2026-ൽ ആളുകൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടിക ഐഎംഡിബി നേരത്തെ പുറത്തുവിട്ടിരുന്നു. അതിൽ അഞ്ചാം സ്ഥാനത്തുള്ള സിനിമയാണ് 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്'. യഷ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. ഇപ്പോൾ റിലീസിനുമുമ്പ് ഒരു റെക്കോഡിട്ടിരിക്കുകയാണ് സിനിമ. സിനിമയുടെ ആന്ധ്രാപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയത്.
പ്രശസ്തനിർമാതാവായ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് സിനിമയുടെ വിതരണാവകാശം 120 കോടിക്ക് അഡ്വാൻസ്-ഓൺ-കമ്മീഷൻ അടിസ്ഥാനത്തിൽ സ്വന്തമാക്കിയത്. തെലുഗുവിൽ നിർമിക്കാത്തൊരു ചിത്രത്തിന് ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. മൂന്ന് വിതരണക്കാർ ഈ അവകാശങ്ങൾക്കായി മത്സരിച്ചുവെന്നും ഒടുവിൽ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് അത് സ്വന്തമാക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
തെലുഗു സംസ്ഥാനങ്ങളിൽ ഒരു ചിത്രത്തിന് 120 കോടി രൂപയുടെ വിതരണക്കരാർ ലഭിക്കുന്നതും ഇതാദ്യമായിട്ടാണ്. കെ.ജി.എഫിനുശേഷമുള്ള യഷിന്റെ ജനപ്രീതിയാണിത് എടുത്തുകാണിക്കുന്നത്. പ്രത്യേകിച്ച് 'കെ.ജി.എഫ്' രണ്ടാം ഭാഗത്തിനുശേഷം യഷിന്റെ പ്രശസ്തി ഏറെ കൂടി. ഒരു വലിയ ആരാധകവൃന്ദം തന്നെ അദ്ദേഹത്തിനായി ഈ സംസ്ഥാനങ്ങളിലുണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ 'ടോക്‌സിക്' സിനിമയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ വളരെ വലുതാണെന്നും നിർമാതാവ് ദിൽ രാജു പറയുന്നു.
ദിവസങ്ങൾക്കുമുമ്പ് സിനിമയുടെ ടീസർ പുറത്തുവന്നപ്പോൾ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും അത് വഴിതെളിച്ചിരുന്നു. ടീസറിലെ ഇന്റിമേറ്റ് രംഗമാണ് ആളുകളെ ചൊടിപ്പിച്ചത്. ടീസറിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു ആം ആദ്മി പാർട്ടിയുടെ വനിതാ ഘടകം. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്നും അത് സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനെ ബാധിക്കുന്നതാണെന്നുമായിരുന്നു അവരുടെ പരാതി.
മാർച്ചിലാണ് സിനിമ റിലീസാവുക. കിയാര അദ്വാനി, നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ നിർമാണത്തിലും യഷ് പങ്കാളിയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash`s highly anticipated film `Toxic: A Fairytale for Grown Ups` secures a record-breaking Rs 120 crore distribution deal for AP-Telangana, proving his massive post-KGF fame
Published: 07 Feb 2026, 11:51 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented