
മസ്സിലുപെരുപ്പിച്ച് കിടിലൻ ഫിസിക് പോസുകളിൽ നിൽക്കുന്ന ഒരു സ്ത്രീയെ സങ്കല്പിക്കാത്ത മലയാളികൾക്കിടയിലേക്കാണ് ആരതി എന്ന പത്തനംതിട്ട സ്വദേശിനി സാരിയുടുത്ത് ഉറച്ച ശരീരത്തോടെയും മനസ്സോടെയുമെത്തുന്നത്. ട്രൈസെപ്‌സും ബൈസപ്‌സും വിരിച്ച് സോഷ്യൽമീഡിയയെ ഞെട്ടിച്ചു. ജിം സ്ഥാപനത്തിൽനിന്നെടുത്ത വൈറലായ ആ വീഡിയോ ആരതിയുടെ തലവരമാറ്റി വരച്ചു.
കേരളത്തിലെ വനിതാ ബോഡി ബിൽഡർ, ഫിറ്റ്‌നസ് മോഡൽ, 2022-ലെ മിസ് കേരള ഫിറ്റ്‌നസ് കിരീടജേതാവ്, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ... നേട്ടങ്ങൾ ഒരുപാടുണ്ട് ആരതിക്ക്. ബോഡി ബിൽഡിങ് മേഖലയിൽ സ്വന്തമായൊരു മേൽവിലാസമുണ്ട് ആരതിക്ക്. അതിനുപിന്നിൽ വർഷങ്ങളോളമുള്ള പരിശ്രമങ്ങളുടെയും താണ്ടിയ കനൽപ്പാതകളുടെയും കഥകളുണ്ട്.
വഴിത്തിരിവായ അപകടം
സ്ത്രീകൾ അധികമില്ലാത്ത മേഖലയിലാണ് ആരതി സ്വന്തമായൊരു മേൽവിലാസം കെട്ടിപ്പടുക്കുന്നത്. അതിനു വഴിയൊരുക്കിയ സാഹചര്യത്തെക്കുറിച്ച് അവർ പറഞ്ഞുതുടങ്ങി. "എല്ലാത്തിനും വഴിത്തിരിവായത് ഒരപകടമായിരുന്നു. എട്ട് വർഷങ്ങൾക്ക് മുൻപാണ് ബൈക്ക് അപകടമുണ്ടാകുന്നത്. ബൈക്കിന് പുറകിലിരിക്കുന്ന ഞാൻ തെറിച്ചുവീണു. നട്ടെല്ലിന് സാരമായി പരിക്കുപറ്റി. അതോടെ, കുറെക്കാലം ബെഡ് റസ്റ്റ് ആയിരുന്നു. പരിക്ക് ഭേദമായതിനുശേഷം ശരീരത്തെ പഴയപടിയിലാക്കാൻ ഫിസിയോ തെറാപ്പി ചെയ്തു. അപ്പോഴത്തെ റീഹാബ് എക്‌സർസൈസുകളാണ് പുതിയ വഴിതുറക്കുന്നത്. അതിനുശേഷം വീട്ടിൽവെച്ചുതന്നെ അവിടെയുള്ള ഭാരമുള്ള വസ്തുക്കൾ ഉയർത്തിക്കൊണ്ട് വ്യായാമവും പരിശീലനങ്ങളും തുടർന്നു. പിന്നീടാണ് ജിമ്മിൽ ചേരുന്നത്.” അത് ആരതിയെ ബോഡി ബിൽഡിങ് എന്ന പുതിയൊരു ലോകത്തിലേക്ക് കൈപിടിച്ചു.
“ഒട്ടും പ്ലാൻ ചെയ്ത യാത്രയായിരുന്നില്ല ഇത്. ആത്മാർഥമായി പരിശ്രമിച്ചാൽ ചുറ്റിലുമുള്ള ആളുകളും അവസരങ്ങളും സാഹചര്യങ്ങളുമൊക്കെ പതിയെ നമ്മെ സഹായിക്കുന്ന തരത്തിൽ ഒത്തുചേരാൻ തുടങ്ങും. എന്റെത് അങ്ങനെ ഒരു യാത്രയായിരുന്നു. മുമ്പ് ചെയ്തിട്ടുള്ള പല കാര്യങ്ങളിൽ നിന്നും കിട്ടാത്ത റിസൾട്ട് എനിക്ക് ബോഡി ബിൽഡിങ്ങിൽ നിന്നും കിട്ടാൻതുടങ്ങി. റിസൾട്ട് ഉണ്ടാകുമ്പോൾ ആണല്ലോ ചെയ്യുന്ന പ്രവർത്തിയോട് നമുക്ക് താൽപര്യം കൂടുക.”
അതിജീവിച്ച്
കനൽപ്പാതകൾ ഏറെ താണ്ടിയാണ് ആരതി ഇന്നിവിടെ എത്തിനിൽക്കുന്നത്. ജീവിതമേൽപിച്ച ഭാരങ്ങളെ അവർ ഓർത്തു. “ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ബോഡി ബിൽഡിങ് പരിശീലനം തുടങ്ങിയത് വീട്ടിലാർക്കും ഉൾക്കൊള്ളാനാവുമായിരുന്നില്ല. വീടുവിട്ട് ഇറങ്ങേണ്ടി വന്നു. ശേഷം പല പല ജിമ്മുകളിൽ ചേർന്ന് വർക്കൗട്ടുകൾ തുടങ്ങി. ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്തു. അതായിരുന്നു മിസ് കേരള ഫിറ്റ്‌നസ് കിരീടം നേടിത്തന്നത്.”
ആ വിജയത്തിനുപിന്നിൽ ദിവസങ്ങൾ നീളുന്ന പ്രയത്‌നമുണ്ടായിരുന്നു. “ശരീരം ഫിറ്റ് ആക്കാനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. ബോഡി ബിൽഡിങ്ങിന് ധാരാളം പരിശ്രമിച്ചു. കഠിനമായ വർക്കൗട്ടുകൾ, അതേത്തുടർന്നുള്ള ശരീരവേദനകൾ, വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു...മനസ്സ് എപ്പോഴും അസ്വസ്ഥമായിരുന്നു, ഭക്ഷണത്തിനുപോലും രുചി തോന്നിയില്ല. അതിനേക്കാളുപരി ചേർത്തുപിടിക്കാൻ വിശ്വാസയോഗ്യമായ ആളുകൾ ഇല്ലാത്തതായിരുന്നു കൂടുതൽ കുഴക്കിയത്. ഒറ്റയ്ക്കുള്ള യാത്രയിൽ ഒരുപാട് കഴുകന്മാരെ കണ്ടുമുട്ടി. എന്നാൽ ഒരാൾക്കും കൊത്തിവലിക്കാനുള്ള അവസരം കൊടുക്കാതെ ഈ പ്രപഞ്ചം എന്നെ ചേർത്ത് പിടിച്ചതായി തോന്നി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതുതന്നെ വലിയ അതിജീവനമാണ്. പതിയെ അവയെല്ലാം നീന്തിക്കടന്നപ്പോൾ വലിയൊരു സമ്മാനം കിട്ടിയതുപോലെയായിരുന്നു. അതാണ് ഈ ജീവിതം. അങ്ങനെയൊരുനാൾ തൃശ്ശൂരിലെ ഒരു ജിമ്മിലെ ഓണാഘോഷപരിപാടിയിൽ പങ്കെടുത്തു. സാരിയായിരുന്നു വേഷം. സാരിയിൽ പോസ് ചെയ്യുന്ന വീഡിയോ വൈറലായി. ഒട്ടും പ്രതീക്ഷിക്കാതെ ആളുകളാൽ തിരിച്ചറിയപ്പെട്ടു. ആ വീഡിയോ കണ്ടവർ ജിം ഉദ്ഘാടനങ്ങൾക്ക് ക്ഷണിച്ചുതുടങ്ങി. പിന്നീട് ആ രീതി തുടർന്നുപോന്നു.”
സ്വയം സ്‌നേഹിക്കാൻ തുടങ്ങി
മാസങ്ങളോളം കിടപ്പിലാക്കിയ അപകടം, വിടാതെ പിൻതുടർന്ന വിഷാദരോഗം... പ്രതിസന്ധികളെ ഇന്നും തരണം ചെയ്തിട്ടില്ലെന്ന് ആരതി പറയുന്നു. “ഒന്നും ഞാൻ തരണം ചെയ്തിട്ടില്ല. എല്ലാ പ്രതിസന്ധികളെയും കൂടെക്കൂട്ടി എഴുന്നേറ്റ് നടക്കാൻ പഠിച്ചു. ആ അപകടം എന്നെ ശാരീരികമായും മാനസികമായും തളർത്തി. എന്റെ വീഴ്ചയിൽ പലരും സന്തോഷിച്ചു, അതാഘോഷിച്ചു. പലരും എന്റെ തെറ്റുകൾക്ക് എനിക്ക് കിട്ടിയ ശിക്ഷയായി അതിനെ വ്യാഖ്യാനിച്ചു. ഒറ്റപ്പെടലും, മറ്റുള്ളവർക്ക് ഭാരമാകുന്നുണ്ടോ എന്ന തോന്നലും... കഠിനമായിരുന്നു ഓരോ ദിവസവും. അതിൽനിന്നു ഒളിച്ചോടാനായി വായന തുടങ്ങി. ഡോക്ടർ ബെഡ്ഡിൽനിന്നും എഴുന്നേൽക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടും ഞാൻ എഴുന്നേറ്റ് നടന്നു. എല്ലാത്തിനോടും ദേഷ്യമായിരുന്നു. നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തണം, ഫിസിയോതെറാപ്പി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. ഒട്ടും താൽപര്യമില്ലാതെയാണ് റീഹാബ് ചെയ്യാൻ തുടങ്ങുന്നത്. അതിനിടെ സ്വന്തമായി പല വർക്കൗട്ടുകളും ചെയ്തു. ശരീരത്തിലെ മാറ്റം മനസ്സിലെ വേദനകൾ ഇല്ലാതാക്കി. ഞാൻ എന്നെ സ്വയം സ്‌നേഹിക്കാൻ തുടങ്ങി.”
ഉണങ്ങാത്ത മുറിവുകൾ
അന്നത്തെ ആരതിയും ഇപ്പോഴുള്ള ആരതിയും തമ്മിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് അവർ പറയുന്നു. “പ്രായത്തിന്റെ പക്വതക്കുറവ് മാറി. ചിന്തകൾ രൂപപ്പെട്ടു. സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ പഠിച്ചു. കാട്ടിൽ ഒരു വഴി കാണാതെ അലയുകയായിരുന്നു ഇത്രയുംനാളും. ഇന്ന് വ്യക്തമായ കുറെ വഴികൾ മുന്നിലുണ്ട്. എങ്കിലും ഉള്ളിൽ ഉണങ്ങാത്ത മുറിവുകളുണ്ട്. നിസ്സഹായയായ, സ്വയം നിലനിൽപ്പില്ലാത്ത, സ്‌നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി ഇപ്പോഴും എന്റെയുള്ളിലുണ്ട്. അവളുമായി വലിയ യുദ്ധത്തിലാണ് ആരതി”.
പരിമിതികളെ മറികടന്ന്
“മസ്‌കുലർ ബോഡി കൈവരിക്കുക ഒട്ടും എളുപ്പമല്ല. ഒരു സ്ത്രീശരീരത്തിന് അക്കാര്യത്തിൽ പരിമിതികളുണ്ട്”. മസ്‌കുലാർ ബോഡി കൈവരിക്കാൻ വേണ്ടിവന്ന പരിശ്രമങ്ങളെക്കുറിച്ചായി അവർ. “സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വ്യായാമമുറകൾ വ്യത്യസ്തമാണ്. തുടക്കത്തിൽ മറ്റുള്ളവർ പറയുന്നതുപോലെ ചെയ്ത് ഞാൻ എന്റെ ശരീരത്തെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. പിന്നീടാണ് ഒരു സ്ത്രീശരീരത്തിന് യോജിച്ച വ്യായാമങ്ങൾ പഠിക്കുന്നത്. ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തി. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വർക്കൗട്ട് ചെയ്യാനുള്ള ഊർജ്ജം നൽകാൻ ആവശ്യമായ കാർബോഹൈഡ്രേറ്റ്, ഹോർമോൺ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റ് എന്നിവയെല്ലാം നോക്കിയാണ് എന്റെ ഡയറ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്. അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഒരാളുടെ വർക്കൗട്ടും ഡയറ്റും എല്ലാവർക്കും യോജിച്ചതാകണമെന്നില്ല.
മസ്‌കുലാർ ബോഡിയുള്ള സ്ത്രീശരീരം മലയാളികൾക്ക് പരിചിതമായിരുന്നില്ല. ബോഡി ഷെയിമിങ്ങുകളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട് ആരതി. എന്നാൽ അവയൊന്നും ആരതിയെ പിന്നോട്ടുവലിച്ചില്ല. “ആളുകൾ പറയുന്നത് ഒന്നും എന്നെ അലട്ടിയിരുന്നില്ല. കാരണം, എനിക്ക് എന്റെ ശരീരം ഇഷ്ടമായിരുന്നു. ശരീരത്തെ സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹത്തിൽ വീട്ടുകാരുടേയോ സമൂഹത്തിന്റെയോ വാക്കുകൾക്ക് ചെവി കൊടുത്തില്ല.”
എതിരാളി വേണ്ട
ബോഡി ബിൽഡിങ്ങിലേക്കും ഫിറ്റ്‌നസ് ഫാഷനിലേക്കും കൂടുതൽ സ്ത്രീകൾ കടന്നുവരുന്നതിൽ താത്പര്യമില്ലെന്ന് ആരതി. “എല്ലാവരും ആരോഗ്യമുള്ള ഒരു ശരീരത്തിനായി തീർച്ചയായും ശ്രമിക്കണം. ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സും നൽകും. എങ്കിലും കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് വരണമെന്ന് തോന്നാറില്ല. കാരണം അപ്പോൾ ഈ മേഖലയിലും ആളുകൾ കൂടും. എനിക്ക് അധികം ആളുകൾ സഞ്ചരിക്കാത്ത വഴികളാണ് ഇഷ്ടം. ഔപചാരികതയുടെ പേരിൽ എനിക്ക് കുറെ പ്രോത്സാഹന വാക്കുകൾ പറയാമെന്നേയുള്ളൂ. എന്നാൽ ഒരു എതിരാളി വരുന്നത് വെല്ലുവിളി തന്നെയാണ്.”
വ്യത്യസ്തയാണ് ഞാൻ
“ആളുകൾക്ക് ഇപ്പോഴും എന്റെ ജീവിതം പരിചിതമല്ല. സോഷ്യൽ മീഡിയയിൽ കാണുന്നതിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ഞാൻ എന്ന വ്യക്തി. ആ എന്നെ എല്ലാവർക്കും മുന്നിൽ തുറന്ന് കാണിക്കാത്തതാകാം എന്നെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഘടകമെന്ന് ഞാൻ കരുതുന്നു. സാധാരണ ഒരു ജീവിതം നയിക്കുന്ന കുട്ടിയായിരുന്നുവെങ്കിലും അസാധാരണ സ്വഭാവവിശേഷങ്ങൾ എനിക്കുണ്ടായിരുന്നു. കോളേജ് കാലഘട്ടത്തിൽ എന്റെ അധ്യാപകൻ എന്നെ 'എനിഗ്മ' (പ്രഹേളിക) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചെറുപ്പത്തിലേ എന്റെ ആഗ്രഹങ്ങൾകൊണ്ടും നിലപാടുകൾകൊണ്ടും ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആ വ്യത്യസ്തതയെ ഒരു അബ്‌നോർമാലിറ്റിയായി പലർക്കും തോന്നിയിട്ടുണ്ട്. തലകീഴായി ചിന്തിക്കുന്ന ലോകത്ത് ഒരാൾ നേരെ ചിന്തിച്ചാൽ, നേരെ ചിന്തിക്കുന്നയാൾ അബ്‌നോർമൽ ആകും.
പത്തനംതിട്ടയാണ് സ്വദേശം. പഠിച്ചതും വളർന്നതും അവിടെത്തന്നെയാണ്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും. ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. സാധാരണ രീതിയിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് സുഖസൗകര്യങ്ങളും എനിക്കുണ്ടായിരന്നു. എന്നാൽ അവയൊന്നും അനുഭവിക്കാനുള്ള മനസ്സ് മാത്രം എനിക്ക് ഉണ്ടായിരുന്നില്ല. ഈ യാത്രയിൽ കുടുംബത്തിന്റെ പങ്ക് വളരെ ചെറുതായിരുന്നു. എങ്കിലും തുടക്കകാലങ്ങളിൽ അമ്മയിൽ നിന്നുള്ള സാമ്പത്തികസഹായങ്ങൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്മയുടെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒപ്പം കുറച്ചുകാലം താമസിച്ചിരുന്നു. അവരുടെ സഹകരണവും ഓർക്കാതിരിക്കാനാവില്ല.”
അതിരുകൾ കടക്കുമ്പോൾ
വ്യക്തി ജീവിതത്തിലേക്കും കരിയറിലേക്കുമുള്ള ഓൺലൈൻ മീഡിയയുടെ കടന്നുകയറ്റത്തെക്കുറിച്ചും സൈബർ വേട്ടയെക്കുറിച്ചും ആരതി സംസാരിച്ചു. “സോഷ്യൽ മീഡിയയുടെ പിന്തുണ കൊണ്ടുമാത്രം വളർന്ന ഒരാളാണ് ഞാൻ. എങ്കിലും ഈയടുത്ത ദിവസം ഒരു ഉദ്ഘാടനവേളയിൽ ഓൺലൈൻ മീഡിയക്കാർ എന്റെ വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ചത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. മാനസികമായി തളർത്തി. എന്നെ വളർത്തിയതും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതും ഓൺലൈൻ മാധ്യമങ്ങളാണ്. അതിൽപിന്നെ, വലിയ മാനസിക സംഘർഷത്തിലായിരുന്നു ഞാൻ. ജിമ്മിൽ പോയാലും ഏതെങ്കിലുമൊരു കോണിൽ കുറെനേരം ഒന്നും മിണ്ടാതെ നോക്കിയിരിക്കും. കാലുകൾ കുഴഞ്ഞുതുടങ്ങിയാൽ തിരികെ വരും. വർക്കൗട്ട് ചെയ്യാനാവാതെ പത്ത് ദിവസത്തിനുള്ളിൽ നാലു കിലോ കുറഞ്ഞു. ഇന്ന് ഈ നിലയിൽ എത്തിക്കുക എന്നതായിരുന്നു ഞാൻ ചെയ്ത ഏറ്റവും സാഹസമായ പ്രവർത്തി. എന്നാൽ വന്ന വഴികളിലൂടെ തിരിച്ച് നടക്കുന്നതിലും ഭേദം മരണമാണെന്ന് തോന്നിപ്പോയി. മറ്റുള്ളവർ എന്ത് പറയും എന്നത് എന്നെ ബാധിക്കില്ല. പക്ഷേ എന്റെ ശരീരഭാഗങ്ങൾ, ഞാൻ അറിയാതെ പകർത്തിയെടുത്ത് മോശമായി പ്രചരിപ്പിക്കുമ്പോൾ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയ്ക്ക് ഉണ്ടാകുന്ന അതേ മാനസികാവസ്ഥയാണ് എനിക്കും. ഈ പ്രായത്തിനിടയിൽ ഞാൻ അഭിമാനത്തോടും അഹങ്കാരത്തോടും കൂടി കാത്തുസൂക്ഷിച്ച ഒന്നാണ് എന്റെ ശരീരം.
ആരതി എന്നൊരു വ്യക്തിയെയോ അവരുടെ വ്യക്തിത്വത്തെയോ അല്ല ആളുകൾക്ക് വേണ്ടത്. അവരുടെ പ്രശസ്തിയാണ് ആവശ്യം. ആ പ്രശസ്തി ശരീരമാണ്. അത് മാർക്കറ്റ് ചെയ്യുക മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. മഞ്ജു വാര്യർ അഞ്ഞൂറ് രൂപയുടെ വസ്ത്രമിട്ട് അവാർഡ് വേദിയിൽ പോകുന്നതുപോലെ ഞാൻ ഒരു പ്രോഗ്രാമിന് ചെന്നാൽ എത്ര പേർ എന്നെ അംഗീകരിക്കും? അവരെപ്പോലെ മൂല്യമുള്ള ഒരു സ്ത്രീ ആകാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ഞാൻ സമ്മതിക്കുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, ഞാൻ ഒരു ബോഡി ബിൽഡറാണ്.
എന്റെ ശരീരവും വസ്ത്രധാരണവുമാണ് എന്നെ വ്യത്യസ്തയാക്കിയതും പ്രശസ്തി കൊണ്ടുതന്നതും. അതിനർഥം ഞാൻ എല്ലാം തുറന്ന് കാണിച്ചുനടക്കുമെന്നല്ല. മാന്യമായ ഒരു പരിധി ഞാൻ നിശ്ചയിച്ചിട്ടുണ്ട്. എന്റെ അവകാശമില്ലാതെ ആ പരിധി അതിക്രമിച്ചപ്പോൾ ഞാൻ ചെയ്യരുതെന്ന് പറഞ്ഞു. വീണ്ടും ആവർത്തിച്ചപ്പോൾ പ്രതികരിച്ചു. എന്റെ കരിയർ അവരുടെ കൈകളിൽ തന്നെയാണ്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: body builder arathy krishna overcame a life-altering spinal injury through physical rehabilitation. Transitioned from physiotherapy to competitive bodybuilding.
Published: 08 Mar 2026, 01:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented