21-ാം വയസ്സേയുണ്ടായിരുന്നുള്ളൂ അന്ന് ബംഗളൂരുകാരി രാജലക്ഷ്മിക്ക്. കോളേജില്‍ പഠിക്കുന്ന സമയം. പഠനസംബന്ധമായ ഒരു കോണ്‍ഫറന്‍സിനായി ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. അപ്പോഴാണ് അവരുടെ ജീവിതത്തെ ആകെ തകിടംമറിച്ചുകൊണ്ട് രാജലക്ഷ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. നട്ടെല്ലിനായിരുന്നു ക്ഷതം പറ്റിയത്. അതോടെ ശരീരത്തിന് താഴേയ്ക്ക് ചലനശേഷിയില്ലാതായി.
ജീവിതം തീര്‍ന്നുവെന്നുതന്നെ കരുതിയ നാളുകള്‍. ഇനിയെന്ത് എന്ന ചിന്തപോലും മാറിനിന്നു, ജീവിതകാലം മുഴുവന്‍ കിടക്കയില്‍ തന്നെ കിടക്കുന്നയാള്‍ക്ക് ഇനിയെന്ത് ഭാവി, സ്വപ്‌നങ്ങള്‍? ഇതൊക്കെയായിരുന്നു രാജലക്ഷ്മിയുടെ മനസ്സിലൂടെ പോയത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വീണ്ടും ശസ്ത്രക്രിയകളിലൂടെ കടന്നുപോയി, ഫിസിയോതെറാപ്പി ചെയ്തു. എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന് കരുതി, ഒന്നും സംഭവിച്ചില്ല.
''ആദ്യത്തെ കുറേനാളുകള്‍ ശുഭപ്രതീക്ഷകളുടേതായിരുന്നു. നടക്കാന്‍പറ്റുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. വീല്‍ചെയര്‍ കാണുമ്പോഴേ എനിക്ക് പേടിയായിരുന്നു, അതുകൊണ്ട് വീല്‍ചെയര്‍ അടുത്തേക്കുപോലും കൊണ്ടുവരില്ലായിരുന്നു'', രാജലക്ഷ്മി പറയുന്നു.
പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ മാറി. ചലനശേഷി ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ഥ്യം രാജലക്ഷ്മിയും വീട്ടുകാരും അംഗീകരിച്ചു. ''യാഥാര്‍ഥ്യത്തെ നേരിട്ടില്ലെങ്കില്‍, ഇനി മുന്നോട്ടുപോവാന്‍ പറ്റില്ലെന്ന് എനിക്കുറപ്പായി. അതോടെ കുറച്ച് ആത്മവിശ്വാസം തോന്നി''.
പിന്നീടൊരിക്കലും രാജലക്ഷ്മി തളര്‍ന്നിരുന്നില്ല. പതുക്കെപ്പതുക്കെ ഓരോ കാര്യങ്ങള്‍ ചെയ്തുതുടങ്ങി. മോഡിഫൈ ചെയ്ത കാറില്‍ ആദ്യം നഗരംചുറ്റി, ആ യാത്ര പല സംസ്ഥാനങ്ങളിലേക്ക് നീണ്ടു. വീല്‍ചെയറില്‍ ഒറ്റയ്ക്ക് യാത്രകള്‍ ചെയ്തു, ലോകം മുഴുവന്‍ കറങ്ങി. ഇതിനൊക്കെ ഇടയിലും ബി.ഡി.എസും കമ്യൂണിറ്റി ഡെന്റിസ്ട്രിയും പൂര്‍ത്തിയാക്കി. അതും നല്ല മാര്‍ക്കോടെ തന്നെ. എം.ഡി.എസ് പാസായത് ഗോള്‍ഡ് മെഡലോടെയാണ്. ഒപ്പം ഫാഷന്‍ ഡിസൈനിങ്, സൈക്കോളജി, വേദിക് യോഗ തുടങ്ങിയ കോഴ്‌സുകളും പഠിച്ചു.
മറ്റുള്ളവര്‍ക്ക് മാതൃകയായി...
കോഴ്‌സ് കഴിഞ്ഞയുടന്‍ സ്വന്തമായൊരു ക്ലിനിക്ക് തുടങ്ങി. 2014-ലെ മിസ് വീല്‍ചെയര്‍ ഇന്ത്യ മത്സരവിജയി, 2017-ലെ മിസ് വേള്‍ഡ് വീല്‍ചെയര്‍ മത്സരത്തില്‍ പോപ്പുലാരിറ്റി ടൈറ്റില്‍ വിജയി, നാഷണല്‍ പാരാ ടേബിള്‍ ടെന്നീസ് വെങ്കലമെഡല്‍ ജേതാവ്, മോട്ടിവേഷണല്‍ സ്പീക്കര്‍...അങ്ങനെ അംഗവൈകല്യം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ചു രാജലക്ഷ്മി.
തന്നെപ്പോലുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ് അവര്‍. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനായും ജോലിക്കായും അവര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസകാര്യത്തില്‍ സംവരണമുണ്ടായിരുന്നെങ്കിലും അത് നടപ്പിലായിരുന്നില്ല. അത് നടപ്പിലാക്കുന്നതിനായി അവര്‍ പോരാടി.
''അന്നു നടന്ന അപകടവും പോസിറ്റീവായിട്ടാണ് ഞാനിപ്പോള്‍ എടുക്കുന്നത്. അത് നടന്നില്ലായിരുന്നുവെങ്കില്‍, എന്റേതും ഒരു സാധാരണജീവിതമായി ഒതുങ്ങിയേനെ...'', രാജലക്ഷ്മി സന്തോഷത്തോടെ ജീവിതത്തെ ഉറ്റുനോക്കുന്നു.
Content Highlights: differently abled person, who is now table tennis champion and miss wheelchair india winner
Published: 05 Apr 2024, 12:23 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented