ഉർവശിയുടെയും കലാരഞ്ജിനിയുടെയും കൽപനയുടെയും സഹോദരനായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിൽവെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്.

To advertise here,

ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കമൽ. 1986-ൽ റിലീസായ 'യുവജനോത്സവം' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അതിലെ 'ഇന്നുമെന്റെ കണ്ണുനീരിൽ' എന്ന പാട്ടുസീൻ ഇന്നും പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്. സിനിമയിൽ പാട്ടുപാടി അഭിനയിച്ചത് കമൽ റോയ് ആണ്. ഉർവശിയും മോഹൻലാലും ശങ്കറും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ, ഒരൊറ്റ സീനിലൂടെ കമലും ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് ശബ്ദം നൽകിയ ആ പാട്ടിനൊപ്പം, താരവും പ്രേക്ഷകമനസ്സിലിടം പിടിച്ചു.

'യുവജനോത്സവ'ത്തിനുപുറമെ സായൂജ്യം, മഞ്ഞ്, കോളിളക്കം, വാചാലം, കിങ്ങിണി തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ 'കല്യാണസൗഗന്ധിക'ത്തിൽ വില്ലനായെത്തിയതും അദ്ദേഹം തന്നെ. ചില ജനപ്രിയസീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
 

'കോളിളക്കം വരെ' എന്ന സിനിമയിൽ ജയന്റെ ബാല്യകാലം അവതരിപ്പിച്ചത് അദ്ദേഹമാണ്. മുമ്പൊരു അഭിമുഖത്തിൽ കമലിനെക്കുറിച്ച് കലാരഞ്ജിനി പറഞ്ഞതിങ്ങനെ, ''ജോലി ആയപ്പോൾ കമൽ സിനിമ വിട്ടു. സൗദിയിൽ ബിസിനസായിരുന്നു. 2008-ൽ വലിയൊരു അപകടത്തിൽ പെട്ടു. അന്ന് ഞങ്ങൾ പിടച്ചുപോയതാണ്. തിരിച്ചുകിട്ടുമോ എന്ന് പേടിച്ച നാളുകൾ. അതുകഴിഞ്ഞ് കിട്ടിയപ്പോഴോ, ഒരു കുഞ്ഞിനെപ്പോലെ. ഓർമ മൊത്തം പോയിരിക്കുന്നു. ആരെയും തിരിച്ചറിയുന്നില്ല. ഞങ്ങൾ ഒരു കുഞ്ഞിനെപ്പോലെ അവനെ വളർത്തി''.

ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. മറ്റൊരു സഹോദരനായ നന്ദു പ്രിൻസ് 17-ാം വയസ്സിലാണ് മരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi