ധർമേന്ദ്രയെന്ന നടനെ ഒറ്റരാത്രികൊണ്ട് സൂപ്പർസ്റ്റാറാക്കി മാറ്റിയ സിനിമയാണ് 1966-ലെ റൊമാൻ്റിക് ഡ്രാമ 'ഫൂൽ ഓർ പത്ഥർ'. അദ്ദേഹത്തിൻ്റെ കരിയർ മാറ്റിമറിച്ച ആദ്യത്തെ വലിയ വിജയമായിരുന്നു ഇത്. കുടുംബം ഉപേക്ഷിച്ച, മരണാസന്നയായ ശാന്തി ദേവി എന്ന വിധവയോട് അനുകമ്പ തോന്നുന്നതോടെ ശാക്ക എന്ന കഠിനഹൃദയനായ ഗുണ്ടയുടെ ജീവിതം മാറിമറിയുന്നതാണ് സിനിമയുടെ കഥ. സംവിധായകൻ ഒപി റൽഹാൻ ആദ്യം ചിത്രത്തിലേക്ക് സുനിൽ ദത്തിനെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ അതിലെ ചില പ്രമേയങ്ങൾ കാരണം അദ്ദേഹം അവസരം നിരസിച്ചു. തുടർന്ന്, ധർമേന്ദ്ര ശാക്കയായും, മീന കുമാരി ശാന്തിയായും ചിത്രത്തിലെത്തി.

1966 ഓഗസ്റ്റ് 14-നിറങ്ങിയ ചിത്രം പെട്ടെന്നുതന്നെ വലിയ വിജയമായി. 50 ആഴ്ചയിലധികം തിയേറ്ററുകളിൽ ഓടിയ റൊമാൻ്റിക് ഡ്രാമ ധർമേന്ദ്രയുടെ കരിയറിലെ ഒരു വഴിത്തിരിവുമായി. മീന കുമാരിയുമായുള്ള അദ്ദേഹത്തിൻ്റെ കെമിസ്ട്രിയും ഇതിനൊപ്പം വിജയിച്ചു. ഇരുവരും പിന്നീട് 'ചന്ദൻ കാ പാൽന', 'മജ്‌ലി ദീദി', 'ബഹാരോം കി മൻസിൽ' തുടങ്ങിയ സിനിമകളിൽ ഒന്നിച്ചഭിനയിച്ചു.

ചിത്രം പിന്നീട് 'ഒളി വിളക്ക്' എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. എംജിആറായിരുന്നു നായകൻ. തെലുങ്കിൽ എൻ.ടി. രാമറാവുവിനെ നായകനാക്കി 'നിണ്ടു മനസ്സുലു' എന്ന പേരിലും, മലയാളത്തിൽ ജയനെ നായകനാക്കി 'പുതിയ വെളിച്ചം' എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു.

മികച്ച എഡിറ്റിങ്ങിനും മികച്ച കലാസംവിധാനത്തിനുമുള്ള രണ്ട് ഫിലിംഫെയർ അവാർഡുകൾ സിനിമ നേടി. ധർമേന്ദ്രയ്ക്കും മീന കുമാരിക്കും പുറമെ ശശികല, ജീവൻ, ലളിത പവാർ, മദൻ പുരി, തുൻ തുൻ, ലീല ചിത്നിസ്, സുന്ദർ, ഇഫ്തിഖാർ തുടങ്ങിയവരും ഈ ബ്ലോക്ക്ബസ്റ്ററിൽ അഭിനയിച്ചു.

അതേസമയം, 89-കാരനായ സൂപ്പർ താരം ധർമേന്ദ്ര ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം മരിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങൾ തന്നെ നേരിട്ടെത്തി അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് പ്രസ്താവന ഇറക്കുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi