കന്നഡ താരം യഷ്, നാല് വർഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്.' മാർച്ച് 19-നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ  റിലീസ് നീട്ടിയിരിക്കുകയാണിപ്പോൾ.

To advertise here,

ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തിറക്കിയ പ്രസ്താവന നടനും നിർമ്മാതാവുമായ യഷും, സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രസ്താവന ഇങ്ങനെ: "ആഗോള പ്രേക്ഷകർക്ക് വേണ്ടി സിനിമ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രം ഞങ്ങൾ ആസൂത്രണം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ഈ സിനിമ നാട്ടിലെയും വിദേശത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ചത്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ, നിലവിലെ അനിശ്ചിതാവസ്ഥ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ സാഹചര്യം, കഴിയുന്നത്ര പ്രേക്ഷകരിലേക്ക് എത്തുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്."

മിഡിൽ ഈസ്റ്റിലെ സാഹചര്യം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിൽ റിലീസ്, ജൂണിലേക്ക് മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായി പ്രസ്താവനയിൽ പറയുന്നു. "അതുകൊണ്ട്, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള കഠിനവും എന്നാൽ ശ്രദ്ധാപൂർവ്വവുമായ തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു."

"ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' 2026 ജൂൺ 4-ന് ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും," എന്ന്  പ്രസ്താവനയിൽ പറയുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്'-ൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ലുക്ക് റിവീലിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും വിവാദങ്ങൾക്കും ഇത് വഴിവെച്ചിരുന്നു.

'ടോക്സിക്' മാറ്റിവെച്ചത് രൺവീർ സിങ്ങിന്റെ 'ധുരന്ധർ 2'-ന് ഗുണകരമാകും. മാർച്ച് 19-ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം യാഷിന്റെ ചിത്രവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുമായിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ ത്രില്ലർ ചിത്രം ഇപ്പോൾ സോളോ റിലീസായി എത്താൻ സാധ്യതയുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi