താരങ്ങളുടെ വ്യാജമരണമാർത്തകൾ എപ്പോഴും ട്രെൻഡിങ് ആണ്. ഇതിഹാസതാരം ജാക്കി ചാനും അത്തരമൊരു വ്യാജ മരണവാർത്തയ്ക്ക് ഇരയായത് അടുത്തിടെയാണ്. പഴയൊരു പരിക്കുകൾ വലിയ ആരോഗ്യപ്രശ്നങ്ങളായി പരിണമിച്ചെന്നും 71-കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിച്ചത്. "ഹൃദയഭേദകമായ ഈ നഷ്ടം" ചാൻ്റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ വ്യാജമായി പറഞ്ഞിരുന്നു. പക്ഷേ, പൂർണആരോഗ്യവാനായ ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണെന്നതാണ് സത്യം.

നവംബർ 11 മുതലാണ് വ്യാജവാർത്തകളെത്തിയത്. "സിനിമാ സെറ്റുകളിൽ പതിറ്റാണ്ടുകളായി ഏറ്റ പരിക്കുകളുടെ സങ്കീർണതകളുമായി പോരാടി 71-കാരനായ ജാക്കി ചാൻ അന്തരിച്ചു" എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ. മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അസുഖത്തെ തുടർന്നാണ് മരിച്ചതെന്നും ചിലർ അവകാശപ്പെട്ടു. ഇത് അതിവേഗം വൈറലായി, നിരവധി ആരാധകർ ആദരാഞ്ജലികൾ അർപ്പിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തപ്പോൾ മറ്റുചിലർ സംശയം പ്രകടിപ്പിച്ചു. "ജാക്കി ചാൻ ശരിക്കും മരിച്ചോ അതോ നിങ്ങൾ കളിക്കുകയാണോ?", "എന്തിനാണ് ജാക്കി ചാൻ മരിച്ചുവെന്ന് പോസ്റ്റ് ചെയ്തത്? എൻ്റെ ദിവസം നശിപ്പിച്ചു" തുടങ്ങിയ കമന്റുകളും വന്നു.

ഹോങ്കോങ് സ്വദേശിയായ നടൻ ഇതാദ്യമായല്ല വ്യാജ മരണവാർത്തകൾക്ക് ഇരയാകുന്നത് എന്നതാണ് യാഥാർഥ്യം. 2015-ലും സമാനമായ വ്യാജവാർത്തകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു, അന്ന് ചാൻ നേരിട്ടെത്തി പ്രതികരിക്കേണ്ടി വന്നു.

ഒരു സ്റ്റണ്ട്മാനിൽ നിന്ന് ആഗോള സൂപ്പർതാരത്തിലേക്കുള്ള ജാക്കി ചാൻ്റെ വളർച്ച ശ്രദ്ധേയമാണ്. വിവിധ സ്രോതസ്സുകൾ അനുസരിച്ച്, ഹോങ്കോങ്, ചൈന, ഹോളിവുഡ് എന്നിവിടങ്ങളിലായി 200-ലധികം സിനിമകളിൽ ചാൻ അഭിനയിച്ചിട്ടുണ്ട്. 2025-ലെ കണക്കനുസരിച്ച്, അദ്ദേഹത്തിൻ്റെ ആസ്തി ഏകദേശം 400 ദശലക്ഷം യുഎസ് ഡോളറാണ്. ലോകത്തിലെ സമ്പന്നരായ നടന്മാരിൽ ഒരാളാണ് അദ്ദേഹം, അതേസമയം, അതിസമ്പന്നനുമല്ല. ന്യൂ പോലീസ് സ്റ്റോറി 2, പ്രോജക്ട് പി, ഫൈവ് എഗെയ്ൻസ്റ്റ് എ ബുള്ളറ്റ്, എന്നിവയുൾപ്പെടെ നിരവധി സിനിമകൾ ജാക്കി ചാന്റേതായി വരാനിരിക്കുന്നു. റഷ് അവർ സീരീസിലെ നാലാമത്തെ ചിത്രത്തെപ്പറ്റിയും അഭ്യൂഹങ്ങളുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi