കോവിഡ് മഹാമാരിയുടെ കാലത്താണ് അമിതാഭ് ബച്ചന്റെ അപരൻ ശശികാന്ത് പെഡ്‌വാൾ പ്രശസ്തനാവുന്നത്. ബച്ചനുമായുള്ള രൂപസാദൃശ്യം രോഗികളെ പ്രചോദിപ്പിക്കാനും അതുവഴി അവരെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്തതിലൂടെയാണ് ശശികാന്ത് ശ്രദ്ധിക്കപ്പെട്ടത്. 

കുറച്ച് മാസങ്ങൾക്ക് മുമ്പ്, പ്രേമാനന്ദ് മഹാരാജ് ശശികാന്ത് പെഡ്‌വാളിനെ കാണുന്ന ഒരു വീഡിയോ വൈറലായിരുന്നു. മഹാമാരിക്കാലത്ത് രോഗികളെ സഹായിച്ചതിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വീഡിയോയിൽ, ബച്ചന്റെ ശബ്ദം അനുകരിക്കുന്ന പെഡ്‌വാൾ, താൻ ബിഗ് ബിയായി വേഷം ധരിച്ചതായി മഹാരാജിനോട് പറഞ്ഞു.

"കോവിഡ് വന്നപ്പോൾ പലരും ദുരിതത്തിലായിരുന്നു. രോഗം മൂർച്ഛിച്ചവർക്ക് തങ്ങൾ ഏതുനിമിഷവും മരിക്കുമെന്ന് തോന്നി. അവർ ഭയപ്പെട്ടു. ആ ഭയം ഇല്ലാതാക്കാൻ ഞാൻ സഹായിച്ചു. ഞാൻ അമിതാഭ് ബച്ചനാണെന്ന് പറഞ്ഞില്ല, പക്ഷേ അവർ കരുതിയത് ഞാൻ അദ്ദേഹമാണെന്നാണ്. എനിക്ക് അസുഖം വന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അന്ന് രാജ്യം മുഴുവൻ എനിക്കായി പ്രാർഥിച്ചുവെന്നും ഞാനവരോട് പറഞ്ഞു. ഇന്ന് നിങ്ങൾക്ക് അസുഖമാണ്, ഞാൻ നിങ്ങൾക്കായി പ്രാർഥിക്കും. വിഷമിക്കേണ്ടതില്ല. നാലഞ്ച് ദിവസത്തിനുള്ളിൽ അവർക്ക് പ്രചോദനം ലഭിക്കുകയും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനുശേഷം, ഞാൻ ആശുപത്രിയിൽ പോയി കാൻസർ രോഗികൾക്ക് കവിതകൾ ചൊല്ലിക്കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവർക്ക് സന്തോഷമാകുന്നു. എന്റെ ജീവിതകാലം മുഴുവൻ ആളുകളെ സന്തോഷിപ്പിക്കണം, അതാണ് ഇപ്പോഴെന്റെ ലക്ഷ്യം."-അദ്ദേഹം പറഞ്ഞു.

പ്രേമാനന്ദ് മഹാരാജ് ശശികാന്തിനെ അഭിനന്ദിച്ചു. മറ്റുള്ളവർക്ക് സന്തോഷം നൽകുന്നത് ഏറ്റവും വലിയ പുണ്യമാണ്. ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയില്ല, അതിനാൽ അവിടുന്ന് നിങ്ങളെപ്പോലുള്ള ആളുകളെ ഈ ജോലി ഏൽപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തോടു പറഞ്ഞു.

52-കാരനായ ശശികാന്ത് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi