താരങ്ങൾ ചില പ്രൊജക്ടുകൾ വേണ്ടെന്നുവെക്കുകയും അത് മറ്റുചിലരിലേക്ക് പോവുകയും ചെയ്യുന്നത് സിനിമയിൽ സാധാരണയായി നടക്കുന്ന കാര്യങ്ങളാണ്. എന്നാൽ, വേണ്ടെന്നുവെച്ച പ്രൊജക്ടുകൾ സൂപ്പർഡ്യൂപ്പർഹിറ്റായി മാറുന്നത് വളരെ ചുരുക്കമാണ്. അതിലൊന്നാണ് 2010-ൽ റിലീസായ 'എന്തിരൻ'.
ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്. 150 കോടിക്ക് നിർമിച്ച ചിത്രം അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു. രജനീകാന്ത്, ഐശ്വര്യ റായ് എന്നിവരെ കൂടാതെ സന്താനം, ഡാനി ഡെൻസോങ്പാ, കലാഭവൻ മണി തുടങ്ങിയവരും ഇതിൽ പ്രധാനവേഷങ്ങളിലെത്തി.
Also Read
റിലീസായപ്പോൾ ഏറെ പ്രശംസകളും ചിത്രം ഏറ്റുവാങ്ങി. സംവിധാനം, തിരക്കഥ, രജനീകാന്തിന്റെ പ്രകടനം, പാട്ട്, വിഷ്വൽ ഇഫക്ടുകൾ, ആക്ഷൻ സീക്വൻസ് എന്നിവയെല്ലാം ശ്രദ്ധേയമായി. സ്‌പെഷൽ ഇഫക്ട്‌സ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ മേഖലകളിലുള്ള ദേശീയപുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.
എന്നാൽ, രജനീകാന്തും ഐശ്വര്യ റായ്‌യും ആയിരുന്നില്ലത്രേ ആദ്യം തീരുമാനിച്ച നായികാനായകൻമാർ. റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ പ്ലാനിങ് സമയത്ത്, കമൽഹാസനും പ്രീതി സിന്റയുമായിരുന്നു പ്രധാനവേഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1990-കളുടെ അവസാനം 'റോബോട്ട്' എന്ന പേരിലാണ് ഈ സിനിമയുടെ നിർമാണം തുടങ്ങാൻ തീരുമാനിച്ചത്. കമലിനെയും പ്രീതിയെയും വെച്ച് ഫോട്ടോഷൂട്ടുകൾ വരെ നടത്തി. എന്നാൽ, ഷെഡ്യൂളുകളുടെ പ്രശ്‌നംകാരണം ചിത്രീകരണം നീണ്ടു.
കുറച്ചുകഴിഞ്ഞപ്പോൾ കമൽ മറ്റു ചില തിരക്കുകളിൽ പെട്ടുപോയി. തിരക്കഥയിലും അദ്ദേഹത്തിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. തിരക്കഥയിൽ ശങ്കർ മാറ്റങ്ങൾ വരുത്തി. ''കമൽ മറ്റു സിനിമകളിൽ അഭിനയിക്കുമ്പോൾ, ഞാൻ തിരക്കഥ മെച്ചപ്പെടുത്തുകയായിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ടും ഞങ്ങളുടെ ഡേറ്റുകൾ ക്ലാഷ് ആവുകയായിരുന്നു''. അതോടെ സിനിമ വേണ്ടെന്നുവെക്കാൻ കമൽ തീരുമാനിച്ചു. പ്രീതിയുടെ കാര്യവും ഏകദേശം അങ്ങനെ തന്നെ. അവരും പകുതിയിൽവെച്ച് പുറത്തുപോയി. സിനിമ നടന്നിരുന്നുവെങ്കിൽ, പ്രീതിയുടെ കരിയറിലെ ഏകതമിഴ് ചിത്രമായിരുന്നേനെ അത്.
അതിനിടെ 'ബോയ്‌സ്' എന്ന ചിത്രവും ശങ്കർ സംവിധാനം ചെയ്തു. അപ്പോഴും 'റോബോട്ട്' അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അവസരംകിട്ടിയപ്പോൾ രജനീകാന്തിനോട് അദ്ദേഹം കഥ വിവരിച്ചു. രജനിക്ക് കഥയിഷ്ടപ്പെട്ടു. ഉടനെ ശങ്കർ സിനിമയുടെ പേര് 'എന്തിരൻ' എന്നുമാറ്റി.
2010-ൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഇന്ത്യൻചിത്രം കൂടിയായിരുന്നു 'എന്തിരൻ'. 300 കോടിക്കുമേലെ ചിത്രം വാരിക്കൂട്ടി. 2018-ൽ 'എന്തിരൻ' സീക്വലായ '2.0' റിലീസായി. രജനീകാന്തിനൊപ്പം ആമി ജാക്‌സൻ, അക്ഷയ് കുമാർ തുടങ്ങിയവർ അഭിനയിച്ച ചിത്രം വാരിക്കൂട്ടിയത് 800 കോടിയോളമാണ്. രണ്ടുഭാഗങ്ങളും കൂടി കളക്ട് ചെയ്തത് 1100 കോടിയിലേറെ. മാത്രമല്ല രജനീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് ഇന്നും 'എന്തിരൻ' കണക്കാക്കപ്പെടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kamal Haasan and Preity Zinta were the original choices for Shankar's Robot. Scheduling conflicts and script differences led Kamal Haasan to opt out. Rajinikanth took the lead, and the film was renamed Enthiran.
Published: 15 Jun 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented