സച്ചിൻ ടെണ്ടുൽക്കറിനൊപ്പം തന്നെ അന്താരാഷ്ട്രക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചയാളാണ് സലിൽ അങ്കോള. സച്ചിൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ മുന്നേറിയപ്പോൾ, അങ്കോളയുടെ കരിയർ പാതിവഴിയിൽ നിലച്ചു. പരിക്കായിരുന്നു അദ്ദേഹത്തിന്റെ കരിയറിൽ തടസ്സമായത്. ആദ്യമാച്ചിൽ നല്ല പ്രകടനം കാഴ്ചവെച്ചുവെങ്കിലും, പരിക്ക് കാരണം തുടർന്നുള്ള മാച്ചുകളിൽ കളിക്കാൻ കഴിഞ്ഞില്ല. തുടർന്നുവന്ന മത്സരങ്ങളിലും അതുതന്നെയായിരുന്നു കഥ.

To advertise here,

പിന്നീട് വില്ലനായത് വിടാതെ പിന്തുടർന്ന കാൽവേദനയാണ്. പരിശോധനയിൽ ഒരു മുഴ വളരുന്നുണ്ടെന്ന് മനസ്സിലായി. അതോടെ ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചു. അന്ന് 28 വയസ്സേ ഉണ്ടായിരുന്നുള്ളൂ സലിലിന്.

നല്ല നീളവും മോഡലിന്റെ രൂപഘടനയുമുണ്ടായിരുന്നതിനാൽ, അഭിനയത്തിലേക്കുള്ള അവസരങ്ങൾ തേടിയെത്തി. സീരിയലിലും സിനിമയിലുമെത്തി. അദ്നൻ സമിയുടെ മ്യൂസിക് ആൽബത്തിലൂടെയാണ് ആളുകൾക്ക് കൂടുതൽ പരിചിതനായത്. എങ്കിലും പ്രതിഫലം കുറവായിരുന്നു ലഭിച്ചിരുന്നത്. സാമ്പത്തികപ്രശ്‌നങ്ങൾ വല്ലാതെ അലട്ടി. അപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു, രണ്ടുകുട്ടികളുമുണ്ടായി.

സാമ്പത്തികപ്രശ്‌നങ്ങൾ സ്വകാര്യജീവിതത്തെ ബാധിച്ചു, ഒപ്പം മാനസികാരോഗ്യത്തെയും. എല്ലാം മറക്കാൻ മദ്യത്തിൽ അഭയം പ്രാപിച്ചു. പിന്നീട് മദ്യമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയായി.

ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. അതിനിടെ ഭാര്യ കുട്ടികളെയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പിന്നാലെ വിവാഹമോചനവും ഭാര്യയുടെ ആത്മഹത്യയും. അന്നത്തെ നാളുകളെക്കുറിച്ച് തുറന്നുപറയുകയാണ് സലിൽ. ക്രിക്കറ്റിൽനിന്ന് വിരമിച്ച സമയത്ത് തന്നെ താൻ മദ്യപിക്കാൻ തുടങ്ങിയെന്നും സലിൽ തുറന്നുപറയുന്നു.

''എത്ര കുടിക്കണമെന്നോ ഇത്ര അളവിൽ വേണമെന്നോ ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല. വർഷങ്ങൾകൊണ്ട് മദ്യമില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയായി. അന്നൊക്കെ ക്രിക്കറ്റ് കാണുന്നതുപോലും നിർത്തി. കാരണം അത് പഴയ ഓർമകളും മുറിവുകളും മനസ്സിലേക്ക് കൊണ്ടുവരും. അന്ന് 24 മണിക്കൂർ ഞാൻ ഉണർന്നിരിക്കുകയാണെങ്കിൽ, 24 മണിക്കൂറും മദ്യപിക്കുമായിരുന്നു. അതൊരുതരത്തിലുള്ള രക്ഷപ്പെടലായിരുന്നു''.

സുഹൃത്തുക്കളും കുടുംബവും തന്നെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു. ''അവർ എന്നെ തടയാൻ ശ്രമിച്ചു. പക്ഷേ അത് ഒരു വ്യക്തിയുടെ ഇഷ്ടമാണ്. വർഷങ്ങൾക്കിടെ പല പുനരധിവാസ കേന്ദ്രങ്ങളിലും പോയി, മദ്യപാനം ഉപേക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല''.

മദ്യപാനത്തെക്കുറിച്ച് ഇന്ന് സലിൽ പറയുന്നതിങ്ങനെ, ''ആളുകൾ ഇതൊരു ശീലമാണെന്ന് കരുതുന്നു, ആളുകൾ വിനോദത്തിനായി കുടിക്കുന്നു. ഇത് പക്ഷേ ഒരു ശീലമല്ല, രോഗമാണ്.'' അദ്ദേഹം കൂട്ടിച്ചേർത്തു, ''ദൈവം ദയയുള്ളവനാണ്. പലപ്പോഴും ഞാൻ മരിച്ചുവെന്ന് തന്നെ കരുതിയതാണ്. 2014-ൽ സ്ഥിതി ഗുരുതരമായി. 12 തവണ ഐസിയുവിൽ പ്രവേശിക്കപ്പെട്ടു. മരിച്ചതായി കരുതി 3 തവണ ഡോക്ടർമാർ വരെ കൈയൊഴിഞ്ഞു.''

രണ്ടാമത്തെ ഭാര്യയെ കണ്ടുമുട്ടിയതിനുശേഷം തനിക്ക് ആസക്തിയിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ''അവരൊരു ഡോക്ടറായതിനാൽ എന്നെ മദ്യത്തിൽനിന്ന് പുറത്തുവരാൻ സഹായിച്ചു''.

തമിഴ്‌സിനിമയായ 'പാമ്പാട്ട'മാണ് സലിലിന്റെ അവസാനത്തെ റിലീസ്. 'കിച്ചൻ കല്ലാകാർ' എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടിയാണ് അദ്ദേഹം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi