എല്ലാവരുടെയും അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ഒരേ അന്തസ്സ് കല്‍പ്പിച്ച് സംരക്ഷിക്കുകയും മാനിക്കുകയും ചെയ്യുകയാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇന്ത്യയിലെ ദീര്‍ഘദര്‍ശികളായ നേതാക്കള്‍ സ്വാതന്ത്രരാഷ്ട്രത്തെ വിഭാവന ചെയ്തപ്പോള്‍ സ്ത്രീകള്‍ക്ക് അന്നോളം നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ കിട്ടാനുള്ള വഴിയൊരുക്കിയിരുന്നു. സ്ത്രീ ഉന്നമനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. മാര്‍ച്ച് 25 1989-ല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കറുത്തവാവായിരുന്നു. അന്ന് സ്ത്രീത്വവും ജനാധിപത്യവും ഒരുപോലെ അവഹേളിക്കപ്പെട്ടു.
തമിഴ്നാട് നിയമസഭ. തമിഴ്നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവായ ജയലളിത സഭയിലിരിക്കുന്നു. മുഖ്യമന്ത്രി ചിരകാലവൈരി കരുണാനിധി. കരുണാനിധി തന്നെയായിരുന്നു ധനകാര്യം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒരു കുറ്റവാളി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് ജയലളിത പറഞ്ഞു. അത് ഭരണക്ഷിയെ ചൊടിപ്പിച്ചു. വാക്കും വാഗ്വാദവുമായി. കവിത മൊഴിയുന്ന കരുണാനിധിയും കയ്‌പ്പേറിയ വാക്കുകള്‍ ജയലളിതയ്ക്ക് നേരെ ചൊരിഞ്ഞു.

പിന്നെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ പോകുന്നത്. സംഘര്‍ഷമാകുമെന്ന് മനസ്സിലാക്കിയ ചില പ്രതിപക്ഷനേതാക്കള്‍ ജയലളിതയോട് പുറത്തേക്ക് പോകാമെന്ന് പറഞ്ഞു. അവര്‍ക്കൊപ്പം സഭ വിടുകയായിരുന്നു ജയ. അപ്പോഴേക്കും ചില ഡി.എം.കെ നേതാക്കള്‍ ജയലളിതയെ സഭയുടെ നിലത്തൂടെ വലിച്ചിഴച്ചു. അവരുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചു.വേദനകൊണ്ടു പുളയുന്ന അവരുടെ നിലവിളി സഭയിലാകെ മുഴങ്ങി. ജയലളിതയുടെ സാരി പിടിച്ചുവലിച്ച് വിവസ്ത്രയാക്കാനുള്ള ശ്രമവും നടന്നു. ആ വലിയില്‍ സാരി കുത്തിയിരുന്ന പിന്ന് പൊട്ടുകയും ജയയുടെ മേല്‍ തറഞ്ഞുകയറുകയുമൊക്കെ ചെയ്തു.
പിഞ്ഞിക്കീറിയ സാരിയും കണ്ണീരണിഞ്ഞ മുഖവുമായി പുറത്തിറങ്ങിയ ജയലളിത ഒരു ശപഥം ചെയ്തു, ഇനി ആ സഭയിലേക്ക് മടങ്ങുന്നത് മുഖ്യമന്ത്രി ആയിട്ടായിരിക്കുമെന്ന്. എതിരാളികള്‍ അതിനെ ചിരിച്ചു തള്ളിയതേയുള്ളു. പക്ഷേ, ജയലളിത പ്രതിജ്ഞയില്‍ നിന്ന് പിന്മാറിയില്ല. സഭയിലേക്ക് പിന്നെ അവര്‍ പോയിട്ടില്ല. സഭയില്‍ നടന്നത് പുറംലോകമറിഞ്ഞു. ജനാധിപത്യത്തിന്റെ തിരുനടയില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടത് രാജ്യത്തിനാകെ അപമാനമായി.

രണ്ടു വര്‍ഷം. അത്രയേ വേണ്ടി വന്നുള്ളൂ ജയലളിതയ്ക്ക് തന്റെ വാക്ക് പാലിക്കാന്‍. നിയമസഭയിലേക്ക് അവര്‍ മടങ്ങിവന്നു, തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഹീറോയിക് ആയ നിമിഷം, അങ്ങനെ മുന്‍ ഹീറോയിന്‍ സ്വന്തമാക്കി.
മഹാഭാരതവുമായി തട്ടിച്ചുനോക്കപ്പെടുന്ന സംഭവമാണിത്. രാജ്യസഭയില്‍ ദ്രൗപദി അപമാനിക്കപ്പെട്ടത് പോലെയാണ് നിയമസഭയില്‍ ജയലളിത ആക്രമിക്കപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന് ദ്രൗപദിയുടെ ശപഥം പൂര്‍ത്തിയായത് പോലെ ജയലളിതയുടെ പ്രതികാരവും പൂര്‍ണമായി. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയസംഹിത
എന്നാണെന്നും ഓര്‍ക്കണം.
Content Highlights: how jayalalithaa was attacked and humiliated in tamilnadu legislative aasembly in 1989
Published: 24 Feb 2025, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented