
കൈനിറയെ കുപ്പിവളകളും മനോഹരമായ ചിരിയുമണിഞ്ഞാണ് കലാരഞ്ജിനി കടന്നുവന്നത്. സംസാരത്തിനിടയില്‍ ഇടയ്ക്കിടെ ആ കുപ്പിവളകളിലൂടെ വിരലോടിച്ചു. ''ചെന്നൈയില്‍ സന്തോഷി മാതാ ക്ഷേത്രമുണ്ട്. അവിടെ കുപ്പിവളകളാണ് വഴിപാട്. മിക്കവാറും എല്ലാ വെള്ളിയാഴ്ചയും ഞാനവിടെ പോകും. എനിക്ക് പറ്റിയില്ലെങ്കില്‍, മോനോ മോളോ പോവും. നമ്മള്‍ കുറച്ച് വളകള്‍ കൊടുത്താല്‍, ദേവിയുടെ
പാദത്തില്‍നിന്ന് ഒരു ഡസനോളം വളകള്‍ നമുക്ക് തിരിച്ചുതരും. നമുക്ക് കിട്ടുന്ന കുപ്പിവളകളുടെ നിറമനുസരിച്ചായിരിക്കും ആ ആഴ്ചയിലെ ഫലമെന്നാണ് അവരുടെ വിശ്വാസം. എനിക്ക് ഈ കുപ്പിവളകള്‍ ഒരുപാട് ഇഷ്ടമാണ്. ഇതിട്ട് കിടന്നുറങ്ങിയാലും, ഒന്നുപോലും പൊട്ടില്ല,'' കലാരഞ്ജിനി വളകളുടെ കഥ പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ കല്‍പ്പനയും ഉര്‍വശിയുമെല്ലാം ആ മുഖത്ത് മിന്നിമായുന്നതുപോലെ.
ചെറിയൊരു ഇടവേളയ്ക്കുശേഷമാണല്ലോ 'ഭരതനാട്യം' എന്ന സിനിമയില്‍ അഭിനയിക്കുന്നത്?
'സൂഫിയും സുജാതയും' എന്ന സിനിമ കഴിഞ്ഞ് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എല്ലാ കഥാപാത്രങ്ങളും ഒരേപോലെയുള്ളവ. നമുക്കൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളാണെങ്കില്‍ അഭിനയിക്കാറില്ല. നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി എത്ര കാത്തിരിക്കാനും തയ്യാറാണ്, അതിപ്പോള്‍ എത്ര വര്‍ഷം കഴിഞ്ഞാണെങ്കിലും കുഴപ്പമില്ല.
കൃഷ്ണദാസ് മുരളിയാണ് 'ഭരതനാട്യം' സംവിധാനം ചെയ്തത്. മനോഹരമായി കഥ പറഞ്ഞുതന്നു. എനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന് അപ്പോള്‍തന്നെ തോന്നി. തന്റെ പടത്തിലെ അമ്മ ഇങ്ങനെയായിരിക്കണമെന്ന് സംവിധായകന്റെ മനസ്സില്‍ തന്നെയുണ്ട്. എന്നെക്കൊണ്ട് കഴിയുന്നതുപോലെ ചെയ്തു. ജീവിതത്തില്‍ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെ. അഭിനയിക്കുകയാണെന്നൊന്നും തോന്നിയില്ല. ഇപ്പോഴത്തെ ട്രെന്‍ഡാണത്. പിന്നെ നല്ല സെറ്റായിരുന്നു 'ഭരതനാട്യ'ത്തിലേത്. ഒന്നും എന്റെ തരക്കാരല്ല. സായ്ച്ചേട്ടനൊഴിച്ച് എല്ലാവരും കൊച്ചുപിള്ളേര്‍. എനിക്ക് ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സെറ്റില്‍വെച്ച് ദിവ്യയും ശ്രുതിയും കൂടിയാണ് എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കിത്തന്നത്.
പുതിയ സെറ്റുകളിലെത്തുമ്പോള്‍ എന്തെങ്കിലും വ്യത്യാസം തോന്നാറുണ്ടോ?
ടെക്നിക്കല്‍ വശങ്ങളിലുള്ള വ്യത്യാസങ്ങളെക്കുറിച്ചൊക്കെ എല്ലാവര്‍ക്കുമറിയാമല്ലോ. മുന്‍പ് മൊബൈലും കാരവാനുമില്ലാതിരുന്ന സമയത്ത് എല്ലാവരും ഒരുമിച്ച് ഒരുസ്ഥലത്താണിരിക്കുന്നത്. ആളുകള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. എന്നാല്‍, പിന്നീട് കാരവാനൊക്കെ വന്നതോടെ ആ ബന്ധം കുറഞ്ഞു. പക്ഷേ, 'ഭരതനാട്യ'ത്തിന്റെ സെറ്റില്‍ അങ്ങനെയായിരുന്നില്ല. ഡ്രസ് മാറാന്‍ മാത്രമായിരുന്നു കാരവാനില്‍ പോയിരുന്നത്. അല്ലാത്ത സമയത്തൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയും. നല്ല രസമായിരുന്നു.

44 വര്‍ഷമായി സിനിമയിലെത്തിയിട്ട്. ആദ്യസിനിമയിലെത്തിയത് ഓര്‍മ്മയുണ്ടോ?
തീര്‍ച്ചയായും, 1980-ലാണത്. തികച്ചും യാദൃച്ഛികമായിട്ടായിരുന്നു സിനിമയിലെത്തുന്നത്. ശ്രീകുമാരന്‍ തമ്പി സാറിന്റെ 'സ്വന്തം എന്ന പദം' സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അപ്പോഴേക്കും ഉര്‍വശിയും മിനിമോളും (കല്‍പ്പന) ഞങ്ങളുടെ സഹോദരന്‍മാരായ കമലും പ്രിന്‍സുമൊക്കെ സിനിമയില്‍ ബേബി ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. 'സ്വന്തം എന്ന പദ'ത്തിലും കല്‍പ്പനയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. മധുസാറും ശ്രീവിദ്യാമ്മയും അംബികച്ചേച്ചിയുമൊക്കെയാണ് പ്രധാന താരങ്ങള്‍. മിനിമോളുടെ അഭിനയം കാണാന്‍വേണ്ടി അച്ഛനും അമ്മയ്ക്കുമൊപ്പം ലൊക്കേഷനിലെത്തിയതായിരുന്നു ഞാന്‍.
അന്ന് ഞാന്‍ നന്നായി മെലിഞ്ഞ്, മൂക്കൊക്കെ നീണ്ടിട്ടാണ്. അപ്പോള്‍ തമ്പിയങ്കിള്‍ പറഞ്ഞു, ''ഈ കുട്ടിയെ കണ്ടാല്‍ ശ്രീവിദ്യയുടെ മോളാണെന്നും അംബികയുടെ ചെറുപ്പമാണെന്നുമൊക്കെ തോന്നും. അതുകൊണ്ട് ഇവള്‍ മതി.'' അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. മധുസാറിന്റെയും ശ്രീവിദ്യാമ്മയുടെയും മൂന്നുമക്കളിലൊരാള്‍. അംബികച്ചേച്ചിയുടെ അനുജത്തി. അതായിരുന്നു എന്റെ ആദ്യത്തെ കഥാപാത്രം.
പിന്നെ വളര്‍ന്നതും ജീവിച്ചതുമെല്ലാം സിനിമയില്‍ തന്നെയായിരുന്നുവെന്ന് പറയാം, അല്ലേ?
അതേ, സിനിമയില്‍തന്നെയാണ് ജീവിച്ചത്. ഇതാണ് ഞങ്ങളുടെ കുടുംബം, ഞങ്ങളുടെ ബന്ധുക്കള്‍. ഞങ്ങളുടെ തറവാടും ഇതുതന്നെ. പുതിയ കുട്ടികള്‍ കുറച്ച് മോഡേണ്‍ ആണെങ്കിലും അവരിലും ബഹുമാനത്തിനോ സ്‌നേഹത്തിനോ ഒരു കുറവുമില്ല. അത്രയും സ്‌നേഹത്തോടെയും കരുണയോടെയുമാണ് എല്ലാവരും എന്നും പെരുമാറിയിട്ടുള്ളത്.
ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളും വിയോഗങ്ങളുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. അതെല്ലാം മറന്നത് സിനിമയിലൂടെയാണോ?
ആദ്യം അച്ഛന്‍, അനിയന്‍, ചിറ്റപ്പന്‍, മിനിമോള്‍...അതെല്ലാം നഷ്ടങ്ങള്‍ തന്നെയാണ്. മിനിമോളുടെ മരണം എല്ലാവരുടെയും വലിയ നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും അവള്‍ക്ക് പകരംവയ്ക്കാന്‍ വേറാരുമില്ല. ആ നഷ്ടങ്ങള്‍ നമുക്കൊരിക്കലും മറക്കാന്‍ പറ്റില്ല.അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു. അതൊരു ആശ്വാസമായിരുന്നു. 'കൊച്ചിരാജാവി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ചിറ്റപ്പന്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലായിരുന്നു. അതുകേട്ടയുടനെ ദിലീപും മുരളിച്ചേട്ടനും സഹകരിച്ച് ഞാന്‍ അഭിനയിക്കാനുള്ള സീനുകളെല്ലാം വേഗം എടുത്തുതീര്‍ത്തു.
പോവാനിറങ്ങുമ്പോള്‍ തന്നെ എന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു, ''ചേച്ചി, വേറൊന്നും ഇപ്പോള്‍ നോക്കണ്ട. ആദ്യം ആസ്പത്രിയിലെ കാര്യം നോക്കൂ'' എന്ന്. അനിയന്‍ പ്രിന്‍സ് മരിച്ചപ്പോള്‍ ലാലേട്ടന്റെ അമ്മ പറഞ്ഞു, ''മക്കളേ, എന്റെ വീട്ടിലും മരണം നടന്നതല്ലേ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരും.'' ഓരോ ദുരന്തത്തിലും ശ്രീകുമാരന്‍ തമ്പി സാറിന്റെ കുടുംബവും കൂടെത്തന്നെയുണ്ടായിരുന്നു.

ഷൂട്ടിങ് സെറ്റില്‍വെച്ചുണ്ടായ ഒരപകടത്തിനുശേഷമാണ് ശബ്ദത്തിന് പ്രശ്‌നംവന്നതെന്ന് കേട്ടിട്ടുണ്ട്...
1984-ലോ മറ്റോ ആണ്. നസീര്‍സാറിന്റെ ജോഡിയായിട്ട് അഭിനയിക്കാന്‍ അവസരം കിട്ടി. നസീര്‍സാറിന്റെ മകളായിട്ടും സഹോദരിയായിട്ടും അതിനുമുന്‍പ് അഭിനയിച്ചിരുന്നു. 'പാസ്പോര്‍ട്ട്' എന്ന പടത്തില്‍ മകളാണ്, 'ഒരുതിര പിന്നെയും തിര'യില്‍ സഹോദരിയും. അതുകഴിഞ്ഞ് നായികയായി അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നത് വലിയ ഭാഗ്യമാണ്. അതേസമയം തെലുഗില്‍ എന്‍.ടി.രാമറാവുവിന്റെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നസീര്‍സാറിന്റെ നായിക എന്നത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ പകല്‍ തെലുഗുപടത്തിലും രാത്രി നസീര്‍സാറിന്റെ പടത്തിലും അഭിനയിക്കാമെന്ന് തീരുമാനമായി. അതില്‍ രക്തം ഛര്‍ദിച്ച് മരിക്കുന്ന സീനുണ്ട്. അന്നൊക്കെ ചുവന്ന കളറില്‍ വെളിച്ചെണ്ണ ചേര്‍ത്താണ് രക്തമുണ്ടാക്കിയിരുന്നത്.
ഷോട്ടിന് എല്ലാവരുമെത്തി. വെള്ളസാരിയാണ് ഞാനുടുത്തിരിക്കുന്നത്. ചുവന്നവെള്ളം ഞാന്‍ വായിലേക്കൊഴിച്ചാല്‍ ചിലപ്പോള്‍ വെളുത്തസാരിയില്‍ വീഴും. അതുകൊണ്ട് നസീര്‍ പറഞ്ഞു, ''ഷോട്ട് റെഡിയാകുമ്പോള്‍ ഞാനൊഴിച്ചുതരാം.'' അദ്ദേഹം ഒഴിച്ചുതന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. എന്റെ വായയും തൊണ്ടയും പുകയുന്നതുപോലെയും വീര്‍ത്തുവരുന്നതുപോലെയുമൊക്കെ തോന്നുന്നുണ്ട്. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ശ്വാസനാളം ചുരുങ്ങിപ്പോയി. കുറെ ചികിത്സകള്‍ നടത്തിയെങ്കിലും ശരിയായില്ല. പിന്നീടാണ് സംഭവിച്ചതെന്താണെന്ന് മനസ്സിലായത്. മേയ്ക്കപ്പ്മാനാണ് സാധാരണമായി ചുവന്നകളറും വെളിച്ചെണ്ണയും യോജിപ്പിക്കുന്നത്. അദ്ദേഹം മറന്നതാണോ, അബദ്ധം പറ്റിയതാണോ എന്നറിയില്ല. വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോണ്‍ യോജിപ്പിച്ചാണ് തന്നത്.
പക്ഷേ, കലാരഞ്ജിനിയുടെ ശബ്ദത്തിന് പ്രശ്‌നം പറ്റിയെന്നത് 'ഹൗ ഓള്‍ഡ് ആര്‍ യു' ഇറങ്ങിയപ്പോഴാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്...
ശബ്ദം പൂര്‍ണമായും പോയതുപോലെയായി. ഹോമിയോ മരുന്നൊക്കെ കഴിച്ചാണ് കുറച്ച് ശരിയായത്. അപ്പോഴും ശബ്ദത്തിന്റെ കാര്യത്തിലുള്ള എന്റെ അപകര്‍ഷം മാറിയില്ല. അതുകൊണ്ട് എന്റെ കഥാപാത്രത്തിനുവേണ്ടി അമ്പിളി ഡബ്ബ് ചെയ്യുകയായിരുന്നു അതുവരെ. 'ഹൗ ഓള്‍ഡ് ആര്‍ യു'വിലും അങ്ങനെ മതിയെന്ന് ഞാനുറപ്പിച്ചു. പക്ഷേ, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍ബന്ധിച്ചു, ''എനിക്ക് ഈ സൗണ്ട് മതി ചേച്ചി, എന്റെ അമ്മയ്ക്ക് ഈ ശബ്ദമാണെങ്കില്‍ ഞങ്ങള്‍ കേട്ടിരിക്കില്ലേ? എന്റെ അമ്മയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ ഞാന്‍ വേറാരെയെങ്കിലും വരുത്തുമോ? ഇല്ലല്ലോ, അതുകൊണ്ട് ചേച്ചിതന്നെ ചെയ്താല്‍ മതി.'' ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ, നടന്നില്ല, അങ്ങനെയാണ് ഞാന്‍ ഡബ്ബ് ചെയ്യുന്നത്.
'ഭരതനാട്യ'ത്തിലും ഞാന്‍ കൃഷ്ണദാസിനോട് കുറെ പറഞ്ഞുനോക്കി. ''വേണ്ട മക്കളെ, എന്റെ ശബ്ദം ഇടയ്ക്കിടയ്ക്ക് മാറും, ചെറിയൊരു ജലദോഷം വന്നാലും, കുറച്ച് തണുത്തവെള്ളം കുടിച്ചാലും ശബ്ദം പോവും. എ.സി.യിലിരിക്കുമ്പോള്‍ ശബ്ദം വല്ലാതെ മാറും.'' അപ്പോള്‍ കൃഷ്ണദാസ് പറഞ്ഞു, ''ചേച്ചിക്ക് എ.സി.യെല്ലാം ഓഫ് ചെയ്ത് തരാം.'' അങ്ങനെ ഇതിലും ഞാന്‍ ഡബ്ബ് ചെയ്തു. 
അടുത്ത തലമുറയും സിനിമയിലേക്കുതന്നെ വരുമോ?
അച്ഛനും അമ്മയും നിര്‍ബന്ധിച്ചിട്ടല്ല ഞങ്ങള്‍ സിനിമയിലേക്ക് വന്നത്. യാദൃച്ഛികമായി എത്തിയതാണ്. അതുപോലെ മക്കളും ഇഷ്ടമുള്ള ജോലി ചെയ്യട്ടെ എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. പക്ഷേ, അവരും കൊച്ചിലേ മുതലേ കാണുന്നത് സിനിമ തന്നെയല്ലേ. ഈ ചോറ് കഴിച്ചല്ലേ അവര്‍ വളര്‍ന്നതും. അതുകൊണ്ടാവാം അവരുടെ രക്തത്തിലും സിനിമതന്നെയാണ്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ നാലുപിള്ളേരോടും-എന്റെ മോള്‍ അമ്പോറ്റി ഉജ്ജ്വല്‍, മോള്‍ ശ്രീസംഖ്യ (കല്‍പ്പനയുടെ മകള്‍), അനിയന്റെ മോന്‍ നിധിന്‍ പ്രിന്‍സ്, ഉര്‍വശിയുടെ മോള്‍ തേജാലക്ഷ്മി-ചോദിച്ചു, എന്താണ് പഠിക്കേണ്ടതെന്ന്. നാലുപേരും പറഞ്ഞത്, വിഷ്വല്‍ കമ്യൂണിക്കേഷന്‍ എന്നാണ്. ഉര്‍വശിയുടെ ഇളയമകന്‍ ഇഷാന്‍ പ്രജാപതി നാലാം ക്ലാസ്സില്‍ പഠിക്കുന്നു. അവനും നല്ലൊരു കലാകാരനാണ്. ശ്രീസംഖ്യ തമിഴില്‍ ഡ്രാമാ ആര്‍ട്ടിസ്റ്റാണ്. എന്തായാലും പഠനമൊക്കെ കഴിഞ്ഞാല്‍ മക്കള്‍ സിനിമയിലേക്കുതന്നെ വരും.
സിനിമയല്ലാത്ത എന്തിനെക്കുറിച്ചെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. ഇതാണ് പാതയെന്ന് അറിഞ്ഞശേഷം മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊന്നുമില്ലായിരുന്നുവെങ്കില്‍, വീട്ടില്‍ കുറെ ചെടികളും കിളികളുമൊക്കെയായി, കോഴികളെയൊക്കെ വളര്‍ത്തി ജീവിക്കാനാണിഷ്ടം. പണ്ടും വീട്ടില്‍ ഒരു പുല്ലുപോലും ചെത്തിക്കളയാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. പച്ചപ്പ് കളയല്ലേന്ന് പറഞ്ഞ് വാശിപിടിക്കും. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ.
അതിനിടയില്‍ ഒരു ഫോണ്‍ വന്നപ്പോള്‍ അവരുടെ മുഖത്ത് വാത്സല്യം നിറഞ്ഞു, ''മോളാണ്.'' ഫോണിലെ സംസാരം കഴിഞ്ഞശേഷം, അവര്‍ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞു, ''എല്ലാവരും ചെന്നൈയിലാണുള്ളത്. മോനും മോളും അമ്മയുമെല്ലാം. അമ്മയാണ് ഞങ്ങളുടെ ബലം. ആ ബലത്തിലാണ് ജീവിക്കുന്നത്.''
Content Highlights: actress kalaranjini talking about her cinema journey
Published: 13 Oct 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented