വൈക്കം നാരായണി ജാനകി അഥവാ വി.എന്‍.ജാനകി അഥവാ ജാനകി രാമചന്ദ്രന്‍. അഭിനേതാവും രാഷ്ട്രീയക്കാരനുമായ എം.ജി.രാമചന്ദ്രന്റെ ഭാര്യ, അഭിനേത്രി എന്നീ പേരുകളിലാണ് അവര്‍ അറിയപ്പെടുന്നതെങ്കിലും, തമിഴ് രാഷ്ട്രീയത്തിലെ അവരുടെ സ്ഥാനം അതല്ല. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യവനിത, മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ ആദ്യ ഇന്ത്യന്‍ അഭിനേത്രി...വിശേഷണങ്ങളേറെയാണ് അവര്‍ക്ക്. 

To advertise here,

1987 ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെയാണ് എം.ജി.ആര്‍ മരിക്കുന്നത്. അതോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയായി 1988 ജനുവരി ഏഴിന് അവര്‍ സ്ഥാനമേല്‍ക്കുന്നത്. എങ്കിലും 24 ദിവസമേ ആ സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. 

വൈക്കത്തുനിന്ന് മദ്രാസിലേക്ക്
വൈക്കത്താണ് ജാനകി ജനിച്ചത്. അച്ഛന്‍ രാജഗോപാല്‍ അയ്യര്‍ സംഗീതജ്ഞനായിരുന്നു. അച്ഛന്റെ സഹോദരന്‍ കര്‍ണാടകസംഗീതജ്ഞനായ പാപനാസം ശിവന്‍. അതുകൊണ്ടുതന്നെ സംഗീതവും നൃത്തവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ജാനകി വളര്‍ന്നത്. പക്ഷേ, കുടുംബം സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നില്ല. അതുകൊണ്ട് ജാനകിക്ക് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ല. പതിനാറാമത്തെ വയസ്സില്‍ തന്നെ വിവാഹിതയായി, അധികം വൈകാതെ ഒരു മകനും ജനിച്ചു.

നൃത്തത്തോടുള്ള താത്പര്യമാണ് ജാനകിക്ക് സിനിമയിലേക്കുള്ള അവസരം തുറക്കുന്നതും. മന്മഥവിജയം എന്ന സിനിമയില്‍ നര്‍ത്തകിയായാണ് തുടക്കം. അതിനുശേഷം ചെറിയ ചില വേഷങ്ങളില്‍ മിന്നിമാഞ്ഞു. പതുക്കെ പ്രധാനറോളുകള്‍ കിട്ടിത്തുടങ്ങി. രാജമുക്തി, മോഹിനി, സാവിത്രി, ചന്ദ്രലേഖ, വേലൈകാരി...അങ്ങനെ കുറേ സിനിമകള്‍.

placeholder
എം.ജി.ആറിനൊപ്പം ജാനകി

എം.ജി.ആറിന്റെ നായികയായതാണ് ജാനകിയുടെ ജീവിതത്തിലെ വഴിത്തിരിവ്. മറുതനാട്ടു ഇളവരശി എന്ന സിനിമയിലാണ് അവരാദ്യമായി ഒന്നിക്കുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ എം.ജി.ആറിന് അവരോട് പ്രണയം തോന്നിയത്രേ. എം.ജി.ആറിന്റെ ആദ്യഭാര്യ മരിക്കുകയും രണ്ടാം ഭാര്യ അസുഖബാധിതയായി കിടപ്പിലുമായിരുന്നു ആ സമയത്ത്. കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ജാനകി വിവാഹമോചിതയായി. എം.ജി.ആറുമായുള്ള ബന്ധമാണ് അതിന് കാരണമെന്നും അല്ലെന്നും പറയപ്പെടുന്നു. എന്തായാലും രണ്ടാമത്തെ ഭാര്യയും മരിച്ചതോടെ, എം.ജി.ആര്‍ ജാനകിയെ വിവാഹംകഴിച്ചു, അതോടെ ജാനകി അഭിനയം നിര്‍ത്തി. എം.ജി.ആറിന് ആദ്യബന്ധങ്ങളില്‍ കുട്ടികളുണ്ടായിരുന്നില്ല. അതുകൊണ്ട് ജാനകിയുടെ ആദ്യവിവാഹത്തിലെ മകനെ ദത്തെടുക്കുകയും ചെയ്തു. 

രാഷ്ട്രീയത്തില്‍നിന്നകന്ന്
എം.ജി.ആറിന്റെ കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല ജാനകി. ഒരിക്കല്‍ പോലും തനിക്കൊപ്പം പൊതുവിടങ്ങളില്‍ വരാന്‍ ഭാര്യയെ അനുവദിച്ചതുമില്ല എം.ജി.ആര്‍. പകരം ജയലളിത അടക്കമുള്ളവരെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് മുന്‍കൈ എടുത്തത്. ജയലളിതയ്ക്ക് എല്ലായിടത്തും ആവശ്യമില്ലാതെ സ്ഥാനം കിട്ടുന്നത് ജാനകിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവരുടെ കുടുംബജീവിതത്തെയും അത് ബാധിക്കുന്നുവെന്ന് ജാനകിക്ക് തോന്നിത്തുടങ്ങി. 

പലപ്പോഴും രഹസ്യമായി ജയലളിതയും ജാനകിയും തമ്മില്‍ ഏറ്റുമുട്ടി. 1984-ല്‍ പക്ഷാഘാതം അടക്കമുള്ള കുറേ അസുഖങ്ങള്‍ എം.ജി.ആറിനെ ബാധിച്ചു. അപ്പോഴാണ് എം.ജി.ആറും ജാനകിയും വീണ്ടും പഴയതുപോലെ അടുത്തത്. ആ സമയത്ത് ജയലളിതയെ എം.ജി.ആറില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ആ സമയത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും എം.ജി.ആറിനുമിടയില്‍ നിന്നത് ജാനകിയായിരുന്നു.

placeholder
എം.ജി.ആറും ജാനകിയും

എം.ജി.ആറിന്റെ മരണംവരെ അത് തുടര്‍ന്നു. അദ്ദേഹം വിടവാങ്ങിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഒരുവിഭാഗം ജാനകിയെ പിന്തുണച്ചപ്പോള്‍, മറ്റൊരു വിഭാഗം ജയലളിതയെ പിന്തുണച്ചു. തൊട്ടടുത്തദിവസം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ജയലളിത സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരാന്‍ ജാനകി സമ്മതിക്കുന്നത്. അധികാരമേല്‍ക്കുക എന്നതിലുപരി ജയലളിതയ അകറ്റിനിര്‍ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.

മൂന്നാഴ്ചയ്ക്കുള്ളില്‍ വിശ്വാസവോട്ട് നേടണമെന്ന മുന്നറിയിപ്പോടെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ എസ്.എല്‍ ഖുറാന, ജാനകിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്. വിശ്വാസവോട്ടെടുപ്പ് നടക്കുന്ന ദിവസം സഭയില്‍ കുറേ നാടകീയസംഭവങ്ങളുണ്ടായി. പ്രതിഷേധം അതിരുകടന്നപ്പോള്‍, പലര്‍ക്കും പരിക്കേറ്റു. വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചെങ്കിലും, കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് നിയമസഭയെ പിരിച്ചുവിടുകയായിരുന്നു. തൊട്ടടുത്തവര്‍ഷം ജാനകി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ രാഷ്ട്രീയത്തോടും അവര്‍ വിടപറഞ്ഞു.