'ഡാ, അവനുമുണ്ടത്. നെങ്ങളോട് പറയാഞ്ഞിട്ടാ...' ഇന്നസെന്റിന്റെ വാക്കുകള്‍ ഇപ്പോള്‍ ഉള്ളില്‍ മുഴങ്ങുന്നു. മിക്ക മനുഷ്യരും മരണവാറണ്ടായി കാണുന്ന കാന്‍സറിനെ ചിരിയോടെ നേരിട്ട ഇരിങ്ങാലക്കുടക്കാരന്‍ മറ്റൊരു ഇരിങ്ങാലക്കുടക്കാരനെ അടുത്തിരുത്തി എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞതായിരുന്നു അത്. സത്യത്തില്‍ ഞാനത് അത്രയ്ക്ക് വിശ്വസിച്ചില്ല. 

മൂന്നു വര്‍ഷം മുമ്പായിരുന്നു അത്. മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രനേയും ഇന്നസെന്റിനേയും ഒന്നിച്ചിരുത്തിയതായിരുന്നു. ഇന്നസെന്റിന്റെ ഭാഷയില്‍ 'ലോക്കലായിരുന്ന ഇരിങ്ങാലക്കുടയെ ഇന്റര്‍നാഷണലാക്കി മാറ്റിയ രണ്ടു പേര്‍ മുഖാമുഖം.' 

തൃശൂര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ഈ സമാഗമം. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീകാന്ത് കോട്ടക്കല്‍, കവിയും സിനിമാഗാന രചയിതാവുമായ ബി.കെ.ഹരിനാരായണന്‍ തുടങ്ങിയ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പതിവുശൈലിയില്‍ സ്വര്‍ണനിറമുള്ള ജുബ്ബയും മുണ്ടും ധരിച്ച് ഇന്നസെന്റ് നേരത്തെയെത്തി. കളര്‍മുണ്ടും കറുപ്പില്‍ ചുവന്ന ഹിന്ദി അക്ഷരങ്ങളില്‍ 'മഹാകാല്‍' എന്നെഴുതി വെച്ച ഡിസൈനിലുള്ള ജുബ്ബയായിരുന്നു ജയചന്ദ്രന്റെ വേഷം. തമാശകള്‍ പറഞ്ഞും ഉറക്കെ ചിരിച്ചും ഇന്നസെന്റ് കൊഴുപ്പിച്ചപ്പോള്‍ ജയചന്ദ്രനും ഫോമിലേക്കെത്തി. അങ്ങനെ ആകെ കളറായപ്പോള്‍ അവര്‍ പറയുന്നതില്‍ ഏതാണ് തമാശ, ഏതാണ് കാര്യമെന്ന് തിരിച്ചറിയാന്‍ കഴിയാതെയുമായി. 

ആറുപതിറ്റാണ്ടുമുമ്പ് ഇരിങ്ങാലക്കുടയില്‍ നടന്ന ഒരു സൈക്കിളപകടത്തിന്റെ പിന്നിലെ രഹസ്യം അനാവരണം ചെയ്തുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രി ക്ലാസില്‍ പഠിക്കുകയായിരുന്ന ഒരു പതിനെട്ടുകാരന്‍ തന്നെക്കാള്‍ നാലു വയസ്സിന് ഇളപ്പമായ ഒരു പയ്യനെ സൈക്കിളിടിച്ച് താഴെയിട്ടു. നിലത്തുവീണുകിടന്ന അവനെ ചെവിക്കുപിടിച്ച് എഴുന്നേല്‍പ്പിച്ച് ''നോക്കി നടക്കെടാ'' എന്നുപറഞ്ഞ് ഓടിച്ചുവിട്ടു. പില്‍ക്കാലത്ത് ഇവര്‍ രണ്ടുപേരും പ്രസിദ്ധരായി മാറിയതുകൊണ്ട് മാധ്യമങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഇതു ചര്‍ച്ചയായി. സൈക്കിളില്‍ വന്ന പതിനെട്ടുകാരന്‍ മലയാളികളുടെ പ്രിയങ്കരനായ ഗായകന്‍ ജയചന്ദ്രനും ഇടികിട്ടിവീണ പയ്യന്‍ സിനിമാതാരവും പാര്‍ലമെന്റ് അംഗവുമൊക്കെയായി മാറിയ ഇന്നസെന്റായിരുന്നു. 

placeholder

അന്ന് ഇന്നസെന്റിനെ സൈക്കിളിടിച്ചു വീഴ്ത്തിയിട്ടും ക്ഷമപോലും പറയാന്‍ തയ്യാറാവാതിരുന്ന ജയചന്ദ്രനായിരുന്നു കേസിലെ പ്രതി. എന്നാല്‍, ഇന്നസെന്റ് പറഞ്ഞു, ''സത്യത്തില്‍ ജയേട്ടന്‍ എന്നെ വന്നിടിച്ചതല്ലായിരുന്നു. ഞാനങ്ങോട്ടുചെന്ന് ഇടി വാങ്ങിയതായിരുന്നു''. ഒരേ നാട്ടുകാരാണെങ്കിലും ചെറുപ്പത്തില്‍ അവര്‍ തമ്മില്‍ വലിയ കൂട്ടൊന്നുമില്ലായിരുന്നു. എന്നാല്‍, ജയചന്ദ്രന്റെ അച്ഛന്‍ കൊച്ചനിയന്‍ തമ്പുരാനുമായി ഇന്നസെന്റിന് വലിയ അടുപ്പമായിരുന്നു. ഇന്നസെന്റ് അപ്പന്റെ പലചരക്കു കടയിലിരിക്കുമ്പോള്‍ ഒരു സൈക്കിളും തള്ളി അദ്ദേഹം ചെല്ലും. ആദ്യമൊക്കെ മുഖത്തേക്ക് വെറുതേ നോക്കും. ഒരു ദിവസം ഇന്നസെന്റ് പറഞ്ഞു: ''തമ്പ്രാന്‍ ഒന്നു കേറീട്ട് പോവാം.'' അപ്പോള്‍ ഇവന്‍ കൊള്ളാമല്ലോയെന്നമട്ടില്‍ ഒന്നു നോക്കി കയറിച്ചെന്നു, ''എന്താടോ ഒരു വിഷമം, തനിക്ക് മുട്ടക്കച്ചവടത്തില്‍ നഷ്ടം വന്നോ''യെന്നൊരു ചോദ്യവും. മറ്റൊരു ദിവസം അവരുടെ വീടിന്റെ പടിക്കലൂടെ പോവുമ്പോള്‍  പറഞ്ഞു: ''നിക്കടോ ഞാനുണ്ട്. അകത്ത് ഷര്‍ട്ട് ഇസ്ത്രിയിട്ടുകൊണ്ടിരിക്കുകയാണ്, അതൊന്ന് കഴിയട്ടെ.'' 
 

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ(ജയചന്ദ്രന്റെ അമ്മ സുഭദ്രക്കുഞ്ഞമ്മ)ഇസ്ത്രിയിട്ട ഷര്‍ട്ട് കൊണ്ടുവന്നുകൊടുത്തു. അത് മടക്കി ചുമലിലിട്ട് തമ്പുരാന്‍ ഇന്നസെന്റിനൊപ്പം അങ്ങാടിയിലേക്കു നടന്നു. ഇസ്ത്രിയിട്ട ഷര്‍ട്ട് മടക്കുനിവര്‍ത്താതെ എന്തിനാണ് ഇങ്ങനെ ചുമലിലിട്ടതെന്ന് ഇന്നസെന്റിന് മനസ്സിലായില്ല. ചോദിച്ചതുമില്ല. 

''എന്തായാലും മൂപ്പരുമായി നടക്കുന്നത് എനിക്ക് വലിയ ഗമയായിരുന്നു. കാരണം കൊച്ചി കോവിലകത്തെ തമ്പുരാനാണ്. ഞങ്ങളുടെ നാട്ടില്‍ വന്ന് വലിയ വീടൊക്കെ പണിത് താമസമാക്കിയതാണ്. എന്തുകൊണ്ടും വലിയ ആള്‍ക്കാര്‍. അദ്ദേഹത്തോടൊപ്പം നടക്കുമ്പോള്‍ എനിക്കും തമ്പുരാനാണെന്ന ഭാവമായി രുന്നു. എല്ലാവരും എന്നെയിങ്ങനെ നോക്കും ഈ ചെക്കനെന്തിനാണ് ഇയാളുടെ പിന്നാലെയിങ്ങനെ നടക്കുന്നത് എന്ന ഭാവത്തില്‍. നമ്മളതൊന്നും കാര്യമാക്കില്ല. മൂപ്പര് ഷര്‍ട്ടിടാതെ മണികളുള്ള മാല കഴുത്തിലിട്ടാണ് പുറത്തേക്കിറങ്ങുക. അപ്പോളെനിക്ക് മനസ്സിലായി, തമ്പുരാനാവണമെങ്കില്‍ കൊന്തയുള്ള മാലകൊണ്ട് കാര്യമില്ല. മണിച്ചെയിന്‍ വേണം. അതിന്റെ ഒരു രീതിയിലാണ് ഞാനിപ്പോള്‍ കഴുത്തിലിട്ടിരിക്കുന്ന ഈ ചെയിന്‍. പിന്നെ ഒരു രസംകൂടിയുണ്ട്. സൈക്കിളുമായിട്ടായിരുന്നു അങ്ങേരുടെ യാത്ര. പക്ഷേ, അതില്‍ കയറി ചവിട്ടില്ല. അത് തള്ളിയങ്ങനെ നടക്കും. അതേപോലെ സൈക്കിള്‍ തള്ളിനടക്കുന്ന മറ്റൊരാളുകൂടിയുണ്ടായിരുന്നു അവിടെ. സ്‌കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന മഹാകവി, വൈലോപ്പിള്ളി മാഷ്. രണ്ടുപേരും കൂട്ടിയിടിച്ചിട്ടുണ്ട്.'' 

ഇന്നസെന്റങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ചോദിച്ചു, ''ഇന്നസെന്റിനിഷ്ടമായ ജയചന്ദ്രന്‍ ഗാനം ഏതാണ്?'' 
''ചെറുപ്പത്തിലേ കേട്ടുതുടങ്ങിയ ജയേട്ടന്‍ പാട്ടുകള്‍ തന്നെയാണ് ഇന്നും എന്റെ ഇഷ്ടത്തില്‍ മുന്നില്‍. ഇദ്ദേഹത്തിന്റെ മാത്രമായി പത്തിരുപതു പാട്ടുകള്‍ ഞാന്‍ കാറില്‍ പെന്‍ഡ്രൈവില്‍ വെച്ചിട്ടുണ്ട്. അതെല്ലാം ഇടയ്ക്കിടെ കേള്‍ക്കും. 'ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ', 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി'... അതൊക്കെ വലിയ ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഇദ്ദേഹത്തിന്റെ പാട്ടുകള്‍ കാര്യമായി കേള്‍ക്കുന്നത്, നാട്ടിലെ പ്രഭാത് ഇലക്ട്രിക്കല്‍സിലെ വലിയ ഗ്രാമഫോണ്‍ റെക്കോഡിലാണ്.

'അതേയ് ജയക്കുട്ടന്‍ പാട്ട്' എന്ന് പറഞ്ഞ് ആളുകള്‍ അവിടെ കൂടും. അങ്ങനെയാണ് 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' ആദ്യമായി കേള്‍ക്കുന്നത്. പാട്ടുകേട്ട് ആളുകള്‍ കോരിത്തരിച്ചുനില്‍ക്കുന്നു. അങ്ങനെ എത്രയോ പാട്ടുകള്‍ ഞാന്‍ കേട്ടുനിന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ഇയാളെപ്പോലൊക്കെ ആയിരുന്നേല്‍ നന്നായേനേ. കാലം കഴിഞ്ഞപ്പോള്‍ അതേ ജയക്കുട്ടന്‍ പാടിയ പാട്ടിന്റെ സീനില്‍ അഭിനയിച്ച് ചുണ്ടനക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. 'അപാരത' എന്ന സിനിമയില്‍ 'കായംകുളം പട്ടണത്തില്‍ പേരുകേട്ട പാപ്പി മകളേ...' എന്ന ശ്രീകുമാരന്‍ തമ്പി എഴുതി ഇളയരാജ സംഗീതം നല്‍കിയ പാട്ട്.''

സംഭാഷണം ഏറെ നേരം നീണ്ടു. പഴയതും പുതിയതുമായ കഥകള്‍ പറഞ്ഞ് ഏറെ ചിരിച്ചു. ഇന്നസെന്റിനെ ചേര്‍ത്തുപിടിച്ച് ജയചന്ദ്രന്‍ പറഞ്ഞു: ''ഇവനൊരു മുതലാ. ഞങ്ങള്‍ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനം.'' അതുകേട്ട് ഇന്നസെന്റിന്റെ കണ്ണുനിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

സംഭാഷണം അവസാനിച്ച് തിരികെ പോരുമ്പോള്‍ ഹരിനാരായണനോട് ചോദിച്ചു. ''ജയേട്ടനും കാന്‍സറാണോ?''
അവന്റെ മുഖം മങ്ങി. ''അതെ. ചികിത്‌സയിലാണ്. പക്ഷെ അതൊന്നും എഴുതേണ്ട. രോഗമില്ലെന്ന് വിശ്വസിക്കാനാണ് ജയേട്ടന് ഇഷ്ടം.'' പിന്നെ ഒരു വര്‍ഷത്തോളമേ ഇന്നസെന്റ് ജീവിച്ചുള്ളൂ. ഇപ്പോഴിതാ ജയചന്ദ്രനും. ഇനി ഇരിങ്ങാലക്കുടയെ ആര് ഇന്റര്‍നാഷണലാക്കും?