അഭിനയപാടവം കൊണ്ടും അഴക് കൊണ്ടും ആലാപനമാധുര്യം കൊണ്ടും ഏറെ ആരാധകരുണ്ട് അദിതി റാവു ഹൈദരിക്ക്. ഫാഷന്‍ റാമ്പുകളിലും അദിതി സജീവമാണ്. ഹൈദരാബാദിലെ പ്രബലമായ ഹൈദരി കുടുംബാംഗമായ അദിതി അമ്മ വഴിയും അച്ഛന്‍ വഴിയും ശരിക്കും റോയല്‍ തന്നെയാണ്.

To advertise here,

അദിതി റാവു ഹൈദരിയുടെ മാതാപിതാക്കള്‍ ഇരുവരും ഹൈദരാബാദിലെ പ്രഭുകുടുംബത്തില്‍ പെട്ടവരാണ്. ഹൈദരാബാദ് മുന്‍ പ്രധാനമന്ത്രി അക്ബര്‍ ഹൈദരിയുടെ ചെറുമകനാണ് അദിതിയുടെ അച്ഛന്‍ അഹ്സന്‍ ഹൈദരി. ഹൈദരാബാദ് നിസാമിന്റെ കീഴിലായിരുന്ന വാനപര്‍ത്തിയിലെ രാജവായിരുന്നു അദിതിയുടെ അമ്മ വിദ്യ റാവുവിന്റെ രണ്ടാനച്ഛന്‍ രാജാ ജെ. രാമേശ്വര്‍ റാവു. രാജാ ജെ. രാമേശ്വര്‍ റാവു വാനപര്‍ത്തിയുടെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു.  

നടന്‍ സിദ്ധാര്‍ത്ഥുമായുള്ള അദിതിയുടെ വിവാഹവും വിവാഹനിശ്ചയവും നടന്നത് വാനപര്‍ത്തിക്കടുത്തുള്ള ശ്രീരംഗപുരം ക്ഷേത്രത്തില്‍ വച്ചാണ്. 2012-ല്‍ തെലുഗു ചിത്രമായ മഹാസമുദ്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.രണ്ടു വര്‍ഷത്തോളം തങ്ങളുടെ പ്രണയം രഹസ്യമാക്കി വെക്കുന്നതില്‍  ഇരുവരും വിജയിച്ചു. ഇവര്‍ക്കിടയിലെ അടുപ്പം പ്രണയമാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളുടെയും ആരാധകരുടെയും ചോദ്യങ്ങളെ സ്‌നേഹപൂര്‍വ്വം അവഗണിക്കുകയായിരുന്നു രണ്ടുപേരും. ഒടുവില്‍ 2023-ല്‍ അദിതിയും സിദ്ധാര്‍ഥും ഒരുമിച്ച് ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ തുടങ്ങി. സിദ്ധാര്‍ഥാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നത്. അദിതിയെ പങ്കാളി എന്ന സിദ്ധാര്‍ഥ് വിശേഷിപ്പിച്ചതോടെ ബന്ധത്തിന് ഒഫീഷ്യല്‍ സ്വീകാര്യതയായി. 

placeholder
ചിത്രം-രമേഷ് വി.

പിന്നാലെയെത്തി വിവാഹനിശ്ചയ വാര്‍ത്ത. ഒടുവില്‍ 2024 സെപ്റ്റംബര്‍ 16-ന് ഇരുവരും വിവാഹിതരായി. അത്യാഡംബരങ്ങളില്ലാതെ, ഉറ്റവര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്. വിവാഹത്തിന് അദിതി തെരഞ്ഞെടുത്ത ട്രഡീഷണല്‍ ലുക്കും ഏറെ പ്രശംസിക്കപ്പെട്ടു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.  

2006-ല്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ അദിതി അഭിനയിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ റോയല്‍ കഥാപാത്രങ്ങളും പെടുന്നു. 2018-ല്‍ പുറത്തുവന്ന സജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിയില്‍ മെഹ്‌റുന്നിസ എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിച്ചത്. ഡല്‍ഹി സുല്‍ത്താനും ഖില്‍ജി രാജവംശത്തിന്റെ സ്ഥാപകനുമായ ജലാലുദ്ദിന്‍ ഖില്‍ജിയുടെ മകളാണ് മെഹറുന്നിസ. പിന്നീട് അലാവുദ്ദിന്‍ ഖില്‍ജിയുടെ ഭാര്യ. ചിത്രത്തിലെ അദിതിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ZEE 5അവതരിപ്പിച്ച താജ് എന്ന വെബ്സീരിസില്‍ അനാര്‍ക്കലിയായും അദിതി തിളങ്ങി. നസ്രുദ്ദീന്‍ ഷായായിരുന്നു സീരീസില്‍ അക്ബര്‍.