ഇന്ത്യൻ വനിതാ ടീം വിജയം ആഘോഷിക്കുമ്പോൾ ഗ്രൗണ്ടിൽ തന്നെ ഓപ്പണർ പ്രതിക റാവലുമുണ്ടായിരുന്നു. പരിക്ക് പറ്റിയ അവർ, വീൽചെയറിലാണ് ഗ്രൗണ്ടിലേക്കെത്തിയത്. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അവർ വലിയൊരു പങ്കുതന്നെ വഹിച്ചിട്ടുണ്ട്. സ്മൃതി മന്ഥാനയും പ്രതികയുമായിരുന്നു സ്ഥിരം ഓപ്പണർമാർ. ആറ് ഇന്നിങ്‌സിൽനിന്നായി 300-ലേറെ റൺസ് അടിച്ചെടുക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ കണങ്കാലിന് പരിക്കുപറ്റിയ പ്രതികയ്ക്ക് പിന്നെയുള്ള മാച്ചുകൾ കളിക്കാൻ കഴിയാതെ പോയി. പകരം ഷഫാലി വർമയാണ് ടീമിലെത്തിയത്.
എന്നാൽ, ഫൈനൽമത്സരം കാണാൻ പ്രതികയുമെത്തി. ഇന്ത്യയുടെ വിജയക്കുതിപ്പ് അവർ കൺനിറയെ കണ്ടു. ഒടുവിൽ ഗ്രൗണ്ടിൽവെച്ച് ഹർമൻപ്രീത് കൗറിനും ജമൈമ റോഡ്രിഗസിനുമൊപ്പം ക്രച്ചസിൽനിന്ന് പതുക്കെ നൃത്തം ചെയ്യുന്നതും കാണാമായിരുന്നു. ''എന്താണ് ഇപ്പോൾ തോന്നുന്നതെന്ന് പറയാൻ പോലും പറ്റുന്നില്ല. ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടായിരുന്നു കളി കാണുകയെന്നത്. വിജയിച്ച ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്'', ഒടുവിൽ പ്രതിക പറഞ്ഞു.
ഡൽഹിയിലാണ് ജനിച്ചത്. ബി.സി.സി.ഐ ലെവൽ 1 അംപയറായിരുന്നു പ്രതികയുടെ അച്ഛൻ പ്രദീപ് റാവൽ. ക്രിക്കറ്റിനോടുള്ള അവരുടെ താത്പര്യത്തെ പിന്തുണച്ചതും അദ്ദേഹം തന്നെ. അച്ഛനിലൂടെയാണ് ക്രിക്കറ്റ് മനസ്സിലിടം പിടിച്ചതും. ''ഞാൻ മാച്ചുകൾക്ക് പോകുമ്പോഴെല്ലാം അവളും എനിക്കൊപ്പം വരുമായിരുന്നു. അങ്ങനെയാണ് തുടക്കം. അതിനുശേഷം പരിശീലനത്തിനായി അക്കാദമിയിൽ ചേർത്തു'', പ്രദീപ് പറയുന്നു.
റോഹ്തക് റോഡ് ജിംഖാന ക്രിക്കറ്റ് അക്കാദമിയിലെത്തുമ്പോൾ 10 വയസ്സേയുള്ളൂ പ്രതികയ്ക്ക്. മുതിർന്ന കോച്ച് ഷർവൺ കുമാറാണ് ആ പെൺകുട്ടിയെ പരിശീലിപ്പിച്ചത്. അക്കാദമിയിൽ ആൺകുട്ടികൾ മാത്രമേയുള്ളൂ. അവിടേക്ക് പരിശീലനത്തിനെത്തുന്ന ആദ്യത്തെ പെൺകുട്ടിയായിരുന്നു പ്രതിക. പക്ഷേ, അന്ന് ക്രിക്കറ്റിനൊപ്പം തന്നെ മറ്റൊന്നുകൂടി പ്രതികയുടെ മനസ്സിലുണ്ടായിരുന്നു, ബാസ്‌കറ്റ് ബോൾ. ക്രിക്കറ്റും ബാസ്‌കറ്റ് ബോളും പഠനവും ഒരുമിച്ചുകൊണ്ടുപോവുകയായിരുന്നു അവൾ. 64-ാമത് സ്‌കൂൾ നാഷണൽ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ മത്സരത്തിൽ തന്റെ സ്‌കൂളിനെ പ്രതിനിധീകരിച്ച് സ്വർണ്ണം നേടി. സ്‌കൂൾപഠനത്തിനുശേഷം ഡൽഹിയിലെ ജീസസ് ആന്റ് മേരി കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടി.
അപ്പോഴേക്കും പൂർണമായും ക്രിക്കറ്റിലേക്ക് മാറിയിരുന്നു. 2021-ലാണ് ഡൽഹി ടീമിലെത്തുന്നത്. പിന്നീട് റെയിൽവേയ്ക്കുവേണ്ടിയും കളിച്ചു. മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യൻടീമിലെത്തി. വെസ്റ്റിൻഡീസിനെതിരെയായിരുന്നു ആദ്യത്തെ മത്സരം. ആദ്യമത്സരം കാണാൻ പ്രദീപും എത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ, ''എന്റെ കുട്ടി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് ഞാനെപ്പോഴും സ്വപ്‌നം കണ്ടിരുന്നു. അത് യാഥാർഥ്യമായി. പ്രതിക ബാസ്‌കറ്റ്‌ബോളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, ഞാനാഗ്രഹിച്ചത് അവൾ ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു''.
രണ്ടാമത്തെ അന്താരാഷ്ട്രമത്സരത്തിൽ തന്നെ അർധസെഞ്ച്വറി നേടി. തൊട്ടടുത്ത വർഷം അയർലണ്ടിനെതിരെ ആദ്യത്തെ സെഞ്ച്വറിയും. ആദ്യത്തെ ആറ് ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാതാരമെന്ന റെക്കോഡും അവർ സ്വന്തമാക്കി. 444 റൺസാണ് ആറ് ഇന്നിങ്‌സുകളിൽനിന്നായി അടിച്ചെടുത്തത്. ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമായി പ്രതിക. കളിക്കളത്തിലും പുറത്തും പെട്ടെന്നുണ്ടാവുന്ന ഓരോ സാഹചര്യങ്ങളും സംഭവങ്ങളും കൈകാര്യം ചെയ്യാൻ സഹായിച്ചത് സൈക്കോളജി പഠനമാണെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Indian opener Pratika Rawal celebrates team`s victory. Injured but proud, she shares her joy after a significant win
Published: 03 Nov 2025, 11:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented