പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും...വൗ ..
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളെ...
കനവിലോ.. കുളിരുമായി വിരിയുമീ മുഖമിനി
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ...
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ.. നദികളായ് ഒഴുകിടും...

'ഗോദ'യിലെ ഈ പാട്ട് നായികയുടെ സൗന്ദര്യം അതേപടി പകര്‍ത്തുന്നതായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത, ടോവിനോ തോമസ് നായകനായ ചിത്രത്തിന്റെ കേന്ദ്രബിന്ദു അദിതി സിംഗ് എന്ന നായികയായിരുന്നു. പഞ്ചാബിയായ  ഗുസ്തിതാരമാണ് അദിതി. അവള്‍ കേരളത്തിലെ ഗ്രമത്തിലെത്തുന്നതും ഗുസ്തിയില്‍ അറിയപ്പെടുന്ന താരമായി വളരുന്നതുമാണ് സിനിമ. 

To advertise here,

പഞ്ചാബിയായ നായികയെത്തന്നെയാണ് സിനിമ അവതരിപ്പിച്ചത്. വാമിക ഗബ്ബി. പതിമൂന്നാം വയസില്‍ ബോളിവുഡിലൂടെ സിനിമയിലെത്തിയതാണ് വാമിക. അതും ഹിറ്റ് ചിത്രമായ 'ജബ് വി മെറ്റി'ലൂടെ. പിന്നെ 'ലവ് ആജ് കല്‍', 'മോസം', 'സിക്സ്റ്റീന്‍' എന്നിങ്ങനെ ചെറു വേഷങ്ങള്‍. പിന്നെ പഞ്ചാബി സിനിമയിലേക്ക്. ഒരു വമ്പന്‍ ഹിറ്റും ബാക്കി ഫ്‌ളോപ്പുകളും. അങ്ങനെ വാമിക തെലുഗ്, തമിഴ്  സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനെത്തി.  

അങ്ങനെയിരിക്കെയാണ് 'ഗോദ' വരുന്നതും പണം വരുന്നതും. ടോവിനോയെ കടത്തിവെട്ടിയ പ്രകടനം എന്നെല്ലാം റിവ്യൂ വന്നു. പിന്നാലെ  വാമികയെത്തേടി നല്ല അവസരങ്ങളെത്തി. പഞ്ചാബി സിനിമയില്‍ അവരുടെ ഭാഗ്യം തെളിഞ്ഞു.  ബോളിവുഡിലും രണ്ടാം വരവ്. സിനിമയും കൈനിറയെ സീരീസുകളും വാമികയുടെ കരിയര്‍ തിരക്കുള്ളതാക്കി.

placeholder
പ്രശസ്തിയുടെ പാര്‍ശ്വഫലങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരാറുണ്ടല്ലോ സെലിബ്രിറ്റികള്‍ക്ക്. വാമികയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായില്ല. വാമികയുടെ കണ്ണുകളാണ് ആദ്യം ചര്‍ച്ചയായത്. ഐശ്വര്യ റായിക്ക് പിറക്കാതെ പോയ മകളെന്നായി ഇന്‍സ്റ്റയിലെ ചില ആരാധകക്കൂട്ടത്തിന്റെ വാക്കുകള്‍. ഐശ്വര്യയുടെ ചെറുപ്പകാല ലുക്കും വാമികയുടെ ലുക്കും തമ്മിലുള്ള സാദൃശ്യം പൊതുവെ ചര്‍ച്ചയായി.

അതിനിടെ വാമികയുടെ പഠനകാലത്തെ ഫോട്ടോകള്‍ ആരോ പോസ്റ്റ് ചെയ്തു. അന്നത്തേയും ഇന്നത്തെയും മുഖം താരതമ്യത്തിന് വിധേയമാക്കി. വാമിക സൗന്ദര്യവര്‍ധനവിന് ശസ്ത്രക്രിയ നടത്തി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. മുഖത്തിന്റെ തടി കുറയ്ക്കുകയും കവിളെല്ലുകള്‍ തെളിഞ്ഞുകാണു വിധം പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകുകയും ചെയ്തത്രേ.

ശരീരഭാരം കഥാപാത്രത്തിനായി കൂട്ടുകയും കുറയ്ക്കുകയും ചെയ്ത കാര്യം വാമിക പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിരുന്നു. പക്ഷേ ശസ്ത്രക്രിയ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ വാമിക പ്രതികരിച്ചിട്ടില്ല.