്പം

തന്റെ വിജയത്തിനുപിന്നില്‍ നമ്രതയാണെന്ന് എല്ലാ അഭിമുഖങ്ങളിലും മഹേഷ് ബാബു പറയാറുണ്ട്. ''അവളില്ലാതെ എന്തെങ്കിലും നടക്കുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ഏത് പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറില്ലേ. ഈ പുരുഷന്റെ വിജയത്തിനുപിന്നില്‍ തീര്‍ച്ചയായും നമ്രത തന്നെയാണ്''. ഇപ്പോള്‍ കുട്ടികളുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങളുമായി തിരക്കിലാണ് നമ്രത. ജി.മഹേഷ് ബാബു എന്റര്‍ടെയിന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്നതും നമ്രത തന്നെ.