നരഭോജിയായ ഭരണാധികാരിയെന്നും കശാപ്പുകാരനെന്നും വിളിക്കപ്പെട്ട ഈദി അമീന്‍ ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു. യുഗാണ്ടയില്‍ ലക്ഷക്കണക്കിന് പൗരന്മാരെയാണ് ഈദി അമീന്റെ ഭരണകൂടം കൊന്നുതള്ളിയത്. ഔദ്യോഗികമായി ആറുപേരെയാണ് അമീന്‍ വിവാഹം ചെയ്തത്. അഞ്ചാംഭാര്യ സാറ ക്യോലാബയായിരുന്നു ഏറ്റവും പ്രിയപ്പെട്ടവള്‍. സാറയെ അമീന്‍ സ്വന്തമാക്കിയതിനു പിന്നിലും രക്തച്ചൊരിച്ചിലിന്റെ ഒരു കഥയുണ്ട്.

To advertise here,

ഗോഗോ നര്‍ത്തകിയായിരുന്നു സാറ. മസാക്കയില്‍ കഴിഞ്ഞിരുന്ന കാലത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച്, യുഗാണ്ടന്‍ ആര്‍മിയുടെ റെവല്യൂഷണറി സൂയിസൈഡ് മെക്കനൈസ്ഡ് റെജിമെന്റ് ബാന്‍ഡില്‍ ചേര്‍ന്നു. 'സൂയിസൈഡ് സാറ' എന്നൊരു വിളിപ്പേരും അങ്ങനെ സാറയ്ക്കുണ്ടായിരുന്നു.  

ബാന്‍ഡില്‍ ഗിറ്റാറിസ്റ്റായ ജെസ്സി ഗിത്തയുമായി അവള്‍ പ്രണയത്തിലായി. ബാന്‍ഡിന്റെ പരിശീലനങ്ങള്‍ക്കിടെ ലഭിച്ച ഒഴിവുസമയങ്ങള്‍ ഇരുവരും ഒന്നിച്ച് ചെലവിട്ടു. അങ്ങനെയിരിക്കെയാണ് 17-കാരിയായ സാറയുടെ നൃത്തത്തില്‍ അമീന്‍ ആകൃഷ്ടനാവുന്നത്. അങ്ങനെ സാറയുമായി അമീന്‍ ബന്ധമുണ്ടാക്കി. അതൊരു അപകടസൂചനയായിരുന്നു. പ്രസിഡന്റും സാറയും ഇഷ്ടത്തിലായതോടെ ജെസ്സിയോട് കരുതിയിരിക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചു. അവള്‍ തനിക്കൊപ്പമുണ്ടെന്നും ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു അപ്പോള്‍ ജെസ്സിയുടെ മറുപടി. 

സാറ ഒരേസമയം ജെസ്സിയുമായും അമീനുമായും പ്രണയം തുടര്‍ന്നു. അവള്‍ അമീനെ കളിപ്പിക്കുകയാണെന്നാണ് തങ്ങള്‍ കരുതിയതെന്നും അമീനുമായി ബന്ധമുള്ളപ്പോഴും സാറ ജെസ്സിയുടെ അടുക്കലേക്ക് വന്നുകൊണ്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പിന്നീട് പറഞ്ഞു. അമീന്റെയും ജെസ്സിയുടെയും വീടുകളില്‍ സാറ മാറിമാറി ദിവസങ്ങള്‍ ചെലവിട്ടു. 

placeholder
സാറ ക്യോലാബ, ഈദി അമീന്‍
സാറ ക്യോലാബ, ഈദി അമീന്‍

അപകടം തലപൊക്കുന്നു
സാറയുമായി പിരിയാന്‍ പറ്റാത്തവിധം ജെസ്സിയും അടുപ്പത്തിലായിരുന്നു അപ്പോഴേക്കും. പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ പണിപ്പെട്ടു നോക്കിയെങ്കിലും കാര്യമുണ്ടായില്ല, സാറയില്‍ അത്രമാത്രം വിശ്വാസമായിരുന്നു അവന്. ഇതിനിടയിലാണ് ജെസ്സിയും അപകടം തിരിച്ചറിയുന്നത്. സുരക്ഷാ ഏജന്റുകള്‍ തന്നെ പിന്തുടരുന്നതായി തോന്നുന്നുവെന്ന് ജെസ്സി സുഹൃത്തുക്കളോട് പറഞ്ഞു. സാറയും പ്രസിഡന്റും തമ്മിലുള്ള ബന്ധത്തിനിടയില്‍ നിന്ന് ജെസ്സി ഒഴിഞ്ഞുപോവണമെന്ന സൂചനയായിരുന്നു അത്. ഭയപ്പെടുത്താനുള്ള അമീന്റെ ശ്രമം. ജെസ്സിയുടെ കുടുംബത്തെയും സുരക്ഷാ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തി.  

1974-ലെ ക്രിസ്മസ് ദിനത്തില്‍ കാമുകനില്‍ സാറയ്ക്ക് കുഞ്ഞുപിറന്നു. എന്നാല്‍ ഈദി അമീന്‍ കുഞ്ഞ് തന്റേതാണെന്ന് പ്രഖ്യാപിക്കുകയും ടെലിവിഷനില്‍ പ്രസവത്തെപ്പറ്റി അറിയിക്കാന്‍ ഉത്തരവിടുകയും ചെയ്തു. അധികം വൈകാതെ സാറയുടെ കാമുകനും പ്രതിശ്രുത വരനുമായ ജെസ്സിയെ കാണാതായി. വാര്‍ത്ത പ്രാദേശികമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. അക്കാലത്ത് യുഗാണ്ടയില്‍ കൊല്ലപ്പെടുന്ന മറ്റെല്ലാവരെയും പോലെത്തന്നെ ജെസ്സിയുടെ മൃതദേഹവും ആരും കണ്ടില്ല. 45 കുട്ടികളുടെ പിതാവാണ് ഈദി അമീനെന്നാണ് ഔദ്യോഗികകണക്ക്. എന്നാല്‍ യഥാര്‍ഥസംഖ്യ 60-ഓളം വരുമെന്നാണ് കുടുംബം അവകാശപ്പെട്ടിരുന്നത്. 

അടുത്തവര്‍ഷം വിവാഹം
1975-ല്‍ യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ വെച്ച് ഈദി അമീന്റെയും സാറ ക്യോലാബയുടെയും വിവാഹം നടന്നു. 2 മില്യണ്‍ പൗണ്ട് ചെലവിട്ട് നടത്തിയ ആഡംബര വിവാഹത്തില്‍, ഭാവി പലസ്തീനിയന്‍ പ്രസിഡന്റായിരുന്ന യാസര്‍ അറാഫത്തായിരുന്നു പ്രധാന അതിഥി. ഒരു കാലത്ത് ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യനും ബ്രിട്ടീഷ് കൊളോണിയല്‍ ആര്‍മിയിലെ സൈനികനുമായ അമീന്‍ വിവാഹ കേക്ക് വാള്‍ കൊണ്ടാണ് മുറിച്ചിരുന്നതെന്ന് പറയപ്പെടുന്നു. വിവാഹശേഷം ലേഡി സാറാ ക്യോബാല ഈദി അമീന്‍ എന്ന വിശേഷണം സാറയ്ക്ക് ലഭിച്ചു.

ഈദി അമീന്റെ ഭരണകാലം
പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഈദി അമീന്‍ 1971 മുതല്‍ 1979 വരെയാണ് യുഗാണ്ട ഭരിച്ചത്. അമീന്റെ ഭരണകാലം മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയും നിറഞ്ഞതായിരുന്നു. മൂന്നു ലക്ഷത്തോളം യുഗാണ്ടക്കാര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് യുഗാണ്ടന്‍ ഏഷ്യക്കാരെ രാജ്യത്തിന് പുറത്താക്കുകയും ചെയ്തു. ഭരണം തിരിച്ചടിച്ചതോടെ 1979-ല്‍ ഈദി അമീന്‍ ഭരണകൂടം വീണു. യുഗാണ്ട വിട്ടോടിപ്പോവാന്‍ അമീന്‍ നിര്‍ബന്ധിതനായി, കുടുംബത്തോടൊപ്പം ലിബിയയിലേക്കും തുടര്‍ന്ന് സൗദി അറേബ്യയിലേക്കും പലായനം ചെയ്തു. ശിഷ്ടകാലം ജിദ്ദയിലായിരുന്നു.  

ഒളിവുജീവിതകാലത്ത്‌ 1982-ല്‍ സാറ അമീനെ ഉപേക്ഷിച്ചു. നാലുമക്കളില്‍ ഒരാളെയും കൂട്ടി ജര്‍മനിയിലേക്കു പോയി. അവിടെ മോഡലായി ജോലിനോക്കി. പിന്നീട് ലണ്ടനില്‍ സ്ഥിരതാമസമാക്കി. ഹെയര്‍ സലൂണും റസ്‌റ്റോറന്റുമെല്ലാം നടത്തിയായിരുന്നു ശിഷ്ടജീവിതം. 

2003-ല്‍ ജിദ്ദയില്‍ വെച്ചാണ് വൃക്കരോഗം ബാധിച്ച് ഈദി അമീന്‍ മരിച്ചത്. അദ്ദേഹം ഒരു 'യഥാര്‍ഥ ആഫ്രിക്കന്‍ ഹീറോ'യാണെന്നാണ് സാറ വിശേഷിപ്പിച്ചത്. 'നല്ല പിതാവായിരുന്നു, ഒരു സാധാരണ മനുഷ്യന്‍, രാക്ഷസനായിരുന്നില്ല, തമാശക്കാരനും ദയയുള്ളവനുമായിരുന്നു. നേതൃത്വഗുണവും ആത്മവിശ്വാസമെല്ലാം ഞാന്‍ അമീനില്‍ നിന്നാണ് പഠിച്ചത്.' -സാറ പറഞ്ഞു. 2015-ല്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ലണ്ടനിലാണ് സാറ മരിക്കുന്നത്.