ബോളിവുഡിന്റെ കല്‍നായകനാണ് സഞ്ജയ് ദത്ത്. വിവാദങ്ങള്‍ വിട്ടൊഴിയാതിരുന്ന അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി പല കഥകള്‍  പ്രചരിച്ചിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ മറന്ന് അതിസുന്ദരിയായ നായികയുമായി പ്രണയത്തിലായി എന്നതാണ് അതിലൊന്ന്. ആ നായികയാകട്ടെ സാക്ഷാല്‍ മാധുരി ദീക്ഷിത്തും. ആകെ ഒന്‍പത് സിനിമകളിലാണ് മധുരിയും സഞ്ജയും ഒരുമിച്ചത്. 1988 -1997 കാലഘട്ടത്തില്‍ മാത്രം എട്ട് സിനിമകള്‍. 

To advertise here,

ഖത്‌രോന്‍ കെ ഖിലാഡി(1988),  ഇലാക(1989), കാനൂന്‍ അപ്ന അപ്ന (1989 ), താനേദാര്‍( 1990) എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഇരുവരും 'സാജനി'ല്‍ (1991 ) അഭിനയിക്കുന്നത്. അപ്പോഴേക്കും രണ്ടുപേരും തിരക്കുള്ള താരങ്ങളായി മാറിയിരുന്നു. സഞ്ജയും മധുരിയും വെള്ളിത്തിരയില്‍ ഒരുമിച്ചപ്പോഴെല്ലാം മാജിക്കുണ്ടായി. അസാധ്യ കെമിസ്ട്രി എന്ന് ആരാധകര്‍ അടക്കി പ്രശംസിച്ചു. ജനപ്രിയ ജോഡിയെക്കുറിച്ച് കൂടുതലറിയാന്‍ മാധ്യമങ്ങള്‍ വട്ടമിട്ടു. സിനിമക്ക് പുറത്തും ഇരുവരും നല്ല അടുപ്പത്തിലായിരുന്നു. 

placeholder
കടപ്പാട്- Getty Images

എന്നാല്‍ 'സാജന്‍' ഹിറ്റായതോടെ കഥ മാറി. മധുരിയും സഞ്ജയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നുതുടങ്ങി. സഞ്ജയ് വിവാഹിതനായിരുന്നു. ഒരു മകളുമുണ്ടായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ചികിത്സക്കായി അമേരിക്കയിലായിരുന്നു ഭാര്യയായ റിച്ച. മാധുരി ചില അഭിമുഖങ്ങളില്‍ സഞ്ജയിയെ പ്രശംസിച്ചിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മബോധം അപാരമാണെന്നും തന്നെ എപ്പോഴും ചിരിപ്പിക്കാന്‍ കഴിയുന്ന ഏക വ്യക്തി സഞ്ജയ് ആണെന്നും മാധുരി പറഞ്ഞിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ട്ണര്‍ സഞ്ജയ് ആണെന്നും. മാധുരിയുടെ പ്രതികരണത്തില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ പുറത്തിറങ്ങി. സഞ്ജയ് റിച്ചയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി മധുരിയെ വിവാഹം കഴിക്കുമെന്നുപോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

placeholder
 കടപ്പാട്-wikipedia

1992-ല്‍  ഇരുവരും അഭിനയിച്ച 'കല്‍നായക്' വമ്പന്‍ ഹിറ്റായി. 'ചോളി കെ പീച്ചേ' എന്ന ഒറ്റ ഗാനം മധുരിയുടെ താരമൂല്യം ഇരട്ടിയാക്കി.  അപ്പോഴാണ് റിച്ചയുടെ മടങ്ങിവരവ്. ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യവതിയായി തിരിച്ചെത്തിയ ഭാര്യയെ സ്വീകരിക്കാന്‍ സഞ്ജയ് എയര്‍പോട്ടില്‍ ചെന്നില്ല. കഷ്ടി പതിനഞ്ചുനാള്‍ ഇന്ത്യയില്‍ തുടര്‍ന്നശേഷം റിച്ച മടങ്ങി. വിവാഹബന്ധം ശക്തിപ്പെടുത്താന്‍ വന്ന റിച്ച സഞ്ജയുടെ പ്രണയം കണ്ട് മനസ്സുതകര്‍ന്ന് മടങ്ങിയതാണെന്നാണ് വാര്‍ത്തകള്‍ വന്നത്. അതോടെ രോഗിയായ ഭാര്യയെ തിരസ്‌കരിച്ച ക്രൂരനായി സഞ്ജയ് മാറി. 

യാസര്‍ ഉസ്മാന്റെ 'സഞ്ജയ് ദത്ത് ദി; ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ് '('Sanjay Dutt: The Crazy Untold Story of Bollywood's Bad Boy' )എന്ന പുസ്തകം സഞ്ജയ്-മാധുരി അടുപ്പത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. റിച്ചയുടെ സഹോദരി എന ശര്‍മ്മ മാധുരിയെ ക്രൂരയെന്നാണത്രെ വിശേഷിപ്പിച്ചത്. ആരെ വേണമെങ്കിലും സ്വന്തമാക്കാമെന്നിരിക്കെ, സ്വന്തം ഭാര്യയോട് ഇത്ര മോശമായി പെരുമാറിയ ഒരാളെ എന്തിനാണ് മാധുരി തെരഞ്ഞെടുക്കുന്നത് എന്നായിരുന്നു എനയുടെ ചോദ്യം.  

placeholder
 കടപ്പാട്-wikipedia

1993-ല്‍ 'സാഹിബാന്‍' എന്ന ചിത്രം കൂടി പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകന്റെ വാക്കുകളും യാസര്‍ തന്റെ പുസ്തകത്തില്‍ ഉക്കൊള്ളിച്ചിട്ടുണ്ട്. ചുറ്റിലും ആളുകളുള്ളത് കാര്യമാക്കാതെ മാധുരിയുടെ പിന്നാലെ നടന്ന് ഐ ലവ് യൂ എന്ന് സഞ്ജയ് പറയുമായിരുന്നു എന്നാണ് സംവിധായകന്‍ രമേഷ് തല്‍വാര്‍ പറഞ്ഞത്. ഇതേ വര്‍ഷമാണ് സഞ്ജയ് വിവാഹമോചനത്തിന് ശ്രമിക്കുന്നത്. റിച്ചയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. അവര്‍ വീണ്ടും ട്യൂമറിന് ചികിത്സ ആരംഭിച്ചു.

അതിനിടെയാണ് മുംബൈ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം ദത്തില്‍ എത്തിച്ചേരുന്നത്. അനധികൃതമായി ആയുധം കയ്യില്‍വെച്ചതിന് ഏപ്രിലില്‍ ദത്ത് അറസ്റ്റിലായി. സിനിമാലോകം ഞെട്ടി. മാധ്യമങ്ങള്‍ മധുരിയെ വളഞ്ഞു. ചോദ്യങ്ങളോട് മാധുരി പ്രതികരിച്ചില്ല. പറഞ്ഞുകേള്‍ക്കുന്നത് പോലെയുള്ള ബന്ധമൊന്നും തങ്ങള്‍ തമ്മിലില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മാധുരിയുടെ മറുപടി. സഞ്ജയിയെ ജയില്‍ പോയി മാധുരി കണ്ടതുപോലുമില്ല.  

ജാമ്യം കിട്ടി ഒക്ടോബറില്‍ പുറത്തിറങ്ങിയ സഞ്ജയ് 'മൂവി മാഗസിന്' അഭിമുഖം നല്‍കി. സ്വാഭാവികമായും മധുരിയുമായുള്ള ബന്ധത്തെപ്പറ്റി ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഇക്കുറി സഞ്ജയ് വിശദമായ മറുപടി നല്‍കി- 'സാജന്‍' സിനിമയുടെ കാലത്താണ് ഇങ്ങനെയൊരു കഥ തുടങ്ങുന്നത്. വാസ്തവത്തില്‍, വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍തന്നെ ഞാന്‍ മാധുരിയോട് സോറി പറഞ്ഞു. ഒരു തെറ്റും കൂടാതെ അവള്‍ പൊതുനിരീക്ഷണത്തില്‍ പെടുകയായിരുന്നു. അവള്‍ അത് നന്നായി കൈകാര്യം ചെയ്തു.'' ഒപ്പം അഭിനയിക്കുന്ന ഏല്ലാ നായികമാരുമായി തനിക്ക് നല്ല ബന്ധമാണെന്ന് സഞജയ് പറഞ്ഞു. മധുരിയോടുള്ളത് പ്രൊഫഷണല്‍ സൗഹൃദം മാത്രമെന്നും.

placeholder
കടപ്പാട്- Getty Images

രണ്ടുപേരും നിഷേധിച്ചതോടെ തത്കാലം ഗോസിപ്പുകള്‍ അവസാനിച്ചു. 1996-ല്‍ റിച്ച മരിച്ചു. 1998-ല്‍ റിയ പിള്ളയുമായി സഞ്ജയ് വിവാഹിതനായി. തൊട്ടടുത്ത വര്‍ഷം മധുരിയും വിവാഹിതയായി. സിനിമാജീവിതത്തില്‍ നിന്ന് മാധുരി നീണ്ട ഇടവേളയെടുത്തു. 

ഏറെക്കാലം കെട്ടടങ്ങിയ ഗോസിപ്പ് കോളങ്ങള്‍ പിന്നെയും സജീവമായത് 2018-ല്‍ രാജ്കുമാര്‍ ഹിരാനി 'സഞ്ജു' എന്ന ബയോപിക് തുടങ്ങിയതോടെയാണ്. തന്നെക്കുറിച്ചുള്ള പരാമര്‍ശം സിനിമയില്‍ പാടില്ലെന്ന ആവശ്യവുമായി മാധുരി ഹിരാനിയെ സമീപിച്ചു എന്ന റിപ്പോര്‍ട്ടുകളുയര്‍ന്നു. എന്നാല്‍ പഴങ്കഥകള്‍ക്കൊന്നും പ്രസക്തിയില്ല എന്നാണ് ഒരഭിമുഖത്തില്‍ മാധുരി പ്രതികരിച്ചത്. 2019-ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'കളങ്ക്' എന്ന ചിത്രത്തില്‍ സഞ്ജയ്-മാധുരി താരജോഡി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എന്നാല്‍, ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുകയാണ് ഉണ്ടായത്.