
കറുപ്പ് നിറത്തിലുള്ള ജിംസ്യൂട്ടണിഞ്ഞ് പാട്ടിന്റെ പതിഞ്ഞ താളത്തിനൊപ്പം ട്രെഡ്മില്ലില്‍ വിശ്വലത കിതയ്ക്കാതെ ഓടിക്കൊണ്ടിരുന്നു. ജീവിതത്തിന്റെ കനല്‍വഴികളിലൂടെ ഒരുപാട് ഓടിയ ലതയ്ക്ക് ഇനിയെവിടെ തളര്‍ച്ച തോന്നാന്‍. കനമുള്ള ഡംബലുകളേക്കാള്‍ ജീവിതഭാരം വിശ്വലത ചുമലിലേറ്റിയിട്ടുണ്ട്. മഹാരോഗം അവശേഷിപ്പിച്ച പാടുകള്‍ അവരുടെ ശരീരത്തിലിപ്പോഴും കാണാം. ആ പോറലുകളാണ് ലതയുടെ മനസ്സിന്റെ കരുത്ത്. ഒരിക്കലും അവര്‍ സങ്കടങ്ങളിലേക്ക് മനസ്സിനെ തള്ളിവിട്ടില്ല. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചതുമില്ല. ജീവിതം മനോഹരമായി ജീവിച്ചുതീര്‍ക്കാനുള്ള തിരക്കുകളിലായിരുന്നു. ലത സ്വപ്‌നം കണ്ടുകൊണ്ടേയിരുന്നു. ഒരു സംരംഭകയായി, പിന്നാലെ അഭിനയത്തിലേക്കും കടന്നു.
സിനിമാഭിനയത്തിന്റെ ഭാഗമായി ശരീരത്തെ സ്വല്പം കൂടി ഒന്ന് വഴക്കമുള്ളതാക്കി മാറ്റേണ്ട ആവശ്യം വന്നത് അപ്പോഴാണ്. അതാവട്ടെ, മറ്റൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായി മാറുകയായിരുന്നു. വിമന്‍ ഫിസിക്ക് ഫിറ്റ്‌നെസ് മത്സരത്തില്‍ കേരളത്തിന്റെ 'മോം ഫിസിക്ക്' ചാമ്പ്യനാണ് കോഴിക്കോട്ടുകാരിയും സംരംഭകയുമായ വിശ്വലത. നാലര പതിറ്റാണ്ടിന്റെ ജീവിതം ഉലയില്‍ ഉരുക്കിയെടുത്തതുപോലെ തിളങ്ങുന്നുണ്ട്. ''ദുഃഖം എനിക്കിഷ്ടമല്ല. ദുഃഖത്തെപ്പറ്റി സംസാരിക്കുന്നതും ഇഷ്ടമല്ല. എന്നാല്‍ ഇന്നനുഭവിക്കുന്ന സന്തോഷങ്ങളിലേക്ക് എന്നെ എത്തിച്ചത് ഞാന്‍ കടന്നുവന്ന ആ ദുഃഖങ്ങളാണ്. നമുക്കുനേരെ വരുന്ന വെല്ലുവിളികള്‍ സ്വീകരിച്ച് മുന്നോട്ടുപോവുക. പോയകാലത്തെ അവശേഷിപ്പുകളൊന്നും ബാധിക്കാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കണം. എന്റെ സ്വപ്‌നങ്ങളിലേക്ക്...'' വിശ്വലതയുടെ വാക്കുകളില്‍ ആവേശവും ആത്മവിശ്വാസവും നിറഞ്ഞു. ഇടയ്‌ക്കെപ്പോഴോ നിശ്ചലമായിപ്പോകുമെന്നു തോന്നിയ നിമിഷങ്ങളിലെല്ലാം ജീവിതത്തെ അനായാസേന മുന്നോട്ടുകൊണ്ടുപോയ ആ കാലത്തെപ്പറ്റി ലത പറഞ്ഞുതുടങ്ങി.
Also Read
''അച്ഛനാണ് അന്നും ഇന്നും എന്റെ പ്രചോദനം. അച്ഛന്‍ വിശ്വനാഥനും അമ്മ ഹേമലതയും സബ്‌രജിസ്ട്രാരുമാരായിരുന്നു. ഒരു സഹോദരനുണ്ട്, ഹേമനാഥ്. അച്ഛന് 80 വയസ്സാവാറായി. ഇപ്പോഴും അദ്ദേഹം തിരക്കില്‍ ജീവിക്കുന്നു. വെറുതെ നേരം കളയുന്നത് എനിക്കും ചിന്തിക്കാന്‍ കഴിയില്ല. ചെറുപ്പത്തിലേ വരയ്ക്കാനും പെയിന്റ് ചെയ്യാനും കരകൗശല വസ്തുക്കളുണ്ടാക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ, പഠിച്ചതാവട്ടെ ബി.എസ്.സി.ഫിസിക്‌സ്. കോളേജില്‍ വെച്ചാണ് സൂരജിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. വിവാഹശേഷം ഞങ്ങള്‍ ബെംഗളൂരുവിലേക്ക് താമസം മാറി.

അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് അവിടെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് ചേര്‍ന്നത്. ഒരുപാട് ഫാഷന്‍ഷോകള്‍ക്ക് കോസ്റ്റിയൂംസ് ഡിസൈന്‍ ചെയ്തു. അവസാനവര്‍ഷം മികച്ച ഡിസൈനറിനുള്ള അവാര്‍ഡും കിട്ടി. തുടര്‍ന്ന് കന്നട സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി. അവിടെ ഒരു മുറിയെടുത്ത് സ്വന്തമായി ബുട്ടീക്ക് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് സൂരജ് സൗദിയിലേക്ക് പോവുന്നത്. കൊടുത്ത അഡ്വാന്‍സ് തിരിച്ചുവാങ്ങി എനിക്ക് തിരിച്ച് നാട്ടിലേക്ക് പോരേണ്ടിവന്നു. ഒരു നിമിഷം എല്ലാം സ്തംഭിച്ചുപോയി.'' പക്ഷേ, ഇനിയെന്ത് എന്ന ചോദ്യത്തിനുപോലും ഇടം കൊടുക്കാതെ പ്ലാന്‍ ബിയുമായി ലത യാത്ര തുടര്‍ന്നു.
''തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ബേയ്‌നെറ്റ് കോളേജിലും പ്രൊവിഡന്‍സ് കോളേജിലും ഫാഷന്‍ ഡിസൈനിങ് അധ്യാപികയായി പോയിത്തുടങ്ങി. പരിചയമുള്ളവര്‍ക്കൊക്കെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തും കൊടുത്തു. അങ്ങനെ പച്ചപിടിച്ച് വരുമ്പോഴാണ് സൂരജ് എന്നെ സൗദിയിലേക്ക് വിളിക്കുന്നത്. വീണ്ടും നാട്ടിലെ ജോലി നിര്‍ത്തി സൗദിയിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഒന്നും ചെയ്യാനില്ല. കോളേജില്ല, ക്ലൈന്റ്‌സ് ഇല്ല. പതിയെ അവിടെയുള്ള പല രാജ്യത്തുനിന്നും വന്ന സ്ത്രീകളെ പരിചയപ്പെട്ടു. അവര്‍ക്കുവേണ്ടി വീട്ടിലിരുന്ന് ഞാന്‍ തന്നെ അബായയും വെഡ്ഡിങ് ഗൗണുകളുമൊക്കെ ഡിസൈന്‍ ചെയ്തു. എക്‌സിബിഷനുകള്‍ക്ക് പോയി. ഒരിക്കല്‍ ഒരു ഷോയില്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചപ്പോള്‍ പോണ്ട്‌സിന്റെ അംബാസിഡര്‍ നിലോ ഹക്ക് നിങ്ങള്‍ ഒരുപാട് ഉയരത്തിലെത്തുമെന്ന് പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ വാക്കുകള്‍ എന്നെ ഒരുപാട് പ്രചോദിപ്പിച്ചു...'' ലത ആഗ്രഹിച്ചതുപോലെ ജീവിതം സന്തോഷത്തിന്റെ ട്രാക്കിലൂടെ മുന്നേറുകയായിരുന്നു. എന്നാല്‍ ഇത്തവണ ശരീരം തന്നെ ലതയെ വെല്ലുവിളിച്ചു. സ്തനാര്‍ബുദത്തിന്റെ രൂപത്തില്‍...
"ഒരു യാത്ര പോകാനായി ഒരുങ്ങുമ്പോഴാണ് സ്തനങ്ങള്‍ക്കിടയിലുള്ള ചെറിയൊരു മുഴയിലേക്ക് എന്റെ കൈ പതിയുന്നത്. എന്റെ സുഹൃത്ത് വഴി ഒരു സര്‍ജനെ കണ്ട് പരിശോധനകള്‍ നടത്തിയപ്പോള്‍ മുഴ എടുത്തുകളയണമെന്ന് പറഞ്ഞു. അങ്ങനെ സര്‍ജറി കഴിഞ്ഞ് അത് ടെസ്റ്റിന് അയച്ചു. ഞാന്‍ വീണ്ടും ജോലിത്തിരക്കുകളിലേക്ക് മുഴുകി. പിന്നീട് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ ബ്രെസ്റ്റ് കാന്‍സറാണെന്ന് അറിഞ്ഞു. അപ്പോള്‍ പേടിയൊന്നും തോന്നിയില്ല. ഇതൊക്കെ കുറച്ച് കഴിയുമ്പോള്‍ ശരിയാവും എന്നായിരുന്നു മനസ്സില്‍. എന്നാലും ഇതേ അസുഖം വന്ന രണ്ടുമൂന്ന് പേരെ ഞാന്‍ നേരില്‍ കണ്ട് സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടിവരുമെന്ന്. അതെനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. അതുവരെയുണ്ടായിരുന്ന ധൈര്യമൊക്കെ ചോര്‍ന്നുപോവുന്നതുപോലെ തോന്നി. ഉടനെ ചികിത്സ തുടങ്ങണമല്ലോ. വീണ്ടും എല്ലാം ഇട്ടെറിഞ്ഞ് പോരേണ്ടി വന്നു.
ഇത്തവണ ബെംഗളൂരുവിലേക്കാണ്. അവിടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. സ്തനങ്ങള്‍ നീക്കം ചെയ്യുന്നതിനുപകരമായി അഗ്രസീവ് റേഡിയേഷനും കീമോയും മരുന്നുകളും എടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആശ്വാസമായി. ശങ്കര കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ചികിത്സയെടുത്തത്. ആദ്യത്തെ കീമോയില്‍ തന്നെ മുടി കൊഴിയാന്‍ തുടങ്ങി. കൊഴിയുന്ന മുടിയൊക്കെ ഞാനൊരു ബാഗില്‍ സൂക്ഷിച്ചു. അങ്ങനെ രണ്ട് ബാഗ് നിറയെ മുടി കിട്ടി. അമിതമായി മുടി കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തല മൊത്തം ഷേവ് ചെയ്തു. പക്ഷേ, അതൊന്നും എന്നെ വിഷമിപ്പിച്ചതേയില്ല.
ആസ്പത്രിയില്‍ വെറുതെയിരിക്കുമ്പോഴൊക്കെ ഞാന്‍ അസ്വസ്ഥപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തുക്കള്‍ എക്‌സിബിഷന്‍ നടത്തുന്ന കാര്യം പറയുന്നത്. അങ്ങനെ ആസ്പത്രിയിലെ മുറിക്കുള്ളിലിരുന്ന് ഞാന്‍ വീണ്ടും ഓരോന്ന് നെയ്തുതുടങ്ങി. പെയിന്റ് ചെയ്തു. ക്രാഫ്റ്റ് ഉണ്ടാക്കി. കീമോ കഴിഞ്ഞ് ഒന്ന് എഴുന്നേറ്റ് നില്‍ക്കാനുള്ള പരുവത്തിലായപ്പോള്‍ ബാഗുമെടുത്ത് എക്‌സിബിഷന് പോയി. തല മൊട്ടയടിച്ച രൂപത്തില്‍ തന്നെ നടക്കുമായിരുന്നു. അവിടുത്തെ കമ്യൂണിറ്റി ഏതുവേഷത്തെയും സ്വീകരിക്കുന്നവരായിരുന്നു. എന്നാല്‍ വീട്ടില്‍ അച്ഛനും അമ്മയ്ക്കും കാണുമ്പോള്‍ വിഷമം തോന്നാതിരിക്കാന്‍ മാത്രം ഞാന്‍ തലയില്‍ സ്‌കാര്‍ഫ് ഉപയോഗിച്ചിരുന്നു.
ഈ നാളുകളിലൊക്കെ സൂരജ് സൗദിയിലായിരുന്നു. കുട്ടികളുമായി പതിയെ ഒരകല്‍ച്ച ഞാനുണ്ടാക്കി തീര്‍ത്തു. എന്നെ സ്വയം കരുത്തയാക്കാനും വൈകാരികമായി അവര്‍ സ്വതന്ത്രരാവാനും കൂടിയായിരുന്നു അങ്ങനെ ചെയ്തത്. സൗദിയില്‍ നിന്നും ബെംഗളൂരുവിലേക്ക് അവരെ പറിച്ച് നടുന്നത് അത്ര എളുപ്പമായിരുന്നില്ല. ചെറിയ കുട്ടികളായിരുന്നിട്ടും കൗഷികും റോണകും എല്ലാം സഹിച്ചു. ശരിക്കും എന്റെ എനര്‍ജി മക്കളാണ്.
അസുഖം വരുന്നതൊക്കെ സര്‍വസാധാരണമായിട്ടേ അപ്പോഴും ഞാന്‍ കണ്ടിട്ടുള്ളൂ. അസുഖമുള്ള പലരും വിളിക്കുമ്പോള്‍ ഞാനവര്‍ക്ക് ധൈര്യം കൊടുക്കാറുണ്ട്. നമുക്ക് പല വിഷമങ്ങളും ആകാംക്ഷകളും വരും. അസുഖം വരുമ്പോള്‍ ഒരിക്കലും മിണ്ടാതിരിക്കരുത്. മാമോഗ്രാം, നീഡില്‍ ബയോപ്‌സി എന്നൊക്കെയുള്ള വാക്കുകള്‍ കേട്ട് ഞെട്ടേണ്ടതില്ല. പേടിച്ച് ആരോടും പറയാതിരിക്കുകയുമരുത്. പലരോടും വിഗ്ഗ് ഉപയോഗിക്കേണ്ടെന്നു ഞാന്‍ പറയാറുണ്ട്. നമ്മളെങ്ങനെയാണോ അതുപോലെ ജീവിക്കുക. ശരിക്കും ചിന്തകള്‍ നമ്മളെ വല്ലാതെ സ്വാധീനിക്കും. അതുകൊണ്ട് തോല്‍ക്കാന്‍ മനസ്സില്ലെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മാത്രം മതി.'' ഒന്നൊന്നര വര്‍ഷത്തെ ആസ്പത്രിവാസത്തിനൊടുവില്‍ കാന്‍സറിനെ അതിജീവിച്ച് തികഞ്ഞ പോരാളിയായി ലത തിരിച്ചുവന്നു. മറ്റുള്ളവര്‍ക്ക് കരുത്തായും പ്രചോദനമായും അടിമുടി പോസിറ്റിവിറ്റി നിറച്ച് അവര്‍ ഓടിനടക്കുകയാണ് ഇപ്പോഴും.
തിരികെ പിടിച്ച ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനായിരുന്നില്ല ലതയുടെ ഉദ്ദേശം. പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന തന്റെ ഡിസൈനുകള്‍ വീണ്ടും തുന്നിപ്പിടിപ്പിക്കാന്‍ അവര്‍ ഒരുമ്പിട്ടിറങ്ങി. ''വീണ്ടും വര്‍ക്ക് ചെയ്യാനുള്ള ചില ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. അതിനിടയില്‍ മരുന്നും ഛര്‍ദ്ദിയും ക്ഷീണവുമെല്ലാം ഞാന്‍ മറന്നു. വീണ്ടും ബെംഗളൂരില്‍ നിന്നും കുട്ടികളെയും കൂട്ടി സൗദിയിലേക്ക് സൂരജിനടുത്തേക്ക് പോയി. പിന്നീട് ഗൃഹപ്രവേശത്തിന് നാട്ടിലേക്ക് വന്നപ്പോഴാണ് അടുത്ത ട്വിസ്റ്റുണ്ടാവുന്നത്.
ഒരപകടത്തില്‍ പെട്ട് ചേട്ടനും ചേട്ടത്തിയും കോമ സ്‌റ്റേജിലായി. എട്ട് മാസത്തോളം അവര്‍ കിടപ്പിലായി. അവരെ ഇട്ടിട്ട് എനിക്ക് എങ്ങോട്ടും പോവാന്‍ പറ്റില്ലായിരുന്നു. അങ്ങനെ വീണ്ടും സൗദി ഉപേക്ഷിച്ച് നാട്ടില്‍ സെറ്റിലായി. ഉടനെ തന്നെ ഞാന്‍ അടുത്ത പ്ലാനുണ്ടാക്കി. ബെംഗളൂരില്‍ ഞങ്ങള്‍ ഒരു സലൂണ്‍ നടത്തുന്നുണ്ടായിരുന്നു. അങ്ങനെ 'ഫ്‌ളോണ്ടി'ന്റെ മൂന്നാമത്തെ ബ്രാഞ്ചായി ചേവായൂരില്‍ സലൂണ്‍ ആരംഭിച്ചു. ഇപ്പോള്‍ അഞ്ചുവര്‍ഷമായി. താമസിയാതെ സലൂണിന് തൊട്ടടുത്തായി 'സെലിബ്രേറ്റ്' എന്ന പേരില്‍ ബുട്ടീക്കും തുടങ്ങാന്‍ ഒരുക്കങ്ങള്‍ തീര്‍ത്തു. ആ സന്തോഷത്തിന് മീതെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അമ്മയ്ക്ക് കാന്‍സറാണെന്ന റിപ്പോര്‍ട്ട് വന്നത്. അമ്മയെ തിരിച്ചുകിട്ടിയില്ല.
അമ്മയ്ക്ക് സാരികള്‍ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മയ്ക്കുവേണ്ടി ഒരു ബ്ലൗസുപോലും എനിക്ക് ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ കാരണമാണ് ഞാനിന്ന് ഒരു ഫാഷന്‍ ഡിസൈനറായതുതന്നെ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അതുമാത്രമാണ്. എല്ലാ പ്രതിസന്ധികളെയും ഞാന്‍ മറികടന്നു. പക്ഷേ, അമ്മ...'' അതുവരെ കെട്ടിപ്പടുത്ത ചങ്കുറപ്പ് പെട്ടെന്ന് തകരുന്നവിധം ലതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പോഴും തളരാതെ അവര്‍ പിടിച്ചുനിന്നു.
ജീവിതത്തില്‍ അതുവരെ നടന്നതെല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കരിയറില്‍ പലപ്പോഴും ബ്രേക്കുകള്‍ വന്നെങ്കിലും അയ്യോ എന്റെ ജീവിതമെന്താണ് ഇങ്ങനെയെന്ന് ചിന്തിച്ചിട്ടില്ല. ഒരിക്കലും എന്ത് നേടണമെന്ന് കണക്കുകൂട്ടിയിരുന്നുമില്ല. എന്നും ധാരാളം സ്വപ്‌നം കണ്ടു. സിനിമാ സെലിബ്രിറ്റികളെപ്പോലെ എന്നെങ്കിലും ഞാനും അറിയപ്പെടുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സ്വപ്‌നവും പൂവണിഞ്ഞു. മഞ്ജു വാരിയര്‍ അഭിനയിക്കുന്ന ആയിഷ എന്ന സിനിമയില്‍ അഭിനയിച്ചു. എന്റെ സുഹൃത്തായ ഫോട്ടോഗ്രാഫര്‍ നിഷാദ് കാപ്പാട് സംവിധാനം ചെയ്യുന്ന 'ദി റിയാലിറ്റി' എന്ന സിനിമയിലും ഒരു പോലീസ് വേഷം ചെയ്യാനായി. ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് ആക്ടിങ് ക്യാമ്പിലൊക്കെ പങ്കെടുത്തപ്പോള്‍ വലിയ താത്പര്യം തോന്നി.
സിനിമയില്‍ പോലീസ് യൂണിഫോം അണിഞ്ഞപ്പോള്‍ വണ്ണം കുറയ്ക്കണമെന്നു തോന്നി. അങ്ങനെ ജിമ്മില്‍ ചേര്‍ന്നു. ചേവരമ്പലത്തുള്ള ആര്‍ക്ക് ഫിറ്റ്‌നെസ് സ്റ്റുഡിയോയിലെ ട്രെയിനര്‍ മുഹമ്മദ് അഷ്‌റഫ് കൃത്യമായ വ്യായാമവും ഡയറ്റും പറഞ്ഞുതന്നു. എക്‌സ് ഇന്ത്യന്‍ ആര്‍മി കോച്ചും മിസ്റ്റര്‍ ഇന്ത്യ മെഡലിസ്റ്റുമായ അഷ്‌റഫ്ക്ക നിര്‍ബന്ധിച്ചിട്ടാണ് വുമണ്‍ ഫിറ്റ്‌നെസ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യം മിസ്റ്റര്‍ കാലിക്കറ്റ് മത്സരത്തില്‍ 'മോം ഫിസിക്ക്'എന്ന കാറ്റഗറിയില്‍ മത്സരിച്ച് മൂന്നാം സ്ഥാനം കിട്ടി. ആ വിവരമറിഞ്ഞപ്പോള്‍ എല്ലാവരും പിന്തുണച്ചു. എല്ലാവര്‍ക്കും അതൊരു പ്രചോദനമായി. അങ്ങനെ ഓപ്പണ്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു, ചാമ്പ്യനായി. ഒരാള്‍ക്കെങ്കിലും ഞാനൊരു പ്രചോദനമാകുന്നുവെങ്കില്‍ ഇനിയുമിനിയും എനിക്ക് മുന്നോട്ടുപോവാനുള്ള ഇന്ധനവും അതാണ്. ഞാന്‍ പറഞ്ഞല്ലോ, എന്റെ ഹീറോ ഞാന്‍ തന്നെയാണ്.'' ഒന്നും മറക്കാനും തിരിഞ്ഞുനോക്കാനും ആഗ്രഹിക്കാതെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി വിശ്വലത പറന്നുയരുകയാണ്.
Content Highlights: cancer survivor and fitness champion
Published: 21 Aug 2023, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented