ചണ്ഡീഗഡിൽനിന്ന് ബോളിവുഡിലെത്തിയ കഥയാണ് നടൻ ആയുഷ്മാൻ ഖുറാനയുടേത്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. പഠനകാലത്ത് തന്നെ പല തെരുവുനാടകങ്ങളിലും വേഷമിട്ടു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം, അദ്ദേഹം റേഡിയോ ജോക്കിയായി കുറച്ചുനാൾ പ്രവർത്തിച്ചു. 2012-ൽ 'വിക്കി ഡോണർ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ദം ലഗാകെ ഹയ്ഷ, ബദായ് ഹോ, ഡ്രീം ഗേൾ, അന്ധാധുൻ, ഡോക്ടർ ജി, ആർട്ടിക്കിൾ 15...തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകൾ. അതിനൊപ്പം ഒട്ടേറെ സിനിമകളിൽ പാടി. 'അന്ധാധുനി'ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരവും നേടി ആയുഷ്മാൻ.
പലപ്പോഴും തന്റെ തുടക്കകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് ആയുഷ്മാൻ. പണത്തിനുവേണ്ടി തീവണ്ടികളിൽ പാടിയിരുന്ന കാലം. ''കോളേജ് കാലത്താണത്. ഡൽഹി-മുംബൈ പാതയിലുള്ള എക്‌സ്പ്രസ് തീവണ്ടികളിലാണ് ഞാൻ കൂട്ടുകാർക്കൊപ്പം പാടിയിരുന്നത്. പ്രത്യേകിച്ച് പശ്ചിം എക്‌സ്പ്രസ് എന്ന തീവണ്ടിയിൽ. ഓരോ ബോഗിയിലും പോയി പാടും. ഇഷ്ടപ്പെട്ടാൽ ആളുകൾ പണം തരും. ആ പണമെല്ലാം കൂട്ടിവെച്ച് ഞങ്ങൾ കൂട്ടുകാരെല്ലാം ചേർന്ന് ഗോവയ്ക്ക് പോകും''.
ആർജെ ആയിരുന്നപ്പോൾ ഒരിക്കൽ കരൺ ജോഹറിനെ ആയിരുന്നു ആയുഷ്മാൻ ഇന്റർവ്യൂ ചെയ്തത്. കരൺ തിരിച്ചുപോകുന്നതിനുമുമ്പ് ഫോൺ നമ്പർ ചോദിച്ചു. കരൺ ഓഫീസിലെ നമ്പറാണ് നൽകിയത്. പിറ്റേദിവസം സിനിമയിലെ അവസരങ്ങൾക്കായി ആ നമ്പറിൽ വിളിച്ചു. ഫോൺ എടുത്തയാൾ നിർദാക്ഷിണ്യം ഇങ്ങനെ പറഞ്ഞു. ''പുറത്തുനിന്നുള്ളവരെയും പുതുമുഖങ്ങളെയും ഞങ്ങൾ ഓഡിഷൻ ചെയ്യില്ല'' . അതോടെ ആയുഷ്മാൻ തകർന്നുപോയി. എന്നിട്ടും തന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
'ഡ്രീം ഗേൾ' എന്ന സിനിമയാണ് ആയുഷ്മാന്റെ കരിയറിലെ ബ്രേക്ക്. അതിനുമുമ്പ് വരെ 2 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 'ഡ്രീം ഗേളി'ന്റെ വിജയത്തോടെ അത് 10-ഉം പിന്നീട് 25-ഉം കോടി വരെയെത്തിയത്. എന്നാൽ, കോവിഡിനുശേഷം പല താരങ്ങളും തങ്ങളുടെ പ്രതിഫലം കുറച്ചു. ആയുഷ്മാനും ആ ലിസ്റ്റിൽ പെടുന്നു. 10 കോടിയാണ് അദ്ദേഹം ഒറ്റയടിക്ക് കുറച്ചത്. പിന്നീടത് വീണ്ടും 15 കോടിയായി. അതിനൊപ്പം സിനിമയുടെ ലാഭവിഹിതം കൂടി കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരസ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രതിഫലം മൂന്നുമുതൽ നാലുകോടി വരെയാണ്. 2020-ലെ ടൈമിന്റെ '100 മോസ്റ്റ് ഇൻഫ്‌ളുവെൻഷ്യൽ ഇൻ ദ വേൾഡ്' ലിസ്റ്റിൽ അദ്ദേഹം സ്ഥാനംപിടിച്ചിട്ടുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ayushmann Khurranas inspiring journey from street plays to bollywood stardom
Published: 06 Jul 2025, 02:19 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented