ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. വെള്ളപ്പൊക്കത്തിൽ മാണ്ഡിയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും അവിടം സന്ദർശിക്കാൻ വൈകിയതിനെത്തുടർന്ന് അവർക്കെതിരേ വ്യാപക വിമർശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ആത്മനിർഭർ ഭാരത് പോഡ്‌കാസ്റ്റിൽ തന്റെ രാഷ്ട്രീയ യാത്രയെപ്പറ്റി മനസ്സു തുറന്നിരിക്കുകയാണ് കങ്കണ. പൊതുസേവനം തനിക്ക് വശമില്ലെന്നാണവരുടെ പക്ഷം.
താൻ രാഷ്ട്രീയം പഠിച്ചെടുക്കുകയാണെന്ന് കങ്കണ പറയുന്നു. "ഞാൻ രാഷ്ട്രീയം ആസ്വദിക്കുന്നുണ്ടെന്ന് പറയില്ല. ഇത് വളരെ വ്യത്യസ്തമായ ഒരു ജോലിയാണ്, കൂടുതൽ സാമൂഹികസേവനം ആവശ്യപ്പെടുന്ന ജോലി. എന്റെ പശ്ചാത്തലം ഇതായിരുന്നില്ല. ആളുകളെ സേവിക്കുന്നതിനെക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല"-കങ്കണ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ദീർഘകാലമായി നിലകൊള്ളുന്ന വ്യക്തിയാണെങ്കിലും ഒരു രാഷ്ട്രീയക്കാരന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെന്ന് അവർ സമ്മതിച്ചു.
"ഞാൻ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയിട്ടുണ്ട്, പക്ഷെ അത് വ്യത്യസ്തമാണ്. ആരുടെയെങ്കിലും ഓട തകർന്നെന്നു പറയുമ്പോൾ ഞാനാലോചിക്കും, 'ഞാനൊരു എംപിയാണ്, ഈ ആളുകൾ പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളുമായി എന്റെ അടുത്തേക്ക് വരുന്നു' എന്ന്. അവരതൊന്നും കാര്യമാക്കുന്നില്ല. തകർന്ന റോഡുകൾ പോലുള്ള പ്രശ്നങ്ങളുമായി അവർ സമീപിക്കും, ഞാനവരോട് പറയും അത് സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്ന്, അപ്പോൾ അവർ പറയും, 'നിങ്ങളുടെ കയ്യിൽ പണമുണ്ട്, സ്വന്തം പണം ഉപയോഗിക്കൂ' എന്ന്."
ഭാവിയിൽ പ്രധാനമന്ത്രിയായി സ്വയം കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്നായിരുന്നു മറുപടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ തനിക്ക് കഴിവുണ്ടെന്ന് കരുതുന്നില്ലെന്നും അതിൽ താത്പര്യമില്ലെന്നും കങ്കണ പറഞ്ഞു. "സാമൂഹിക പ്രവർത്തനം ഒരിക്കലും എന്റെ പശ്ചാത്തലമായിരുന്നില്ല. ഞാൻ സ്വാർഥജീവിതമാണ് നയിച്ചത്. എനിക്കൊരു വലിയ വീട് വേണം, വലിയ കാർ വേണം, വജ്രങ്ങൾ വേണം, സുന്ദരിയായിരിക്കണം. അങ്ങനെയൊരു ജീവിതമാണ് ഞാൻ നയിച്ചത്. എന്തിനുവേണ്ടിയാണ് ദൈവം എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിയില്ല, പക്ഷെ എന്റെ ജീവിതത്തെ ഒരു വലിയ ത്യാഗമായി ഞാൻ കാണുന്നില്ല"-കങ്കണ പറഞ്ഞു. വിവാദങ്ങൾക്കു പിന്നാലെയാണ് കങ്കണയുടെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Jul 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented