തന്റെ വ്യത്യസ്തമായ തുറന്നുപറച്ചിലിലൂടെ നടി ഗൗതമി കപൂർ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. അവരുടെ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സമൂഹമാധ്യമമായ എക്‌സിൽ വൈറലാവുന്നത്. അഭിമുഖത്തിനിടെ തന്റെ മകളുടെ 16-ാം ജന്മദിനത്തിൽ ഒരു സെക്സ് ടോയ് സമ്മാനമായി നൽകണമെന്ന് ആലോചിച്ചിരുന്നതായി അവർ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഗൗതമിയുടെ ഈ തുറന്നുപറച്ചിൽ ആളുകളിൽ വ്യത്യസ്തമായ പ്രതികരണങ്ങളാണുണ്ടാക്കിയത്. അതിൽ താരം പറഞ്ഞതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. ചിലർ തുറന്നുപറച്ചിലിന്റെ ഭംഗിയെ വർണിക്കുമ്പോൾ മറ്റുചിലർ അതിന്റെ ഔചിത്യത്തെപ്പറ്റി ആശങ്കപ്പെടുന്നു. പല കുടുംബങ്ങളിലും അത്തരം വിഷയങ്ങൾ സ്വകാര്യമായി കണക്കാക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടുവെന്ന ഈ തോന്നലാണ് അസ്വസ്ഥതയ്ക്കും വിമർശനത്തിനും ആക്കം കൂട്ടുന്നത്.

"എന്റെ മകൾക്ക് 16 വയസ്സ് തികഞ്ഞപ്പോൾ, അവൾക്ക് ഒരു സെക്സ് ടോയ് അല്ലെങ്കിൽ ഒരു വൈബ്രേറ്റർ സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. ഞാൻ അവളുമായി ഇത് ചർച്ച ചെയ്തപ്പോൾ, അവൾ 'അമ്മയ്ക്ക് വട്ടായോ?' എന്നാണ് ചോദിച്ചത്. എത്ര അമ്മമാർ തങ്ങളുടെ പെൺമക്കളോട് 'ഞാൻ നിനക്ക് അത്തരം സമ്മാനങ്ങൾ നൽകാത്തതെന്താണ്?' എന്ന് ചോദിക്കുമെന്ന് ചിന്തിക്കാൻ ഞാൻ അവളോട് പറഞ്ഞു”, ഗൗതമി പറഞ്ഞു. തന്റെ സമീപനം സ്വന്തം അനുഭവങ്ങളിൽ നിന്നാണ് രൂപപ്പെട്ടതെന്നും അവർ വിശദീകരിച്ചു.

"എന്റെ അമ്മ എന്നോട് ചെയ്യാതിരുന്നത് എനിക്ക് എന്റെ മകളോട് ചെയ്യണം. അവൾ എല്ലാം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പല സ്ത്രീകളും ജീവിതത്തിലെ സുഖങ്ങൾ അനുഭവിക്കാതെയാണ് കടന്നുപോകുന്നത്. എന്തിനാണ് ആ അവസ്ഥയിൽ തുടരുന്നത്? ഇന്ന് എന്റെ മകൾക്ക് 19 വയസ്സായി, എനിക്ക് അങ്ങനെയൊരു ചിന്തയുണ്ടായതിൽ അവൾ നന്ദിയുള്ളവളാണ്. അതിന് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു”, അവർ കൂട്ടിച്ചേർത്തു.

ഈ പരാമർശം ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ അവരുടെ തുറന്നുപറച്ചിലിനെ പ്രശംസിച്ചപ്പോൾ, മറ്റുചിലർ ഒരു കൗമാരക്കാരിക്ക് അത്തരം ഒരു സമ്മാനം നൽകുന്നതിന്റെ സാഹചര്യത്തെയും ഔചിത്യത്തെയും ചോദ്യം ചെയ്തു. ലൈംഗികതയെക്കുറിച്ച് കുട്ടികളോട് എങ്ങനെ, ഏത് പ്രായത്തിൽ സംസാരിച്ച് തുടങ്ങണം എന്നതും ഇതിന്റെ പശ്ചാത്തലത്തിൽ ചർച്ചയാവുകയാണ്.

കൗമാരപ്രായത്തിൽ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുകയും ലൈംഗികാസക്തി വർദ്ധിക്കുകയും ചെയ്യുന്നതിനാൽ, ആ മാറ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ഓരോ കുട്ടിയെയും അവരുടെ കുടുംബത്തെയും സാംസ്‌കാരിക പശ്ചാത്തലത്തെയും ആശ്രയിച്ചിരിക്കുന്നു.

ഇന്ത്യയിൽ ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല, അഥവാ ഉണ്ടായാൽ തന്നെ അത് അടക്കത്തോടെയുള്ള, പരോക്ഷമായ ഭാഷയിലായിരിക്കും. കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് ഒരു അടിസ്ഥാന സംഭാഷണം തുടങ്ങാൻ പോലും പല മാതാപിതാക്കളും മടിക്കുന്ന ഒരു രാജ്യത്ത് ഈ തുറന്നുപറച്ചിൽ വ്യത്യസ്തമായി. പ്രായപൂർത്തിയാവുന്നതു വരെ കുട്ടികളുടെ നിയമപരമായ ഉത്തരവാദിത്തം മാതാപിതാക്കൾക്കായതിനാൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. കുട്ടിയുമായുള്ള സംഭാഷണത്തിലെ ചെറിയ പിഴവുകൾ പോലും വലിയ തെറ്റിദ്ധാരണകളോ അതിന്റെ ഫലമായി പ്രത്യാഘാതങ്ങളോ ഉണ്ടാക്കുമെന്നതും മാതാപിതാക്കൾ ഓർക്കണം.

അതോടോപ്പം തന്നെ ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള നിശബ്ദത കൗമാരക്കാരെ അറിവില്ലാത്തവരാക്കി മാറ്റുന്നു. അതേസമയം മാർഗ്ഗനിർദ്ദേശത്തോടെയുള്ള, പ്രായത്തിനനുസരിച്ചുള്ള സംഭാഷണങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തീരുമാനങ്ങൾ എടുക്കാൻ അവരെ ശാക്തീകരിക്കാൻ കഴിയുമെന്നുള്ളതും വാസ്തവമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi