അനിമൽ, പുഷ്പ 1, പുഷ്പ 2...കരിയറിലെ ഏറ്റവും നല്ല നാളുകളിലൂടെയാണ് രശ്മിക മന്ദാന കടന്നുപോവുന്നത്. ദക്ഷിണേന്ത്യൻസിനിമയിൽനിന്ന് പാൻഇന്ത്യൻ താരമായി വളർന്നുകഴിഞ്ഞു അവർ. എന്നാൽ, 2016-ൽ സിനിമയിലെത്തിയ രശ്മികയുടെ സിനിമായാത്ര ഒട്ടും സുഗമമായിരുന്നില്ല.
രക്ഷിത് ഷെട്ടി നായകനായ 'കിരിക് പാർട്ടി' ആയിരുന്നു ആദ്യസിനിമ. അത് ഹിറ്റായി. എങ്കിലും രണ്ടുവർഷത്തിനുശേഷമിറങ്ങിയ തെലുഗുസിനിമ 'ഗീത ഗോവിന്ദം' രശ്മികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. വിജയ് ദേവരകൊണ്ട നായകനായ സിനിമ, ആ വർഷത്തെ ഹിറ്റ് പടങ്ങളിലിടം പിടിക്കുകയും ചെയ്തു. 2021-ൽ പുറത്തിറങ്ങിയ 'പുഷ്പ: ദ റൈസ്' ആണ് രശ്മികയെ പാൻഇന്ത്യൻ താരമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചത്. സിനിമ ഹിറ്റാവുകയും ചെയ്തു. തൊട്ടടുത്തവർഷമാണ് ബോളിവുഡിലെ അരങ്ങേറ്റം. ആദ്യപടം 'ഗുഡ്‌ബൈ'യിൽ അമിതാഭ് ബച്ചന്റെ മകളായിട്ടാണ് അഭിനയിച്ചത്. 2023-ലാണ് രശ്മികയുടെ കരിയറിലെ വഴിത്തിരിവായ 'അനിമൽ' ഇറങ്ങുന്നത്. റൺബീർ കപൂർ നായകനായ സിനിമ ബോക്‌സോഫീസിൽ വമ്പൻഹിറ്റായി. 100 കോടിക്ക് ചിത്രീകരിച്ച സിനിമ തിരിച്ചുപിടിച്ചത് 900 കോടിയിലേറെയാണ്.

രശ്മികയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നതും വലിയ ചിത്രങ്ങൾ തന്നെയാണ്. സൽമാൻ ഖാനൊപ്പം 'സിഖന്ദർ', വിക്കി കൗശലിനൊപ്പമുള്ള 'ഛാവാ', ധനുഷ് നായകനാവുന്ന 'കുബേര' എന്നിവ അതിലുൾപ്പെടുന്നു. ഇപ്പോൾ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന നായികമാരിലൊരാളാണ് രശ്മിക. 'പുഷ്പ-2'ന് അവർക്ക് ലഭിച്ചത് 10 കോടി രൂപയാണെന്ന് പറയപ്പെടുന്നു.
കഷ്ടപ്പാടുകളുടെ ബാല്യകാലം
കുടകിലാണ് രശ്മിക ജനിച്ചത്. അച്ഛന് സ്വന്തമായൊരു കാപ്പിത്തോട്ടമുണ്ടായിരുന്നു. പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ കുടുംബത്തെ സാമ്പത്തികപ്രശ്‌നങ്ങൾ പിടിമുറുക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അക്കാലം രശ്മിക ഓർത്തെടുത്തു, ''അച്ഛനും അമ്മയും വാടകയ്ക്ക് വീട് കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു പലപ്പോഴും. ഓരോ രണ്ടുമാസം കൂടുമ്പോഴും വീടുകൾ മാറേണ്ടിവന്നു. വീടിന് വാടക കൊടുക്കാനൊക്കെ അവർ വളരെ ബുദ്ധിമുട്ടി. എനിക്കൊരു കളിപ്പാട്ടം വാങ്ങാൻ പോലുമുള്ള പണം അവരുടെ കൈയിൽ പലപ്പോഴുമുണ്ടായിരുന്നില്ല. എന്നിട്ടും എന്റെ ആവശ്യങ്ങളൊന്നും അവർ നിരസിച്ചിരുന്നില്ല. അതുകൊണ്ടാവാം പണത്തിനെ ഞാൻ നന്നായി ബഹുമാനിക്കുന്നു. എനിക്ക് കിട്ടുന്ന സ്‌നേഹത്തെയും ആദരവിനെയും ഞാൻ ബഹുമാനിക്കുന്നു. ഇത് എന്നും ഉണ്ടാവില്ലെന്ന് എന്റെ കുട്ടിക്കാല അനുഭവങ്ങളിൽനിന്ന് എനിക്കറിയാം''.

കോളേജ് കാലത്തെ പഠനസമയത്ത് തന്നെ മോഡലിങ്ങിലും രശ്മിക സജീവമായിരുന്നു. അതിലൂടെ സിനിമയിലേക്ക് എത്താമെന്നായിരുന്നു ചിന്ത. സിനിമയെന്ന കരിയർ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾ ആദ്യം അതിന് സമ്മതിച്ചില്ല. അതിനൊരു കാരണവുമുണ്ടെന്ന് രശ്മിക. ''കമ്മ്യൂണിക്കേഷൻ പ്രശ്‌നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. മറ്റ് കുട്ടികൾക്കൊപ്പം ഇടപഴകാനോ കളിക്കാനോ എനിക്ക് കഴിയില്ലായിരുന്നു. അക്കാരണത്താൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. അന്നൊക്കെ മണിക്കൂറുകളോളം മുറിയിലിരുന്ന് കരയും. വിഷമങ്ങളെല്ലാം അമ്മയോട് തുറന്നുപറയുകയും ചെയ്യും. അമ്മയാണ് അന്നൊക്കെ എന്നെ പിന്തുണച്ചതും''.
പ്രശ്‌നങ്ങൾ ഒരുവിധം മറികടന്നപ്പോൾ, സിനിമയ്ക്കായുള്ള ഓഡിഷനുകളിൽ പങ്കെടുത്തുതുടങ്ങി. അതെല്ലാം പരാജയപ്പെട്ടു. ചെറിയ അവസരം പോലും കിട്ടിയില്ല. ഒരു സിനിമാനടിക്കാവശ്യമായ മുഖമല്ലെന്നായിരുന്നു പ്രധാനമായുമുള്ള ആക്ഷേപം. അതിനിടയിൽ ഒരു ഫാഷൻ ഷോയിൽവെച്ചാണ് കന്നഡനടനും സംവിധായകനുമായ ഋഷഭ് ഷെട്ടി രശ്മികയെ കാണുന്നത്. ഋഷഭ് സംവിധാനം ചെയ്ത 'കിരിക് പാർട്ടി'യിൽ നായികയാവാനുള്ള അവസരവും കിട്ടി.

വിമർശങ്ങളിൽ തളരാതെ
ഹിറ്റ് സിനിമകളുടെ ഭാഗമാകുമ്പോഴും നിരന്തരം ട്രോളുകൾ നേരിടേണ്ടിവന്നു രശ്മികയ്ക്ക്. അതിലേറെയും സ്വകാര്യജീവിതത്തിന്റെ പേരിലായിരുന്നു. ആദ്യസിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ തന്നെ അതിലെ നായകൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി രശ്മിക. തൊട്ടടുത്തവർഷം അവർ തങ്ങളുടെ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ, 2018-ൽ തങ്ങൾ പിരിഞ്ഞതായി ഇരുവരും പ്രഖ്യാപിച്ചു. വാർത്ത പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങൾക്കിരയായി രശ്മിക. അതേസമയത്തുതന്നെയാണ് വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. അതോടെ ആകെ നെഗറ്റീവ് ഇമേജായി രശ്മികയ്ക്ക്. പക്ഷേ, അതൊക്കെ പക്വതയോടെ തന്നെ നേരിട്ടു, വീണ്ടും ആളുകളുടെ മനസ്സിലിടം പിടിക്കുകയും ചെയ്തു. അടുത്തതായി 'അനിമലി'ന്റെ ടീസർ ഇറങ്ങിയപ്പോഴാണ് ട്രോളുകളുണ്ടായത്.
വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ട്. പക്ഷേ, ഇതുവരെ അതിനെപ്പറ്റി ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ, ചെന്നൈയിൽ 'പുഷ്പ 2'-വിന്റെ പ്രീറിലീസിൽ പങ്കെടുക്കവേ 'നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നാണോ' എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതിന് മറുപടിയായി താരം പറഞ്ഞത്, 'എല്ലാവർക്കും അതിനെപ്പറ്റി അറിയാം' എന്നായിരുന്നു.
Content Highlights: life story of rashmika mandanna
Published: 06 Dec 2024, 04:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented