ഒരുനാൾ വീരേന്ദർ സെവാഗിനെപ്പോലെ ഭയമില്ലാതെ, ശക്തമായി, ആരെയും കൂസാതെ ക്രിക്കറ്റ് കളിക്കുന്നത് സ്വപ്നം കണ്ടുനടന്നതിനെപ്പറ്റി ഹർമൻപ്രീത് കൗർ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ വനിതകൾ ആദ്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോൾ അതിന്റെ അമരത്തിരുന്ന് ആ സ്വപ്നനാളുകളെപ്പറ്റി അവർ ഓർത്തിട്ടുണ്ടാവും. പഞ്ചാബിലെ മോഗയിലെ ഒരു സാധാരണ കുടുംബമായിരുന്നു ഹർമൻപ്രീതിന്റേത്, കായികവിനോദങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്ന കുടുംബം. 1989 മാർച്ച് 8-ന് ഹർമന്ദർ സിങ് ഭുള്ളറിന്റെയും സത്‌വിന്ദർ കൗറിന്റെയും മകളായി ജനിച്ചു. മുൻ വോളിബോൾ, ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു ഹർമന്ദർ. മകളുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം നേരത്തെ തന്നെ തിരിച്ചറിഞ്ഞത് അദ്ദേഹമാണ്.

To advertise here,

സമീപത്ത് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമുകൾ ഇല്ലാതിരുന്നതിനാൽ, അവൾ ആൺകുട്ടികളോടൊപ്പം തെരുവുകളിൽ കളിച്ചു. ഈ അനുഭവം തന്നെയാവും ധീരതയും നിർഭയത്വവും തന്റെ മുഖമുദ്രയാക്കാൻ ഹർമൻ പ്രീതിനെ സഹായിച്ചിട്ടുണ്ടാവുക. വീട്ടിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള താരാപൂരിലെ ഗ്യാൻ ജ്യോതി സ്കൂൾ അക്കാദമിയിലാണ് ഹർമൻപ്രീത് പ്രൊഫഷണൽ പരിശീലനം നേടുന്നത്. കമൽദീഷ് സിങ് സോധിയായിരുന്നു കോച്ച്. ദിവസേന ഒരുപാട് യാത്ര ചെയ്യേണ്ടിവന്നു, പക്ഷേ സ്വപ്നം അതിലും വലുതായിരുന്നല്ലോ. ഗ്രാമീണമേഖലയിൽ നിന്ന് പെൺകുട്ടികളെ കായികരംഗത്തേക്ക് വരാൻ ചുറ്റുപാടുകൾ തടസ്സംനിന്നപ്പോൾ, ഹർമൻപ്രീതിനെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണ അത്രയധികം സഹായിച്ചിട്ടുണ്ട്.

ആദ്യവർഷങ്ങൾ
2009-ൽ പാകിസ്താനെതിരായ ഏകദിന മത്സരത്തിലാണ് ഹർമൻപ്രീത് ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റരാത്രികൊണ്ടൊന്നും ഹർമന്റെ വരവ് വാർത്തകളിൽ ഇടംപിടിച്ചില്ല, പക്ഷേ അവളുടെ അക്രമണോത്സുകമായ ബാറ്റിങ് ശൈലി ശ്രദ്ധിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ, വലിയ ഷോട്ടുകൾ കളിക്കാനും അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങൾ പിന്തുടരാനുമുള്ള കഴിവ് ഹർമൻ വെളിവാക്കിത്തുടങ്ങി. അക്കാലത്ത് വനിതാ ക്രിക്കറ്റിൽ ഇത് അപൂർവമായിരുന്നു. 2012-ഓടെ മിതാലി രാജിന്റെ അഭാവത്തിൽ അവർ ഇന്ത്യയെ നയിച്ചു.

ഓരോ കായികതാരത്തിനും അവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു നിമിഷമുണ്ടാകും. ഹർമൻപ്രീത് കൗറിന് അത് സംഭവിച്ചത് 2017-ലെ ഐസിസി വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു. ഇന്ത്യ സമ്മർദ്ദത്തിലായിരുന്ന സമയം. എന്നാൽ ഹർമൻപ്രീത് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തകർപ്പൻ ഇന്നിങ്സുകളിലൊന്ന് കളിച്ചു, വെറും 115 പന്തിൽ പുറത്താകാതെ 171 റൺസ്. ആ കരുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചു. അക്ഷരാർഥത്തിൽ രാജ്യത്തിന്റെ ഹൃദയം കവരുകയായിരുന്നു അവിടെയവൾ.

ക്യാപ്റ്റൻസി
2018-ൽ, ഹർമൻപ്രീത് ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനായി. പിന്നീട് ഏകദിന ടീമിന്റെയും നേതൃത്വമേറ്റെടുത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് അറ്റാക്കിങ് മനോഭാവം കൊണ്ടുവരാൻ ഹർമന്റെ നേതൃത്വത്തിനായി. ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും കളിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന് ഹർമൻപ്രീത് എന്ന നേതാവിലുണ്ടായിരുന്നു. ക്യാപ്റ്റൻസിക്ക് കീഴിൽ, 2022-ൽ ഇംഗ്ലണ്ടിൽ നടന്ന തങ്ങളുടെ ആദ്യ ഏകദിന പരമ്പര വിജയം ഉൾപ്പെടെ ഇന്ത്യ നേടി.

2018-ലെ ഐസിസി വനിതാ വേൾഡ് ടി20-യിൽ 51 പന്തിൽ 103 റൺസ് നേടി, ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രവും അവർ സൃഷ്ടിച്ചു. ഏകദിനത്തിലും ടി20യിലും 3000-ൽ അധികം റൺസുമായി, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കിടയിൽ ഹർമൻപ്രീത് ഇടംപിടിച്ചു. വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും 2023-ൽ ബംഗ്ലാദേശിനെതിരായ ഒരു മത്സരത്തിലെ പെരുമാറ്റം ഐസിസിയുടെ അച്ചടക്ക നടപടിക്ക് കാരണമായി. വിവാദങ്ങൾ പക്ഷേ, ഹർമൻ പ്രീതിനെ തെല്ലും തളർത്തിയില്ല.

സാമ്പത്തികമായ വെല്ലുവിളികൾക്കിടയിൽ തന്നെയാണ് പല താരങ്ങളെയും പോലെ ഹർമൻപ്രീതും കരിയർ കെട്ടിപ്പടുത്തത്. ഇന്ന് ഭയമില്ലാതെ കായികരംഗത്തേക്ക് വരാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. തന്റെ വിജയത്തിന്റെയെല്ലാം ബഹുമതി കുടുംബത്തിനും ആരാധകർക്കുമാണ് ഹർമൻപ്രീത് സമർപ്പിക്കാറുള്ളത്.

ക്രിക്കറ്റിന് പുറത്ത്, ബൈക്കിങ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണവർ. ഒപ്പം ഡ്രൈവിങ്ങും ആസ്വദിക്കുന്നു. ക്രിക്കറ്റിലെ മികവിന് 2017-ൽ അർജുന അവാർഡ്, വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2023 (ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ വനിത) തുടങ്ങിയ അംഗീകാരങ്ങൾ അവർ നേടി. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച അവർ, ടീമിനെ ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് നയിച്ചിരുന്നു.

വിവാഹിതയാണോ?
ഹർമൻപ്രീത് കൗർ വിവാഹിതയാണോ? ആരാണ് ഹർമൻപ്രീത് കൗറിന്റെ ഭർത്താവ്? ഗൂഗിളിൽ ആളുകൾ അവരെപ്പറ്റി ഏറ്റവുമധികം തിരയുന്നൊരു കാര്യമാണിത്. അതിനുള്ള ഉത്തരം, 36-കാരിയായ ഹർമൻപ്രീത് വിവാഹിതയല്ല എന്നതാണ്. വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നു. പ്രണയബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ഫൈനലിന് തൊട്ടുമുമ്പ്, ഹർമൻപ്രീതിന്റെ പുതിയ ടാറ്റൂവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏലിയൻസ് ടാറ്റൂ സ്റ്റുഡിയോയാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റിലെ അവരുടെ യാത്രയെ ചിത്രീകരിക്കുന്ന ഒരു ജ്യാമിതീയ മണ്ഡലായിരുന്നു അത്.

ഹർമൻ പ്രീതും സംഘവും ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിക്കുറിക്കുമ്പോൾ, ആത്മവിശ്വാസത്തോടെ ബാറ്റെടുക്കാനൊരുങ്ങുന്നത് അനേകം ഇന്ത്യൻ പെൺകുട്ടികളായിരിക്കുമെന്ന് തീർച്ച.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi