പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ബോളിവുഡ് നടി രേഖ, നായികാറോളിലെത്തുന്നത്. കന്നഡപടമായിരുന്നുവത്. തൊട്ടടുത്തവർഷം തെലുഗുസിനിമയിലും അഭിനയിച്ചു. മാസങ്ങൾക്കുള്ളിൽ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. 1968-ൽ കുൽജീത് പാൽ എന്ന ബിസിനസുകാരൻ ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിലെത്തിയതായിരുന്നു. ലക്ഷ്യം ഒന്നുമാത്രം, പുതിയ സിനിമയായ 'അഞ്ജാന സഫറി'ൽ പുതിയൊരു നായികയെ വേണം. അവിടെവെച്ചാണ് അദ്ദേഹം രേഖയെ കാണുന്നത്. ചെറിയൊരു ഓഡിഷനുശേഷം രേഖയെ നായികയായി തീരുമാനിക്കുകയും ചെയ്തു.
അങ്ങനെയാണ് രേഖ മുംബൈയിലെത്തുന്നത്. അതിന്റെ ഷൂട്ടിങ്ങിനിടെയാണ് അവരുടെ സിനിമാജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അനുഭവമുണ്ടാവുന്നത്. അതിലൊരു ചുംബനസീനുണ്ട്. അതെങ്ങനെ ചിത്രീകരിക്കണമെന്ന് നായകനും സംവിധായകനുമൊക്കെ ആദ്യമേ തീരുമാനിച്ചു. അതുപ്രകാരം നായകൻ ബിശ്വജീത്ത് ചാറ്റർജി, രേഖയെ കെട്ടിപ്പിടിച്ച്, ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. രേഖയ്ക്ക് ഒന്ന് പ്രതികരിക്കാൻ പോലുമായില്ല. മിനിറ്റുകളോളം ആ രംഗം നീണ്ടുനിന്നു. സംവിധായകൻ കട്ട് വിളിച്ചതുമില്ല. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോഴാണ് കട്ട് പറയുന്നത്. അപ്പോഴേക്കും അണിയറപ്രവർത്തകർ ചുറ്റിനും നിന്ന് വിസിലടിക്കാനും ചിരിക്കാനും തുടങ്ങി. രേഖയുടെ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരേട്. അവർ അപ്പോഴെല്ലാം കണ്ണടച്ചുനിന്നു. കണ്ണുതുറന്നപ്പോഴേക്കും കണ്ണീർ ഒലിച്ചിറങ്ങി.
എന്തായാലും 'അഞ്ജാന സഫർ' കുറേ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ നേരിട്ടു. വർഷങ്ങൾക്കുശേഷം 'ദോ ശിക്കാരി' എന്ന് പേരുമാറ്റിയാണ് സിനിമ റിലീസായത്. ലൈഫ് മാഗസിന്റെ ഏഷ്യൻ പതിപ്പിൽ, ആ ചുംബനം കവറായി വന്നു. ഇതേറെ ചർച്ച ചെയ്യപ്പെട്ടു. ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ രേഖയെ ഇന്റർവ്യൂ ചെയ്യാൻ ഇന്ത്യയിലെത്തി. ആ അഭിമുഖത്തിലൂടെയാണ് ആ ചുംബനത്തെക്കുറിച്ചുള്ള പരാതി രേഖ ആദ്യമായി പറയുന്നത്.
ആദ്യസിനിമയുടെ റിലീസ് നീണ്ടുപോയെങ്കിലും, അപ്പോഴേക്കും രേഖയെ തേടി വേറെയും അവസരങ്ങളെത്തി. 'സാവൻ ബാദോം' ആയിരുന്നു അവയിലൊന്ന്. നവീൻ നിശ്ചലായിരുന്നു നായകൻ. നവീനിന്റെയും രേഖയുടെയും ആദ്യസിനിമയായിരുന്നുവത്. പക്ഷേ രേഖയെ കണ്ടപ്പോൾ തന്നെ അവരുടെ നായകനാവില്ലെന്ന് നവീൻ ഉറപ്പിച്ചുപറഞ്ഞു. നായികയ്ക്ക് തടികൂടുതലാണെന്നും നിറംകുറവാണെന്നതുമാണ് നവീൻ പറഞ്ഞ കാരണങ്ങൾ.
തുടക്കകാലത്ത് അത്രമാത്രമാണ് അവർ പരിഹസിക്കപ്പെട്ടത്. അതിന് പ്രമുഖതാരങ്ങൾ വരെ നേതൃത്വം കൊടുത്തുവെന്നതാണ് സത്യം. ''നിങ്ങൾ ആഫ്രിക്കയിലെ വ്യവസായിയല്ലേ. അതുകൊണ്ടാണ് ഇങ്ങനെയുള്ള നായികയെ ഇഷ്ടപ്പെട്ടത്'', നടൻ രാജ് കപൂർ ഒരിക്കൽ കുൽജീത് പാലിനോട് ഇങ്ങനെ പറഞ്ഞത്രേ. ശശി കപൂർ ഒരു പരിപാടിക്കിടയിൽ പരസ്യമായിട്ടാണ് രേഖയെ അപമാനിച്ചത്, ''ഈ പെൺകുട്ടി എങ്ങനെയാണ് നായികയാവുക എന്നതാണ് ഞാൻ ചിന്തിക്കുന്നത്''. സെക്‌സിസ്റ്റ് ആക്രമണങ്ങളും ബോഡി ഷെയ്മിങ്ങും തകർത്തിയ നാളുകൾ. പക്ഷേ, അതൊന്നും ആ നായികയെ തളർത്തിയില്ല.
Content Highlights: from bodyshaming to sexist attacks faced by actress rekha
Published: 13 Mar 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented