സുഷമ സ്വരാജ് എന്ന നേതാവിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് സൗമ്യമായ ചിരിയും നെറ്റിയിലെ വലിയ ചുകപ്പ് വട്ടപ്പൊട്ടുമാണ്. തന്റെ ഇരുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ സുഷമയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. സൗഹാര്‍ദ്ദത്തോടെയുള്ള ഇടപെടലും ശാന്തമായ സംസാരവും ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്‌കൃതത്തിലുമുള്ള വഴക്കവും സുഷമയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിര ഗാന്ധിക്ക് ശേഷം ഉയര്‍ന്നുവന്ന വനിതാനേതാക്കളില്‍ മുന്‍നിരയിലാണ് സുഷമയുടെ സ്ഥാനം. ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷമ. ഇന്ദിരയ്ക്ക് ശേഷം വിദേശകാര്യ വകുപ്പ് മന്ത്രിയായ ആദ്യ വനിതയും സുഷമ തന്നെ. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം വിദേശകാര്യ വകുപ്പ് തുടര്‍ച്ചയായി കൈകാര്യം ചെയ്ത ഏക നേതാവും സുഷമയാണ. 

placeholder
ആര്‍.എസ്.എസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് സുഷമയുടെ ജനനം. സുപ്രീംകോടതി അഭിഭാഷകയായി തിളങ്ങിയ കാലത്ത് അവരുടെ രാഷ്ട്രീയ ചായ്വ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് സുഷമ ജനതാ പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 

തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ സുഷമ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. മന്ത്രിയുമായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി എന്ന പദവി നേടി. രണ്ടു വര്‍ഷംകൊണ്ട്, ഇരുപത്തിയേഴാം വയസ്സില്‍ ഹരിയാനയിലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി. പിന്നീട് രാജ്യസഭയിലേക്കും ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് അല്‍പകാലത്തേക്ക് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

placeholder
സുഷമ സ്വരാജ്, അടൽ വാജ്‌പേയ് /AFP

അടല്‍ ബിഹാരി വാജ്‌പേയിയുടെ നാല് മന്ത്രിസഭകളിലും സുഷമ അംഗമായിരുന്നു. മൂന്നുവട്ടം ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് കൈകാര്യം ചെയ്തു. കുടുംബക്ഷേമ വകുപ്പും പാര്‍ലമെന്ററികാര്യം വകുപ്പും ഭരിച്ചു. 2009-2014 കാലത്ത് ലോകസഭയുടെ പ്രതിപക്ഷനേതാവായിരുന്നു സുഷമ സ്വരാജ്. നരേന്ദ്രമോദിയുടെ ഭരണകാലത്ത് ആദ്യം ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്ന വകുപ്പിന്റെ ചുമതല സുഷമയ്ക്ക്  കിട്ടിയിരുന്നു. അതോടൊപ്പം വിദേശകാര്യ വകുപ്പും. 

സൂപ്പര്‍ മോം
രാജ്യം കണ്ട ഏറ്റവും ദയാലുവായ മന്ത്രിയായിട്ടാണ് സുഷമ വിലയിരുത്തപ്പെടുന്നത്. സോഷ്യല്‍മീഡിയയെ ഏറ്റവും ഫലപ്രദമായി ജനസേവനത്തിന് ഉപയോഗിച്ച രാഷ്ട്രീയനേതാവും അവര്‍ തന്നെ. പാകിസ്ഥാനില്‍ നിന്നുള്ള രോഗികള്‍ക്ക് ഇന്ത്യയില്‍ ചികിത്സയ്ക്ക് വിസ അനുവദിക്കാന്‍ സുഷമ എടുത്ത തീരുമാനം എല്ലാ പാര്‍ട്ടികളുടെയും അംഗീകാരം നേടിയിരുന്നു. ഫിലിപ്പീന്‍സില്‍ വെച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി, ജര്‍മനിയില്‍ വെച്ച പേഴ്സ് കളഞ്ഞുപോയ മറ്റൊരു ഇന്ത്യക്കാരന്‍... സാമൂഹ്യമാധ്യമങ്ങളിലൂടെ മന്ത്രിയുടെ സഹായം നേടിയ ഒരുപാടുപേരുണ്ട്.

placeholder
സുഷമ സ്വരാജ്, നരേന്ദ്ര മോദി/UNI

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പാകിസ്താനിലെത്തിയ മുംബൈ സ്വദേശി ഹമീദ് അന്‍സാരി. ചാരനെന്ന് ആരോപിച്ച പാകിസ്ഥാന്‍ ഭരണകൂടം ഹമീദിനെ ജയിലിലടച്ചു. ജീവിതത്തിലെ ആറുവര്‍ഷം അയാള്‍ക്ക് നഷ്ടമായി. സുഷമ സ്വരാജിന്റെ ഇടപെടലാണ് ഒടുവില്‍ അയാളെ പുറത്തെത്തിച്ചത്. നാട്ടിലെത്തിയ ഹമീദും കുടുംബവും സുഷമയെ ചെന്നുകണ്ടു. അമ്മയെപ്പോലെ സ്‌നേഹത്തോടെയാണ് അവരെന്നോട് പെരുമാറിയതെന്നാണ് ഹമീദ് ഓര്‍ത്തെടുത്തത്. 

2014-ല്‍ ഇറാനിലെ തിക്രിത്, മൊസൂള്‍, ബസ്ര.. തുടങ്ങി ഐസിസ് പിടിച്ചടക്കിയ സ്ഥലങ്ങളില്‍ നിന്ന് ഏറെ പ്രയാസപ്പെട്ട് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. ഒന്ന് പാളിപ്പോയാല്‍ എല്ലാവരുടെയും മരണം ഉറപ്പ്. 42 മലയാളി നഴ്സുമാര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അന്നവരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജിന്റെ ഇടപെടലിനെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 2015-ല്‍ ഇറാനില്‍ പെട്ടുപോയ 9 ഇന്ത്യന്‍ നാവികരെയും അവര്‍ ഇടപെട്ട് തിരിച്ചെത്തിച്ചു.  

2015-ല്‍ അയ്യായിരത്തിലധികം പേരെ യെമനില്‍ നിന്ന് മടക്കിക്കൊണ്ടുവന്ന ഓപ്പറേഷന്‍ റാഹത്തിനിന്റെ തലപ്പത്ത് സുഷമയായിരുന്നു. സൗദിയും യെമനും തമ്മിലുള്ള സംഘര്‍ഷത്തില്‍ പെട്ടുപോയ ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗമാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഒരു യെമന്‍ സ്വദേശിനി കുഞ്ഞിനൊപ്പമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനും സുഷമ മടിച്ചില്ല.

വിവാദങ്ങള്‍

placeholder
സുഷമ സ്വരാജ്,ഉമ്മൻ ചാണ്ടി 

ആപത്കാലത്ത് അന്യദേശങ്ങളില്‍ പെട്ടുപോയ ഇന്ത്യക്കാര്‍ക്ക് സുഷമ രക്ഷകയായിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ സുഷമ ഒരുപാട് വിവാദങ്ങളിലും ഭാഗമായി. ലളിത് മോദി ഇന്ത്യ വിട്ടത് സുഷമയുടെ ഭരണകാലത്തായിരുന്നു. അതിന്റെ പേരില്‍ അവര്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന സുഷമയുടെ പരാമര്‍ശം ഏറെ പഴികേട്ടു. രാജ്യത്തിന്റെ സെക്യുലര്‍ സ്വഭാവം തകര്‍ക്കുന്ന നിലപാടെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും നിരീക്ഷിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഒരു പ്രതി കൈമാറുന്നതിലൂടെ മോദി ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമായി അനൗദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും, നിയമനടപടികള്‍ പിന്നാലെയുണ്ടാകുമെന്നുമായിരുന്നു പ്രസ്താവന. 

അനാരോഗ്യം
2019-ല്‍ സുഷമ സ്വരാജ് വൃക്ക മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആ വര്‍ഷം ലോകസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കും എന്ന് അനുയായികള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണെന്നും പൊടിയും അണുബാധയും ഒഴിവാക്കണമെന്നും പറഞ്ഞ് അവര്‍ മത്സരിച്ചില്ല. 2019  ഓഗസ്റ്റ് 6-ന് ഹൃദയാഘാതം അവരുടെ ജീവനെടുത്തു. മരണശേഷം പദ്മ വിഭൂഷണ്‍ നല്‍കി രാജ്യം സുഷമ സ്വരാജിനെ ആദരിച്ചു.