പോപ് താരം ജസ്റ്റിൻ ബീബറിൻ്റെ ഭാര്യയും സംരംഭകയുമായ ഹെയ്ലി ബീബറിനുനേരെ നിരന്തരം സോഷ്യൽ മീഡിയ അറ്റാക്കുകളുണ്ടാകാറുണ്ട്. ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകി സെലീന ഗോമസുമായും മറ്റു പ്രമുഖരുമായും ഹെയ്ലിയെ താരതമ്യം ചെയ്യുന്നതാണ് അതിൽ പ്രധാനം. സെലീനയേയും ഹെയ്ലിയേയും പരസ്പരം എതിർസ്ഥാനത്താണ് പലപ്പോഴും ആളുകൾ നിർത്തിയിട്ടുള്ളത്. എന്നാലിത് അരോചകമാണെന്ന് പറയുകയാണ് വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ ഹെയ്ലിപ്പോൾ.

To advertise here,

ഹെയ്ലിയുടെ റോഡ് എന്ന സൗന്ദര്യവർദ്ധക ബ്രാൻഡിനെ അടുത്തിടെ ഇ.എൽ.എഫ്. ബ്യൂട്ടി ഒരു ബില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. കരിയറിൽ തനിക്ക് ഇത്രയും വലിയ നേട്ടങ്ങളുണ്ടായിട്ടും ആളുകൾക്ക് ചർച്ചചെയ്യാനിഷ്ടം ജസ്റ്റിൻ ബീബറുമായുള്ള തൻ്റെ വിവാഹത്തെപ്പറ്റിയാണെന്ന് അവർ ആരോപിച്ചു. അഭിമുഖത്തിനിടെ, സെലീനയുടെ റെയർ ബ്യൂട്ടി എന്ന ബ്രാൻഡിനെപ്പറ്റി റിപ്പോർട്ടർ ചോദിക്കാൻ ശ്രമിച്ചപ്പോൾ, ഹെയ്‌ലിയുടെ പബ്ലിസിസ്റ്റ് ആ ചോദ്യം തടഞ്ഞു. എങ്കിലും ഹെയ്ലിയതിന് മറുപടി പറഞ്ഞു. മറ്റ് സൗന്ദര്യവർദ്ധക ബ്രാൻഡുകളോട് എനിക്ക് മത്സരബുദ്ധില്ല. എല്ലാ ബ്രാൻഡിനും നിലനിൽക്കാൻ ധാരാളമിടമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് പ്രചോദനം നൽകാത്തവരുമായി മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല-അവർ വിശദീകരിച്ചു.

"മറ്റുള്ളവരുമായി എപ്പോഴും താരതമ്യം ചെയ്യപ്പെടുന്നത് അരോചകമാണ്. ഞാനത് ആവശ്യപ്പെട്ടിട്ടില്ല. ആളുകൾക്ക് എന്നെക്കുറിച്ചുള്ള ധാരണകൾ മാറ്റാൻ എനിക്കാവില്ല. ജസ്റ്റിനും ഞാനും അവരവരുടെ ശബ്ദം കണ്ടെത്താൻ ശ്രമിക്കുകയാണ്"-ഹെയ്‌ലി പറഞ്ഞു.

2023-ൽ സെലീന ഗോമസുമായുള്ള താരതമ്യങ്ങൾ ഹീനവും വെറുപ്പുളവാക്കുന്നതമാണെന്ന് ഹെയ്‌ലി പറഞ്ഞിരുന്നു. "വളച്ചൊടിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതുമായ കഥകളിൽ നിന്നാണ് അത്തരം വിദ്വേഷം ഉണ്ടാകുന്നത്. ഒരു പുരുഷന് (ജസ്റ്റിൻ) വേണ്ടി രണ്ട് സ്ത്രീകളെ തമ്മിലടിപ്പിക്കുന്നത് മോശമായ കാര്യമാണ്, തുടക്കം മുതലേ ഞാനതിനെ വെറുത്തിരുന്നു" അവർ വ്യക്തമാക്കി.

കുടുംബജീവിതത്തിലേക്കു വന്നാൽ ഹെയ്‌ലിയും ജസ്റ്റിൻ ബീബറും മകനുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണ്. മകനെക്കുറിച്ച് ഇരുവരും ഇൻസ്റ്റാഗ്രാമിൽ ധാരാളം പോസ്റ്റുകൾ ഇടാറുണ്ടെങ്കിലും, കുഞ്ഞിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാര്യങ്ങളുടെ വരുംവരായ്കകൾ മനസ്സിലാക്കും വരെ മകൻ്റെ മുഖം വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നാണ് അവരുടെ പക്ഷം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi