ബോളിവുഡിലെ ഏറെ ആരാധകരുളള നടിയാണ് കാജോള്‍. 1995-ല്‍ പുറത്തിറങ്ങിയ ‘ഹല്‍ചല്‍’ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് കജോളും അജയ് ദേവ്ഗണും ആദ്യമായി കണ്ടുമുട്ടുന്നത്. ‘ഗുണ്ടാ രാജ്, ഇഷ്‌ക്, ദില്‍ ക്യാ കരേ’... തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു അഭിനയിച്ചു.1999-ല്‍ ആണ് അജയ് ദേവ്ഗണും കാജോളുമായുള്ള വിവാഹം നടന്നത്. ആ സമയത്ത് ഇരുവരും ബോളിവുഡ് സിനിമകളില്‍ സജീവമായിരുന്നു. വിവാഹത്തോടെ സിനിമാലോകത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ കാജോള്‍, തിരികെയെത്തിയപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചത്. തന്റെ കരിയര്‍ വളര്‍ച്ചയ്ക്കു പിന്നില്‍ കുടുംബത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് കജോള്‍ പറയാറുണ്ട്.

To advertise here,

“എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ ഒന്നിനെയും അനുവദിച്ചിട്ടില്ല. അത് സിനിമകള്‍ ചെയ്യുന്നതായാലും, വൈവാഹിക ജീവിതത്തിലായാലും. വിവാഹം എനിക്ക് ഒരു തടസ്സമാകുമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അങ്ങനെ ഇപ്പോഴും എനിക്ക് തോന്നുന്നില്ല.  എനിക്ക് 45 വയസ്സാകുന്നതും 50 വയസ്സാകുന്നത് പോലും ഒരു തടസ്സമാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല.  ഇതൊന്നും എന്നെ ഒന്നിലും പിന്നിലാക്കുന്നില്ല”അനുപമ ചോപ്രയോട് സംസാരിക്കവെ കാജോൾ പറഞ്ഞു.

 “ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടുന്നതിന്, ആദ്യം സ്വയം വിശ്വസിക്കുക എന്നതാണ് പ്രധാനം” എന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്റെ ഭാഗ്യ ജോഡിയാണ് കാജോള്‍ എന്ന് പറയാറുണ്ട്. ‘ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ദം’ എന്നീ ബോളീവുഡ് ഹിറ്റുകളില്‍ ഷാരൂഖിന്റെ നായികയായെത്തിയത് കാജോളാണ്. മുംബൈയിലെ മറാത്ത മന്ദിറിലെ ബിഗ് സ്‌ക്രീനില്‍ ഇപ്പോഴും ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെ നിറഞ്ഞോടുകയാണ്. റിലീസായി 30 വര്‍ഷമായിട്ടും ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് മാത്രം ഒരു കുറവും വന്നിട്ടില്ല. ഒരു തലമുറയുടെ തന്നെ പ്രണയ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകര്‍ക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല.

ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ പോലൊരു ചിത്രം ഒരിക്കലും പുനഃസൃഷ്ടിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തില്‍ നായികയായെത്തിയ കജോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi