''സാബ് ജീ... ഇനി പോയാല്‍ അപകടമാണ്. ഈ മരണത്തണുപ്പില്‍ മുന്നോട്ട് പോകരുത്...നിങ്ങള്‍ മരിച്ചുപോയേക്കാം...''
മദന്‍ പറഞ്ഞുകൊണ്ടേയിരുന്നു.
മഞ്ഞില്‍ മരണം പതിയിരിക്കുന്ന അന്നപൂര്‍ണ സര്‍ക്ക്യൂട്ടിലേക്ക് നടന്നുകയറുമ്പോള്‍ അസ്ലമിന് തിരിച്ചുവരുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അരുതെന്ന് ആയിരം തവണ നിരവധിപേര്‍ വിലക്കിയിട്ടും അയാള്‍ അതിസാഹസികതയിലേക്ക് കാലെടുത്തുവെച്ചു. കാലിടറുന്ന കൊടുംതണുപ്പിലും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നിലേക്കുള്ള ആ യാത്രയെ അയാള്‍ക്ക് മാറ്റിവെക്കാന്‍ ആകുമായിരുന്നില്ല. ഉയരങ്ങളോട് അതിയായ ക്രേസുള്ള ആ ചെറുപ്പക്കാരനെ അന്നപൂര്‍ണയുടെ തലപ്പൊക്കം മാടിവിളിച്ചുകൊണ്ടിരുന്നു.
ട്രക്കിങ് വിദഗ്ധരുടെ അഭിപ്രായത്തില്‍ ഏറ്റവും അപകടം നിറഞ്ഞ പര്‍വ്വതനിരകളില്‍ ഒന്നാണ് അന്നപൂര്‍ണ സര്‍ക്ക്യൂട്ട്. നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ ട്രക്കിങിന് പോകുന്ന മൂന്നില്‍ രണ്ട് പേര്‍ മാത്രമേ തിരിച്ചുവരാന്‍ സാധ്യതയുള്ളൂ. അവര്‍ക്ക് തന്നെ കൈകാല്‍ വിരലുകള്‍ നഷ്ടമായിട്ടുണ്ടാകും.
അന്നപൂര്‍ണ്ണ സര്‍ക്യൂട്ട് കാഠ്മണ്ഡുവില്‍ തുടങ്ങി പൊക്കാറയില്‍ അവസാനിക്കുന്നു. അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് ബസിസാഹര്‍, ധാരാപാനി, ചാമേ, പിസംഗ് വില്ലേജ്, മനാംഗ്, ശ്രീഗര്‍ഗ, തിലിച്ചോ ബേസ് ക്യാമ്പ് എന്നിവ. തിലിച്ചോ തടാകം ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4919 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
ബേസ് ക്യാമ്പില്‍ നിന്നും തിലിച്ചോ തടാകത്തിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതാണ്. മണ്ണിടിച്ചില്‍ എപ്പോഴുമുള്ള റിസ്‌ക് പ്ലേസ് ആണിത്. 800 മീറ്റര്‍ ദൂരമുള്ള, ഈ പ്രദേശം രണ്ട് തവണ കവര്‍ ചെയ്തു എത്തുന്നത് യാഖര്‍ഗ എന്ന സ്ഥലത്താണ്.യാഖര്‍ഗയില്‍ നിന്ന് തൊറങ് ഫേടിയിലേക്ക്. തുടര്‍ന്ന് തൊറങ്‌ലാപ്പാസ്. ഇതിന് സമുദ്രനിരപ്പില്‍ നിന്നും 5416 മീറ്റര്‍ ആണ് ഉയരം. ഈ അന്നപൂര്‍ണ സര്‍ക്യൂട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് തൊറങ്‌ലാപ്പാസ്.
ചെങ്കുത്തായ ഈ മലനിരകളിലൂടെയുള്ള യാത്ര അതീവ ദുഷ്‌ക്കരമാണ്. എപ്പോള്‍ വേണമെങ്കിലും കഠിനമായ ഹിമപാതവും അതുപോലെ മണ്ണിടിച്ചിലും സംഭവിച്ചേക്കാം. ജീവന്‍ അപകടപ്പെടാന്‍ സാധ്യതകളേറെ... മാര്‍ച്ച് മാസത്തില്‍ അന്നപൂര്‍ണ കയറുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണ്. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍ യാത്രയെ ബുദ്ധിമുട്ടിലാഴ്ത്തും. പക്ഷേ, അസ്ലം തന്റെ സാഹസികയാത്രയ്ക്ക് വേണ്ടിത്തിരഞ്ഞെടുത്തത് 2023 മാര്‍ച്ച് മാസം ആയിരുന്നു.
അസ്ലം പറയുന്നു, ''മാര്‍ച്ച് ഒന്നിനാണ് ട്രക്കിംഗ് തുടങ്ങിയത്. മുഴുവന്‍ സമയവും മഞ്ഞുവീഴ്ചയുള്ള കാലമാണത്.അതുകൊണ്ടുതന്നെ മഞ്ഞിലൂടെയുള്ള ട്രക്കിംഗ് വളരെയേറെ ദുഷ്‌കരമാണ്.ഉയര്‍ന്ന വില്ലേജുകളില്‍ താമസിക്കുന്നവര്‍ ആ സമയത്ത് താഴെ കാഠ്മണ്ഡുവിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ആ ട്രയല്‍ റൂട്ടില്‍ താമസത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യം വളരെ കുറവായിരുന്നു.''
മുന്നൊരുക്കങ്ങള്‍
എവറസ്റ്റ് ബെയ്‌സ് ക്യാംപിലേക്കുള്ള യാത്രയില്‍തന്നെ അന്നപൂര്‍ണ സര്‍ക്യൂട്ട് ചുറ്റിവരണമെന്ന് എറണാകുളം സ്വദേശിയായ അസ്ലം മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഖത്തറില്‍ ഫിഫ വേള്‍ഡ് കപ്പിനു വേണ്ടി ജോലി ചെയ്യുമ്പോഴും അന്നപൂര്‍ണയെ കുറിച്ചുള്ള നിരന്തരമായ പഠനത്തില്‍ അസ്ലം ഏര്‍പ്പട്ടു. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ട്രക്കിങിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുകൊണ്ട് അസ്ലം പോസ്റ്റ് ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല. അവസാനം കിട്ടിയ മറുപടി അന്നപൂര്‍ണ അപകടം പിടിച്ച പര്‍വ്വതനിരയാണ് എന്നും അത് കീഴടക്കാന്‍ ആരും ശ്രമിക്കരുത് എന്നുമായിരുന്നു. പക്ഷേ, ഉള്ളില്‍ കെടാതെ കത്തുന്ന ആവേശത്തെ കൈവിടാന്‍ അസ്ലം ഒരുക്കമായിരുന്നില്ല.
അന്നപൂര്‍ണയെ കുറിച്ച് പഠിക്കുന്നതിനൊപ്പംതന്നെ അതിനുവേണ്ട ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ അസ്ലം നടത്തിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് അഞ്ചു കിലോമീറ്ററുകളോളം നടക്കുമായിരുന്നു. ഇന്ത്യയിലെ ഉത്തരാഖണ്ഡിലുള്ള കേദാര്‍കന്ധ ട്രക്കിങ്ങും ദക്ഷിണേന്ത്യയില്‍ മറ്റനവധി ട്രക്കിങ്ങുകളും ചെയ്ത ശേഷമാണ് നേപ്പാളിലേക്ക് പോയത്.
യാത്രയില്‍ വഴികാട്ടിയായി ലഭിച്ച മദനൊപ്പം നടക്കുമ്പോള്‍, മനാംഗില്‍ വെച്ച് ബൈനോക്കുലറുമായി പര്‍വ്വതത്തിലേക്ക് നോക്കിനില്‍ക്കുന്ന ഒരു വൃദ്ധനെ അസ്ലം കണ്ടു,
മോനേ, നാല് ദിവസം മുന്‍പ് ഒരു ബംഗാള്‍ സ്വദേശി പര്‍വ്വതത്തിലേക്ക് പോയിരുന്നു. പക്ഷേ, ഇത് വരെ തിരിച്ചത്തിയിട്ടില്ല. അയാള്‍ മരണപ്പെട്ടു എന്നാണ് തോന്നുന്നത്. വൃദ്ധന്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. മരവിപ്പോടെ കേട്ടുനില്‍ക്കാനെ അസ്ലമിന് കഴിഞ്ഞുള്ളൂ.
ശ്രീഗര്‍ഗയിലെത്തിയപ്പോള്‍ അന്നപൂര്‍ണയില്‍ അതികഠിനമായ മഞ്ഞുവീഴ്ചയുണ്ടെന്ന് പോലീസ് വിവരം അറിയിച്ചു. പിന്നീടും യാത്ര തുടരുകയായിരുന്നു. ഇടിഞ്ഞുകിടക്കുന്ന മലഞ്ചെരിവിലൂടെ യാത്ര തുടരുമ്പോള്‍ മഥന്‍ പറഞ്ഞു, 800 മീറ്ററില്‍ എവിടെയെങ്കിലും കാല് പിഴച്ചാല്‍ കൊക്കയിലേക്ക് വീഴും എന്നുറപ്പാണ്. അത്രത്തോളം അപകടകരമായ യാത്ര തുടങ്ങുമ്പോള്‍ മണ്ണിടിച്ചില്‍ ആരംഭിച്ചിരുന്നു. മുന്നോട്ടേക്ക് പോകുംതോറും മഞ്ഞുവീഴ്ച്ച കൂടിവന്നു. ആദ്യം കിലിച്ചോ ബെയ്‌സ് ക്യാമ്പിലെത്തി. മുന്നോട്ടുണ്ടായിരുന്നത് അതികഠിനമായ ദൂരമായിരുന്നു. 4000 ത്തിലധികം മീറ്ററുകള്‍ ഇനിയും താണ്ടേണ്ടതുണ്ട്. നന്നേ ഓക്‌സിജന്‍ കുറഞ്ഞ മേഖലയുമാണിത്.
മഞ്ഞില്‍ പൊതിഞ്ഞ കാലുകള്‍ കൊണ്ട് വേച്ച് വേച്ച് നടക്കുമ്പോഴാണ് പിന്നില്‍ നിന്നും അതിഭയങ്കരമായ ഒരു നിലവിളി കേട്ടത്. ദുര്‍ഘടമായ പാതയില്‍ കാല് കുടുങ്ങിനില്‍ക്കുന്ന ജപ്പാന്‍ സ്വദേശി കരഞ്ഞുവിളിച്ചു...ഹെല്‍പ്പ്...ഹെല്‍പ്പ്...
മണ്ണിടിയാന്‍ പോകുകയാണെന്ന സത്യം അസ്ലമും സഹായി മദനും മനസ്സിലാക്കി. പക്ഷേ, സഹായിക്കാന്‍ തുനിയുന്നവരെക്കൂടി മരണം കൊണ്ടുപോയേക്കാവുന്ന അവസ്ഥ. കാല്‍വെപ്പിലെ ചെറിയ അശ്രദ്ധപോലും ജീവനെ കൊക്കയിലേക്ക് മറിച്ചിട്ടേക്കാം. പക്ഷേ അയാളെ മരണത്തിന് വിട്ടുകൊടുക്കാന്‍ അസ്ലമിനും മദനും തോന്നിയില്ല. കാത്തിരിക്കാന്‍ സമയമില്ലായിരുന്നു. ഇടുങ്ങിയ പാതയില്‍ നിന്ന് ആ മനുഷ്യനെ അവര്‍ വലിച്ച് പുറത്തെടുത്തു. എന്നാല്‍ അതോടുകൂടി വഴി ഇടിഞ്ഞു. ഇനി വരുന്ന യാത്രികര്‍ക്ക് അവിടെ പാതയില്ല. മഞ്ഞില്‍ പൊതിഞ്ഞ പ്രതലത്തില്‍ അവര്‍ക്ക് വഴി തെറ്റിയേക്കാം. ബാഗും വാക്കിങ് സ്റ്റിക്കും ഉപേക്ഷിച്ച് അവര്‍ ആ പ്രതലത്തില്‍ ഷൂ കൊണ്ട് ഉരച്ച് നടന്നു. താല്‍ക്കാലികമെങ്കിലും പുതിയ ഒരു പാത നിര്‍മ്മിക്കാന്‍ ...യാക്കര്‍ഗയിലെത്തുമ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പോലീസിന്റെ മുന്നറിയിപ്പ് അവിടെയും ലഭിച്ചു. കഠിനമായ മഞ്ഞുവീഴ്ചയുണ്ട്, മുന്നോട്ട് പോകരുത്.
എന്നിട്ടും ഉള്ളിലെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ആ മനുഷ്യന്‍ തന്റെ യാത്ര തുടര്‍ന്നു. മരണത്തെ മുഖാമുഖം കണ്ടു. വഴുക്ക് നിറഞ്ഞ പ്രതലങ്ങളിലൂടെ കൊടുംതണുപ്പിനെ വകവെക്കാതെ അയാള്‍ നടന്നു. മരണത്തിന്റെ മുനമ്പുകളില്‍ അഭിനിവേശത്തിന്റെ തീവ്രത അയാള്‍ക്ക് കൂട്ടായെത്തി. പര്‍വ്വതാരോഹകരെ ബാധിക്കാനിടയുള്ള ആള്‍റ്റിറ്റിയൂട് മൗേൈണ്ടന്‍ സിക്ക്‌നെസ്് ശരീരത്തെ ആക്രമിച്ചപ്പോഴും അസ്ലം പിന്തിരിയാന്‍ തയ്യാറായില്ല. കാലുകള്‍ നീരുവന്നു വീര്‍ത്തു, വിജനമായ മഞ്ഞുപാതകളിലൂടെ അയാള്‍ തന്റെ ആശ കൈവിടാതെ നടന്നു. യാത്രയുടെ പതിമൂന്നാം ദിവസം അയാള്‍ തന്റെ സ്വപ്‌നത്തിന് മുകളില്‍ വിജയമുദ്രയുമായി നിന്നു, പൂര്‍ണമായും അന്നപൂര്‍ണ സര്‍ക്യൂട്ട് വലം വെച്ചു.
അതൊരു റെക്കോര്‍ഡ് യാത്ര കൂടിയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അന്നപൂര്‍ണ ട്രെക്കിങ് പൂര്‍ത്തിയാക്കിയ വ്യക്തി എന്ന നിലയില്‍ അസ്ലം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. നേപ്പാളിലെ ലബുച്ചേ പീക്കും ഐലന്‍ഡ് പീക്കും ആണ് അസ്ലമിന്റെ അടുത്ത ലക്ഷ്യം. 2026 ല്‍ ഈ രണ്ടു പീക്കും തുടര്‍ച്ചയായി കയറണം എന്നാണ് ആഗ്രഹിക്കുന്നത്.
എടവനക്കാട് തട്ടാരത്ത് അബ്ദുല്‍ ഖാദറിന്റെയും വഹീദയുടെയും മകനാണ അസ്ലം. നൊമി റിസ് വാനയാണ് ജീവിതപങ്കാളി. അഹമ്മദ് സയാന്‍ മകനാണ്. എറണാകുളം 3S ടെക്നോളജീസ് ആന്റ് ഓട്ടോമേഷൻ കമ്പനിയില്‍ റീജിയണല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: life story of Aslam, who commpleted Annapurna Circuit trek in a record days, setting an India Book of Records.
Published: 16 Aug 2025, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented