ഷഫാലിക്ക് തന്റെ കരിയര്‍ അടയാളപ്പെടുത്തേണ്ടിയിരുന്നു, അതിന് വേദിയായത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമ്മോഹനമായ രാവുകളിലൊന്നും

Miracle happens to those who believe എന്നു പറയാറുണ്ട്. ജീവിതത്തില്‍ എന്തെല്ലാം തിരിച്ചടികള്‍ നേരിട്ടാലും കാലം നല്‍കാനിടയുള്ള ആ വിസ്മയത്തിനായി കാത്തിരിക്കുക. ഒരു കച്ചിത്തുരുമ്പ്, ഒരു കൈത്തിരിവെട്ടം എവിടെയോ തനിക്കുവേണ്ടി പുലരുമെന്ന് വിശ്വസിക്കുക. അതേ, അവര്‍ക്കുവേണ്ടി മാത്രം സംഭവിക്കുന്ന ചില വിസ്മയങ്ങളുണ്ട്. അതാണ് ഷഫാലി വര്‍മയുടെ കരിയറില്‍ നടന്നത്.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരിക്കുക, പരിക്കേറ്റ മറ്റൊരു താരത്തിന് പകരം ടീമിലേക്കെത്തുക, കിരീടനേട്ടത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണായകപ്രകടനം നടത്തുക... ഷഫാലി, താങ്കള്‍ പറഞ്ഞതാണ് ശരി. നിങ്ങളെ ദൈവം അയച്ചതാണ്, ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കാന്‍.
ലോകകപ്പിനുള്ള റിസര്‍വ് ടീമില്‍ പോലും ഷഫാലി വര്‍മയെന്ന ഹരിയാനക്കാരി ഉണ്ടായിരുന്നില്ല. മോശം ഫോമായിരുന്നു തടസ്സം. തട്ടുപൊളിപ്പന്‍ ഓപ്പണറായിരുന്നെങ്കിലും കുറച്ചുകാലമായി സ്ഥിരതയുള്ള പെര്‍ഫോമെന്‍സ് അവളില്‍ നിന്ന് ലഭിച്ചില്ല. 2024 ഒക്ടോബറിലാണ് ഷഫാലി അവസാനമായി ഇന്ത്യക്കായി കളിച്ചത്. സ്വാഭാവികമായും സെലക്ടമാര്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റ് കളിക്കാരെ പരിഗണിച്ചു.
പ്രതിക റാവല്‍ ആയിരുന്നു ടൂര്‍ണമെന്റില്‍ സ്മൃതി മന്ഥാനയ്‌ക്കൊപ്പം ഓപ്പണിങ്ങ് ചെയ്യാനിറങ്ങിയത്. എന്നാല്‍ അവസാന ലീഗ് മാച്ചില്‍ പരിക്കേറ്റതോടെ പ്രതികയ്ക്ക് കളിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. ഇന്ത്യയ്ക്ക് ബാക്കിയുണ്ടായിരുന്നത് സെമിയും ഫൈനലും. നിര്‍ണായകമായ രണ്ടു മത്സരങ്ങള്‍. ആര് കളിക്കും ഓപ്പണറായി? സെലക്ടര്‍മാരുടെ കണ്ണുകള്‍ വീണ്ടും ഷഫാലിയിലേക്ക് തിരിഞ്ഞു. അതൊരു ചരിത്രനിമിഷമായിരുന്നു. ബ്ലൂ ജേഴ്‌സിയണിയാന്‍, ടീമിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്ന് അവള്‍ അറിയിച്ചു. ടീം അര്‍പ്പിച്ച വിശ്വാസം, ആരാധകരുടെ പ്രതീക്ഷകള്‍..പരാജയപ്പെട്ടാല്‍ തന്റെ വിധി എന്തായിരിക്കുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു.
സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ പത്തുറണ്‍സ് മാത്രമേ ഷഫാലിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, ജെമീമ റോഡ്രിഗ്‌സിന്റെ അവിശ്വസനീയ പ്രകടനത്തില്‍ ഇന്ത്യ ഫൈനലിലെത്തി. കലാശപ്പോരാട്ടത്തില്‍, ഓസ്‌ട്രേലിയക്കെതിരേ പക്ഷേ, ഷഫാലി നിരാശപ്പെടുത്തിയില്ല. 87 റണ്‍സെടുത്ത് ടീമിനെ മുന്നോട്ടുകുതിക്കാനുള്ള പൊസിഷനിലെത്തിച്ചാണ് ഷഫാലി ക്രീസ് വിട്ടത്.
ചേസിങ്ങില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കിയ ഘട്ടമെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രിത് പന്തേല്‍പ്പിച്ചതും ഷഫാലിയെ. ആദ്യ ഓവറില്‍ സുനെ ലൂസിനെ പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിന് കടിഞ്ഞാണിട്ട ഷഫാലി തൊട്ടടുത്ത ഓവറില്‍ മാരിസന്ന കാപ്പിനെയും വീഴ്ത്തി. 87 റണ്‍സും രണ്ടു വിക്കറ്റും. ഒപ്പം പ്ലേയര്‍ ഓഫ് ദമാച്ചും. ഇതിലും മികച്ചൊരു തിരിച്ചുവരവ് ഈയടുത്ത കാലത്തൊന്നും ക്രിക്കറ്റിലുണ്ടായിട്ടില്ല. “ദൈവമാണ് എന്നെ ഇവിടേക്ക് അയച്ചത്, ടീമിന് കിരീടം നല്‍കാന്‍. അതു നേടാനായതില്‍ സന്തോഷം”- ഫൈനലിനുശേഷം ഷഫാലി വര്‍മ പറഞ്ഞ വാക്കുകളില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു.
ഷഫാലിക്ക് തന്റെ കരിയര്‍ അടയാളപ്പെടുത്തേണ്ടിയിരുന്നു, അതിന് വേദിയായത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമ്മോഹനമായ രാവുകളിലൊന്നും. കാവ്യനീതി എന്നത് പ്രയോഗിച്ച് തേഞ്ഞുപോയ പദമാണെങ്കിലും ഷഫാലിയുടെ വിജയത്തോട് ചേര്‍ത്തുവയ്ക്കാന്‍ അതിലും മികച്ചതൊന്ന് ഇല്ല. സ്വന്തം കരുത്തില്‍ വിശ്വസിക്കുകയും പോസിറ്റീവായിരിക്കുകയും ചെയ്താല്‍ ഏത് തിരിച്ചടികളെയും മറികടക്കാമെന്ന് അവളുടെ പ്രകടനം അടിവരയിടുന്നു. ഇനിയും എത്രയോ പേര്‍ക്ക്, അത് ക്രിക്കറ്റിലാകട്ടെ, ജീവിതത്തിലാകട്ടെ, മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമാകും ഷഫാലിയുടെ ഈ ഇന്നിങ്‌സ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shafali Verma`s incredible comeback and match-winning performance led India to a historic World Cup victory.
Published: 03 Nov 2025, 12:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented