
''എൻ കരളിൽ താമസിച്ചാൽ മാപ്പുതരാം രാക്ഷസീ...'' 2002-ൽ ഈ പാട്ട് മുഴങ്ങാത്ത കാംപസുകൾ ഉണ്ടായിരുന്നില്ല. വിമർശനങ്ങളും എതിർപ്പുകളും തട്ടുപൊളിപ്പൻ പാട്ടെന്ന പരിഹാസവുമൊക്കെ വന്നിട്ടും ഒന്നും ഏശിയില്ല. അഫ്സൽ എന്ന ഗായകന്റെ വേറിട്ട ശബ്ദം പിന്നീടങ്ങോട്ട് ധാരാളം പാട്ടുകളിലൂടെ മലയാളിയെ താളംതുള്ളിച്ചു. 25 വർഷങ്ങൾ, 240-ലധികം സിനിമകളിലെ പാട്ടുകൾ... ഇന്നും അഫ്സൽ പാടിയ ആ ഗാനങ്ങൾ കേട്ടാൽ അറിയാതെ മലയാളി ചുവടുവയ്ക്കും.
ഒരുകാലത്ത് മലയാളത്തിലിറങ്ങിയ ഫാസ്റ്റ് നമ്പറുകളെല്ലാം അഫ്സലിന്റേതായിരുന്നു. 'രാപകലെ'ന്ന ചിത്രത്തിലൂടെ മനസ്സിനെ തൊടുന്ന മെലഡിയും തനിക്കു വഴങ്ങുമെന്ന് അഫ്സൽ തെളിയിച്ചു. പതിനേഴാം വയസ്സിൽ ഗാനമേളകളിലൂടെ തുടങ്ങിയ സംഗീതയാത്ര ആൽബങ്ങളിലേക്കും പിന്നീട് സിനിമയിലേക്കും സംഗീതവേദികളിലേക്കുമാണ് എത്തിച്ചേർന്നത്. ഒരുകാലത്ത് ദിലീപ് സിനിമകളിൽ സ്ഥിരസാന്നിധ്യമായിരുന്നു അഫ്‌സലിന്റെ സ്വരം. 10 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ദിലീപിന് വേണ്ടി അഫ്സലിന്റെ ശബ്ദം താളമിടുകയാണ്, 'പ്രിൻസ് ആൻഡ് ദി ഫാമിലി' എന്ന ചിത്രത്തിലൂടെ... ''എല്ലാം നല്ലതിനാണ്, സിനിമയിൽ പാടിയതും ഇടവേള വന്നതും തിരിച്ചെത്തിയതുമെല്ലാം...'' പ്രതീക്ഷകളോടെ അഫ്സൽ പറഞ്ഞുതുടങ്ങി.
സംഗീതയാത്രയുടെ തുടക്കം എങ്ങനെയായിരുന്നു?
സംഗീതകുടുംബമാണ് എന്റേത്. വാപ്പ സംഗീതജ്ഞനായിരുന്നു. ചെറുപ്പംമുതലേ കേൾക്കുന്നത് വാപ്പ ഹാർമോണിയം വായിച്ചു പാടുന്നതാണ്. വാപ്പച്ചി പാട്ടുകൾ കമ്പോസ് ചെയ്ത് സഹോദരൻ അൻസാറിനെയും എന്നെയുംകൊണ്ട് പാടിക്കും. ജീവിതത്തിന്റെ എല്ലാ കാലഘട്ടത്തിലും സംഗീതമുണ്ടായിരുന്നു. ഞങ്ങൾ ഒൻപത് മക്കളും സംഗീതത്തോട് അടുത്തുനിന്നവരാണ്. സംഗീതം ജീവിതമാർഗമാക്കാം എന്നു തോന്നിയത് കോളേജിലൊക്കെ പഠിക്കാനെത്തിയപ്പോഴായിരുന്നു.
ആ തീരുമാനത്തിനുപിന്നിലെ കാരണം?
എന്റെ അഞ്ചാമത്തെ സഹോദരനായ ഷക്കീർ അന്ന് യേശുദാസിന്റെ ട്രൂപ്പിൽ ഡ്രമ്മറാണ്. അതുകൊണ്ട് അദ്ദേഹത്തിന് സംഗീതമേഖലയെപ്പറ്റി നല്ല ധാരണയുണ്ട്. 1990-ലാണ് കോളേജിലെ ഒരു പരിപാടിക്ക്് പാടുന്നത്. അന്ന് ആ ഓർക്കസ്ട്രയിലുള്ളവർക്ക് എന്റെ സഹോദരനെ നന്നായി അറിയാം. അവർ പിന്നീട് പുറത്ത് മറ്റ് പരിപാടികൾ ചെയ്യാൻ പോകുമ്പോൾ എന്നെയും വിളിക്കാൻതുടങ്ങി. സംഗീതം പ്രൊഫഷനായതും അതിൽ സീരിയസായതും അപ്പോൾമുതലാണ്. എന്റെ പാട്ട് കുഴപ്പമില്ലെന്നു തോന്നിത്തുടങ്ങിയപ്പോൾ ഷക്കീർ ഇക്കയുടെ കെയറോഫിൽ പരിപാടികൾ കിട്ടിത്തുടങ്ങി.
ആദ്യമായി ചിത്രച്ചേച്ചിക്കൊപ്പം പാടാൻ അവസരം ഒരുക്കിത്തന്നത് ഷക്കീർ ഇക്കയാണ്. 2000 വരെ സ്റ്റേജ്പരിപാടികളിൽ തന്നെയായിരുന്നു. കൂടെ റിഥം പ്രോഗ്രാമിങ്ങും. ആ സമയത്ത് ഒരുപാട് സംഗീതസംവിധായകരുടെ പാട്ടുകൾക്ക് സ്റ്റുഡിയോയിൽ റിഥം പ്രോഗ്രാമിങ്ങുകൾ ചെയ്യാൻ പോയിരുന്നു. ഒപ്പം ട്രാക്ക് പാടാനും കോറസ് പാടാനും. പാട്ടുമായി ബന്ധപ്പെട്ട ജീവിതമായിരുന്നു എന്നും. ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ചെയ്തു. വലിയ അനുഭവമായിരുന്നു അക്കാലമെല്ലാം സമ്മാനിച്ചത്. രവീന്ദ്രൻ മാഷ്, അർജുനൻ മാസ്റ്റർ, ബേണി ഇഗ്‌നേഷ്യസ്, കലവൂർ ബാലൻ, ജഴ്സൺ ആന്റണി... അങ്ങനെ ഒട്ടേറെ പ്രഗല്ഭർക്കൊപ്പം പ്രവർത്തിക്കാൻ പറ്റിയതും അക്കാലത്താണ്.
സംഗീതവഴിയിൽ പ്രചോദനമായത് സഹോദരനാണോ?
സംഗീതത്തിൽ എന്റെ റോൾമോഡൽസ് ഷക്കീർ ഇക്കയും വാപ്പയുമാണ്. അവസരങ്ങൾ ധാരാളം വന്നുതുടങ്ങിയപ്പോൾ ഷക്കീർ ഇക്കതന്നെ പറഞ്ഞു, ''ഇതാണ് നിന്റെ വഴി, നീ പാട്ടിൽത്തന്നെ കൂടുതൽ ശ്രദ്ധിക്കൂ''എന്ന്. അദ്ദേഹത്തിന്റെ പിന്തുണയും നിർദേശങ്ങളും സംഗീതത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. റിഥം പ്രോഗ്രാമിങ് എന്നെ പഠിപ്പിച്ചതും സംഗീതത്തിലെ പുതിയ കാര്യങ്ങൾ പറഞ്ഞുതന്നതുമെല്ലാം ഷക്കീർ ഇക്കയാണ്.
പിന്നീടെപ്പോഴാണ് സിനിമയിലെക്കെത്തിയത്?
മോഹൻ സിത്താരയുടെ പാട്ടുകൾക്ക് റിഥം പ്രോഗ്രാമിങ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ 'ദാദാസാഹിബ്' എന്ന സിനിമയുടെ റിഥം പ്രോഗ്രാമിങ്ങിന്റെ സമയത്താണ് എന്നോട് ഒരു പാട്ടുപാടുന്നതിനെപ്പറ്റി പറയുന്നത്. അദ്ദേഹത്തിനറിയാം ഞാൻ പാടും, ട്രാക്കൊക്കെ പാടാറുണ്ട് എന്ന്. ഷക്കീർ ഇക്കയുമായും അദ്ദേഹത്തിന് നല്ലസൗഹൃദമുണ്ട്. അദ്ദേഹം ഒരുദിവസം എന്നോട് പറഞ്ഞു, ''അഫ്സലേ ഒരു പാട്ടുണ്ട്.'' എന്നാൽ ഞാൻ കരുതിയത് ട്രാക്കാണെന്നാണ്. അല്ലെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. 'വല്യേട്ടൻ' എന്ന സിനിമയിലായിരുന്നു ആ ഗാനം. പാട്ട് സിനിമയിലുണ്ടായിരുന്നില്ല. കാസെറ്റിൽ പാട്ടും കവറിൽ പേരുമൊക്കെ അടിച്ചുവന്നു. എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ആ ഗാനം. 25 വർഷമായി ഇപ്പോൾ.
ഒരുസമയത്ത് ദിലീപിന്റെ ശബ്ദമായിരുന്നു അഫ്സൽ പാട്ടുകൾ, എല്ലാം ഹിറ്റായ ഗാനങ്ങൾ... ആ കോമ്പിനേഷൻ ചർച്ച ചെയ്യപ്പെട്ടിരുന്നല്ലോ?
ദിലീപേട്ടന്റെ സിനിമയിലെ പാട്ടുകളെല്ലാം അവിചാരിതമായി സംഭവിച്ചതാണ്. അദ്ദേഹത്തിനുവേണ്ടി പാടിയിരുന്നത് ശങ്കർ മഹാദേവനും ഉദിത് നാരായണനുമാണ്. അവരെയാണ് ആദ്യം സംവിധായകർ വിളിക്കുക. എപ്പോഴോ ഒരു പാട്ട് ഞാനും പാടി. അതോടെയാവാം ദിലീപിനുവേണ്ടി അഫ്സൽ പാടിയാൽ നന്നായിരിക്കുമെന്ന് സംവിധായകർക്ക് തോന്നിത്തുടങ്ങിയത്. പിന്നീട് അവരില്ലാത്തപ്പോഴെല്ലാം പാടാൻ എന്നെ വിളിച്ചുതുടങ്ങി. അങ്ങനെ ദിലീപേട്ടന്റെ പാട്ടുകാരിൽ മൂന്നാംസ്ഥാനം എനിക്ക് ലഭിച്ചെന്നുപറയാം. സംവിധായകരായ റാഫി മെക്കാർട്ടിൻ, ഷാഫി... അവരെല്ലാം വലിയ പിന്തുണ തന്നിരുന്നു. 'പാണ്ടിപ്പട'യിലെ മൂന്ന് പാട്ടും അങ്ങനെ കിട്ടിയതാണ്. 2015-ലായിരുന്നു ദിലീപേട്ടന്റെ സിനിമയ്ക്കുവേണ്ടി അവസാനം പാടിയത്, 'ടു കൺട്രീസ്' എന്ന ചിത്രത്തിനുവേണ്ടി. ഇപ്പോൾ 10 വർഷത്തിനുശേഷം അദ്ദേഹത്തിന്റെതന്നെ സിനിമയിൽ ഒരു പാട്ടുകൂടി ലഭിച്ചു.
10 വർഷത്തെ ഇടവേളയ്‌ക്കൊടുവിൽ ദിലീപ് ചിത്രത്തിലെ ഗാനം. എന്താണ് പ്രതീക്ഷകൾ?
ദിലീപേട്ടന്റെ സിനിമയിലെ പാട്ടുകൾക്കെല്ലാം ഒരു ഫെസ്റ്റിവൽ മൂഡ് ഉണ്ടാകും. അടിപൊളിയായിരിക്കും. സന്തോഷമുള്ള പാട്ടുകളാണ്. ആ ഗണത്തിൽതന്നെ ഉൾപ്പെടുന്ന ഒരു പാട്ടുകിട്ടി. 'പ്രിൻസ് ആൻഡ് ദി ഫാമിലി'യിലെ പാട്ടാണ് ഏറ്റവും പുതിയത്. 25-ാം വർഷമായപ്പോഴും നല്ലൊരു ഹിറ്റ് സോങ്ങിന്റെ ഭാഗമാകാൻ പറ്റിയതിന് സന്തോഷമുണ്ട്.
വാപ്പയുടെ പാട്ടുകൾ കേട്ടുവളർന്നയാളാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതമായിരുന്നു അദ്ദേഹത്തിന് പ്രിയം. പണ്ടുമുതലേ കേൾക്കുന്നതും അതാണ്. മനസ്സിന്റെയുള്ളിലും ആ ഫീലൊക്കെയുണ്ട്. പക്ഷേ, തുടക്കംമുതലേ ഞാൻ അടിപൊളി പാട്ടുകളാണ് പാടുന്നത്. പിന്നെ അതൊരു ബ്രാൻഡിങ് പോലെയായി. അടിപൊളി പാട്ടുണ്ടോ, അഫ്സലിനെ വിളിക്കാം, അങ്ങനെ. എല്ലാതരത്തിലുള്ള പാട്ടുകളും പാടുന്ന നല്ല ഗായകർ മലയാളത്തിലുണ്ട്. അടിപൊളി വരുമ്പോൾ എന്നെ വിളിക്കും. അന്നൊക്കെ സെമിക്ലാസിക്കൽ അല്ലെങ്കിൽ മെലഡിയൊക്കെ വന്നാൽ വിധു പ്രതാപ്, മധു ബാലകൃഷ്ണൻ, ദേവാനന്ദ്, ബിജു നാരായണൻ... അവരെയൊക്കെ വിളിക്കും. ഒരു മെലഡി ഗാനത്തിനോ വിഷാദ ഗാനത്തിനോ എന്നെ പരിഗണിക്കില്ല. 
'രാപകൽ' എന്ന ചിത്രത്തിലെ 'പോകാതെ കരിയിലക്കാറ്റേ' എന്ന ഗാനം അഫ്സലാണ് പാടിയതെന്ന് വിശ്വസിക്കാത്തവർ ഇപ്പോഴുമുണ്ട്.
മോഹൻ സിത്താര സാറാണ് എനിക്ക് ആ ഗാനം പാടാൻ അവസരം തന്നത്. അതൊരു ദൈവാനുഗ്രഹമാണെന്നാണ് എന്റെ വിശ്വാസം. ആദ്യം മുതലേ അദ്ദേഹത്തോടൊപ്പം വർക്കുചെയ്തിട്ടുള്ളതുകൊണ്ടാവാം എന്നെ ഇങ്ങനെയൊരു പാട്ടുപാടാൻ വിശ്വസിച്ചേൽപ്പിച്ചതും. സംവിധായകൻ കമൽസാറും അന്ന് സപ്പോർട്ട് ചെയ്തു. എന്നെ പാടിച്ചുനോക്കാം എന്നുപറഞ്ഞത് അദ്ദേഹമാണ്. എപ്പോഴും പാടുന്നതുപോലുള്ള പാട്ടല്ല, നീ ശ്രമിച്ചുനോക്ക് എന്നുപറഞ്ഞ് ആത്മവിശ്വാസം തന്നതും മോഹൻസിത്താരസാറാണ്. ആ പാട്ട് പാടുമ്പോൾ എന്റെ ബാല്യവും ആ ഓർമകളും മനസ്സിൽവെച്ചാണ് പാടിയത്. പാട്ട് വന്നപ്പോൾ എല്ലാവർക്കും സംശയമായിരുന്നു, ആരാണ് പാടിയത് എന്നൊക്കെ. അഫ്സൽ പാടിയതാണ് എന്ന് വിശ്വസിക്കാത്തവരുണ്ട്. ഇപ്പോഴും ആളുകൾ ആ പാട്ടിനെപ്പറ്റി പറയുന്നു, അതിനെ ഇഷ്ടപ്പെടുന്നു എന്നത് വലിയ അനുഗ്രഹമാണ്.
ഈ പാട്ടിനെപ്പറ്റി രണ്ടുപേർ പറഞ്ഞത് വലിയ അംഗീകാരംപോലെ തോന്നിയിട്ടുണ്ട്. ഒന്ന് 'രാപകലി' ന്റെ തിരക്കഥാകൃത്ത് ടി.എ. റസാക്കാണ്. അദ്ദേഹം എപ്പോഴും പറയും, ''നിന്റെ ജീവിതത്തിൽ കുറേ പാട്ടുകളുണ്ടാവും, പക്ഷേ, ഈ പാട്ട് വളരെ സ്പെഷ്യലാണ്'' എന്ന്. അതുപോലെ മമ്മൂക്കയും പറയും, അടിപൊളിപാട്ടിൽനിന്ന് മാറി ഒരു പാട്ട് പാടിയല്ലോ, നന്നായി എന്ന്. സാധാരണ ഒരു സിനിമയിൽ സങ്കടപ്പാട്ട്് കുറച്ചുവരുമ്പോഴേക്കും കട്ട് ചെയ്യും. ഈ പാട്ട് ആറര മിനിറ്റുണ്ട്, പാട്ട് മുഴുവനും ആ സിനിമയിലുണ്ട്. കൂടാതെ എല്ലാ കഥാപാത്രങ്ങളും പാട്ടിന്റെ സീനിൽ വന്നുപോകുന്നുമുണ്ട്. അതൊരു വലിയ ഭാഗ്യമാണ്.
പാട്ടുകാരനായില്ലെങ്കിൽ ആരാകുമായിരുന്നു?
പാട്ടുകാരനായില്ലായിരുന്നെങ്കിൽ ഗൾഫുകാരനായേനേ. എന്റെ മൂത്ത നാല് സഹോദരങ്ങളും ബഹ്റൈനിലായിരുന്നു. അവർ ജോലിയൊക്കെയായി അവിടെ സെറ്റിലാവുകയാണ് ചെയ്തത്. ഞാൻ സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ അവർ പറയും നീ പഠിക്ക് നമുക്ക് ഗൾഫിൽ എവിടെയെങ്കിലും ജോലിനോക്കാം എന്നൊക്കെ. നമ്മുടെ വഴി ഏതാണെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.
പാടിയവയിൽ ഏറ്റവും ഇഷ്ടമുള്ള സ്വന്തം പാട്ടുകൾ?
ഞാൻ പാടിയവയിൽ ഏറെയിഷ്ടമുള്ള പാട്ട് 'പോകാതെ കരിയിലക്കാറ്റേ' തന്നെയാണ്. 'പെരുമഴക്കാല'ത്തിലെ 'മെഹറുബാ' ആണ് മറ്റൊന്ന്. അതൊരു കല്യണപ്പാട്ടാണ്. മ്യൂസിക്കലി വളരെ വ്യത്യസ്തമായ ഒരു ഗാനമായിരുന്നു. 'പാണ്ടിപ്പട' യിലെ 'പഞ്ചായത്തിലെ' എന്ന പാട്ട്, അതിന്റെ വരികൾ രസമാണ്. 'ചിരിമണിമുല്ലേ'യും ഇഷ്ടമാണ്. 'രാക്ഷസീ...' ഒരു കാമ്പസിന് പറ്റുന്ന പാട്ടാണ്. നല്ലപോലെ പാടാൻ പറ്റിയെന്ന് തോന്നിയ പാട്ടാണ് അത്. സത്യത്തിൽ എല്ലാപാട്ടും ഇഷ്ടമാണ്.
എപ്പോഴും കേൾക്കാനിഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആദ്യം മനസ്സിലെത്തുക ഏതൊക്കെ പാട്ടുകളാണ്?
സീനിയേഴ്സിന്റെ പാട്ടുകളാണ് ഏറെയും കേൾക്കുന്നത്. ജയചന്ദ്രൻസാറിന്റെ പാട്ടുകൾ, ദാസ്സാറിന്റെ പാട്ടുകൾ. ഞാൻ ഗാനമേളകളിൽ പാടിത്തുടങ്ങിയപ്പോൾ കൂടുതലും പാടിയിട്ടുള്ളത് എസ്.പി.ബി. സാറിന്റെ പാട്ടുകളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ കൂടുതൽ കേൾക്കാനും ശ്രമിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യം ചിത്രച്ചേച്ചിക്കൊപ്പം ഒരു പ്രോഗ്രാമുണ്ട്. അതിൽ എസ്.പി.ബി.യുടെ ഒരു കന്നഡപ്പാട്ട് പാടുന്നുണ്ട്. ജയേട്ടന്റെ പാട്ടുകൾ റഫറൻസായി എടുക്കാറുണ്ട്. നമുക്ക് സീനിയേഴ്സ് പാടിവെച്ചവയൊക്കെയാണല്ലോ മാതൃക. മലയാളത്തിൽ ഇത്രേം ഭംഗിയുള്ള പാട്ടുകൾ ഒരാൾ പാടിവെച്ചിട്ടുണ്ടല്ലോ, ദാസ്സാറിന്റെ പാട്ടുകൾ, അതിലും വലിയ എന്ത് അനുഗ്രഹമാണ് നമുക്ക് വേണ്ടത്.
മാറ്റിനിർത്തപ്പെട്ടിട്ടുണ്ടോ?
സംഗീതജീവിതത്തിൽ ഇടവേളകളുണ്ടായിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടതായി തോന്നിയിട്ടില്ല. പുതിയ പാട്ടുകാർ വരുമ്പോൾ അവർക്കാവും അവസരങ്ങൾ. ഓരോ പാട്ടുകാരന്റെയും ജീവിതത്തിൽ എഴുതിവെച്ചിട്ടുണ്ടാവും അയാൾ ഇത്ര പാട്ടുപാടണമെന്ന്, അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാൻ. ഇടവേളകൾ വന്നാലും വീണ്ടും നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട്. ഈ സമയത്തും ലൈവ് ഷോകൾ ധാരാളമുണ്ടായിരുന്നു. സിനിമാസംഗീതത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പാട്ടുകാരൻ എന്ന നിലയിൽ അവസരങ്ങൾ എന്നും ഉണ്ടായിട്ടുണ്ട്.
സംഗീതജീവിതത്തിലെ മറക്കാനാകാത്ത അനുഭവം?
ഇളയരാജ സാറിന്റെ പാട്ടുകൾ പാടാൻ പറ്റിയതാണ് ആ അനുഭവം. എന്റെ ചെറുപ്പത്തിൽ ഷക്കീർ ഇക്കയ്ക്ക് ഒരു കാസെറ്റ് ഷോപ്പുണ്ടായിരുന്നു. തമിഴ്സിനിമകളുടെ ഓഡിയോ കാസെറ്റുകളുടെ റാക്കിൽ ഇളയരാജസാറിന്റെ പാട്ടുകളായിരുന്നു ഏറ്റവും കൂടുതലുണ്ടായിരുന്നത്. അതാണ് അക്കാലത്ത് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ടുകളും. അങ്ങനെ ദൂരെനിന്ന് ആരാധിച്ചിരുന്ന ഒരാളുടെ അടുത്തിരുന്ന് അദ്ദേഹം കംപോസ് ചെയ്ത പാട്ടുപാടാൻ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമാണ്. 'വിനോദയാത്ര'യിലെ 'തെന്നിപ്പായും തെന്നലേ' എന്ന പാട്ട്. അതുപോലെ 'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ' എന്ന സിനിമയിലും അദ്ദേഹത്തിന് വേണ്ടിപാടാൻ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും ഓർമ്മയും അനുഭവവുമെല്ലാണ് അത്.
പുതിയ തലമുറയിലെ ഗായകരും ഗാനങ്ങളും... ആ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കാലഘട്ടത്തിന്റെ ആവശ്യമാണ് അത്തരം മാറ്റങ്ങൾ. 2000-2002-ൽ ദാസ്സാറിന്റെ പാട്ടുകളൊക്കെ ഹിറ്റായി നിൽക്കുന്ന കാലത്താണ് 'രാക്ഷസി'പോലുള്ള പാട്ടുമായി ഞാൻ വരുന്നത്. അന്നത് ട്രെൻഡായിരുന്നു. പക്ഷേ, ആളുകൾ നെഗറ്റീവ് പറഞ്ഞിട്ടുമുണ്ട്. എന്ത് പാട്ടാണിത് എന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ഡെപ്സിയും വേടനുമൊക്കെ പാടുന്ന പാട്ടുകളെപ്പറ്റി നെഗറ്റീവായി പറയുന്നവരുണ്ട്. പക്ഷേ, അടിപൊളിപ്പാട്ടുകാരനായി വന്നതുകൊണ്ട് അതൊക്കെ കാലത്തിന്റെ മാറ്റമായാണ് ഞാൻ കാണുന്നത്. അതിന്റെ സംഗീതത്തിന്റെ വശമേ ഞാൻ ചിന്തിക്കുന്നുള്ളൂ. എന്റെ ജോലിയിതാണ്. ഞാൻ എന്നോടുതന്നെ മത്സരിക്കുന്നയാളാണ്. അതുകൊണ്ട് ഇങ്ങനെയുള്ള പാട്ടുകളും വരണം. പാട്ടുകാരും വരണം. പുതിയതലമുറയ്ക്കുവേണ്ടിയുള്ള പാട്ടുകളാണ് അതൊക്കെ.
പുതിയ സിനിമകളിൽ പാട്ടുകൾ കുറവല്ലേ...
അതൊരു പ്രശ്‌നമാണ്. 'നമ്മൾ' സിനിമയിൽ അഞ്ച് പാട്ടുകളുണ്ട്. അന്നൊക്കെ സിനിമയിൽ കുറഞ്ഞത് അഞ്ച് പാട്ടെങ്കിലുമുണ്ടാകും. ഇപ്പോൾ പാട്ടും കുറഞ്ഞു, പാട്ടിന്റെ നീളവും കുറഞ്ഞു. മൂന്നുമിനിറ്റ് വരെയൊക്കെയാണ് ഇപ്പോഴത്തെ പാട്ടുകൾ. സിനിമയിൽ ഒന്നോ രണ്ടോ പാട്ടുകൾ. സംഗീതം കൂടുതലും സാധാരണ ജനങ്ങളിലേക്കെത്തുന്നത് സിനിമയിലൂടെയാണ്. അതിനൊരു കുറവ് വന്നിട്ടുണ്ട്. സിനിമകളുടെ രീതിയൊക്കെ മാറിയതുകൊണ്ടാവാം അങ്ങനെ. അതിനിടയിലും പാട്ടിന് പ്രാധാന്യമുള്ള സിനിമകൾ വരണമെന്നാണ് ആഗ്രഹം. എങ്കിലാണ് നല്ല കഴിവുള്ള പുതുതലമുറയിലെ പാട്ടുകാർക്ക് അവസരങ്ങളുണ്ടാവൂ.
കുടുംബത്തെപ്പറ്റി...
ഞങ്ങൾ ഒൻപത് സഹോദരങ്ങളാണ്. എല്ലാവരും സംഗീതപശ്ചാത്തലമുള്ളവരാണ്. ഒരു സഹോദരൻ അൻസാർ 1996-ൽ മലയാളത്തിലെ ആദ്യത്തെ റിയാലിറ്റിഷോയായ ദൂരദർശൻ ചെയ്ത ഹംസധ്വനിയിൽ ഗോൾഡ്മെഡൽ വിന്നറായിരുന്നു. അൻസാർ ഇപ്പോഴും സംഗീതത്തിൽ സജീവമായുണ്ട്. എനിക്ക് നാല് മക്കളാണ്. മൂത്തമകളുടെ കല്യാണം കഴിഞ്ഞു. അവർ വിദേശത്താണ്. രണ്ട് പേരക്കുട്ടികളുണ്ട്. മക്കൾക്കൊക്കെ പാട്ട് ഇഷ്ടമാണ്. പക്ഷേ, പ്രൊഫഷണലായി പാടാൻ ആരും മുന്നോട്ടുവന്നിട്ടില്ല.
പുതിയ പ്രോജക്ടുകൾ?
നീരജ് മാധവും അജുവർഗീസും അഭിനയിച്ച 'ലൗ അണ്ടർ കൺസ്ട്രക്ഷൻ' എന്ന സീരീസിൽ ഒരു പാട്ടിന്റെ ഇടയിൽ തമിഴ് വരികൾ പാടിയിരുന്നു. ഗോപീ സുന്ദറാണ് അതിന്റെ മ്യൂസിക്. പിന്നെ ആൽബങ്ങൾ, ഡിവോഷണൽ സോങ്സ്... അങ്ങനെ പോകുന്നു. സിനിമകൾ പണ്ട് ഞാൻ പാടിയിരുന്ന അത്രയുമൊന്നുമില്ല. പക്ഷേ, പാട്ടിൽ സജീവമാണ്.
സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ?
അധികം വാരിവലിച്ച് പാടണമെന്നൊന്നും ആഗ്രഹമില്ല. നല്ല പാട്ടുകൾ ആളുകൾക്ക് ഇഷ്ടമാകുന്ന രീതിയിൽ പാടണം. പാട്ടുകാരിൽ ഞാനുമിപ്പോൾ സീനിയറാണ്, 50 വയസ്സായി. പാട്ടിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരാൻ പാടില്ല. ആരോഗ്യം നോക്കണം. ഇപ്പോൾ കിട്ടുന്ന പാട്ടുകൾ ബോണസാണ്. ഇതുപോലെയൊന്നുമാകുമെന്ന് കരുതിയല്ല കരിയർ തുടങ്ങിയത്. ആളുകൾ ഇത്രയേറെ ഇഷ്ടപ്പെടുമെന്നോ ഓർത്തിരിക്കുമെന്നോ ഒന്നും കരുതിയിട്ടില്ല. ഇനിയും മുന്നോട്ടും നല്ല പാട്ടുകൾ പാടണമെന്ന ആഗ്രഹമേയുള്ളൂ. ജീവിതത്തിൽ എല്ലാംകൊണ്ടും സന്തോഷവാനാണ്. അവസരങ്ങൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതുമെല്ലാം സ്വഭാവികമായി കാണുന്നയാളാണ് ഞാൻ. നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് ലഭിക്കും.
Content Highlights: singer afsal talking about his life and career
Published: 18 May 2025, 10:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented