ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബെഹന്‍ജി എന്നറിയപ്പെടുന്ന ഏക നേതാവാണ് കുമാരി മായാവതി. ദളിത് രാഷ്ട്രീയത്തിന്റെ മുഖം. നാല് വട്ടം ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായ മായാവതിയാണ് ഉത്തര്‍പ്രദേശില്‍ കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രി. ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തില്‍ ഒമ്പത് മക്കളില്‍ ഒരാളായിട്ടാണ് മായാവതിയുടെ ജനനം. പല സംഘര്‍ഷങ്ങളിലൂടെ കടന്നുപോയാണ് അവര്‍ ഭരണത്തിന്റെ തലപ്പത്തെത്തിയത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദങ്ങള്‍ മായാവതിയെ വിടാതെ പിന്തുടര്‍ന്നിരുന്നു. പക്ഷേ, മായാവതിയ്ക്ക് മുന്‍പും ശേഷവും വന്ന സര്‍ക്കാരുകളെക്കാള്‍ ഉത്തര്‍പ്രദേശില്‍ സമാധാനം പുലര്‍ന്നത് അവരുടെ ഭരണകാലത്താണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കാര്യമായി കുറഞ്ഞിരുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷകളാണ് മായാവതി സര്‍ക്കാര്‍ കൊണ്ടുവന്നത്. 2010-ല്‍ അയോധ്യ കേസ് സുപ്രീം കോടതി പരിഗണിക്കാനെടുത്തപ്പോള്‍ സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താനും മായാവതിക്ക് കഴിഞ്ഞു.

1995-ലാണ് മായാവതി ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. കേവലം നാല് മാസത്തെ ഭരണം. 1997-ല്‍ അതേ കസേരയില്‍ തിരിച്ചെത്തിയപ്പോള്‍ മായാവതി കുറേക്കൂടി ശക്തയായിരുന്നു. ഭരണസൗകര്യത്തിനായി പുതിയ ജില്ലകള്‍ സൃഷ്ടിച്ചു. ഉത്തരവാദിത്തത്തില്‍ അലംഭാവം കാട്ടിയ നിരവധി ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടികളെടുത്തു. സംസ്ഥാനത്ത് പലയിടത്തും അംബേദ്കറുടെ പ്രതിമകള്‍ സ്ഥാപിച്ചു.
മൂന്നാമൂഴത്തില്‍ മായാവതി അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പടവാളെടുത്തു. ജില്ലാ മജിസ്ട്രേറ്റുമാരടക്കം 12 ഉന്നത ഐ.എ. എസ് ഓഫീസര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഐ.പി.എസ് ഓഫീസര്‍മാര്‍ക്കെതിരെയും നടപടിയുണ്ടായി. ചിലര്‍ക്കൊക്കെ താക്കീത് കിട്ടി. ഗൗതമ ബുദ്ധ സര്‍വകലാശാല സ്ഥാപിക്കുന്നതും മൂന്നാം വട്ടം മുഖ്യമന്ത്രിയായപ്പോഴാണ്.
നാലാമൂഴത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. പോലീസ് നിയമനത്തിലെ ക്രമക്കേട് കണ്ടെത്തിയ മായാവതി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ നിയമിതരായവര്‍ക്ക് ജോലി നഷ്ടമായി. വികസനമെത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയുമെത്തിക്കാന്‍ മായാവതി സര്‍ക്കാരിന് കഴിഞ്ഞു. സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കി. സ്വന്തം പാര്‍ട്ടിയിലെ ഉമാകാന്ത് യാദവിനെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്തതും മായാവതിക്ക് ഖ്യാതിയായി.
അലഹബാദിലെ 5 mw സോളാര്‍ പവര്‍ പ്ലാന്റ്, ഡല്‍ഹിയെയും ആഗ്രയെയും ബന്ധിപ്പിക്കുന്ന 6 വരി യമുന എക്‌സ്പ്രസ് ഹൈവേ, ഗംഗ എക്‌സ്പ്രസ് വേ, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റി, നോയ്ഡ മെട്രോ, അംബേദ്കര്‍ മെമ്മോറിയല്‍ പാര്‍ക്ക്.... മായാവതിയുടെ നാലാം ഭരണകാലത്ത് തുടക്കമിട്ട പദ്ധതികളും നിര്‍മിതികളും അനവധി.
പക്ഷേ അഴിമതിയുടെ നിഴല്‍ മായാവതിയെയും വിഴുങ്ങി. സാധാരണക്കാരുടെ, പ്രത്യേകിച്ച് ദളിതരുടെ പാര്‍ട്ടിയായ ബി.എസ്.പി സമ്പന്ന പാര്‍ട്ടിയാക്കി മാറ്റുന്നത് മായാവതിയാണ്. മായാവതിയുടെ കുടുംബവും സമ്പന്നരായി. അവരോട് ചേര്‍ന്നുനില്‍ക്കുന്ന നേതാക്കന്മാരും ശക്തരായി. മായാവതിയുടെ അനുയായികള്‍ അവര്‍ക്കായി ആഡംബര പിറന്നാള്‍ പാര്‍ട്ടികളൊരുക്കി. അണികള്‍ക്ക് കൂറ്റന്‍ കേക്കുകളും പലഹാരവിതരണവും. നേതാക്കന്മാര്‍ക്ക് പാര്‍ട്ടി.
താജ്മഹലിന് ചുറ്റും നിര്‍മിതികള്‍ നടത്തുന്നതിന്റെ ഭാഗമായി മായാവതിയും നസീമുദിന്‍ സിദ്ദിഖിയും അഴിമതി നടത്തിയെന്ന ആരോപണം 2002-2003 കാലത്ത് ഉയര്‍ന്നുകേട്ടിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന് കണ്ടെത്തി 2007-ല്‍ സി.ബി.ഐ മായാവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. 2012-ല്‍ സുപ്രീം കോടതി കേസ് തള്ളി. 2013-ല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.

പക്ഷേ, മായാവതിയുടെ പബ്ലിക് ഇമേജില്‍ കളങ്കം വീഴ്ത്തിയത് അവര്‍ സ്ഥാപിച്ച പ്രതിമകളാണ്. ബുദ്ധന്റെയും അംബേദ്കറുടെയും മറ്റ് ചരിത്രപുരുഷന്മാരുടെയും പ്രതിമകള്‍ സ്ഥാപിച്ചതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ തന്റെ രാഷ്ട്രീയ ഗുരുവും സ്വന്തം പാര്‍ട്ടിയുടെ സ്ഥാപകനുമായ കാന്‍ഷിറാമിന്റെ പ്രതിമകള്‍ സ്ഥാപിച്ചപ്പോള്‍ നെറ്റികള്‍ ചുളിഞ്ഞു. ഒരുപടി കൂടി കടന്ന് മായാവതി സ്വന്തം പ്രതിമകള്‍ സ്ഥാപിച്ചു. ഖജനാവില്‍ നിന്ന് പണമൊടുക്കി സ്വന്തം അതികായപ്രതിമകള്‍ നാടിന്റെ നാനാഭാഗത്ത് സ്ഥാപിച്ചത് വ്യാപക എതിര്‍പ്പിലേക്ക് വഴിതെളിച്ചു. 2010-ല്‍ ഈ പ്രതിമകളുടെ സംരക്ഷണത്തിനായി സ്പെഷ്യല്‍ പോലീസിനെ നിയോഗിച്ചതും മായാവതിക്ക് വിനയായി.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും ബി.എസ്.പിക്ക് നേടാനായില്ല. 2019-ല്‍ 10 സീറ്റ് നേടിയെങ്കിലും 2024-ല്‍ വീണ്ടും പൂജ്യത്തിലേക്ക് മടങ്ങിപ്പോയി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.എസ്.പിയുടെ വോട്ടുകള്‍ കുറയുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് മായാവതി ഏറെക്കുറെ അപ്രസക്തയായിക്കഴിഞ്ഞു. എങ്കിലും ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് അവരുടെ അനുയായികള്‍ കരുതുന്നു.
Content Highlights: allegations against mayawati
Published: 15 Jan 2025, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented