
സ്വീകരണമുറിയിലെ ചതുരപ്പെട്ടിയില്‍ ദൂരദര്‍ശന്‍ മാത്രം തെളിഞ്ഞിരുന്ന കാലം മുതല്‍ക്ക് മലയാളിക്ക് പരിചയമുള്ള പേരാണ് താരാ കല്യാണ്‍. പിന്നീട് ചാനലുകള്‍ പലതായി. ടി.വി.യില്‍ താര നിറഞ്ഞു. സിനിമയുടെ വെള്ളിവെട്ടത്തിലും ആ മുഖം മലയാളി കണ്ടു. ഭര്‍ത്താവ് രാജാറാമിനൊപ്പം താരയുടെ ജീവിതച്ചുവടുകള്‍ താളലയത്തില്‍ മുന്നോട്ടുപോയി. സംഗീതത്തിന്റെ അരങ്ങുകള്‍ കീഴടക്കി അമ്മ സുബ്ബലക്ഷ്മിയും വൈകാതെ സ്‌ക്രീനിലെത്തി. 'നന്ദന'ത്തിലെ വേശാമണിയമ്മാളായി വന്ന് അമ്മ സിനിമാലോകത്തെ പരിചിത താരമായി. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയും താരയുടെ മകളുമായ സൗഭാഗ്യ സോഷ്യല്‍ മീഡിയ അടക്കിവാഴുന്ന താരമാണിന്ന്.
രാജാറാമിന്റെ പെട്ടെന്നുള്ള മരണം. ശബ്ദം പതറിച്ച ശസ്ത്രക്രിയ...വേദനയുടെ കയറ്റിറക്കങ്ങള്‍ കണ്ട ജീവിതത്തെ താര ചിരിയോടെ നേരിടുകയാണ്. ഗൃഹലക്ഷ്മിയുടെ കവര്‍ഷൂട്ടിനായി സൗഭാഗ്യയുടെ പൂജപ്പുരയിലെ വീട്ടില്‍ കലാകുടുംബം ഒത്തുചേര്‍ന്നു. അത് മൂന്ന് അമ്മത്തലമുറകളുടെ കൂടിച്ചേരലായി. ഹാപ്പിയെന്ന പട്ടിക്കുട്ടിക്കൊപ്പം ചിരിച്ചും കളിച്ചും ഒപ്പം കുഞ്ഞുസുദര്‍ശനയും.
Also Read
കലാമുത്തശ്ശി
വര്‍ത്തമാനത്തിന് തിരികൊളുത്തിയത് സുബ്ബലക്ഷ്മിയാണ്. ''പെണ്‍കുട്ടികള്‍ വീട്ടുജോലികള്‍ മാത്രം പഠിച്ചാല്‍മതിയെന്ന് പറയുന്ന കാലത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പുറത്തുപോകാനോ ജോലിചെയ്യാനോ ഒന്നിനും പെണ്‍കുട്ടികള്‍ക്ക് അധികാരമില്ല. ഭര്‍ത്താവാണ് എന്റെ കലാജീവിതത്തിനു താങ്ങായത്. നീ നിന്റെ ഇഷ്ടങ്ങളെ പിന്തുടരണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇന്നും ഞാന്‍ അതാണ് ചെയ്യുന്നത്. കലയ്ക്ക് പ്രായമില്ല. ഏതുപ്രായത്തിലും പഠിക്കാം. ആത്മാര്‍ഥമായ ആഗ്രഹവും ജന്മസിദ്ധമായ പ്രതിഭയും ഉണ്ടെങ്കില്‍ ജീവിതം അവസരങ്ങള്‍ തരും. പക്ഷേ, അധ്വാനിക്കണം. പ്രയത്‌നത്തിലൂടെ എനിക്ക് കലാരംഗത്ത് പേരുണ്ടാക്കാനായി.''

സകലകല
സുബ്ബലക്ഷ്മി: 1951-ല്‍ ആകാശവാണിയുടെ ഓഡിഷന്‍ പാസായയാളാണ് ഞാന്‍. പിന്നീട് ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. വിരമിച്ചശേഷം എന്നെ പരസ്യത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. പിന്നീട് സീരിയലുകള്‍ ചെയ്തു. അതും ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ തേടിയെത്തി. 'നന്ദന'ത്തിലേക്ക് ക്ഷണിക്കാന്‍ രഞ്ജിത്ത് വീട്ടില്‍ വന്നപ്പോള്‍ താരയെ വിളിക്കാനാകുമെന്നാണ് കരുതിയത്. എന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതമായി. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകള്‍ കിട്ടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു.
താരാ കല്യാണ്‍: ദൂരദര്‍ശന്റെ തുടക്കകാലത്ത് ഞാന്‍ സ്ഥിരം പരിപാടികള്‍ ചെയ്യുമായിരുന്നു. അമ്മയുടെ വിദ്യാര്‍ഥികളും ദൂരദര്‍ശനില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. പിന്നെ മറ്റു ചാനലുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു. മിനി സ്‌ക്രീന്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ തന്നു. സിനിമകളുടെയും ഭാഗമായി.
സൗഭാഗ്യ: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ അമ്മൂമ്മയുടെയും അമ്മയുടെയും കൂടെയാണ് എന്റെ മൈക്രോ സ്‌ക്രീന്‍ ജീവിതം. എനിക്ക് ടെലിവിഷന്‍ പരിപാടികളും സിനിമയും ആസ്വദിക്കാനിഷ്ടമാണ്. പക്ഷേ, അതിന്റെയൊന്നും ഭാഗമാകണമെന്ന ആഗ്രഹമില്ല. ഞാന്‍ എന്റെ ഡിജിറ്റല്‍ ജീവിതത്തില്‍ പൂര്‍ണതൃപ്തയാണ്.
കുഞ്ഞുപൂമ്പാറ്റ
താരാ കല്യാണ്‍: ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ കടന്നുവന്നു. മകളായിരുന്നു എന്റെ പിടിവള്ളി. എന്റെ കരുത്താണവള്‍. തളരാതെ പിടിച്ചുനിര്‍ത്തിയതും അതിജീവനത്തിന് ചിറകുതന്നതും അവളോടുള്ള സ്‌നേഹമാണ്.
(അമ്മൂമ്മയുടെ മടിയിലേക്ക് സുദര്‍ശന ഓടിയെത്തി, ഹാപ്പിയെ ഓടിത്തോല്‍പ്പിച്ച സന്തോഷച്ചിരിയോടെ)
ഇപ്പോള്‍ അവളെക്കാള്‍ സ്‌നേഹം സുദര്‍ശനയോടാണ്. സ്‌നേഹം മുഴുവന്‍ ഇങ്ങോട്ടൊഴുകിയപോലെ.
എന്റെ പൂമ്പാറ്റേ...
കൊച്ചുപൂമ്പാറ്റേ...
(താര പാടി. സുദര്‍ശന പൊട്ടിച്ചിരിച്ചു)
ഇവളുടെ പേഴ്‌സണല്‍ എന്റര്‍ടെയ്നറാണ് ഞാനിപ്പോള്‍. ഇവളെ കളിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണിപ്പോള്‍ എന്റെ വലിയ സന്തോഷം.
സുബ്ബലക്ഷ്മി: സുദര്‍ശന ഇപ്പോഴേ പാട്ടിലും ഡാന്‍സിലും താത്പര്യം കാണിക്കുന്നുണ്ട്. താരയുടെയൊപ്പം ചുവടുകള്‍വെയ്ക്കും. താളബോധമുള്ള കുട്ടിയാണ്. സമപ്രായക്കാരുടെ വാശിയോ കരച്ചിലോ ഒന്നുമില്ല. ജനിച്ച് ഒരുമാസംകൊണ്ടുതന്നെ അവള്‍ ക്യാമറയും ലൈറ്റുമായി കൂട്ടുകൂടിക്കഴിഞ്ഞു.
താരാ കല്യാണ്‍: നൂറില്‍ നൂറുമാര്‍ക്കാണ് സൗഭാഗ്യ എന്ന അമ്മയ്ക്ക്. കുഞ്ഞിനുവേണ്ടി ഇത്രയും സമയവും സമര്‍പ്പണവും... അമ്മയ്‌ക്കോ എനിക്കോ അത് സാധിച്ചിട്ടില്ല.
ഓര്‍മത്തിളക്കം
സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ മലയാളി പഠിക്കുംമുന്‍പേ സൗഭാഗ്യ സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി മാറിയിരുന്നു. അച്ഛനോടൊപ്പമുള്ള സൗഭാഗ്യയുടെ ഡബ്സ്മാഷുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. അമ്മയും അച്ഛനും അമ്മൂമ്മയും സൗഭാഗ്യയുടെ പാര്‍ട്ട്ണേഴ്സായി. വിടപറഞ്ഞ അച്ഛനെക്കുറിച്ച് സൗഭാഗ്യ കുറെ സംസാരിച്ചു.
സൗഭാഗ്യ: എത്രയോകാലം അച്ഛനെ തമ്പിയെന്നാണ് ഞാന്‍ വിളിച്ചുകൊണ്ടിരുന്നത്. ഒരു സിനിമയിലെയും അച്ഛന്‍-മകള്‍ സീനുകള്‍ കണ്ട് ഞാനെന്റെ അച്ഛനെ ഓര്‍ത്തിട്ടില്ല. സഹോദരങ്ങളുടെ സ്‌നേഹം കാണുമ്പോഴാണ് ഞാന്‍ അച്ഛനെ ഓര്‍ക്കുക. എന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. അച്ഛനോട് എന്തും തുറന്നുസംസാരിക്കാം. കാലത്തിനുമുന്‍പേ ചിന്തിച്ചയാളാണ്. അന്നത്തെക്കാലത്ത് ഇത്രയും മോഡേണായി ചിന്തിച്ച മറ്റൊരാളുണ്ടാകില്ല.
മകള്‍ അച്ഛനെക്കുറിച്ച് പറയുന്നത് താര ശ്രദ്ധയോടെ കേട്ടിരുന്നു. മുഖത്ത് ഓര്‍മകളുടെ മിന്നലാട്ടം. വര്‍ഷങ്ങള്‍ പിന്നോട്ടുനടന്ന് താര ഒരുവരി കൂട്ടിച്ചേര്‍ത്തു: ''അദ്ദേഹം ദീര്‍ഘദര്‍ശിയായിരുന്നു. ദ ബെസ്റ്റ് ഫാദര്‍. ഇത്രയും നല്ല അച്ഛനെ കിട്ടിയത് ഇവളുടെ ഭാഗ്യമാണ്.''
മോഹങ്ങള്‍
സുബ്ബലക്ഷ്മി: എന്റെ അച്ഛന്റേത് സംഗീതകുടുംബമാണ്. ആ പാരമ്പര്യം എനിക്കും കിട്ടി. അനന്തരതലമുറ അത് നിലനിര്‍ത്തണം. മൂത്തമകള്‍ അസാധ്യമായി പാടും. പക്ഷേ, അവളുടെ പ്രൊഫഷന്‍ കലയല്ല. അവള്‍ ഡോക്ടറാണ്. ഭര്‍ത്താവ് ലക്ചറര്‍. മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാര്‍. മകനും മരുമകളും ദുബായിലാണ്. ഫിനാന്‍സില്‍ ഡോക്ടറേറ്റുണ്ട് മകന്. അവന്റെ മകന്‍ കൊച്ചിയില്‍ പഠിക്കുന്നു. എല്ലാവര്‍ക്കും കലയില്‍ താത്പര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സന്തുഷ്ടകുടുംബം. മൂകാംബികാദേവിയുടെ അനുഗ്രഹം എക്കാലത്തും കുടുംബത്തിനുണ്ടാകട്ടെ. കലയുടെപേരില്‍ കുടുംബം അറിയപ്പെടണം. അതുമാത്രമാണ് മോഹം.
താരാ കല്യാണ്‍: അമ്മയാണ് കൂട്ടത്തില്‍ ഏറ്റവും പാഷനേറ്റ്. ഇന്നും എല്ലാക്കാര്യത്തിലും അമ്മയ്ക്ക് വല്യ ഉത്സാഹമാണ്. അത്രയും ഡെഡിക്കേഷന്‍ കാണിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. ഒന്‍പത് സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ദൃശ്യാവിഷ്‌കരണം നടത്തണം. അതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം.
സൗഭാഗ്യ: അങ്ങനെ എടുത്തുപറയത്തക്ക ആഗ്രഹങ്ങളൊന്നുമില്ല. സന്തോഷമായി ഇങ്ങനെയങ്ങ് പോകണം. അത്രയേ ഉള്ളൂ.
സുദര്‍ശന അമ്മൂമ്മയുടെ സാരിത്തുമ്പില്‍ പിടിമുറുക്കി. കളിക്കാനുള്ള ക്ഷണമാണ്. അവള്‍ ചിണുങ്ങിത്തുടങ്ങിയപ്പോള്‍ മൂവരും സംസാരം നിര്‍ത്തി. താര വീണ്ടും പാടി:
എന്റെ പൂമ്പാറ്റേ...
കൊച്ചുപൂമ്പാറ്റേ...
അതുകേട്ട് കൈകൊട്ടിച്ചിരിച്ചു, താരയുടെ ആകാശത്തിലെ കുഞ്ഞുനക്ഷത്രം.
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: subbalakshmi, thara kalyan, sowbhagya kalyan interview
Published: 01 Dec 2023, 11:10 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented