'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയിലൂടെയാണ് നിര്‍മാതാവ് ബോണി കപൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടം മുതലുള്ള സിനിമാജീവിതത്തില്‍ ബോണി കുറേ വിജയസിനിമകളുടെ ഭാഗമായി. പ്രേം, ജുദായ്, പുകാര്‍, ഹമാരാ ദില്‍ ആപ്‌കെ പാസ് ഹെ, കമ്പനി, ഖുഷി, റണ്‍, ബേവഫ...അങ്ങനെ കുറേ ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. കരിയറില്‍ ഉയര്‍ച്ചകള്‍ തൊടുമ്പോള്‍, സ്വകാര്യജീവിതത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു അദ്ദേഹത്തിന്. വിവാഹിതനായിരിക്കുമ്പോള്‍ തന്നെ നടി ശ്രീദേവിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം അതില്‍ ഉള്‍പ്പെടും. 

1987-ലെ ഹിറ്റ് പടങ്ങളില്‍ രണ്ടാം സ്ഥാനത്താണ് 'മിസ്റ്റര്‍ ഇന്ത്യ'. അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ കപൂറും ശ്രീദേവിയുമായിരുന്നു നായികാനായകന്‍മാര്‍. ശ്രീദേവിയെ ബോണി കപൂര്‍ ആദ്യമായി കാണുന്നതും അപ്പോള്‍ തന്നെ. വിവാഹിതനും അര്‍ജുന്‍, അന്‍ഷുല എന്നീ രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു അപ്പോള്‍ ബോണി. 

placeholder
മോന ഷൂരി

ഒരു തമിഴ് സിനിമയില്‍ ശ്രീദേവിയുടെ അഭിനയം കണ്ടപ്പോള്‍ തന്നെ ബോണി കപൂറിന് ഒരുപാട് ഇഷ്ടപ്പെട്ടു. എങ്ങനെയും അവരെ താന്‍ നിര്‍മിക്കുന്ന സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അവരെ കാണാനായി മദ്രാസിലെത്തി. പക്ഷേ, അന്ന് ശ്രീദേവി വേറെവിടെയോ ഷൂട്ടിങ്ങിലായിരുന്നു. ശ്രീദേവിയുടെ പ്രതിഫലവും ഡേറ്റുമെല്ലാം തീരുമാനിക്കുന്നത് അമ്മയാണ്. എട്ടുലക്ഷം വരെയായിരുന്നു അവരുടെ അന്നത്തെ പ്രതിഫലം. അവരെ നായികയാക്കാനായി പതിനൊന്ന് ലക്ഷം വരെ ബോണി ഓഫര്‍ ചെയ്തു. തനിക്ക് ഭ്രാന്താണോയെന്ന് വരെ അമ്മ ചിന്തിച്ചുവെന്ന് ബോണി പിന്നീട് പറഞ്ഞു. എന്തായാലും അവര്‍ ഓകെ പറഞ്ഞു.  

ഷൂട്ടിങ്ങിനായി എത്തുമ്പോഴാണ് ബോണി ശ്രീദേവിയെ ആദ്യമായി കാണുന്നത്. ''സ്വപ്‌നസാഫല്യമായിരുന്നു ആ കൂടിക്കാഴ്ച. മുറി ഇംഗ്ലീഷിലും മുറി ഹിന്ദിയിലും ശ്രീദേവി എന്നോട് സംസാരിച്ചു. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം തോന്നി'', പിന്നീട് ബോണി കപൂര്‍ പറഞ്ഞതിങ്ങനെ.

സെറ്റിലെത്തിയപ്പോള്‍ ശ്രീദേവി ആഗ്രഹിക്കുന്നതെല്ലാം അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ബോണി ഉറപ്പാക്കി. ഏറ്റവും മികച്ച മേക്കപ്പ് റൂമും കോസ്റ്റിയൂമുകളും ശ്രീദേവിക്ക് ലഭിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്നില്‍ ശ്രീദേവിക്ക് മതിപ്പുണ്ടാകണം, അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അത്രയും ഭ്രാന്തമായ ഇഷ്ടമായിരുന്നു ബോണിക്ക്. തനിക്ക് ശ്രീദേവിയോട് പ്രണയമാണെന്ന്, അധികം വൈകാതെ ഭാര്യ മോനയോട് ബോണി പറഞ്ഞു. ''എനിക്ക് കുറ്റബോധമുണ്ടായിരുന്നു. പക്ഷേ സത്യം തുറന്നുപറഞ്ഞല്ലേ പറ്റൂ. വിവാഹത്തിന് എത്രയോ നാള്‍ മുമ്പ് തന്നെ ശ്രീദേവി എനിക്കൊപ്പം താമസമാക്കിയിരുന്നു. ഇതൊക്കെ മോനയ്ക്കും അറിയാമായിരുന്നു''.

placeholder
മക്കളായ ജാന്‍വി, അന്‍ഷുല, അര്‍ജുന്‍, ഖുഷി എന്നിവര്‍ക്കൊപ്പം ബോണി കപൂര്‍ / AFP

'മിസ്റ്റര്‍ ഇന്ത്യ'യുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ശ്രീദേവി 'ചാന്ദ്‌നി'യുടെ ഷൂട്ടിങ്ങിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയി. അവര്‍ പോയപ്പോഴാണ് തനിക്ക് ശ്രീദേവിയോട് പ്രണയമാണെന്ന് ബോണി തിരിച്ചറിഞ്ഞത്. അവരെ കാണാനായി ബോണിയും സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി.  പ്രണയം തുറന്നുപറഞ്ഞപ്പോള്‍ ശ്രീദേവിക്ക് ദേഷ്യം വന്നുവെന്നും അവര്‍ മാസങ്ങളോളം തന്നോട് മിണ്ടാതിരുന്നുവെന്നും ബോണി പിന്നീട് പറഞ്ഞു. 1995-ല്‍ ശ്രീദേവിയുടെ അച്ഛന്‍ മരിച്ചു. അന്നൊക്കെ അവരുടെ കൂടെത്തന്നെ ബോണിയും നിന്നു. അതോടെയാണ് ശ്രീദേവിക്കും തന്നോട് ഇഷ്ടംതോന്നിയതെന്ന് ബോണി ഓര്‍ക്കുന്നു. 1996 ജൂണില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍, 1997-ല്‍ ശ്രീദേവി ഗര്‍ഭിണിയായപ്പോഴാണ് ഇത് പുറംലോകത്തെ അറിയിക്കുന്നത്. 

അന്നിരുവരും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. ഒരു കുടുംബം നശിപ്പിച്ചവള്‍ എന്നാണ് പലരും അന്ന് ശ്രീദേവിയെ വിശേഷിപ്പിച്ചത്. അതോടെ മോനയും അര്‍ജുനും അന്‍ഷുലയും ബോണിയുടെ മാതാപിതാക്കളും ബോണിയില്‍നിന്ന് അകന്നു. 

placeholder
ശ്രീദേവിയും ബോണിയും മക്കളോടൊപ്പം / PTI

''ഞങ്ങളുടെ ബന്ധത്തിന് ഇനിയൊരു അവസരം കൂടി നല്‍കാന്‍ കഴിയില്ല. കാരണം ശ്രീദേവി അപ്പോഴേക്കും ഗര്‍ഭിണിയായിരുന്നു. അര്‍ജുനും അന്‍ഷുലയും അന്ന് ചെറിയ കുട്ടികളായിരുന്നു. അവര്‍ പലപ്പോഴും സ്‌കൂളില്‍നിന്ന് പരിഹാസങ്ങള്‍ നേരിടേണ്ടിവന്നു'', ഒരിക്കല്‍ മോന പറഞ്ഞതിങ്ങനെ. ഭര്‍ത്താവുമായുള്ള ബന്ധം ഉലഞ്ഞശേഷവും മോന, ബോണിയുടെ മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് താമസിച്ചത്. 2012-ല്‍ കാന്‍സര്‍ ബാധിച്ചാണ് മോന മരിക്കുന്നത്. അര്‍ജുനും അന്‍ഷുലയും പിന്നീട് ബോണിയുമായും മക്കളായ ജാന്‍വി, ഖുഷി എന്നിവരുമായും അടുക്കുന്നത് ശ്രീദേവിയുടെ മരണശേഷമാണ്.