
പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്ന് അത്ത ഉപദേശിച്ചു. കാരണം, താരതമ്യേന കേസുകള്‍ കൂടുതലുള്ളതും കൂടുതല്‍ അനുഭവസാധ്യതയുള്ളതും കൊല്ലം ജില്ലാ കോടതിയിലായിരുന്നു. മാത്രമല്ല, പ്രഗല്ഭരായ വക്കീലന്മാരും പ്രമാദമായ കേസുകളും കൊല്ലം ജില്ലാ കോടതിയിലായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നതിനാല്‍ കൊല്ലത്തുതന്നെ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചു. കൊല്ലത്ത് മാമന്റെ മകന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നുണ്ട്. അവന്‍ കുടുംബമായി ഒരു വാടകവീട്ടില്‍ താമസിക്കുകയാണ്. അത്തയുടെ കൂടെ കൊല്ലത്തു പോയി. അന്നു രാത്രി അമ്മയുടെ കസിന്റെ വീട്ടില്‍ താമസിച്ചു. സന്നദെടുത്തു വന്നതറിഞ്ഞ് മച്ചാനും കുടുംബവും അണ്ണാവീട്ടില്‍ വന്നിരുന്നു. കൊല്ലത്ത് പ്രാക്ടീസ് ചെയ്യാനും മച്ചാന്റെ വീട്ടില്‍ താമസിക്കാനും അന്നുതന്നെ തീരുമാനിച്ചിരുന്നു.
സി.പി. പരമേശ്വരന്‍ പിള്ളയും കെ. ഭാസ്‌കരന്‍ നായരും കൊല്ലത്തെ അറിയപ്പെടുന്ന വക്കീലന്മാരായിരുന്നു. സി.പി. സിവില്‍ നിയമങ്ങളിലും ഭാസ്‌കരന്‍ നായര്‍ ക്രിമിനല്‍ നിയമങ്ങളിലും അവഗാഹം നേടിയ പ്രഗല്ഭരായിരുന്നു. ധാരാളം കേസുകളും അവര്‍ക്കുണ്ടായിരുന്നു. അവരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്നത് വലിയ കാര്യമാണ്. അത്ത നേരത്തേതന്നെ അവരെക്കണ്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. മാത്രമല്ല, തന്നെക്കുറിച്ച് പലരില്‍നിന്നായി അവര്‍ അറിയുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലാകോടതി കെട്ടിടം അത്ര വലിയതൊന്നുമായിരുന്നില്ല. ഇടുങ്ങിയ കോടതിമുറികള്‍, നടുമുറ്റത്ത് തഴച്ചുവളര്‍ന്നു നില്ക്കുന്ന ആല്‍മരം. പുറത്തേക്കു തുറക്കുന്ന ചെറിയ ഗേറ്റ്. പക്ഷേ, എപ്പോഴും മനുഷ്യനിബിഡമാണ്. പോലീസുകാരും കുറ്റവാളികളും കക്ഷികളും ചേര്‍ന്ന് എപ്പോഴും ശബ്ദമുഖരിതമായ അന്തരീക്ഷം. കോടതിയുടെ അടുത്തുതന്നെയായിരുന്നു വക്കീലാപ്പീസ്. അതും ഒരു ഇടുങ്ങിയ കെട്ടിടത്തിനകത്താണ്. നിറയെ നിയമപുസ്തകങ്ങള്‍ അടുക്കിവെച്ച അലമാരകള്‍. തൊട്ടടുത്ത് കേസുകെട്ടുകള്‍ അടുക്കിവെച്ച മറ്റൊരലമാരയും. ജൂനിയര്‍മാരായി താനും മറ്റു രണ്ടുപേരും മാത്രം. എല്ലാവരുടെയും മേശപ്പുറത്ത് അതതു ദിവസങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ട കടലാസുകെട്ടുകള്‍. കേസുകളുമായി ബന്ധപ്പെട്ട എല്ലാം കൈകൊണ്ട് എഴുതിത്തയ്യാറാക്കണം. ടൈപ്‌റൈറ്റിങ് മെഷീന്‍ വക്കീലാപ്പീസില്‍ എത്തിത്തുടങ്ങിയിട്ടില്ല. കോടതിമുറിക്കുള്ളില്‍ അതൊരെണ്ണം കണ്ടിട്ടുണ്ട്.

രാവിലെ വക്കീലോഫീസിലെത്തിയപ്പോള്‍ തന്റെ പേരില്‍ കോടതിയില്‍നിന്നുള്ള ഒരു കവര്‍ മേശപ്പുറത്തു കിടക്കുന്നു. പൊട്ടിച്ചുവായിച്ചപ്പോള്‍ സന്തോഷം തോന്നി. ഒരു കൊലക്കേസില്‍ തന്നെ 'ക്രൗണ്‍ ഡിഫെന്‍സ്' അഥവാ 'ഡിഫെന്‍സ് കൗണ്‍സ്‌ലറായി' നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ്. സ്വന്തമായി വക്കീലിനെ വെക്കാന്‍ തയ്യാറാകാത്തവരോ ത്രാണിയില്ലാത്തവരോ ആയ കുറ്റാരോപിതര്‍ക്കുവേണ്ടി കോടതിതന്നെ വക്കീലന്മാരില്‍നിന്നും ചിലരെ അവരുടെ കേസു വാദിക്കാന്‍ നിയോഗിക്കാറുണ്ട്. ഇതിനുള്ള പ്രതിഫലവും കോടതിതന്നെ തരും. വക്കീലോഫീസില്‍നിന്നും കിട്ടുന്നതിനു പുറമേയാണ് ഈ പ്രതിഫലം. കേസ് നല്ല രീതിയില്‍ പഠിക്കണം. ആദ്യമായി കിട്ടുന്ന അവസരമാണ്. കോടതിയില്‍ പോയി കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ചു. അതുമായി ബന്ധപ്പെട്ട മുന്‍കാല കോടതിവിധികളും നിയമവശങ്ങളും പ്രതിപാദിക്കുന്ന നിയമപുസ്തകങ്ങളും എടുത്തുവെച്ചു. ഇനി സീനിയര്‍മാരുമായി കേസ് ചര്‍ച്ച ചെയ്യണം. അതിനു മുന്‍പായി സ്വന്തം നിലയ്ക്കും കുറിപ്പുകള്‍ തയ്യാറാക്കിവെച്ചു.
ഉച്ചയോടുകൂടി സീനിയര്‍ കോടതിയില്‍നിന്നും വന്നു. വന്നപാടേ അദ്ദേഹത്തിന്റെ മുന്നിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ടക്കാരനായ ഒരു മൊയ്തീന്‍ സാഹിബിന്റെ സ്വത്തുതര്‍ക്കസംബന്ധമായ സിവില്‍ കേസില്‍ പിറ്റേന്ന് കോടതിയില്‍ ഹാജരാവണമെന്നു പറഞ്ഞു. കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. ഒരു ഭാഗത്ത് കോടതിയില്‍ നിന്നുള്ള ക്രൗണ്‍ ഡിഫെന്‍സ്, ഇപ്പുറത്ത് സീനിയറിന്റെ വക സ്വതന്ത്രമായി കോടതിയില്‍ കേസു വാദിക്കാനുള്ള നിര്‍ദേശം. പ്രസ്തുത കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീനിയര്‍ കൈയില്‍ തന്നു. നന്നായി പഠിച്ചിട്ട് വൈകുന്നേരത്തിനു മുന്‍പേ അദ്ദേഹവുമായി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിച്ചു. കോടതിയേല്പിച്ച കൊലക്കേസ് തത്കാലത്തേക്ക് മാറ്റിവെച്ചു. മൊയ്തീന്‍സാഹിബിന്റെ കേസ് ഇഴകീറി പഠിച്ചു. കോടതിയില്‍ വിസ്താരം കഴിഞ്ഞിരിക്കുന്നു. അടുത്ത ഒരു പ്രാവശ്യത്തെ ഹിയറിങ്ങോടെ വിധിപ്രഖ്യാപനമുണ്ടാവാനിടയുണ്ട്. അതിനാല്‍ത്തന്നെ അടുത്ത ഹിയറിങ് വളരെ നിര്‍ണായകമാണ്. പ്രതിഭാഗം വക്കീലിന്റെ ഭാഗത്തുനിന്നും ഉണ്ടാവാനിടയുള്ള വാദഗതികളാണ് ആദ്യം ഊഹിച്ചെടുത്തത്. അതിനുള്ള മറുപടിയും തന്റെ കക്ഷിയുടെ വാദഗതികളും വേറവേറെ തയ്യാറാക്കി. കേസിന്റെ മെറിറ്റ് പരമാവധി ശക്തമാക്കാനാവശ്യമായ വാദഗതികളും ഉപോദ്ബലകമായ ലോ പോയിന്റുകളും കുറിച്ചുവെച്ചു.
ഗുമസ്തന്‍ പപ്പുപിള്ള സീനിയര്‍ വിളിക്കുന്നെന്നു പറഞ്ഞു. തയ്യാറാക്കിയ കുറിപ്പുകളും മറ്റു വിശദാംശങ്ങളുമായി അദ്ദേഹത്തിന്റെ മുന്‍പില്‍ ചെന്നിരുന്നു. കുടിച്ചുകൊണ്ടിരിക്കുന്ന ചായഗ്ലാസില്‍ നോക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. രണ്ടോ മൂന്നോ ചോദ്യങ്ങള്‍. അതിനുള്ള ഉത്തരവും. അതോടെ ചര്‍ച്ച കഴിഞ്ഞു. വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം എഴുന്നേറ്റുപോയി. പിറ്റേന്നു രാവിലെ നേരത്തേ വക്കീലോഫീസിലെത്തി തലേദിവസം നോക്കിവെച്ച കുറിപ്പുകളെല്ലാമെടുത്ത് കോടതിയിലേക്കു പോയി.
മൊയ്തീന്‍സാഹിബ് കോടതിക്കു മുന്‍പില്‍ കാത്തുനില്ക്കുന്നുണ്ട്. എന്നെ കണ്ടതും അടുത്തു വന്ന് 'കേസ് ജയിക്കില്ലേ മോളേ,' എന്ന് അദ്ദേഹം ആകുലതയോടെ ചോദിച്ചു. 'നോക്കാം,' തന്റെ മറുപടി അതില്‍ നിര്‍ത്തി.
എതിര്‍ഭാഗം വക്കീലിനെ പലപ്പോഴും കണ്ടിട്ടുണ്ട്. പേരറിയില്ല. കോടതിനടപടികള്‍ ആരംഭിച്ചു. കുറച്ചു നേരം നീണ്ടുനിന്ന വാദവും മറുവാദവും കോടതിയുടെ ചോദ്യങ്ങളും. അവയ്ക്കു തൃപ്തികരമായി മറുപടി നല്കി. കേസ് മൊയ്തീന്‍സാഹിബിന് അനുകൂലമായി വിധിച്ചു. പുറത്തിറങ്ങിയപ്പോള്‍ അഭിനന്ദനങ്ങളുമായി സീനിയര്‍ വക്കീല്‍. സന്തോഷത്തോടെ മൊയ്തീന്‍സാഹിബ് ഒരു തുക നല്കി. സീനിയറിന്റെ അനുവാദത്തോടെ അതു വാങ്ങി. ആദ്യമായി ലഭിക്കുന്ന പ്രതിഫലം പത്തു രൂപ. അത്തയെ മനസ്സിലോര്‍ത്തു. അമ്മയെയും. കണ്ണുകള്‍ ഈറനായി. ആരും കാണാതെ കണ്ണു തുടച്ച് വക്കീലോഫീസിലേക്കു പോയി.
അത്തയ്ക്കു കത്തെഴുതുന്നത് ഇപ്പോള്‍ പതിവില്ല. കുറച്ചു കാലമായി വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കേസുകള്‍ പഠിക്കാനാണ്. ഇന്നു പക്ഷേ, കത്തെഴുതാതിരിക്കാന്‍ വയ്യ. ആദ്യപ്രതിഫലം കിട്ടിയതു മാത്രമല്ല, ഒരു കേസില്‍ ആദ്യഹാജറില്‍ത്തന്നെ അനുകൂലമായ വിധിയും ഉണ്ടായിരിക്കുന്നു. അതും സ്വന്തം നാട്ടുകാരന്റെ കേസില്‍. എല്ലാ അര്‍ഥത്തിലും സന്തോഷം മാത്രം. വിശദമായി കത്തെഴുതി. പ്രതിഫലമായി ലഭിച്ച പത്തു രൂപ സൂക്ഷിച്ചുവെച്ചു. അത്തയുടെ കൈയില്‍ നേരിട്ടു കൊടുക്കണം. എന്റെ വിജയം അത്തയുടെ നേട്ടമാണ്. പത്തു രൂപ താരതമ്യേന നല്ല തുകയാണ്. കഴിവും പ്രാപ്തിയും അറിവും പ്രയോജനപ്പെടുത്തി അധ്വാനിച്ചതിനു കിട്ടിയ തുക. അത് തന്നെക്കാള്‍ അത്തയ്ക്കവകാശപ്പെട്ടതാണ്.
ക്രൗണ്‍ ഡിഫെന്‍സായി ലഭിച്ച കേസ്, ഒരു സ്ത്രീ നവജാതശിശുവിനെ ആശുപത്രിക്കിടക്കയില്‍ വെച്ച് കഴുത്തു ഞെരിച്ചു കൊന്നു എന്നതായിരുന്നു. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ് അതിനെ അങ്ങനെ ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പത്തനാപുരത്തുള്ള ഒരു ദളിത്കുടുംബത്തിലെ സ്ത്രീയായിരുന്നു പ്രതി. കഷ്ടിച്ച് ഇരുപതു വയസ്സു പ്രായം തോന്നിക്കും. കണ്ണുകളില്‍ ദൈന്യത കലര്‍ന്ന ഭാവം. എല്ലാ ജീവിതപ്രാരാബ്ധങ്ങളുടെയും പ്രതീകം. ആദ്യകാഴ്ചയില്‍ത്തന്നെ വല്ലാത്ത സങ്കടം തോന്നി. ആശുപത്രിയില്‍ അതേ വാര്‍ഡില്‍ പ്രസവിച്ചുകിടക്കുന്ന മറ്റൊരു സ്ത്രീയാണ് ദൃക്‌സാക്ഷി. ആ ഒരു സാക്ഷിമൊഴി മാത്രമാണ് ഇവര്‍ കൊലപാതകം നടത്തിയതിനു തെളിവായി പ്രോസിക്യൂഷനു ഹാജരാക്കാനുണ്ടായിരുന്നത്. കേസ് നല്ല രീതിയില്‍ പഠിച്ചു നടത്തണമെന്ന് തീരുമാനിച്ചു. കക്ഷിയുടെ ദൈന്യതയാര്‍ന്ന ഭാവവും ജീവിതസാഹചര്യങ്ങളും കൊലപാതകം നടത്തിയിട്ടില്ല എന്ന അവരുടെ വാദവുമെല്ലാം ചേര്‍ന്നപ്പോള്‍ അവരെ രക്ഷപ്പെടുത്തണമെന്നു തോന്നി.
അവര്‍ക്ക് സ്വന്തം നിലയ്ക്ക് വക്കീലിനെ ഏര്‍പ്പാടു ചെയ്യാന്‍ കഴിയാത്തതിലാണ് തന്നെ ഈ കേസില്‍ ഡിഫെന്‍സ് കൗണ്‍സ്‌ലറായി വെച്ചിരിക്കുന്നത്. കേസിന്റെ വിധിയും പ്രതിഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിരുന്നാലും കേസ് ജയിക്കുക എന്നത്, പ്രത്യേകിച്ചും ഈ കേസ് ജയിക്കുക എന്നത് വളരെ ആവശ്യമാണെന്ന ഒരു തോന്നല്‍ തനിക്കാണ്. സാക്ഷിമൊഴിയും സാഹചര്യത്തെളിവുകളും എതിരാണ്. ആയതിനാല്‍ത്തന്നെ ആ രണ്ടു കാര്യങ്ങളില്‍ത്തന്നെ കേന്ദ്രീകരിച്ച് കേസ് മുന്നോട്ടു കൊണ്ടുപോവുന്നതാണ് നല്ലത്. പോലീസ് റെക്കോഡുപ്രകാരമുള്ള സാക്ഷിയെ നന്നായി ക്രോസ്‌വിസ്താരം നടത്താന്‍ തീരുമാനിച്ചു.
സാക്ഷിവിസ്താരമാരംഭിച്ചു. മുപ്പതു വയസ്സോളം പ്രായം വരുന്ന ഒരു സ്ത്രീയായിരുന്നു സാക്ഷി. ക്രോസ്‌വിസ്താരത്തില്‍ പ്രതി കിടന്ന കട്ടിലില്‍നിന്നും മൂന്നു കട്ടിലുകള്‍ക്കപ്പുറമാണ് സാക്ഷി കിടന്നിരുന്നത് എന്ന് സാക്ഷി പറഞ്ഞു. മാത്രമല്ല, പ്രതി തനിക്കു പ്രതിമുഖമായി ചെരിഞ്ഞുകിടന്നാണ് കൃത്യം നിര്‍വഹിച്ചത് എന്ന് സാക്ഷി മൊഴി നല്കി. മൂന്നു കട്ടിലിനപ്പുറത്തുള്ള കട്ടിലില്‍ കിടക്കുന്ന ഒരാള്‍ക്ക് തനിക്കു പ്രതിമുഖമായി കിടന്ന ഒരാള്‍ ചെയ്യുന്ന പ്രവൃത്തി എത്രത്തോളം വ്യക്തമായി കാണാന്‍ കഴിയുമെന്ന ചോദ്യത്തിനു മുന്‍പില്‍ സാക്ഷിയായ സ്ത്രീക്ക് വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. സാക്ഷിമൊഴി വേണ്ടത്ര വിശ്വാസയോഗ്യമല്ല എന്ന എന്റെ വാദം അംഗീകരിച്ചുകൊണ്ട് പ്രതിയെ കോടതി വെറുതേ വിട്ടു.
ഒരേസമയം സിവില്‍ കേസും ക്രിമിനല്‍ കേസും നടത്തി വിജയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. തൊഴില്‍ അത്രമാത്രം സംതൃപ്തി തരുന്നില്ലെങ്കിലും ആത്മവിശ്വാസവും ധൈര്യവും കൂടിവരുന്നു. ജില്ലാ മജിസ്‌ട്രേറ്റിനു മുന്‍പില്‍ വരുന്ന കേസുകളിലും ഹാജരാവുന്നുണ്ട്. ഈയിടെയായി കോടതിയില്‍നിന്നും കമ്മീഷനായി ഫീല്‍ഡില്‍ അന്വേഷണത്തിനു പോവാനും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം ഹോണററി പെറ്റി കോടതികളില്‍ ജഡ്ജായുള്ള താത്കാലികനിയമനവും ലഭിക്കുന്നുണ്ട്. മോശമല്ലാത്ത വരുമാനവും പ്രശസ്തിയും കിട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാലും വക്കീല്‍പ്പണിയോട് ഇഴുകിച്ചേരാന്‍ കഴിയുന്നില്ല. എന്തെല്ലാമോ അതൃപ്തിയും ചിലപ്പോഴെല്ലാം വിരക്തിയും അനുഭവപ്പെടുന്നുണ്ട്.

പുസ്തകത്തിന്റെ കവർ പേജ്
ശൂരനാട് കേസും ക്രൗണ്‍ ഡിഫെന്‍സും
രാവിലെ വക്കീലോഫീസില്‍ ചെന്നപ്പോള്‍ ഗുമസ്തന്‍ അപ്പുനായര്‍ പറഞ്ഞു: 'നല്ല കോളടിച്ചല്ലോ, ഇനി കുറെക്കാലത്തേക്കുള്ള വകയായി.' എന്താണ് കാര്യമെന്ന് മനസ്സിലായില്ല. സീനിയറാണ് പറഞ്ഞത്. ശൂരനാട് കുറെ കമ്യൂണിസ്റ്റുകാര്‍ ചേര്‍ന്ന് പോലീസുകാരെ ആക്രമിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഈ കേസില്‍ നിരവധി ആളുകള്‍ അറസ്റ്റിലായിരിക്കുന്നു. പാവങ്ങളായ കര്‍ഷകത്തൊഴിലാളികളാണ് അവരില്‍ ഭൂരിപക്ഷം. സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കാന്‍ കഴിയാത്തവര്‍. ഈ കേസില്‍ തന്നെ ക്രൗണ്‍ ഡിഫെന്‍സ് കോടതി ഏല്പിച്ചിരിക്കുന്നു. ഇതിലിത്ര അദ്ഭുതപ്പെടാനെന്തിരിക്കുന്നു. സാധാരണ ലഭിക്കാവുന്നതാണ് ക്രൗണ്‍ ഡിഫെന്‍സ്. അതിലപ്പുറം ഈ കേസില്‍ പ്രതികളുടെ എണ്ണം കൂടുതലാണ് എന്നു മാത്രം. മാത്രമല്ല, ഈ സംഭവത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിച്ചിട്ടുമുണ്ട്. ഒരു ലഹളയുടെ ഭാഗമായി നടന്ന സംഭവമായതിനാലും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ കുറ്റാരോപിതരായിരുന്നതിനാലും പത്രവാര്‍ത്തകള്‍ ഒന്നുകൂടി ശ്രദ്ധയോടെ വായിച്ചു. വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. പ്രതികളാവട്ടെ തോപ്പില്‍ ഭാസി, കാമ്പിശ്ശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍ മുതലായ പ്രമുഖരും. പക്ഷേ, ഇവരുടെ കൂട്ടത്തില്‍ ധാരാളം പേരറിയാത്തവരും കണ്ടാലറിയാത്തവരുമായ പ്രതികള്‍. അറുപതിലേറെ പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും വക്കീലന്മാരെ നിയമിച്ച് കേസു നടത്താന്‍ കഴിയുന്നവര്‍ വളരെ ചുരുക്കം പേരേയുള്ളൂ. ശൂരനാട് സംഭവം എന്ന പേരിലാണ് പത്രങ്ങള്‍ ഈ ലഹളയെ വിശേഷിപ്പിക്കുന്നത്. തന്റെ സീനിയര്‍ ഭാസ്‌കരന്‍ നായരെയും മറ്റൊരു പ്രസിദ്ധ വക്കീലായ കെ.ജി. കുഞ്ഞികൃഷ്ണപിള്ളയെയുമാണ് പ്രധാന പ്രതികളുടെ വക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട് ഏല്പിച്ചിരിക്കുന്നത്.
സാങ്കേതികമായി മാത്രമാണ് ഡിഫെന്‍സ് കൗണ്‍സ്‌ലറാവുന്നത്. കാരണം, ഈ കേസ് ആദ്യം മുതലേ എന്റെ വക്കീലോഫീസിലുണ്ട്. സീനിയറായ ഭാസ്‌കരന്‍ നായര്‍ ഏറ്റെടുത്ത വക്കാലത്തായതിനാല്‍ത്തന്നെ തുടക്കംമുതല്‍ ഞാന്‍ ഈ കേസിന്റെ ഭാഗമാണ്. നിരവധി പ്രതികളുള്ള കേസാണ്. അതിനാല്‍ത്തന്നെ പലര്‍ക്കും വക്കീലില്ലാത്ത അവസ്ഥയുണ്ട്. അത്തരക്കാരുടെ ഡിഫെന്‍സ് കൗണ്‍സ്‌ലറായിട്ടാണ് തന്നെ നിയമിച്ചിരിക്കുന്നത്. അതേസമയം ഒറ്റക്കേസായതിനാല്‍ത്തന്നെ കേസുമായി ബന്ധപ്പെട്ട പഠനങ്ങളും തയ്യാറെടുപ്പുകളും ഒന്നിച്ചു ചെയ്താല്‍ മതി.
ശൂരനാട് സംഭവം മറ്റൊരു തരത്തിലുള്ള സ്വാതന്ത്ര്യസമരമാണ്. വിദേശികളില്‍നിന്നു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ദേശീയപ്രസ്ഥാനത്തിനു കഴിഞ്ഞിരുന്നെങ്കിലും നാട്ടില്‍ നിലനിന്ന ജന്മിത്വത്തില്‍നിന്നും ജാതിക്കോയ്മയില്‍നിന്നും ഭരണകൂടത്തിന്റെയും പോലീസിന്റെയും അതിക്രമത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പാവങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. ശൂരനാട് പ്രദേശത്തെ ജന്മിമാരായിരുന്ന തെന്നല പിള്ളമാരുടെയും മരനാട്ടു പിള്ളമാരുടെയും ചൂഷണത്തിനും മര്‍ദനത്തിനും വിധേയരായ കര്‍ഷകത്തൊഴിലാളികളും പുലയന്മാരും പറയന്മാരും കുറവന്മാരുമുള്‍പ്പെടെയുള്ള കീഴാളന്മാര്‍ നടത്തിയ പ്രതിഷേധമാണ് ശൂരനാട് സംഭവം. സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കാനും മണ്ണിനും പെണ്ണിനും ചൂഷണമില്ലാതെ കഴിയാനുമുള്ള ഒരു ജനതയുടെ അവകാശപ്പോരാട്ടമായാണ് ശൂരനാട് സംഭവത്തെ ഞാന്‍ കാണുന്നത്. അതിനാല്‍ത്തന്നെ ഇതില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ പേരിലുള്ള കുറ്റമെന്തായാലും അതില്‍നിന്ന് അവരെ രക്ഷിക്കേണ്ടതുമാണ്.
പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും 1949 ഡിസംബര്‍ 29ന് നടന്ന സംഭവത്തില്‍ നേരിട്ടു പങ്കെടുത്തവരായിരുന്നില്ല. പലരുടെയും പേരുകള്‍ തെന്നലപിള്ളമാരും പോലീസും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതായിരുന്നു. അതിനാല്‍ത്തന്നെ പലരെയും കേസിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ കേസില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെടുക്കാന്‍ എനിക്കു കഴിഞ്ഞു. അവസാനം പ്രതിപ്പട്ടികയില്‍ ഇരുപത്താറു പേര്‍ മാത്രമാണ് അവശേഷിച്ചത്. ആദ്യഘട്ടത്തില്‍ കെ.ജി. കുഞ്ഞു കൃഷ്ണപിള്ള ഹാജരായ കേസില്‍ പലരും ശിക്ഷിക്കപ്പെട്ടു. പക്ഷേ, ഞാനും സീനിയര്‍ ഭാസ്‌കരന്‍ നായരും ഹാജരായ ചെല്ലപ്പന്‍ നായര്‍, ചെക്കിലോട് കുഞ്ഞിരാമന്‍, മഠത്തില്‍ എടക്കയില്‍ കൊച്ചുകുഞ്ഞ്, തോപ്പില്‍ ഭാസി എന്നിവരെ കോടതി വെറുതേ വിട്ടു. കോടതി വെറുതേ വിട്ടു എന്നു പറയുമ്പോഴും ഇവരെല്ലാം ഒളിവിലും ലോക്കപ്പിലും അനുഭവിച്ച മര്‍ദനങ്ങളും യാതനകളും തന്നെ അവര്‍ക്കു ലഭിച്ച വലിയ ശിക്ഷയായിരുന്നു. സ്വന്തം കാര്യത്തിനു വേണ്ടിയല്ലാതെ നിസ്സഹായരും ചൂഷിതരുമായ ഒരു ജനതയ്ക്കുവേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ പേരിലാണ് ഇവരിതെല്ലാം അനുഭവിക്കേണ്ടിവന്നതെന്ന ചിന്ത എന്നെ ശരിക്കും ഉലച്ചുകളഞ്ഞു.
അഭിഭാഷകജോലി മടുപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, വരുമാനത്തിന്റെ കാര്യത്തില്‍ ചില അനിശ്ചിതത്വങ്ങളുമുണ്ട്. ചില മാസങ്ങളില്‍ എല്ലാം കൂടി നല്ലൊരു തുകയുണ്ടാകും. പക്ഷേ, ചില മാസങ്ങളില്‍ വേണ്ടത്ര കിട്ടിക്കൊള്ളണമെന്നില്ല. സീനിയര്‍ തരുന്ന ചെറിയ തുക തനിക്കു പോരാതെ വരുന്നുമുണ്ട്. ഒരു സ്ഥിരവരുമാനം ആവശ്യമായി വന്നിരിക്കുന്നു. അത്തയും കൊല്‍സവും രാജനും ഒഴിച്ചുള്ളവരെല്ലാം ഇപ്പോള്‍ എന്റെ കൂടെയാണ് താമസം. മച്ചാനും കുടുംബവും തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോയതിനാല്‍ കോടതിക്കടുത്തുള്ള ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടത്തേക്കു താമസം മാറ്റി.

അകന്ന ബന്ധുവും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായിരുന്ന അപ്പാക്കുട്ടി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. തിരുവനന്തുപുരത്തു പോയി മുഖ്യമന്ത്രിയെ കണ്ടാല്‍ ചിലപ്പോള്‍ കാര്യം നടക്കുമെന്നഭിപ്രായപ്പെട്ടു. അമ്മയോടു സംസാരിച്ചപ്പോള്‍ അമ്മ സമ്മതം മൂളി. അത്തയോട് ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ അറിയിക്കണ്ട എന്നു തോന്നി. വക്കീലായി കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അത്തയാണ്. ഇഷ്ടമില്ലാഞ്ഞിട്ടു പോലും ഈ തൊഴിലിലേക്കു വന്നത് അത്തയുടെ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. എന്തെങ്കിലും ആയതിനു ശേഷം അത്തയോടു വിവരം പറഞ്ഞാല്‍ മതി.
അപ്പാക്കുട്ടി രാവിലെത്തന്നെ വന്നു. തീവണ്ടിയിലാണ് തിരുവനന്തപുരത്തേക്കു പോയത്. തീവണ്ടിയാത്ര എപ്പോഴും ആസ്വാദ്യകരംതന്നെ. തിരുവനന്തപുരം പട്ടണം മെല്ലെ മാറാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ കെട്ടിടങ്ങളൊക്കെ ഉയര്‍ന്നു. സെക്രട്ടറിയേറ്റിന്റെ എതിര്‍വശത്തായുള്ള ചില കെട്ടിടങ്ങള്‍ പൊളിച്ചുപണിയുന്നുണ്ട്. തിരുവനന്തപുരത്തേക്കു വരുന്ന വിവരം ഇന്ദിരയെ അറിയിച്ചിട്ടുണ്ട്. അവള്‍ യൂണിവേഴ്‌സിറ്റിയില്‍ത്തന്നെ പോസ്റ്റ്ഗ്രാജുവേഷനു ചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണല്‍ മാത്രമല്ല യാത്രോദ്ദേശ്യം. സദനത്തില്‍ പോവണം, ഇന്ദിരയെ കാണണം. ബന്ധുവും വീട്ടിലെ ഒരംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന അബ്ദുള്‍ഖാദറിനെ കാണണം. അവന്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുകയാണ്. അവനെ ചേര്‍ക്കാന്‍ താനാണ് രക്ഷാകര്‍ത്താവായി വന്നത്.
ട്രെയിനിറങ്ങി സെക്രട്ടറിയേറ്റിലേക്ക് നടന്നു. അപ്പാക്കുട്ടി നേരത്തേതന്നെ വേണ്ടതെല്ലാം ചെയ്തതിനാല്‍ അധികം കാത്തുനില്ക്കാതെ മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞു. നീണ്ട മുഖം, കഷണ്ടി കയറിയ കുറ്റിത്തലമുടിയുള്ള ശിരസ്സ്, ഇരുവശത്തേക്കും വിരിഞ്ഞുനില്ക്കുന്ന ചെവി, മെലിഞ്ഞ ശരീരം. ഇടതൂര്‍ന്ന പുരികത്തിനു താഴേ കണ്ണുകളില്‍ പ്രത്യേക തിളക്കം. നീളന്‍ ജുബ്ബയും മടക്കിയിട്ട മേല്‍മുണ്ട് തോളത്തും. സി. കേശവന്‍, തിരു-കൊച്ചി മുഖ്യമന്ത്രി ഇരിക്കാന്‍ പറഞ്ഞു. മുന്നിലെ കസേരയിലിരുന്നു. സര്‍ട്ടിഫിക്കറ്റുകളെല്ലാം കൈയിലുണ്ടായിരുന്നു. വിവരങ്ങളെല്ലാം ആരാഞ്ഞു. എല്ലാം വിശദമായി പറഞ്ഞു. ജോലി വേണമെന്നുള്ള ആവശ്യമുന്നയിച്ചു. മറുപടി ഹ്രസ്വവും വ്യക്തവുമായിരുന്നു. 'ബി.എല്‍. ഉന്നതമാര്‍ക്കോടെ പാസായതല്ലേ, പ്രാക്ടീസ്
തുടങ്ങിയിട്ടല്ലേയുള്ളൂ. എല്ലാം ശരിയാവും. മറ്റൊന്നും ആലോചിക്കേണ്ട.' മറുപടി നിരുത്സാഹപ്പെടുത്തലായിരുന്നെങ്കിലും അഭിഭാഷകവൃത്തി തുടരണമെന്ന അഭിപ്രായം അതിലുണ്ടായിരുന്നു. യാത്ര പറഞ്ഞു പുറത്തിറങ്ങി. നേരേ സദനത്തിലേക്കു പോയി, അപ്പാക്കുട്ടി പത്തനംതിട്ടയിലേക്കും.
ഗൗരിയമ്മ സ്ഥലത്തില്ല. ഞാന്‍ വരുമെന്നറിഞ്ഞതിനാല്‍ ഇന്ദിര കാത്തുനില്ക്കുന്നുണ്ട്. ഉച്ചഭക്ഷണം അവള്‍ സദനത്തില്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. കോളേജിലെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളും വിശദമായി അവള്‍ പറഞ്ഞുകൊണ്ടിരുന്നു. തിരക്കു കാരണം കത്തെഴുതുന്നതില്‍ വീഴ്ച വന്നതില്‍ അവള്‍ക്ക് പരാതിയുണ്ട്. മീനാക്ഷിയമ്മ തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. മീനാക്ഷിയെ കാണാന്‍ പോവണമെന്നു പറഞ്ഞപ്പോള്‍ ഇന്ദിരയും കൂടെ വരാന്‍ സമ്മതിച്ചു. മീനാക്ഷി വീട്ടിലാണ്. ഉച്ചവരെ കോടതിയില്‍ പോയിരുന്നു. അത്ര ഗൗരവമായിട്ടൊന്നും പ്രാക്ടീസ് ചെയ്യുന്നില്ല. അച്ഛന്‍ ജില്ലാജഡ്ജിയായതിനാല്‍ എങ്ങനെയെങ്കിലും ജുഡീഷ്യല്‍ സര്‍വീസില്‍ കയറണമെന്ന പ്രതീക്ഷയുണ്ട്. അഞ്ചു വര്‍ഷത്തെ അഭിഭാഷകവൃത്തി പൂര്‍ത്തിയാക്കണം. എന്നാല്‍ മാത്രമേ സര്‍വീസില്‍ കയറാന്‍ സാധിക്കുകയുള്ളൂ. വിവാഹാലോചനകള്‍ വന്നുതുടങ്ങിയിരിക്കുന്നു. ഒന്ന് ഏതാണ്ട് ഉറച്ച മട്ടിലാണ്. അധികം താമസിയാതെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്കു വരേണ്ടിവരും. മീനാക്ഷിക്കുട്ടിയമ്മയുടെ അമ്മയും വലിയ സന്തോഷത്തിലാണ്. തന്റെ സാമീപ്യം ആളുകളില്‍ സന്തോഷമുണ്ടാക്കുന്നുവെന്നത് നല്ല കാര്യമാണല്ലോ എന്ന് ഓര്‍ത്തുപോയി. ആളുകള്‍ക്ക് സന്തോഷവും സമാധാനവും നല്കാന്‍ കഴിയുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തിരുവനന്തപുരം യാത്രകൊണ്ട് എന്ത് ഉദ്ദേശിച്ചോ അതു നടന്നില്ല. പക്ഷേ, കുറെ നാളായുള്ള വിരസതയും അസ്വസ്ഥതയും മാറിക്കിട്ടി. സ്വന്തം വീട്ടില്‍ എത്തിയതുപോലെയുള്ള ഒരനുഭവമാണ് തിരുവനന്തപുരത്തെത്തുമ്പോള്‍ കിട്ടുന്നത്. മാത്രമല്ല, ഇന്ദിരയെയും മീനാക്ഷിയെയും ലക്ഷ്മിയെയും കണ്ടപ്പോള്‍ ഒരു പുത്തനുണര്‍വു ലഭിച്ചപോലെ. അതേപോലെ മുഖ്യമന്ത്രിയുടെ സംസാരവും വളരെ പ്രോത്സാഹജനകമായി തോന്നി. കഴിവിലും പ്രാപ്തിയിലും വലിയ വിശ്വാസമുള്ളതുകൊണ്ടാണ് അഭിഭാഷകവൃത്തിയില്‍ തുടരാന്‍ അദ്ദേഹം നിര്‍ദേശിച്ചത്. ഇഷ്ടത്തിനും താത്പര്യത്തിനുമപ്പുറം വരുമാനമാര്‍ഗമെന്ന നിലയില്‍ വക്കീല്‍പ്പണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇഷ്ടമില്ലാഞ്ഞിട്ടുപോലും നിയമബിരുദത്തില്‍ ചേരുകയും ഉന്നതനിലയില്‍ പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തില്ലേ.
പിന്നെന്തിനാണ് വെറുതേ നിരാശപ്പെടുന്നത്. കൂടുതല്‍ ഊര്‍ജസ്വലതയോടും താത്പര്യത്തോടും കൂടി ഇനി ജോലിയില്‍ ശ്രദ്ധിക്കണം. ഏതൊരു കാര്യവും കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ ചെയ്യുമ്പോള്‍ നന്നായി ചെയ്യാന്‍ കഴിയും. മാത്രമല്ല, ഇഷ്ടാനിഷ്ടം എന്നതിനെക്കാളുപരി കുടുംബമാണ് ഇപ്പോള്‍ പ്രധാനം. തന്നെ ആശ്രയിച്ചുകഴിയുന്ന ഒരു വലിയ കുടുംബം ഒപ്പമുണ്ട്. അത്തയും തന്നിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അത്തയുടെ പ്രതീക്ഷയും സഹോദരങ്ങളുടെ ഭാവിയും കര്‍ത്തവ്യംതന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും
തയ്യാറില്ല. ഇന്ന് കൊല്ലത്തെ അറിയപ്പെടുന്ന ഒരു വക്കീലായി മാറിയിട്ടുണ്ട്. ആ നിലയില്‍ത്തന്നെ ഈ മേഖലയില്‍ പിടിച്ചുനില്ക്കാന്‍ കഴിയും. അതിനാല്‍ ഇനിയൊരു തിരിഞ്ഞുനോട്ടത്തിന് അവസരമില്ല. മുന്നോട്ടുതന്നെ.
തിരുവനന്തപുരത്ത് തൊഴിലന്വേഷിച്ചു പോയ വിവരം അമ്മയ്ക്കു മാത്രമേ അറിയൂ. കാര്യം നടക്കാത്തതിനാല്‍ത്തന്നെ പിന്നെ മറ്റാരോടും പറയാന്‍ നിന്നില്ല. പ്രത്യേകിച്ച് അത്തയോട്. വക്കീലോഫീസില്‍ ആര്‍ക്കുംതന്നെ ഈ നീക്കത്തെക്കുറിച്ചറിയില്ല. കൂടുതല്‍ ഉത്സാഹത്തോടെ ഓഫീസില്‍ പോയിത്തുടങ്ങി. സീനിയറിന്റെ വക്കാലത്തനുസരിച്ചും ക്രൗണ്‍ ഡിഫെന്‍സിന്റെ ഭാഗമായും നിരവധി കേസുകള്‍ വന്നുകൊണ്ടിരുന്നു. താത്പര്യത്തോടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. തന്നെ സ്വതന്ത്രമായി കോടതിയില്‍ ഹാജരാവാന്‍ സീനിയര്‍ അനുവദിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ കൊള്ളാവുന്ന ഫീസും ലഭിക്കുന്നുണ്ട്. പ്രശ്‌നം തൊഴിലിന്റെയല്ല, അതിനോടുള്ള തന്റെ കാഴ്ചപ്പാടിന്റെതാണ്.
തങ്കം ഇന്റര്‍മീഡിയറ്റ് കഴിഞ്ഞിരിക്കുന്നു. അവള്‍ക്ക് ബി.എസ്‌സി സുവോളജി പഠിക്കണമെന്നാണ് ആഗ്രഹം. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠനം നടത്താന്‍ ആഗ്രഹിച്ചതാണെങ്കിലും അതിനു കഴിഞ്ഞില്ല. അതിനാല്‍ ബി.എസ്‌സിക്ക് എന്തായാലും തിരുവനന്തപുരത്തുതന്നെ പോവണമെന്ന് അവള്‍ക്കാഗ്രഹമുണ്ട്. ഇന്റര്‍മീഡിയറ്റിന് നല്ല മാര്‍ക്കുള്ളതിനാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെ അഡ്മിഷന്‍ ലഭിച്ചു. അവളുടെ ആഗ്രഹംപോലെ തിരുവനന്തപുരത്തുതന്നെ പഠിക്കട്ടെയെന്ന് തീരുമാനിച്ചു. അത്തയ്ക്കും ആഗ്രഹമുണ്ടായിരുന്നു. തങ്കം പഠനത്തിലും സ്വഭാവരീതിയിലും എന്നെക്കാള്‍ മുന്നിലാണ്. ഏതു കാര്യവും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ അവള്‍ക്ക് മിടുക്കൊന്നു വേറെത്തന്നെയാണ്.
Content Highlights: justice fathima beevi, inspiration, indian women leaders
Published: 23 Nov 2023, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented