കുട്ടിക്കാലം തൊട്ടേ വളരെ അടുത്ത സുഹൃത്തുക്കളാണ് ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറും വരുണ്‍ ധവാനും. അഭിനയരംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഇരുവരും. എബിസിഡി-2, സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി തുടങ്ങിയ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, വലിയ ആരാധകനിര തന്നെയുണ്ട് താരജോടികള്‍ക്ക്.  

ഒരിക്കല്‍ ശ്രദ്ധ കപൂറിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചിരുന്നു വരുണ്‍. അതിന്റെ പ്രത്യാഘാതം തനിക്ക് അനുഭവിക്കേണ്ടിവന്നെന്ന് പറയുകയാണ് താരം. അന്ന് ശ്രദ്ധയ്ക്ക് എട്ട് വയസ്സായിരുന്നു, വരുണിനോട് ശ്രദ്ധയ്ക്ക് പ്രണയം തോന്നി. വരുണ്‍ ആണെങ്കില്‍ ആ പ്രണയം നിരസിക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധ അത്ര ലളിതമായിട്ടല്ല എടുത്തതെന്ന് വരുണ്‍ പറയുന്നു.   

ശ്രദ്ധയുടെ പത്താമത്തെ പിറന്നാളാഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം വരുണിനെയും അവള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ശ്രദ്ധയുടെ പ്രണയം നിരസിച്ചതിനെ ചോദ്യം ചെയ്യാന്‍ അവിടെയൊരു ഗ്യാങ് തന്നെയുണ്ടായിരുന്നുവത്രേ. 

'അവളൊരു ഫ്രോക്കായിരുന്നു അന്ന് ധരിച്ചിരുന്നത്. ശ്രദ്ധയോട് ഇഷ്ടമുണ്ടായിരുന്ന ഒരു നാല് പയ്യന്‍മാരെങ്കിലും അവിടെയുണ്ടായിരുന്നു, പെട്ടെന്ന് അവരെല്ലാം കൂടി എന്നെ വളഞ്ഞിട്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. ശ്രദ്ധയെ ഇഷ്ടമില്ലാത്തത് എന്തുകൊണ്ടാണ്? എന്നായിരുന്നു അവരുടെ ചോദ്യം. എനിക്ക് ഡാന്‍സ് മത്സരത്തിനോടാണ് താത്പര്യമെന്ന് ഞാന്‍ പറഞ്ഞു. അവര്‍, പറ്റില്ല പറ്റില്ല, നീ അവളെ ഇഷ്ടപ്പെട്ടേ പറ്റൂ എന്ന് പറഞ്ഞു. തമാശയല്ല, ഈ ആളുകള്‍ക്കെല്ലാം അവളെ ഇഷ്ടവുമായിരുന്നു. അവരെന്നോട് അടികൂടാന്‍ വന്നു. അവരെന്നെ മര്‍ദിച്ചു.' 

ഒരു സിനിമാക്കഥ പോലെയാണിതെന്നും വരുണ്‍ പറയുന്നു. പ്രണയം സ്വീകരിക്കാത്തതിന് ശ്രദ്ധ തന്നെ തല്ലിച്ചതെങ്ങനെയെന്ന് വരുണ്‍ വിശദീകരിച്ചു. എന്നാല്‍, ഇരുവരും കൗമാരക്കാരായപ്പോള്‍ ഒരു പുതിയ കഥയുണ്ടായി. വരുണ്‍ ശ്രദ്ധയുടെ സ്‌കൂളില്‍ ഒരു നൃത്ത മത്സരത്തിന് പോയിരുന്നു. മത്സരത്തിനിടെ ഒരാളെ വടി കൊണ്ട് അടിച്ചതിന് വരുണ്‍ പ്രശ്‌നത്തിലകപ്പെട്ടു. അവനെ അവര്‍ പിന്തുടര്‍ന്നപ്പോള്‍ ശ്രദ്ധയാണത്രേ രക്ഷിച്ചത്. 

ആ ദിവസം ശ്രദ്ധയുടെ പ്രണയം നിരസിച്ചതില്‍ വരുണ്‍ പശ്ചാത്തപിച്ചുവത്രേ. ശ്രദ്ധ കാണാന്‍ അതിസുന്ദരിയായിരുന്നുവെന്ന് വരുണ്‍ ഓര്‍ക്കുന്നു, അവളുടെ പ്രണയം നിരസിച്ചതില്‍ ഖേദിച്ചുവെന്നും. പിന്നീട് തങ്ങള്‍ സുഹൃത്തുക്കളായെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധയോട് ചോദിക്കൂവെന്നും വരുണ്‍ പറയുന്നു.