തെലുഗു ബിഗ് ബോസിലൂടെ (Bigg Boss Telugu) ജനങ്ങളുടെ ഹൃദയത്തിലിടം പിടിച്ച താരമാണ് ദിവി വാഥ്യ. ബിഗ് ബോസിന്റെ നാലാമത്തെ സീസണിലാണ് ദിവി പങ്കെടുത്തത്. 2020-ലാണ് പരിപാടി ടിവിയിൽ സംപ്രേഷണം ചെയ്തത്. ഏഴാമത്തെ ആഴ്ച വരെ പരിപാടിയിൽ ദിവി പിടിച്ചുനിന്നു. പിന്നീട് പുറത്താവുകയായിരുന്നു.

അതിനുശേഷം ദിവിക്ക് കുറച്ചു സിനിമകളിൽ അവസരം ലഭിച്ചു. മാ നീല്ല ടാങ്ക്, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളാണ് അവർ അഭിനയിച്ചത്. അതുകഴിഞ്ഞ് 'പുഷ്പ 2'ലും (Pushpa 2: The Rule) ദിവി അഭിനയിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ പുഷ്പ രാജിനെ പിന്തുടരുന്ന ടിവി റിപ്പോർട്ടറുടെ റോളിലാണ് താരം എത്തിയത്. എന്നാലിപ്പോൾ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന്‌ പറയുകയാണ് ദിവി. വിഷ്വൽ ടോക്ക്‌സ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.

'പുഷ്പ 2'ലെ കഥാപാത്രം തന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും അവർ പറയുന്നു. ''എന്നോട് ഈ വേഷത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ഒരു വലിയ വേഷമായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. അതിനുശേഷം എന്റെ കഥാപാത്രത്തെവെച്ച് ഒരു ടീസർ വരെ പുറത്തുവിട്ടു. അതോടെ ചിത്രത്തിലെ എന്റെ വേഷത്തെക്കുറിച്ച് എനിക്കും വലിയ പ്രതീക്ഷകളുണ്ടായി. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോഴാണ് അങ്ങനെയൊന്നുമല്ലെന്ന് എനിക്ക് മനസ്സിലായത്'', അവർ പറഞ്ഞു.

''ചിത്രം റിലീസായപ്പോൾ എനിക്ക് ഏറെ വേദന തോന്നി. പക്ഷേ എന്റെ വേദന ആരാണ് ശ്രദ്ധിക്കുക? നിങ്ങൾ സ്വയം തോളിൽ തട്ടി മുന്നോട്ടുപോകണം. സിനിമ കണ്ടശേഷം എനിക്ക് വളരെ വിഷമം തോന്നി. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ കാണാൻ തിയേറ്ററിലെത്തിയത്. എന്റെ ഗംഭീരവേഷം കാണാൻ പത്തു കൂട്ടുകാരെയും കൂട്ടിയാണ് പോയത്. 20 ദിവസമാണ് ആ ചിത്രത്തിനായി ഞാൻ ഷൂട്ടുചെയ്തത്. 10 ദിവസം ഡബ്ബിങ്ങും. ഞാൻ നന്നായി തന്നെ അഭിനയിച്ചുവെന്നും എനിക്കറിയാം. പക്ഷേ സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി'', അവർ വെളിപ്പെടുത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi