'ബോ യിങ് ബോയിങ്ങി'ലെ അനില്‍, 'റാംജിറാവു'വിലെ ഗോപാലകൃഷ്ണന്‍, 'ഹരിഹര്‍നഗറി'ലെ മഹാദേവന്‍, 'ഗോഡ്ഫാദറി'ലെ രാമഭദ്രന്‍, 'സി.ബി.ഐ' സീരിസിലെ ചാക്കോ... അങ്ങനെ 'ഫിലിപ്പ്‌സ്'വരെ മുന്നൂറ് സിനിമകളില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍. മലയാളികളുടെ സ്വന്തം മുകേഷ് യാത്ര തുടരുകയാണ്. നാടകം, സിനിമ, രാഷ്ട്രീയം, റിയാലിറ്റി ഷോ തുടങ്ങി കാല്‍തൊട്ട ഇടങ്ങളിലെല്ലാം മുകേഷ് വിജയിച്ചിട്ടുണ്ട്. അഭിനയ യാത്ര മുന്നൂറും കടന്ന് മുന്നേറുമ്പോള്‍ പോയകാലത്തെ കുറിച്ച് മുകേഷ് സംസാരിക്കുന്നു.

മുന്നൂറാം സിനിമയായ 'ഫിലിപ്പ്‌സി' നെ പറ്റി പറഞ്ഞ് തുടങ്ങാം. ചിത്രം മികച്ച അഭിപ്രായം നേടിയല്ലേ? 
ചെറിയ സിനിമയ്ക്ക് ഇങ്ങനെ അഭിപ്രായം കിട്ടാന്‍ പാടാണ്. നല്ല കഥയും സംവിധാനവും ഉണ്ടെങ്കില്‍ വിജയിക്കും. സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമൊക്കെ ന്യൂജനറേഷനാണ്. ഈ ടീമിന്റെ 'ഹെലന്‍' വന്‍ ഹിറ്റായിരുന്നു. ഹിന്ദിയിലേക്ക് വരെ റീമേക്ക് ചെയ്തു. 'ഫിലിപ്സി'ന്റെ കഥ പറയുമ്പോള്‍ ഞാന്‍ സംശയം പറഞ്ഞു. അപ്പോള്‍ മുകേഷേട്ടനല്ലെങ്കില്‍ കഥ മാറ്റുമെന്നായി സംവിധായകനും തിരക്കഥാകൃത്തും. അവരുടെ ആത്മവിശ്വാസം കണ്ടപ്പോഴാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.

മുകേഷിന്റെ അഭിനയത്തെ മലയാളി ഇഷ്ടപ്പെടുന്നു. കാരണമെന്താകാം...
ഞാന്‍ പഠിച്ചത് തിയേറ്റര്‍ അടിസ്ഥാനമായ അഭിനയശൈലിയാണ്. ചെറിയ മൂളലും ചലനവും ഉള്‍പ്പെടെ പ്രേക്ഷകരിലേക്ക് എത്തണം. അഭിനേതാവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അവര്‍ ശ്രദ്ധിക്കണം. ഓരോ കഥാപാത്രത്തിന്റെയും സ്ഥാനത്ത് വ്യക്തിപരമായി ഞാന്‍ എങ്ങനെ പെരുമാറും അല്ലെങ്കില്‍ മലയാളി എങ്ങനെ പെരുമാറും എന്നതുകൂടി കണക്കിലെടുക്കും.
തമിഴ് സംവിധായകന്‍ കെ. ബാലചന്ദര്‍ ഒരിക്കല്‍ മലയാളികള്‍ മാത്രം പ്രകടിപ്പിക്കുന്ന ഭാവം എന്താണെന്ന് എന്നോട് ചോദിച്ചു. പല ഉത്തരം നല്‍കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. ''പരിചയക്കാരെ കണ്ടാല്‍ പ്രത്യേക താളത്തിലും ഭാവത്തിലും 'ആആ' എന്ന് പറയും'', എന്നതാണ് അദ്ദേഹം മനസ്സിലാക്കിയ പ്രത്യേകത. 

നടന്‍, എം.എല്‍.എ... ഇതില്‍ ആരെയാണ് ഇഷ്ടം?
നടന്‍ മുകേഷിനെയാണ് എനിക്ക് ഏറെ ഇഷ്ടം. അതൊരു സ്വപ്‌നമാണ്. എല്ലാം നേടിത്തന്നത് സിനിമയാണ്. സ്വപ്‌നം, കഠിനാധ്വാനം, പ്രാര്‍ഥന അങ്ങനെ എല്ലാം ചേര്‍ന്ന് ഉണ്ടാക്കുന്നതാണ് സിനിമ. ഞാന്‍ അഭിനയിച്ച സിനിമകള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതാണ് നിലനില്പിന് കാരണം.  
സിനിമാ നടന്‍ ആയതിനുശേഷവും നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങളെല്ലാം ലഭിച്ചത് സിനിമാനടന്‍ എന്ന ലേബലിലാണ്. കോടീശ്വരന്‍, ഡീല്‍ ഓര്‍ നോ ഡീല്‍, ബഡായി ബംഗ്‌ളാവ്, സെല്‍ മി ദി ആന്‍സര്‍, കിടിലം തുടങ്ങിയ ടെലിവിഷന്‍ഷോകളുടെ ഭാഗമായിരുന്നു. ഷോകളെല്ലാം ജനങ്ങള്‍ സ്വീകരിച്ചത് ഞാന്‍ നടനായതുകൊണ്ടാണ്. എഴുതിയ നാല് പുസ്തകങ്ങള്‍ ഏറ്റെടുത്തതും ഇതേ കാരണത്താലാണ്. എം.എല്‍.എ. ആയതിന്റെയും അടിസ്ഥാനം നടന്‍ എന്നതാണ്.

നാടകത്തിലെ സാന്നിധ്യം?
നാടകം എപ്പോഴും മനസ്സിലുണ്ട്. സിനിമയില്‍ സജീവമായതുകൊണ്ട്  കൂടുതല്‍ ശ്രദ്ധയോടെ മാത്രമേ നാടകം ചെയ്യാനാകൂ. 'ഛായാമുഖി' എന്ന നാടകത്തില്‍ ഞാന്‍ കീചകനും മോഹന്‍ലാല്‍ ഭീമനുമാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരുമാസം റിഹേഴ്സല്‍. കീചകന്‍ ഭീമനാല്‍ കൊല്ലപ്പെടുന്ന വില്ലനാണ്. സൗന്ദര്യാരാധകന്‍ എന്ന മുഖംകൂടിയുള്ള നെഗറ്റീവ് കഥാപാത്രമാണ്. 
കാവാലം നാരായണപ്പണിക്കര്‍ ഉള്‍പ്പെടെ പലരുമായും കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു. തൃശ്ശൂരിലെ ആദ്യ വേദിയില്‍ ആശങ്കയോടെയാണ് എത്തിയത്. കീചകന്റെ നില്‍പ്പും നടപ്പും നോട്ടവും സംസാരവുമെല്ലാം പ്രേക്ഷകര്‍ കൈയടിയോടെ സ്വീകരിച്ചപ്പോഴാണ് ഇതാണ് കീചകനെന്ന് തിരിച്ചറിയുന്നത്. 

ഇന്നസെന്റുമായുള്ള ബന്ധം?
അദ്ദേഹത്തിന്റെ അവസാന സിനിമയായ 'ഫിലിപ്സി'ന്റെ ഭാഗമായത് യാദൃച്ഛികമായാണ്. ഇന്നസെന്റ് ചേട്ടനുമായുള്ള ഹൃദയബന്ധം അത്തരത്തിലായിരുന്നു. അദ്ദേഹത്തിനും എനിക്കും ബ്രേക്കായിരുന്നു 'റാംജിറാവു സ്പീക്കിങ്'. സിദ്ദിഖ് ലാല്‍, ഇന്നസെന്റ് എന്ന നടനുവേണ്ടി എഴുതിയ കഥാപാത്രമാണ് 'മാന്നാര്‍ മത്തായി'. എന്നാല്‍ ഡേറ്റില്ലെന്ന കാരണം പറഞ്ഞ് ചേട്ടന്‍ ആദ്യം പിന്മാറി. മറ്റൊരു ചെറിയ സിനിമയുടെ ഭാഗമാകാന്‍വേണ്ടിയായിരുന്നു അത്.'റാംജിറാവുവില്‍' ഇന്നസെന്റില്ലെന്ന് വളരെ നിരാശയോടെയാണ് സിദ്ദിഖും ലാലും എന്നോട് പറഞ്ഞത്. ദിവസങ്ങള്‍ കഴിഞ്ഞ് ചെന്നൈയിലെ എന്റെ വീട്ടില്‍ ഇന്നസെന്റേട്ടന്‍ വന്നപ്പോള്‍ ഈ സിനിമയെക്കുറിച്ച് സംസാരിച്ചു. കഥ പറഞ്ഞുമനസ്സിലാക്കിയതോടെ, അദ്ദേഹം വിഷമത്തിലായി. അഡ്വാന്‍സ് വാങ്ങിയത് സംവിധായകന്‍ ജോഷിയുടെ സിനിമയ്ക്കായിരുന്നു. അപ്പോള്‍ത്തന്നെ ജോഷിയെ വിളിച്ചു. കാര്യങ്ങള്‍ ഓക്കെയായി. റാംജിറാവു ട്രെന്‍ഡ്സെറ്ററായി.
'ഫിലിപ്സി'ന്റെ സമയത്ത് അദ്ദേഹത്തിന് അവശതകളുണ്ടായിരുന്നു. ബെംഗളൂരുവിലും ലൊക്കേഷനുണ്ടെന്ന് കേട്ടപ്പോള്‍ അദ്ദേഹം ആദ്യം മടിച്ചു.  കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലായപ്പോള്‍ അഭിനയിക്കുകയായിരുന്നു. 

അഭിനയപരിചയത്തെ കുറിച്ച് ?
കുട്ടിക്കാലം മുതല്‍ കാണുന്നത് അച്ഛന്‍ ഒ. മാധവന്റെ ഇരട്ട വേഷമാണ്. നാടക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായി നന്നായി മുന്നോട്ടുപോയി. അദ്ദേഹം 16 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പകല്‍ പഞ്ചായത്ത് പ്രസിഡന്റും രാത്രിയില്‍ നാടക പ്രവര്‍ത്തകനും. അതുകണ്ടാണ് വളര്‍ന്നത്. 
കാളിദാസകലാകേന്ദ്രം ഉള്ളപ്പോള്‍തന്നെ ഞാന്‍ അമച്വര്‍ നാടകങ്ങളുടെ ഭാഗമായി. അതുകഴിഞ്ഞ് മിമിക്രിയുമായി മുന്നോട്ടുപോയി. വരുമാനവുമുണ്ട്. കേരള സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രിക്ക് ഒന്നാംസ്ഥാനം ലഭിച്ചു.
അക്കാലത്ത് സര്‍വകലാശാല സംഘടിപ്പിച്ച നാടകക്യാമ്പില്‍ പങ്കെടുത്തു. ജി. ശങ്കരപ്പിള്ള, പി.കെ. വേണുക്കുട്ടന്‍, വയലാ വാസുദേവന്‍പിള്ള തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ സെനറ്റ് ഹാളില്‍ നാടകം അവതരിപ്പിച്ചു. വേണുക്കുട്ടന്‍ നായര്‍ സാറായിരുന്നു സംവിധാനം. ജി.ശങ്കരപ്പിള്ള സാറിന്റെ 'വേട്ട'യാണ് കഥ. ഗംഭീരവിജയമായി. നടനാകാനാണ് ആഗ്രഹമെങ്കില്‍ മിമിക്രി നിര്‍ത്തണമെന്ന്  വേണുക്കുട്ടന്‍സാര്‍ ഉപദേശിച്ചു. അങ്ങനെയാണ് നാടകത്തില്‍ സജീവമാകുന്നത്. 
അന്നൊക്കെ നാടകത്തില്‍ നടന്‍മാര്‍ ആരെങ്കിലും വന്നില്ലെങ്കില്‍ അച്ഛന്‍ കോളേജില്‍ കാറുമായെത്തി കൂട്ടും. പകരക്കാരനായി പോകുന്നതില്‍ ദേഷ്യം തോന്നിയിട്ടുണ്ട്. അഭിനയക്കളരിയായിരുന്നു ആ വേദികള്‍ എന്ന് പിന്നീട് മനസ്സിലായി. മുഴുവന്‍ സമയം അഭിനയിക്കാനുള്ള താത്പര്യം അറിയിച്ചപ്പോള്‍ അച്ഛന്‍ നിരുത്സാഹപ്പെടുത്തി. പഠനമാണ് പ്രധാനമെന്ന് ഓര്‍മിപ്പിച്ചു.

സിനിമയിലേക്ക് വരുന്നത്...
അച്ഛന്റെ സുഹൃത്ത് കൃഷ്ണസ്വാമി റെഡ്യാര്‍ വീട്ടില്‍വന്നപ്പോള്‍ യാദൃച്ഛികമായാണ് എന്നെ കാണുന്നത്. മിമിക്രിയിലും നാടകത്തിലുമൊക്കെയുണ്ടെന്ന് അവിടെയുണ്ടായിരുന്നയാള്‍ പരിചയപ്പെടുത്തി. അതുകഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ അടുത്ത ദിവസം ഓഫീസിലേക്ക് എത്തണമെന്ന് ഫോണില്‍ അറിയിച്ചു. മിമിക്രിക്ക് ബുക്ക് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പോയത്.
പുതിയ സിനിമ 'ബലൂണി'ലെ നായകനാണെന്ന് കൃഷ്ണസ്വാമി റെഡ്യാര്‍ പറഞ്ഞപ്പോള്‍ ഞെട്ടി. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശോഭയായിരുന്നു നായിക. എന്നാല്‍ സിനിമ അധികം വിജയിച്ചില്ല. നിരാശനായി
അതുകഴിഞ്ഞ് പി.ജി. വിശ്വംഭരന്റെ 'ഇത് ഞങ്ങളുടെ കഥ' എന്ന സിനിമയില്‍ അവസരം കിട്ടി. ശ്രീനാഥ്, ശാന്തികൃഷ്ണ, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ആ സിനിമ വന്‍വിജയമായി. 
'ബോയിങ് ബോയിങ്ങി'ല്‍ മോഹന്‍ലാലിനൊപ്പം ശങ്കറിനെയാണ് തീരുമാനിച്ചിരുന്നത്. പ്രിയദര്‍ശന്റെ തീരുമാനമായിരുന്നു ഞാന്‍. ആ തീരുമാനം തെറ്റിയില്ലെന്ന് സിനിമയുടെ വിജയം തെളിയിച്ചു. അതിനുശേഷമാണ് സിനിമയാണ് എന്റെ വഴിയെന്ന് തീരുമാനിച്ചു.

സൂപ്പര്‍താരമാകാന്‍ ശ്രമിച്ചില്ലേ?
നല്ല സിനിമകളുടെ ഭാഗമാകുകയായിരുന്നു ലക്ഷ്യം. തമാശപ്പടങ്ങള്‍ ധാരാളം ചെയ്‌തെങ്കിലും അവയിലെല്ലാം കാമ്പ് ഉണ്ടായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനായി. സൂപ്പര്‍ നടനാകാന്‍ കൂടുതല്‍ തയ്യാറെടുപ്പും ഒരുക്കവും ആവശ്യമാണ്. അവരുടെയൊക്കെ കഷ്ടപ്പാടുകള്‍ നേരില്‍ കാണുന്നതാണ്. അത്രയൊന്നും കഷ്ടപ്പെടാന്‍ എനിക്ക് വയ്യ. 
'റാംജി റാവ് സ്പീക്കിങ്' വരുമ്പോഴാണ് സൂപ്പര്‍താരങ്ങള്‍ മാത്രമല്ല വിജയഘടകം എന്ന് മനസ്സിലാക്കുന്നത്. ഞാന്‍, ഇന്നസെന്റ്, സായികുമാര്‍... ഞങ്ങള്‍ മൂന്നുപേര്‍ക്കും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓണച്ചിത്രമായാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, താരച്ചിത്രങ്ങള്‍ക്കിടയില്‍ പെട്ടുപോകാതിരിക്കാന്‍ രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തു. പിന്നീട് റിലീസ് സിനിമകള്‍ പിന്‍വലിച്ച് ഈ സിനിമ ഓടിക്കേണ്ടിവന്നു.
'ഗോഡ്ഫാദര്‍' 410 ദിവസം ഓടി. വന്‍ വിജയമാണെന്നൊന്നും അന്ന് തോന്നിയില്ല. ഈ വര്‍ഷം നവംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഭാഗമായി കൈരളി തിയേറ്ററില്‍ 'ഗോഡ്ഫാദര്‍' പ്രദര്‍ശിപ്പിച്ചിരുന്നു. 32 വര്‍ഷത്തിനുശേഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ കോളേജ് വിദ്യാര്‍ഥികളുടെ വലിയ കൂട്ടമാണ് അവിടെയുണ്ടായിരുന്നത്. തിയേറ്ററിലെത്തിയ എന്നെ നിറഞ്ഞ കൈയടിയോടെയാണ് അവര്‍ സ്വീകരിച്ചത്. അതൊരു അനുഭവമായിരുന്നു. 
'തനിയാവര്‍ത്തനം' അങ്ങനെ സംഭവിച്ചതാണ്. സിബി മലയിലിന്റെ തീരുമാനമായിരുന്നു എന്റെ കഥാപാത്രം. ഡബ്ബിങ്ങിനിടയില്‍ മമ്മൂട്ടി തോളില്‍ത്തട്ടി അഭിനന്ദിച്ചത് മറക്കാനാകില്ല.

പുതിയ സിനിമകള്‍?
ജയരാജ് ചിത്രം 'കാഥികന്‍' ആണ് 301-ാമത്തെ സിനിമ. കാഥികന്റെ വേഷമാണ്. ചെറുപ്പത്തില്‍ കണ്ടറിഞ്ഞ കല ആയതിനാല്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. കോട്ടയത്തെ ലൊക്കേഷനില്‍ രസകരമായ അനുഭവമുണ്ടായി. സാംബശിവന്റെ ശിഷ്യന്‍ ചിറ്റാടീശ്വരം ചന്ദ്രസേനന്റെ വേഷമാണ്. സ്‌ക്രിപ്റ്റ് ഇല്ലാതെയാണ് കഥപറഞ്ഞത്. സദസ്സിനെ ജയരാജ് കണ്ടെത്തി. ലൊക്കേഷന്റെ പരിസരത്തെ ആളുകളുടെ വാട്സാപ്പിലേക്ക് മുകേഷിന്റെ കഥാപ്രസംഗമുണ്ടെന്ന് മെസേജ് അയച്ചു. കഥ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞു. എന്നാല്‍, കാണാനെത്തിയവര്‍ സമ്മതിച്ചില്ല. ഒടുവില്‍ അവരെ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു.ജനുവരിയില്‍ റിലീസാകുന്ന 'അയ്യര്‍ കണ്ട അറേബ്യ' യില്‍ ഉര്‍വശിയാണ് നായിക.  

എം.എല്‍.എ.യും ഫോണ്‍വിളിയും
സമയം നോക്കാതെ ഫോണില്‍ വിളിയെത്തും. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊന്നും എളുപ്പത്തില്‍ വിളിക്കാന്‍ കിട്ടില്ല. എം.എല്‍.എ.യുടെ നമ്പര്‍ കിട്ടുമല്ലോ... അപ്പോള്‍ അതിലേക്ക് വിളിക്കും. ജനപ്രതിനിധി ആയതിനാല്‍ ഒരു കോളും ഒഴിവാക്കാനാകില്ല. ചിലര്‍ നിര്‍ത്താതെ ചിരിക്കും. ചിലര്‍ വിളിച്ചിട്ട് മിണ്ടാതിരിക്കും. രണ്ടുദിവസം കഴിഞ്ഞ് വിളിച്ചിട്ട് പറയും പേടിച്ചിട്ടാണ് മിണ്ടാതിരുന്നതെന്ന്. സംസാരത്തിന്റെ അവസാനം ഇഷ്ട നടന്റെ ഫോണ്‍നമ്പര്‍ ചോദിക്കുന്നവരും കുറവല്ല.
നടനോടും സംസാരിക്കാം പ്രശ്‌നങ്ങള്‍ എം.എല്‍.എ.യെ അറിയിക്കുകയുമാകാം എന്നൊക്കെ കരുതുന്നവരുമുണ്ട്. അവരുടെ നിയോജകമണ്ഡലത്തിലെ എം.എല്‍.എ.യെ വിളിക്കാതെ എന്നെ വിളിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും. റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് അവര്‍ക്ക് വിനോദമാണ്.

കുടുംബം
അമ്മ വിജയകുമാരി ഇപ്പോഴും അഭിനയിക്കണമെന്ന ആഗ്രഹത്തിലാണ്. ഇടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്റെ മക്കള്‍ അവരുടെ അമ്മയ്‌ക്കൊപ്പം ദുബായിലാണ്. മൂത്ത മകന്‍ ഡോ. ശ്രാവണ്‍ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. രണ്ടാമത്തെ മകന്‍ ബി.ബി.എം. പൂര്‍ത്തിയാക്കി.