
ഭര്‍ത്താവ് മരിച്ച് ഏഴുമാസം തികയുന്നതേയുള്ളൂ. മക്കളെ പോറ്റാന്‍ വീട്ടുജോലി ചെയ്യുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരു സ്ത്രീയുടെ ജീവിതത്തെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ. എന്ത് പകിട്ടാകും അതിനുണ്ടാകുക. ഗൃഹലക്ഷ്മി മിസിസ് കേരള മത്സരത്തിന്റെ പരസ്യം കണ്ടപ്പോള്‍ എനിക്ക് പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നി. മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ വെറുമൊരു വിധവയാണ്. വലിയ സ്വപ്‌നങ്ങളൊന്നും കാണാന്‍ ശേഷിയില്ലാത്ത ജീവിത സാഹചര്യവും. ആരോട് പറഞ്ഞാലും കുറ്റപ്പെടുത്തലും കളിയാക്കലുമല്ലാതെ മറ്റൊന്നും കേള്‍ക്കാനിടയില്ല.
പക്ഷേ, ഞാനെന്റെ മക്കളോട് പറഞ്ഞു. വലിയ മോന്‍ ഒമ്പതാം ക്ലാസ്സിലാണ്. അമ്മ എന്തായാലും പോകണം എന്നു പറഞ്ഞ് അവനാണ് രജിസ്റ്റര്‍ ചെയ്തത്. അങ്ങനെ ഓഡിഷന് പോയി. എറണാകും എളമക്കര സ്വദേശിനിയായ ശ്രീജ കൊടിയ വേദനകളുടെ കാലം കടന്ന് ഒരു വേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു. ഇന്നേവരെ ഞാനെന്റെ ജീവിതം ആര്‍ക്കോ വേണ്ടി ജീവിക്കുകയായിരുന്നു. എല്ലാ സന്തോഷവും മാറ്റിവച്ച് സഹിച്ചും ക്ഷമിച്ചും ഭയന്നും ജീവിച്ചു. ഇനിയുള്ള കാലം ജീവിതം എന്റെ ഇഷ്ടത്തിനനുസരിച്ചാവണം... എന്നെപ്പോലെയുള്ളവര്‍ക്കു കൂടിയാണ് ഇങ്ങനെയുള്ള വേദികള്‍. വലിയ അടി തന്ന് ജീവിതം ഒരിടത്ത് തളര്‍ത്തിയിടുമ്പോള്‍ സ്വയമൊന്ന് നിവര്‍ന്നു നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് ഇതുപോലുള്ള അവസരങ്ങള്‍ വേണം. മനസ്സിലെ സന്തോഷം പങ്കുവച്ചുകൊണ്ട് ശ്രീജ തന്റെ ജീവിതകഥയിലേക്ക് കടന്നു...
പിഴച്ചുപോയ പ്രതീക്ഷകള്‍
കോഴിക്കോടാണ് എന്റെ ഭര്‍ത്താവിന്റെ വീട്. കല്യാണം കഴിഞ്ഞ് എളമക്കരയില്‍ നിന്ന് അവിടേക്ക് പോകുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാട് ഉണ്ടായിരുന്നു. നൃത്തം പഠിച്ചിട്ടുണ്ട് ഞാന്‍. വിവാഹശേഷം അത് തുടരണം എന്നൊക്കെ. പക്ഷേ, അതൊന്നും നടന്നില്ല. അന്ന് വാടകവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. സ്വന്തമായി ഒരു വീട് വേണമെന്ന് എനിക്ക് ആഗ്രഹം തോന്നി. ഭര്‍ത്താവിന്റെ മാത്രം വരുമാനം കൊണ്ട് അത് നടക്കില്ല. അങ്ങനെ ഒരു തുണിക്കടയില്‍ ജോലിക്ക് കയറി.
പത്താംക്ലാസ് പാസായിട്ടുണ്ടായിരുന്നില്ല ഞാന്‍. അത് എഴുതി എടുക്കണം എന്നുണ്ടായിരുന്നു. തുല്യതാപരീക്ഷ എഴുതാന്‍ ഭര്‍ത്താവിന്റെ സമ്മതം വാങ്ങി. ഒരുപാട് പറഞ്ഞിട്ടാണ് അദ്ദേഹം സമ്മതിച്ചത്. അങ്ങനെ പത്താം ക്ലാസ് പാസായി. പിന്നെ പ്ലസ്ടുവും എഴുതി എടുത്തു. ഇതിനിടെ രണ്ട് മക്കളും പിറന്നു. പതിയെ ആണെങ്കിലും ജീവിതം ഒന്ന് കരകയറി വരുന്നുണ്ടായിരുന്നു. പക്ഷേ, അതിനിടെ ഭര്‍ത്താവ് മദ്യത്തിന് അടിപ്പെട്ടു. വീട്ടില്‍ എന്നും വഴക്കും ബഹളവും. പിന്നെപ്പിന്നെ ഉപദ്രവത്തിലേക്ക് കടന്നു.
ഭീഷണിയുടെ നാളുകള്‍
എന്റെ സ്വര്‍ണം വിറ്റും ബന്ധുക്കളോട് കടം വാങ്ങിയും ലോണെടുത്തുമൊക്കെ സ്ഥലം വാങ്ങി. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് വീട് വെക്കാന്‍ സഹായം കിട്ടി. എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും കയറിക്കിടക്കാന്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം നടന്നുകിട്ടി. എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു വീട്. പക്ഷേ, അതില്‍ സമാധാനത്തോടെ കഴിയാനുള്ള ഭാഗ്യം ഉണ്ടായില്ല. മദ്യപാനം കൂടിക്കൂടി വന്നു. കത്തിയും കമ്പുമൊക്കെ എടുത്ത് എന്നെയും മക്കളെയും ഉപദ്രവിക്കാന്‍ നേക്കും. എതിര്‍ത്താല്‍ സ്വയം മുറിപ്പെടുത്തും. ആത്മഹത്യാഭീഷണി മുഴക്കും.
അദ്ദേഹത്തെ തിരുത്താന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. കൗണ്‍സലിങ്ങിനുള്‍പ്പെടെ കൊണ്ടുപോയി. ഉള്ളിലെ സ്‌നേഹമൊക്കെ മദ്യം അകത്തു ചെല്ലുമ്പോള്‍ ഇല്ലാതാകും. പിന്നെ ദേഷ്യവും ഉപദ്രവവും. സഹിക്കാനാവാതെ പലതവണ ഞാനെന്റെ വീട്ടിലേക്ക് പോയി. ഇനി കുടിക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും വാക്കുതന്ന് അദ്ദേഹം ഓരോതവണയും എന്നെ തിരികെ കൊണ്ടുവന്നു. പക്ഷേ, വീട്ടിലെ സ്ഥിതി മാറിയില്ല. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുള്ള സാഹചര്യം പോലും ഇല്ലാതായി. ആ അവസ്ഥയില്‍ മരിക്കാതിരിക്കാന്‍ എനിക്ക് വീടുവിട്ടിറങ്ങാതെ വേറെ വഴിയില്ലായിരുന്നു. മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയി.
നീ എവിടെവരെപ്പോകും... അതായിരുന്നു ചോദ്യം
ആശിച്ചുവച്ച വീടാണ്. ആഗ്രഹിച്ച കുടുംബ ജീവിതമാണ്. മക്കളെയും കൂട്ടി അവിടുന്നിറങ്ങുമ്പോള്‍ ഇനി എന്ത് ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു. കുറച്ചുനാള്‍ എന്റെ വീട്ടില്‍ നിന്നു. അമ്മയും ആങ്ങളയും ദിവസജോലി ചെയ്ത് ജീവിക്കുന്നവരാണ്. ഇല്ലായ്മയില്‍ അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. ഞാന്‍ വീടുകളില്‍ പണിക്ക് പോയിത്തുടങ്ങി. പതിയെ ഒരു വാടകവീട്ടിലേക്ക് താമസം മാറി. മൂന്ന് വീടുകളില്‍ ജോലിക്ക് പോകും. രാവിലെ അഞ്ചു മണിക്ക് ആദ്യത്തെ വീട്ടില്‍. പണിയെല്ലാം തീര്‍ത്ത് വീട്ടില്‍ മടങ്ങിവന്ന് മക്കള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി അവരെ സ്‌കൂളില്‍ അയക്കും. പിന്നെ അടുത്ത വീടുകളിലേക്ക്.
ഇതിനിടയ്ക്ക് മടങ്ങി വരണമെന്നു പറഞ്ഞ് പലതവണ ഭര്‍ത്താവ് വിളിച്ചു. 'നീ എവിടെ വരെ പോകും. എങ്ങനെ മക്കളെ പോറ്റും. ഒരു ഗതിയും ഇല്ലാതെയാകുമ്പോള്‍ എന്റെ അടുത്തേക്കുതന്നെ മടങ്ങി വരും' എന്നു പറഞ്ഞ് പരിഹസിക്കും. എത്ര ഉപദ്രവിച്ചാലും ഞാന്‍ ഗതികെട്ട് മടങ്ങിച്ചെല്ലും എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. ആ വിചാരം തെറ്റിയതോടെ പിന്നെ പതിവ് ആത്മഹത്യാ ഭീഷണിയായി. കുടി നിര്‍ത്താതെ ഇനി അങ്ങോട്ടില്ല എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. പിരിഞ്ഞു നില്‍ക്കുമ്പോഴെങ്കിലും അദ്ദേഹത്തിന് വീണ്ടുവിചാരം ഉണ്ടാകും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ, എന്നെ തോല്‍പ്പിക്കാനായിരിക്കും ആശിച്ചു പണിത വീടിനുള്ളില്‍ അദ്ദേഹം തൂങ്ങിമരിച്ചു.

തളര്‍ത്തിയ മരണം
ആ മരണം എന്നെ മാനസികമായി തളര്‍ത്തി. എന്നോട് എങ്ങനെയായിരുന്നു എന്നതല്ല എനിക്കെങ്ങനെയായിരുന്നു എന്നതാണ് ഞാന്‍ ചിന്തിച്ചത്. ഞാനെന്റെ ജീവനെപ്പോലെ സ്‌നേഹിച്ച ആളാണ് ദുശ്ശീലം നിര്‍ത്തി ഒന്നിച്ചൊരു ജീവിതമാണ് ഞാന്‍ ആഗ്രഹിച്ചത്. അദ്ദേഹം മരിച്ചപ്പോള്‍ എന്റെ കരച്ചില്‍ പോലും കുറ്റമായി കണ്ടവരുണ്ട്. ഞാനദ്ദേഹത്തെ കൊലയ്ക്കു കൊടുത്തതുപോലെ. ഞാന്‍ വിട്ടുപോന്നതാണ് എല്ലാത്തിനും കാരണം എന്ന കുറ്റപ്പെടുത്തല്‍. വഴക്കും ഉപദ്രവും സഹിച്ച് മക്കളുമൊത്ത് ഞാന്‍ അവിടെ നിന്നിരുന്നെങ്കിലോ. ഞങ്ങള്‍ അനുഭവിച്ചതൊക്കെ ആരറിയാന്‍.
ആ മരണം കഴിഞ്ഞ് കുറേ നാള്‍ എനിക്ക് ഒന്നിനും ആകുമായിരുന്നില്ല. ഉറക്കമില്ലാതായി. രണ്ടു മക്കളെ പോറ്റണം. അവരെ പഠിപ്പിക്കണം. വീട്ടുവാടക കൊടുക്കണം. ജോലിക്ക് പോകാതെ തരമില്ലാതായി. ഉള്ളതെല്ലാം വിറ്റു പെറുക്കിയും കടമെടുത്തും വെച്ച വീട് ഭര്‍ത്താവിന്റെ ആത്മഹത്യയോടെ ഒഴിഞ്ഞുകിടപ്പായി. വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ പറ്റാതായി. കടം മാത്രം ബാക്കി. അതും എന്റെ മാത്രം ബാധ്യതയായി. പിന്തുണയുമായി എന്റെ വീട്ടുകാര്‍ ഒപ്പം നിന്നു. ജീവിക്കാനുള്ള ആഗ്രഹം പതിയെ വീണ്ടെടുത്തു. ഇപ്പോള്‍ രണ്ടു വീടുകളില്‍ ജോലിക്ക് പോകുന്നുണ്ട്. ഒപ്പം ബ്യൂട്ടീഷന്‍ കോഴ്‌സിനും ചേര്‍ന്നു. ഉച്ചയ്ക്കു ശേഷം ക്ലാസിന് പോകും.
തിരിച്ചടികള്‍ പഠിപ്പിച്ച പാഠങ്ങള്‍
ഭര്‍ത്താവ് മരിച്ചിട്ട് ഏഴുമാസം തികയുന്നു. ജീവിതത്തിലെ ഈ തിരിച്ചടികളെല്ലാം എന്നെ പലതും പഠിപ്പിച്ചു. നമ്മുടെ ജീവിതം മുന്നില്‍ വച്ച് നമുക്കാരെയും തിരുത്താന്‍ പറ്റില്ല. സഹിച്ച് ജീവിക്കുന്ന ജീവിതം ഒരിക്കലും ജീവിതമല്ല. വിഷമങ്ങള്‍ ഒരിക്കലും നമ്മുടെ തെറ്റല്ല. വിഷമിച്ചിരുന്നാല്‍ ഇരുന്നു പോകുകയേ ഉള്ളൂ. നന്നായി ജീവിക്കണം. മാറ്റിവച്ച സന്തോഷങ്ങളൊക്കെ നേടിയെടുക്കണം.
മിസിസ് കേരള മത്സര വേദിയില്‍ എത്തിയപ്പോള്‍ ശരിക്കും പതറിപ്പോയി. എല്ലാവരും നല്ല ജോലിയും ജീവിത സാഹചര്യവും ഉള്ളവര്‍. ഞാന്‍ ഒരു വീട്ടുജോലിക്കാരിയും. അകത്തു കയറാതെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചതാണ്. അപ്പോള്‍ അവിടുത്തെ ചേച്ചിമാര്‍ പിടിച്ചിരുത്തി മേക്കപ്പ് ചെയ്തു. ചെറിയൊരു ആത്മവിശ്വാസം തോന്നി. എന്നെപ്പോലെ ഉള്ളവര്‍ക്കും കൂടിയുള്ളതാണ് ഇതുപോലുള്ള വേദികള്‍ എന്ന് ഉറപ്പിച്ചു. വേദിയില്‍ കയറി. കിരീടം കിട്ടിയോ ഇല്ലേ എന്നുള്ളതൊന്നുമല്ല, പരിശ്രമിച്ചു എന്നതിലാണ് കാര്യം. പ്രയാസങ്ങള്‍ പലതും വരും. എന്ത് ചെയ്യും എന്നാലോചിച്ച് ഇരുന്നുപോകും. പക്ഷേ, മടിപിടിക്കാത്തൊരു മനസ്സും തളരാത്ത ശരീരവും ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിക്കാവുന്നതേയുള്ളൂ.
കടവും വിഷമങ്ങളും പ്രയാസങ്ങളും എല്ലാമുണ്ട് പക്ഷേ, അതിനൊക്കെയപ്പുറം സ്ത്രീകളുടെ ഉള്ളില്‍ വലിയ കരുത്തുണ്ട്. ആ കരുത്ത് തിരിച്ചറിയാന്‍ ഇനിയും ഇതുപോലുള്ള വേദികള്‍ ഉണ്ടാകണം. പ്രയാസങ്ങളൊക്കെ മറന്ന് എല്ലാവരും പിന്നില്‍ നിന്ന് മുന്നിലേക്ക് വരണം. ചിലപ്പോള്‍ ജീവിതം മാറ്റിമറിക്കുന്നത് ഇതുപോലൊരു വേദിയാകാം.
Content Highlights: mrs kerala contestant opens up about life
Published: 28 Jul 2023, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented