ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന് ഉറപ്പാക്കാന്‍ വേണ്ടി മാര്‍ ഗാല്‍സിറന്‍ വര്‍ഷങ്ങളോളം പൊരുതി. ആ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവര്‍ നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സ്‌പെയിനിലെ ആദ്യ പ്രാദേശിക പാര്‍ലമെന്റേറിയന്‍ എന്ന പേരിനി ഈ 45-കാരിക്ക് സ്വന്തം. 

To advertise here,

വലെന്‍സിയയിലെ റീജിയണല്‍ അസംബ്ലിയിലേക്കാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 18-ാം വയസ്സ് മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് ഗാല്‍സിറന്‍. കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയിലൂടെയാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പതുക്കെ പാര്‍ട്ടിയുടെ നേതൃനിരയിലേക്കെത്തി. 

'ഒരു വ്യക്തിയായി മറ്റുള്ളവര്‍ എന്നെ കാണണമെന്നാണ് എനിക്ക്. ഭിന്നശേഷിയുള്ളതുകൊണ്ട് മാത്രം എന്നെയാരും പരിഗണിക്കേണ്ടതില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിതര്‍ക്കും ഈ സമൂഹത്തിനുവേണ്ടി പലതും ചെയ്യാന്‍ പറ്റുമെന്നൊരു ചിന്തയുണ്ട് ഇപ്പോള്‍. അതുതന്നെയാണ് ഏറ്റവും വലിയ മാറ്റം'', അവര്‍ പറയുന്നു.  

''ഇത് വലിയ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഏറ്റവും ഭംഗിയായി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നീണ്ടൊരു യാത്രയാണിതെന്നും എനിക്ക് ബോധ്യമുണ്ട്,'' ഗാല്‍സിറന്‍ പറയുന്നു. 

സ്‌പെയിനിലെ മാത്രമല്ല, ദേശീയ-പ്രാദേശിക പാര്‍ലമെന്റിലെത്തുന്ന യൂറോപ്പിലെ തന്നെ ആദ്യത്തെയാളാണ് ഗില്‍സിറന്‍ എന്നാണ് സ്‌പെയിനിലെ ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന്റെ അവകാശവാദം.