
അശ്വതി ചന്ദ് കിഷോര്‍
“ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ ചന്ദ്രികേ...”, ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ നടി അശ്വതി ചന്ദ് കിഷോറിനോട് പ്രതികരിച്ചതിങ്ങനെയാണ്. എസ്. വിപിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്റെ അമ്മയായെത്തിയത് അശ്വതി ചന്ദ് കിഷോറാണ്. പതിനഞ്ച് വര്‍ഷത്തിലധികമായി സീരിയലുകളിലും കോമഡി സ്‌കിറ്റുകളിലും നിറസാന്നിധ്യമാണ് അശ്വതി. നടന്‍ അനീഷ് സാരഥിയും അശ്വതിയുമൊന്നിച്ചുള്ള 'ചന്ദ്രി-സുനി' കോമ്പോ തമാശകള്‍ക്ക് ആരാധകരേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും മാത്രം സ്‌ക്രീനില്‍ കണ്ട അശ്വതിയുടെ വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ചിരിവേദിയില്‍നിന്നും വെള്ളിത്തിരയിലേക്കുള്ള ഈ യാത്രയിലെ വ്യസനങ്ങളും സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അശ്വതി.
നാലാമൂഴത്തില്‍ കിട്ടിയ ബന്ധുമിത്രാദികള്‍
വാക്കുകളില്‍ ഒതുക്കാനാവില്ല ഈ സന്തോഷം. 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്റെ നാലാമത്തെ സിനിമയാണ്. 'കേശു ഈ വീടിന്റെ നാഥനി'ലാണ് ആദ്യം അഭിനയിക്കുന്നത്. ദിലീപേട്ടന്റെ അയല്‍വാസിയുടെ വേഷം. ആ സിനിമ ബ്രേക്ക് നല്‍കുമെന്നാണ് കരുതിയത്. പക്ഷേ ഒന്നും നടന്നില്ല. അത് ഒടിടി റിലീസായിരുന്നു. ഞാന്‍ വിചാരിച്ച പ്രാധാന്യമൊന്നും ആ പടത്തിനു കിട്ടിയില്ല. രണ്ടാമത് ചെയ്ത സിനിമ 'ഡിവോഴ്‌സ്' ആണ്. സ്ത്രീ സംവിധായകരെ മുന്‍നിരയിലെത്തിക്കുന്ന സര്‍ക്കാരിന്റെ പ്രോജക്ടിന്റെ ഭാഗമായെടുത്ത സിനിമയാണത്. രണ്ട് കുട്ടികളുടെ അമ്മയായ സൈനബ എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. സിനിമയുടെ പേരുപോലെ കുടുംബ കോടതിക്കുള്ളില്‍ നാലഞ്ച് കുടുംബങ്ങള്‍ വിവാഹമോചനത്തിനുവേണ്ടി അലയുന്ന കഥയാണ്. ഗൗരവമുള്ള വേഷമായിരുന്നു. ആ സിനിമയ്ക്ക് വേണ്ടത്ര പ്രമോഷന്‍ കിട്ടിയിരുന്നില്ല. മൂന്നാമത് ചെയ്തതാണ് 'വയസ്സെത്രയായി മുപ്പത്തി'. കോഴിക്കോടുള്ള ആര്‍ട്ടിസ്റ്റുമാരെ ഉള്‍പ്പെടുത്തി ചെയ്‌തൊരു സിനിമയായിരുന്നു. അതില്‍ തിരുവനന്തപുരത്തുകാരി നഴ്‌സിന്റെ വേഷം ചെയ്തു. ഈ സിനിമകള്‍ക്കുശേഷം ചെറിയൊരു ഇടവേള വന്നു. പക്ഷേ, അപ്പോഴും സ്റ്റേജ് പരിപാടികളിലും ചാനല്‍ഷോകളിലും സജീവമായിരുന്നു.
നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ റീന ചേച്ചി വഴിയാണ് 'വ്യസനസമേതം ബന്ധുമിത്രാദികളി'ല്‍ ഞാനെത്തുന്നത്. അനശ്വരയുടെ അമ്മയുടെ കഥാപാത്രത്തിന് പറ്റിയ ഒരു നടിയെ വേണമെന്ന് റീന ചേച്ചിയോട് സംവിധായകന്‍ പറഞ്ഞിരുന്നു. റീന ചേച്ചിയുടെ മനസ്സില്‍ പെട്ടെന്ന് വന്ന മുഖം എന്റേതായിരുന്നു. ചേച്ചിയെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. കാരണം ഇക്കാലത്ത് റീന ചേച്ചിയെപോലുള്ളവര്‍ കുറവാണ്. ചിലര്‍ക്ക് ഓര്‍മ്മ വന്നാലും നമ്മുടെ പേര് പറയണമെന്നില്ലല്ലോ. ഞങ്ങളൊന്നിച്ച് 'ഡിവോഴ്‌സ്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ഗിരിജ മാമിയായി അഭിനയിച്ചിരിക്കുന്നത് ചേച്ചിയാണ്. എന്റെ ഫോട്ടോയും വീഡിയോയുമൊക്കെ ചേച്ചിയാണ് വിപിന്‍ ചേട്ടന് അയച്ചുകൊടുത്തത്. പിറ്റേന്ന് ചേച്ചി എന്നോട് കാര്യം പറഞ്ഞു. അനശ്വരയുടെ അമ്മവേഷമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെയായിരുന്നു. വേറൊന്നും നോക്കാനില്ലല്ലോ. വലിയ തിക്കും തിരക്കും ബഹളവുമുണ്ടാക്കിവന്ന സിനിമയല്ല. കുറച്ച് ആര്‍ട്ടിസ്റ്റുകളെവെച്ചെടുത്ത കുഞ്ഞ് സിനിമയാണ്. ജനങ്ങള്‍ സിനിമ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്.
ചിരിവേദികളിലെ ഗുരുക്കന്മാരും മിടുക്കിയായ അനശ്വരയും
എനിക്കുമുന്നേ അരങ്ങില്‍ കോമഡി ചെയ്ത് തെളിയിച്ചവരാണ് അസീസിക്കയും നോബി ചേട്ടനുമൊക്കെ. എനിക്ക് അവര്‍ ഗുരുതുല്യരാണ്. അനശ്വരയും സിജു സണ്ണിയും ബൈജു ചേട്ടനും ആരുംതന്നെ അവരുടെ താരപരിവേഷം നമ്മളോടൊന്നും കാണിച്ചിട്ടേയില്ല. എല്ലാവരും ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയും. അവിടത്തെ പശ്ചാത്തലം മരണവീടാണ്. കണ്‍മുന്നില്‍ എപ്പോഴും വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതശരീരമുണ്ടാകും. ചന്ദനത്തിരിയുടെ മണവും. ആ ഒരു മനോനിലയിലാണ് എല്ലാവരും ഇരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് എത്തിയപ്പോഴേക്കും ശരിക്കും ഒരു മരണവീട്ടില്‍ എത്തിയതുപോലെയായിരുന്നു. മനസ്സ് അതിലേക്ക് മാറി. ക്ലൈമാക്‌സ് സീനിലെ പ്രകടനം കണ്ടാണ് പലരും എന്നോട് 'കരയിപ്പിച്ചുകളഞ്ഞല്ലോ' എന്ന് പറഞ്ഞത്. അതിനെപ്പറ്റി പറയുമ്പോള്‍ അനശ്വരയെക്കുറിച്ച് കൂടി പറയണം. അനശ്വര മിടുക്കിയായ അഭിനേത്രിയാണ്. ആ സീനില്‍ ആദ്യം അനു ഉണ്ടായിരുന്നില്ല. സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അനു സംവിധായകന്റെ അടുത്തിരുന്ന് മോണിറ്ററില്‍ നോക്കുകയായിരുന്നു. ഞാന്‍ കരയുന്ന സമയത്ത് പെട്ടെന്നാണ് വിപിന്‍ ചേട്ടന്‍ അനുവിനോട് അമ്മയെ ആശ്വസിപ്പിക്കുന്നതുപോലെ കെട്ടിപ്പിടിക്കാന്‍ പറയുന്നത്. അനു ഓടിവന്ന് എന്നെ ചേര്‍ത്തുപിടിച്ചു. നിമിഷനേരത്തില്‍ തന്നെ അനു ആ മൂഡിലേക്ക് വന്നു. അത് പറയാതിരിക്കാനാവില്ല. മല്ലികാമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞു; “ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ വിപിനോട് പറഞ്ഞിരുന്നു മോളേ നീ നന്നായിട്ട് ചെയ്യുന്നുണ്ടെന്ന്.” അത് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ദൂരദര്‍ശനിലെ അഭിനയകാലം
പതിനെട്ടാമത്തെ വയസ്സിലാണ് അഭിനയിച്ചു തുടങ്ങുന്നത്. നടി വീണാനായര്‍ എന്റെ ചേച്ചിയുടെ സുഹൃത്തായിരുന്നു. വീണ ചേച്ചിയുടെ അനിയത്തിയായി, ദൂരദര്‍ശനിലെ ‘ശ്യാമാംബരം’ സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചെറുപ്പത്തിലൊക്കെ സിനിമാനടിയാവണമെന്ന് ഞാന്‍ പറയാറുണ്ടെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, അഭിനയിക്കണമെന്ന് എന്റെ മനസ്സില്‍പോലുമുണ്ടായിരുന്നില്ല. നൃത്തവും മോണോ ആക്ടുമായിരുന്നു എനിക്കിഷ്ടം. നാടകത്തിലഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കിലും നൃത്തത്തിലായിരുന്നു എന്റെ ശ്രദ്ധ. ഡിഗ്രി ചെയ്തത് തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജിലാണ്. കേരള സര്‍വകലാശാലയുടെ ഡ്രാമ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കോളേജില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു. സീരിയലില്‍ അഭിനയിക്കുന്നതുകൊണ്ട് എന്നോടും ഓഡിഷനില്‍ പങ്കെടുക്കാന്‍ സീനിയേഴ്‌സ് പറഞ്ഞു. ഞാനത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. അന്ന് ചെയ്ത ആ നാടകത്തിന് രണ്ടാം സമ്മാനവും മികച്ച നടിയായി എന്നെയും തിരഞ്ഞെടുത്തു. രണ്ടാം വര്‍ഷവും മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് അഭിനയം തലയ്ക്കുപിടിക്കുന്നത്. എല്ലാ നാടകമത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. അന്ന് ഞങ്ങളുടെ കൂടെ മത്സരിച്ചവരെല്ലാം ഇന്ന് ഈ രംഗത്തെ മികച്ച ആര്‍ട്ടിസ്റ്റുകളാണ്.
കേരളത്തിലെ ഒരേയൊരു വിമന്‍സ് തിയേറ്ററാണ് തിരുവനന്തപുരത്തെ നിരീക്ഷ. അവിടെ നാടകങ്ങള്‍ ചെയ്തുകൊണ്ടിരിക്കെയാണ് വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് തിയേറ്റര്‍ ആര്‍ട്‌സില്‍ പിജി ചെയ്യുന്നത്. സര്‍വകലാശാല ദേശീയ മത്സരങ്ങളിലൊക്കെ അഞ്ചാറ് വര്‍ഷം സ്ഥിരമായി പങ്കെടുത്തിരുന്നു. പിന്നീട് നടനായ അരുണ്‍ എം.ജെ.മോഹന്‍(സ്‌നേക്ക് അരുണ്‍) ചേട്ടന്‍ വഴി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സിലെത്തി. ഒരു എപ്പിസോഡില്‍ അതിഥിയായി നാദിര്‍ഷ്‌ക്ക വന്നു. അങ്ങനെയാണ് 'കേശു ഈ വീടിന്റെ നാഥന്‍' സിനിമയിലേക്ക് എനിക്ക് അവസരം കിട്ടിയത്. 'ഡിവോഴ്‌സ്' സിനിമയിലേക്ക് സംവിധായക മിനി ചേച്ചി വിളിച്ചതും ആ പരിപാടി കണ്ടിട്ടാണ്. അവിടുന്നങ്ങോട്ട് വിവിധ ചാനലുകളിലെ കോമഡി റിയാലിറ്റിഷോകളില്‍ ഞാന്‍ സജീവമായി. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം ഷോയിലെ 'സുനി-ചന്ദ്രി' ക്യാരക്ടര്‍ കോമ്പോ ഹിറ്റായതോടെ കരിയറില്‍ ഉയര്‍ച്ചയുണ്ടായി.
ആത്മവിശ്വാസവും കഠിനാധ്വാനവും മുതല്‍ക്കൂട്ട്
ഇന്നുവരെ ഞാന്‍ കലയില്‍ കള്ളം കാണിച്ചിട്ടില്ല. അത്രയും ആത്മാര്‍ഥമായിട്ടാണ് ഓരോ വേദികളിലും പെര്‍ഫോം ചെയ്തത്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോഴും ആ അവശതകളൊന്നും എന്റെ മനസ്സിനെയോ പ്രകടനത്തെയോ ബാധിക്കാറില്ല. ഞാനത് ശ്രദ്ധിക്കാറില്ല. അഭിനയം പാഷനാണ്. എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം കൂടെ നില്‍ക്കാന്‍ കുടുംബവുമുണ്ട്. വളരെ മോശമായൊരു ഡിപ്രഷന്‍ കാലമുണ്ടായിരുന്നു എനിക്ക്. നാല് കുട്ടികള്‍ നഷ്ടപ്പെട്ട ആളാണ് ഞാന്‍. നാല് തവണ അബോര്‍ഷനിലൂടെ കടന്നുപോയി. അത് വല്ലാത്തൊരു അവസ്ഥയാണ്. അവിടെ നിന്നും ഇന്ന് കാണുന്ന അശ്വതിയിലേക്ക് എന്നെ എത്തിച്ചത് ഭര്‍ത്താവ് കിഷോറാണ്. എന്നോട് ഇന്നുവരെ കുഞ്ഞ് ഉണ്ടാവണമെന്നും അതിന് എന്തുകൊണ്ട് ശ്രമിച്ചുകൂടാ, ഇങ്ങനെ മാത്രം നടന്നാല്‍ മതിയോ എന്നൊന്നും പറഞ്ഞിട്ടില്ല. അവസാനത്തെ അബോര്‍ഷന് ശേഷം അദ്ദേഹമായിട്ട് എന്നോട് കുഞ്ഞിന്റെ കാര്യത്തെപ്പറ്റി സംസാരിച്ചിട്ടേയില്ല. ഞാനാണ് ഇനിയും ചികിത്സ വേണമെന്ന് പറയാറുള്ളത്. നീ ഓക്കെയാണെങ്കില്‍ മാത്രംമതിയെന്നാണ് അദ്ദേഹം പറയാറുള്ളത്. ഓരോ അബോര്‍ഷന്‍ നടക്കുമ്പോഴും വളരെയധികം വിഷമത്തിലാകും ഞാന്‍. അപ്പോഴൊക്കെ സങ്കടം മറക്കാന്‍ എന്നപോലെ കരിയറില്‍ ഒരു സന്തോഷം ദൈവം തരും. മനസ്സിനെ വഴിതിരിച്ചുവിടും. ഒരുപക്ഷേ, ഈ വിഷമഘട്ടങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടും ഞാന്‍ പിടിച്ചുനില്‍ക്കുന്നത് കലയോടുള്ള സ്‌നേഹം കൊണ്ടാവാം. കിഷോര്‍ ഫോട്ടോഗ്രാഫറാണ്. അച്ഛന്‍ ചന്ദ്രന്‍. അമ്മ അനിത നൃത്ത അധ്യാപികയാണ്. നൃത്തത്തിലെ എന്റെ ആദ്യ ഗുരു അമ്മ തന്നെയാണ്. ചേച്ചി അശ്വിനി ചന്ദ് സ്മൃതി ഡാന്‍സ് ആന്റ് മ്യൂസിക് അക്കാദമി നടത്തുന്നു.
വരുന്നുണ്ട്, വാഴ-2
നല്ല നടിയാവുക എന്നതിലപ്പുറം വലിയ ആഗ്രഹങ്ങളൊന്നുമില്ല. വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകള്‍ ചെയ്യണം. അത് എന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്താനാണ്. മറ്റുള്ളവരെ കാണിക്കാനല്ല. നടി എന്ന നിലയില്‍ ഞാന്‍ അറിയപ്പെടുമ്പോള്‍ വൈവിധ്യങ്ങളായ വേഷങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് തെളിയിക്കണം. എന്റെ അഭിനയത്തെ ഞാന്‍ വിലയിരുത്താറുണ്ട്. വിമര്‍ശിക്കാറുമുണ്ട്. അഭിനയത്തിലെ തെറ്റുകള്‍ തിരുത്താനും മെച്ചപ്പെടുത്താനുമാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്നെ ആദ്യമായിട്ട് നാടകത്തില്‍ അഭിനയിപ്പിക്കുന്നത് ജിജി കലാമന്ദിര്‍ (ജിജികുട്ടന്‍) മാഷാണ്. എനിക്ക് അഭിനയിക്കാന്‍ പറ്റുമെന്ന് തെളിയിച്ചുതന്നത് അദ്ദേഹമാണ്. 'വ്യസനസമേതം ബന്ധുമിത്രാദികള്‍' കണ്ട് അഭിനന്ദനങ്ങളറിയിച്ച മാഷിനോടും ആദ്യം ഞാന്‍ പറഞ്ഞത് അഭിനയിച്ചതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ്. ടൈപ്കാസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യമില്ല. ഒരിക്കല്‍ അമ്മ വേഷം ഹിറ്റായാല്‍ പിന്നീട് എല്ലാ സിനിമകളിലും അമ്മ വേഷത്തിന് വിളിക്കുമല്ലോ. നാളെ അനശ്വരയെ പോലുള്ള ആര്‍ട്ടിസ്റ്റിന്റെ ചേച്ചിയായി അഭിനയിക്കാന്‍ പറ്റണം, മുത്തശ്ശിയായും ചെയ്യാന്‍ പറ്റണം. എനിക്ക് 35 വയസ്സേയുള്ളൂ. എന്നാല്‍ പ്രായമല്ല, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായി നമ്മുടെ മനസ്സും ഉടലും വഴങ്ങണം. നായകന്റെ അമ്മയും പെങ്ങളും കുഞ്ഞമ്മയുമൊക്കെ ആവാന്‍ സാധിക്കണം. നമ്മളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കണം. ഇപ്പോള്‍ ‘വാഴ-2’ലാണ് അഭിനയിക്കുന്നത്. അതില്‍ ഹാഷിറിന്റെ ഉമ്മയായിട്ടാണ് അഭിനയിക്കുന്നത്. മലയാളം കടന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കണം. എല്ലാ കഥാപാത്രങ്ങളും വഴങ്ങുന്നൊരു നടിയാകാനാണ് ആഗ്രഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: aswathy turned her struggles into strength and rose with confidence
Published: 20 Jun 2025, 03:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented