
ഉച്ചതിരിഞ്ഞ് മൂന്നുമണി, കോഴിക്കോട്ടെ സ്റ്റുഡിയോഫ്‌ളോർ സുരഭിലക്ഷ്മിക്കുവേണ്ടി കാത്തിരിക്കുകയാണ്. പറഞ്ഞസമയത്തുതന്നെ ആളെത്തി. ഞൊടിയിടയ്ക്കുള്ളിൽ ചുറ്റുപാടും ആരവമുണർന്നപോലെ. സിനിമയ്ക്ക് പുറത്തും സുരഭി പവർ പാക്ക്ഡ് ആണ്. പൊട്ടിച്ചിരിയും വർത്തമാനവും ചില്ലറ തമാശകളുമായി സുരഭി തനി കോഴിക്കോട്ടുകാരിയായി. 'മണിയന്റെ മാണിക്യ'വും 'തോക്കേന്തിയ സൂസനു'മൊക്കെയായി തിരശ്ശീലയിൽ തകർത്തുവാരിയ ആളാണ്. ഭാഗ്യനായികയുടെ പേരിലെ മാറ്റത്തെക്കുറിച്ചായി പിന്നെ കൂട്ടച്ചർച്ച.
''പേരിൽ ഒരക്ഷരം കൂട്ടിച്ചേർത്തെന്നേയുള്ളൂ. മുത്തശ്ശിയുടെ പേരാണ് ലക്ഷ്മി എന്നത്. ഗൃഹലക്ഷ്മിയിൽ മോഡൽ ഓഫ് ദി വീക്കിൽ പങ്കെടുക്കാൻ ചിത്രം അയക്കുമ്പോഴാണ് എന്റെ പേരിനൊപ്പം ലക്ഷ്മി എന്നുകൂടി ചേർത്തത്. സുരഭി ലക്ഷ്മി എന്ന പേരിൽ പടം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്പോൾ Lakshmi എന്നതിനൊപ്പം ഒരു k കൂടിച്ചേർത്ത് Lakkshmi എന്ന് മാറ്റി. സംഖ്യാശാസ്ത്രമനുസരിച്ച് ചെയ്തതാണ്. ഭാഗ്യം വരുമോ എന്നു നോക്കാം.'' ഭാഗ്യം വന്നാലും ഇല്ലെങ്കിലും തന്റെ കഠിനാധ്വാനത്തിൽ സുരഭിക്ക് വിശ്വാസമുണ്ട്.
''കഴിഞ്ഞവർഷം ചെയ്ത ചിത്രങ്ങളുടെയൊക്കെ ഗുണം ഈ വർഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എല്ലാം വേറിട്ട കഥാപാത്രങ്ങളാണ്. 'എ.ആർ.എം.'ൽ രണ്ട് ലുക്കുകൾ, ടൊവിനോയുടെ നായികയായിട്ടും പിന്നെ മുത്തശ്ശിവേഷവും. 'റൈഫിൾ ക്ലബ്ബി'ൽ ചൂലും പിടിച്ചുവന്ന പാത്തു തുപ്പാക്കി പിടിച്ചുനിൽക്കുന്ന സൂസൻ ആയി. പ്രോത്സാഹിപ്പിച്ച പ്രേക്ഷകർക്ക് നന്ദി. ഈ പിന്തുണ എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാണ്.''
സ്‌റ്റൈലിഷ് ലുക്കിൽ എല്ലായിടത്തും നിറഞ്ഞു നിൽക്കുകയാണ് സുരഭി. ഈ മാറ്റം കണ്ട് പലരുടെയും കണ്ണുതള്ളിയോ?
സ്ത്രീകളുടെ പ്രസരിപ്പ് കാണുമ്പോൾ തള്ള വൈബെന്നും മറ്റും പറഞ്ഞ് പരിഹസിക്കാൻ വരുന്നവരുണ്ട്. ഞാൻ അതൊന്നും വകവെക്കില്ല. ഞാൻ ചെറുപ്പംതൊേട്ട ഇങ്ങനെയാണ്. എന്നെപ്പോലൊരു കുട്ടിയെ എനിക്ക് വളർത്താൻ പറ്റില്ല. അത്രയ്ക്ക് ഹൈപ്പർ ആക്ടീവാണ്. സ്‌കൂളിലും കാലടി സർവകലാശാലയിലുമൊക്കെ പഠിക്കുമ്പോളുണ്ടായിരുന്ന അതേ വൈബ് തന്നെയാണ് ഇപ്പോഴും.
സദാ സന്തോഷവതിയാണല്ലോ. എങ്ങനെയാണ് മനസ്സിൽ സന്തോഷം നിലനിർത്തുന്നത്?
മനസ്സ് ശാന്തമാക്കി വെക്കുക. മനോഹരമായൊരു കാമ്പസ് ജീവിതം എനിക്കുണ്ടായിരുന്നു. നൃത്തവും നാടകവുമൊക്കെയായി അക്കാലം ആഘോഷമാക്കി. കോളേജിലെ വൈസ് ചെയർപേഴ്സണായിരുന്നു. നടിയാണ് ഞാൻ എന്ന ഭാരമെടുത്ത് തലയിൽ വെക്കാറില്ല. എല്ലാവരോടും തുറന്നിടപെടും. അടുപ്പമുള്ളവരോട് ദേഷ്യംപിടിക്കാറുമുണ്ട്. കച്ചറസ്വഭാവം കാണിക്കും. അവർ എന്നെ മനസ്സിലാക്കി കൂടെനിൽക്കും. ജീവിതത്തിൽ അഭിനയിക്കാറില്ല.
എന്നാലും ചില അവസരങ്ങളിലെങ്കിലും ജീവിതത്തിൽ അഭിനയിക്കേണ്ടി വരില്ലേ?
ജീവിതത്തിൽ അഭിനയിക്കാനറിയാഞ്ഞിട്ടല്ല. നന്നായി അഭിനയിക്കാനറിയാം. പക്ഷേ, ആ കാപട്യത്തിൽ നിലനിൽക്കാനാവില്ല. അയ്യോ എന്നെപ്പറ്റി അവരെന്ത് വിചാരിക്കും എന്ന ചിന്തയില്ല. ആരോടും നേരിട്ട് സംസാരിക്കും. എനിക്ക് ആ വ്യക്തിയെ ഇഷ്ടമായാൽ അക്കാര്യം മറ്റുള്ളവരോടും പറയും. അങ്ങനെ അവരും ആ വ്യക്തിയുമായി കൂട്ടാവും. ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിവരും. അത് കാലടിയിൽ പഠിച്ചതുകൊണ്ടും നാടകാഭിനയത്തിൽ നിന്നുമൊക്കെ കിട്ടിയ ഗുണമാണ്.
നൃത്തവഴിയിലേക്ക് പോയശേഷം പെർഫോമിങ് ആർട്സിൽ എം.ഫിൽ എടുക്കുന്നു. തുടർന്ന് സിനിമയിലെത്തുന്നു. അഭിനയത്തോട് ഇത്രമാത്രം ഇഷ്ടം തോന്നാൻ കാരണം?
അമൃത ടി.വി.യിലെ ബെസ്റ്റ് ആക്ടർ ഷോയുടെ വിജയി ആയപ്പോഴാണ് ഇതാണ് എന്റെ കരിയർ എന്ന് തീരുമാനിച്ചത്. അതിനുമുന്നേ ആ തിരിച്ചറിവുായിരുന്നില്ല. പക്ഷേ, അഭിനയിക്കുമ്പോഴാണ് കുറച്ചുകൂടി സന്തോഷം കിട്ടുന്നതെന്ന് അറിയാമായിരുന്നു.
പതിമ്മൂന്നോ പതിന്നാലോ വയസ്സിലാണ് അഭിനയം തുടങ്ങിയത്. ഇരുപതുവർഷം മുൻപുള്ള ഒരു കട്ട് റോഡ് ഇപ്പോൾ മെയിൻ റോഡ് ആയതുപോലൊരു മാറ്റം എനിക്കും സംഭവിച്ചു. കാലത്തിനൊത്ത മാറ്റമായാണ് ഞാനതിനെ കാണുന്നത്. മാറ്റത്തിന് വിധേയരാകാത്ത മനുഷ്യരില്ലല്ലോ. ആ മാറ്റത്തിനായി തുറന്നമനസ്സോടെ നിൽക്കേതുണ്ട്. അതിനുവേണ്ടി ഞാൻ പലതും പഠിച്ചു. പലപല തയ്യാറെടുപ്പുകൾ നടത്തി. നൃത്തവും നാടകാഭിനയവുമൊക്കെ പഠിച്ചത് ഇതിനുവേണ്ടിത്തന്നെയാണ്. എനിക്ക് മുന്നിൽ തുറന്നുവന്ന എല്ലാ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചു. കോമഡി കഥാപാത്രങ്ങൾ ചെയ്തപ്പോൾ ആത്മവിശ്വാസം കൂടി. എന്നാൽ, ജീവിതം ചിലപ്പോൾ ചാർളി ചാപ്ലിന്റെ സിനിമപോലെയാവാം. ലോങ് ഷോട്ടിൽ കോമഡിയും ക്ലോസപ്പിൽ ട്രാജഡിയും... 
ദേശീയ അവാർഡ് നേടിയ അഭിനേത്രി. കൈയിലെത്തിയ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ച പ്രതിഭ. എന്നിട്ടും അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടല്ലോ.
വലിയ തിരക്കുള്ള നടി ആയിരുന്നില്ല ഞാൻ. ചെറിയ റോളുകളാണ് അന്നൊക്കെ കൈയിലെത്തിയതിലേറെയും. നല്ല കഥാപാത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. പിന്നീട് അവാർഡ് കിട്ടി. എന്റെ കഴിവിൽ ഞാൻ വിശ്വസിച്ചു. ഒരു വെളിച്ചത്തെയും അധികകാലം മറച്ചുവെക്കാൻ ഇരുട്ടിനാവില്ല. സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. നടിമാർക്കുവേണ്ടി എഴുതുന്ന സിനിമകൾ വളരെ കുറവാണ്. അവസരങ്ങൾ കൂടുതൽ കിട്ടുന്നത് നായകനടന്മാർക്കാണ്. ഒരു വ്യക്തിയെ വെച്ച് സിനിമ ചെയ്യുമ്പോൾ മുടക്കിയ പണത്തിലധികം തിരിച്ചുകിട്ടുമെങ്കിൽ ആ വ്യക്തിക്കു വേണ്ടി കാത്തിരിക്കാൻ നിർമാതാക്കൾ തയ്യാറാവും. ഇപ്പോൾ നടിമാർക്ക് വർഷത്തിൽ രണ്ട് സിനിമകളൊക്കെയാണ് കിട്ടുന്നത്. ഇതിനൊക്കെ ഇടയിൽ നിലനിൽക്കുന്നതുതന്നെ വലിയ കാര്യമാണ്.
കരിയറിലെ ഉയർച്ച താഴ്ചകളിൽ വിഷമിക്കുകയും സന്തോഷിക്കുകയും ചെയ്യാറുണ്ടോ?
ഒന്നും അലട്ടാറില്ല. ചില സിനിമകൾ ഹിറ്റാവും, ചിലത് പരാജയപ്പെടും. ഓട്ടോറിക്ഷയിലും ബി.എം.ഡബ്ല്യുവിലും പോകാൻ പറ്റണം. ആ ബാലൻസിങ് ജീവിതത്തിൽ എപ്പോഴും ഉണ്ടാവണം. ഇല്ലെങ്കിൽ നിരാശയിലേക്കോ വിഷാദത്തിലേക്കോ ഒക്കെ പോകും. കലയുമായി ബന്ധമുള്ള എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്നേയുള്ളൂ. അത് ഫോട്ടോഷൂട്ട് ആവാം നാടകമാവാം. സിനിമ ചെയ്തില്ലെങ്കിലും ഒരു നാടകം കിട്ടിയാൽ എനിക്ക് ഓക്കെയാണ്. എന്റെയുള്ളിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തിയാൽ മതി.
നായികാവേഷങ്ങൾ മാത്രം ചെയ്തിരുന്ന നടിമാരൊക്കെ ഇപ്പോൾ ക്യാരക്ടർ റോളുകളും സ്വീകരിക്കുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകുന്നു. സിനിമയിലെ നിലനിൽപ്പിനെക്കുറിച്ചുള്ള ഭയം എല്ലാവർക്കുമുണ്ടെന്ന് തോന്നുന്നു...
നേരത്തെ പറഞ്ഞതുപോലെ കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാവരിലുമുണ്ടായിട്ടുണ്ട്. സോഷ്യൽമീഡിയയിൽ രണ്ടുദിവസം കണ്ടില്ലെങ്കിൽ ആളുകൾ മറന്നുപോകും. അങ്ങനെയാണ് കാര്യങ്ങൾ. കഴിവുള്ള അഭിനേതാക്കളെ സംവിധായകർ തേടിവരിക തന്നെ ചെയ്യും. എന്നാലും നമ്മൾ ഇവിടെയുണ്ട് എന്ന് കാണിക്കുന്നത് നല്ലതാണ്. അതിജീവിക്കണമല്ലോ.
സിനിമയിലെത്താൻ എളുപ്പമാണ്. പിടിച്ചുനിൽക്കാനാണ് പ്രയാസം. മാർക്കറ്റുള്ള നായകന്മാരെ സംബന്ധിച്ച് അത് വലിയൊരു ഉത്തരവാദിത്തവുമാണ്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് എല്ലാ അഭിനേതാക്കളും. ധാരാളം പുതുമുഖങ്ങൾ സിനിമയിലെത്തുന്നു്. അവസരങ്ങളുടെ എണ്ണം കുറവും. ഞാൻ എന്റെ കഴിവിൽ വിശ്വസിക്കുന്നു. വേഷം ഭിക്ഷക്കാരിയുടെയോ രാജകുമാരിയുടെയോ ആകട്ടെ എല്ലാം ഒരേ ആത്മാർഥതയോടെ ചെയ്യും.
സിനിമകളിൽ സ്ത്രീകളെ പ്ലേസ് ചെയ്യുന്നതിലും മാറ്റം വന്നല്ലോ?
ഇടി കൊടുക്കുന്ന, നീ പോടാ എന്ന് തന്റേടത്തോടെ പറയുന്ന പെണ്ണുങ്ങളിലേക്ക് കഥാപാത്രങ്ങൾ മാറി. സമൂഹത്തിൽ ഉണ്ടായ മാറ്റം തന്നെയാണ് സിനിമയിലുമുള്ളത്. ഇക്കാലത്തെ പെണ്ണിന്റെ സങ്കല്പങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളാൻ എഴുത്തുകാർക്ക് കഴിയുന്നു. അങ്ങനെ സിനിമയിൽ മാറ്റം പ്രകടമാകുന്നു.
'ഉള്ളൊഴുക്ക് ' പോലെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നുണ്ടെങ്കിലും കൊമേഴ്സ്യലി ഹിറ്റാവുന്നില്ല. അത്തരം സിനിമകൾ കൊണ്ടാടുന്ന കാലം സ്വപ്‌നത്തിലുണ്ടോ?
തീർച്ചയായിട്ടും. സിനിമയുടെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീകളുണ്ട്. അഞ്ജലിയെയും രത്തീനയെയും പോലെ മികച്ച സംവിധായകരുണ്ട്. അവരുടെ സിനിമകളിൽ സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്. സിനിമാമേഖലയിൽ മാർക്കറ്റ് വളരെ പ്രധാനമാണ്. അവിടെ നടിമാരുടെ പേരിലുള്ള സിനിമകളുമുണ്ടാവും. നയൻതാരയുടെ സിനിമകൾ നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്നില്ലേ? ഭാവിയിൽ അങ്ങനെയൊരു മാറ്റം ഇവിടെയുമുണ്ടാകും. അത് ഉറപ്പാണ്.
പലരുടെയും സ്വപ്‌നമാണ് സിനിമ. ഞാനുൾപ്പെടെയുള്ളവർ ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ കണ്ണികളാണ്. തേടിവരുന്ന ചില കഥാപാത്രങ്ങൾ അത്ര മികച്ചതാവണമെന്നില്ല. സിനിമയുടെ അണിയറയിൽ മികവുറ്റ ടെക്‌നീഷ്യൻസും ഉണ്ടാവണമെന്നില്ല. എങ്കിലും ഇന്ന കഥാപാത്രം ഇന്നയാൾ ചെയ്യണമെന്ന ആഗ്രഹം അവർക്കുണ്ടാവും. ആവശ്യപ്പെടുന്ന പ്രതിഫലം തരാൻ അവർ തയ്യാറാകും. ഒരു അഭിനേതാവിന് ജീവിക്കാൻ പണവും അത്യാവശ്യമാണല്ലോ. എന്നുവെച്ച് എങ്ങനെയെങ്കിലും ചെയ്തുകൊടുക്കലല്ല. ആത്മാർഥമായി അഭിനയിക്കും. സിനിമ തിയേറ്ററിൽ ഓടണമെന്നില്ല. 'ഓളവും തീരവും', 'റൈഫിൾ ക്ലബ്', 'എ.ആർ.എം'. പോലുള്ള സിനിമകൾ ഒഴിവാക്കാനാവുന്നതല്ല. വലിയ താരനിരയും ബാനറും ടീമുമൊക്കെയാവുമ്പോൾ നമ്മളും അതിന്റെ ഭാഗമായി ചേരുന്നു. 'മനോരഥങ്ങൾ' എന്ന ആന്തോളജിയിൽ ദുർഗാ കൃഷ്ണയുടെ അറുപത് വയസ്സുകാരി അമ്മയായി അഭിനയിച്ചു. എ.ആർ.എമ്മിൽ രോഹിണിച്ചേച്ചിയുടെ അമ്മയായി. ഒപ്പം ടൊവിനോയുടെ നായികയുമായി. ഈ കഥാപാത്രങ്ങൾക്കൊക്കെ കഥയിൽ നല്ല പ്രാധാന്യമുണ്ട്. ഇമേജ് നോക്കിയിരുന്നാൽ അവസരങ്ങൾ അതിന്റെ വഴിക്ക് പോയെന്നുവരും.
നടിമാർക്ക് പ്രതിഫലം കുറവാണെന്ന പരാതികൾ ഇപ്പോൾ കൂടുതൽ കേൾക്കുന്നുണ്ടല്ലോ...
നടിമാർക്ക് പൊതുവേ പ്രതിഫലം കുറവാണ്. എന്നാൽ, 'കുമാരി'യിലേതുപോലുള്ള കഥാപാത്രങ്ങൾ ചെയ്യേണ്ടി വരുമ്പോൾ ഞാൻ ഡിമാൻഡ് ചെയ്യാറുണ്ട്. എനിക്ക് അത്രയും പണിയുണ്ടല്ലോ. പക്ഷേ, ചന്തയിൽ വിലപേശുന്നതുപോലെ എന്നോട് സംസാരിക്കരുതെന്ന് പറയും. സിനിമയിൽ മാത്രമല്ല, ഉദ്ഘാടനങ്ങൾക്ക് പോകുമ്പോഴും മാന്യമായ പ്രതിഫലം ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ പലതരത്തിലുള്ള മുന്നേറ്റങ്ങളും ഉള്ളതുകൊണ്ട് ആളുകൾ ബോധവാന്മാരാണ്.
'കുമാരി', 'ഓളവും തീരവും', 'എ.ആർ.എം'... മൂന്നിലും പ്രായമായ വേഷങ്ങൾ. ബുദ്ധിമുട്ട് തോന്നിയില്ലേ?
ആ കഥാപാത്രങ്ങളിലേക്കുള്ള പരുവപ്പെടലിന്റെ ഘട്ടങ്ങൾ ഞാനേറെ ആസ്വദിച്ചിരുന്നു. 'കുമാരി' ചെയ്യുന്നതിനുമുൻപ് വയനാട്ടിലെ കുറിച്യ-പണിയ വിഭാഗക്കാരുടെ അടുത്തുനിന്ന് ഭാഷയും മറ്റും പഠിച്ചിരുന്നു. അത് ആ സിനിമയിൽ മാത്രം ചെയ്യാൻ പറ്റുന്ന വേഷമാണ്. അപ്പോൾ അതങ്ങ് ചെയ്യുക. ഞാൻ പുകവലിക്കാൻ പഠിച്ചത് 'റൈഫിൾ ക്ലബ്'സിനിമയ്ക്കുവേണ്ടിയാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ കൈയിൽ എത്തുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തുക. ഒരു ആക്ടർ എന്ന നിലയിൽ എന്നെ ചങ്ങലയ്ക്കിടുന്നതോ ഒരു ഫ്രെയിമിനുള്ളിൽ ഒതുക്കുന്നതോ ഇഷ്ടമല്ല.
ടൊവിനോ, ദിലീഷ് പോത്തൻ, വാണിവിശ്വനാഥ്... തുടങ്ങി സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുള്ള താരമാണല്ലോ...
സൗഹൃദത്തിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. സുഹൃത്തുക്കളുടെ ഏതവസ്ഥയിലും ഒപ്പംനിൽക്കും. ആ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഇഷ്ടമാണ്. ഏതു സാഹചര്യമായും പെട്ടെന്ന് പൊരുത്തപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ, ഏത് ആൾക്കൂട്ടത്തിലും ഉള്ളിന്റെയുള്ളിൽ ഒറ്റയ്ക്ക് നിൽക്കാനാണ് ഇഷ്ടം. അഭിനയിക്കുമ്പോൾ ആൾക്കൂട്ടത്തിൽ തനിയെ. എന്റെ കഥാപാത്രവും ഞാനും മാത്രം. എന്റെയുള്ളിലും ഭയങ്കര ദേഷ്യവും നിരാശയും പ്രശ്‌നങ്ങളുമൊക്കെയുണ്ട്. അടുപ്പമുള്ളവർ പറയുന്നത് ഞാൻ സൈക്കോ ആണെന്നാണ്.
വീട്ടിലോ?
അമ്മ പ്രസവിച്ചതിൽ ഏറ്റവും ഭ്രാന്തുള്ളത് എനിക്കാണെന്നാ അമ്മ പറയാറ്. ഞാൻ ഇളയ മോളാണ്. അമ്മയ്ക്ക് ഏറ്റവും പേടി എന്നെയാണ്. വീട് വൃത്തിയാക്കുക, സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെക്കുക ഇതൊക്കെയാണ് പ്രധാന ഹോബി. അത് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്. എവിടെപ്പോയാലും തിരിച്ച് വീട്ടിലെത്തണം. കോഴിക്കോടിന്റെ കാറ്റും ഭക്ഷണവുമൊക്കെ നടിയായതുകൊണ്ട് നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല.
എന്നെ സ്വാധീനിച്ച രണ്ട് വ്യക്തികളാണ് മുത്തശ്ശി ലക്ഷ്മിയും പിന്നെ ടോമിച്ചേട്ടനും. അടുക്കുംചിട്ടയോടുംകൂടി സ്വപ്‌നം കാണാനും, ധൈര്യത്തോടെ ജീവിക്കാനും പഠിപ്പിച്ചത് മുത്തശ്ശിയാണ്. സിനിമയിൽ ഏറെ ആരാധന തോന്നിയ വ്യക്തി രജനീകാന്താണ്. എന്റെയും പപ്പയുടെയും രജനീകാന്തിന്റെയുമൊക്കെ മൂക്ക് ഏകദേശം ഒരേപോലെയാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തോട് പ്രത്യേകമായ ഒരാത്മബന്ധം ഫീൽ ചെയ്യാറുണ്ട്. വിഷമിക്കുന്ന സമയത്തൊക്കെ 'വാഴ്കയിൽ ആയിരം തടൈക്കല്ലപ്പാ' എന്ന പാട്ട് കേൾക്കും. പിന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും 'എത്തന സന്തോഷം', 'സംഗീതമേഘം...' എന്നീ പാട്ടുകളൊക്കെ കേൾക്കാറുണ്ട്. അദ്ദേഹത്തെ ഒരുതവണയെങ്കിലും നേരിട്ട് കാണണമെന്നതാണ് ആഗ്രഹം.
മിനിസ്‌ക്രീനിൽനിന്ന് മാറിനിൽക്കുന്നത് ബോധപൂർവമാണോ?
ഓഫറുകൾ വരാറുണ്ട്. ദേശീയ പുരസ്‌കാരം ലഭിച്ച സമയത്തും ഒരു പ്രൊജക്ട് ചെയ്യാൻ ഉറപ്പിച്ചിരുന്നതാണ്. പക്ഷേ, അത് നിന്നുപോയി. ഏതഭിനേതാവിന്റെയും വലിയ സ്വപ്‌നം സിനിമയാണല്ലോ. പറ്റുന്നിടത്തോളം കാലം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. സീരിയൽ വലിയ കമിറ്റ്‌മെന്റാണ്. സിനിമപോലെ പെട്ടെന്ന് നിർത്തി പോരാനാവില്ല.
സംവിധാനമേഖലയിലേക്ക് വരാനുള്ള സാധ്യത?
ഇപ്പോൾ അറിയാവുന്ന പണി എടുക്കുന്നുണ്ട്. ഭാവിയിൽ എന്താകുമെന്ന് അറിയില്ല. കുറച്ച് കഴിയുമ്പോഴാവും ആഗ്രഹങ്ങളൊക്കെ വരിക. ഒന്നുരണ്ട് പ്രോജക്ടുകളുണ്ട്. ഷൂട്ട് തുടങ്ങിയിട്ടില്ല. 'ഗെറ്റ് സെറ്റ് ബേബി'യാണ് അവസാനം ചെയ്ത സിനിമ.
Content Highlights: interview with actress surabhi lakshmi
Published: 16 Mar 2025, 10:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented