'ആടുജീവിതം' സിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പൃഥ്വിരാജിനെയാണ്. നജീബിലേക്കുള്ള പൃഥ്വിരാജിന്റെ പരകായപ്രവേശത്തെയാണ്. സിനിമയ്ക്കുവേണ്ടി പൃഥ്വിരാജ് ശരീരം പാകപ്പെടുത്തുന്ന വാര്‍ത്തകളായിരുന്നു തുടക്കം മുതല്‍ കേട്ടിരുന്നത്. 'ആടുജീവിത'ത്തിന്റെ പോസ്റ്ററുകളിറങ്ങിയപ്പോള് ആളുകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ആ കഥാപാത്രത്തിനായി പൃഥ്വിരാജ് തന്റെ ശരീരത്തെ മാറ്റിയ രീതി ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു. സിനിമയിലെ നജീബിന്റെ ജീവിതം പൂര്ണമാകാന് ആ രൂപമാറ്റം അത്യാവശ്യമായിരുന്നു. നജീബിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. അതിനനുസരിച്ചാണ് ശരീരഭാരം കുറയുന്നതും.
തുടക്കത്തില്‍ തന്റെ ശരീരഭാരം കൂട്ടുകയാണ് പൃഥ്വിരാജ് ചെയ്തത്. കുറയ്ക്കുമ്പോള്‍ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിനാണ് അങ്ങനെ ചെയ്തത്. നജീബിന്റെ ജീവിതത്തിന്റെ തുടക്കകാലം കാണിക്കുമ്പോള്‍ 98 കിലോ ആയിരുന്നു പൃഥ്വിയുടെ ഭാരം. അവിടുന്ന് ആടുജീവിതത്തിലേക്ക് കടക്കുമ്പോള്‍, 67 കിലോയിലെത്തി. 31 കിലോ ഭാരമാണ് കുറച്ചത്. തടി കുറയ്ക്കുന്നതിനായി കുറച്ചുമാസങ്ങള്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. അതിനിടയ്ക്കാണ് കോവിഡ് ലോകത്തെ പിടിമുറുക്കുന്നത്. അതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നു, തടികുറയ്ക്കുന്നതും നിര്‍ത്തി. സാധാരണപോലെ ഭക്ഷണം കഴിച്ചു, ഭാരംകൂടാന് തുടങ്ങി. പിന്നീട് ഷൂട്ടിങ് പുനരാരംഭിക്കുമ്പോഴേക്കും വീണ്ടും തടി കുറയ്ക്കുകയായിരുന്നു.
ഭാരം കുറയ്ക്കാനായി അനാരോഗ്യകരമായ ഒരു ഡയറ്റാണ് താന്‍ പിന്തുടര്ന്നിരുന്നതെന്ന് പിന്നീട് പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്. ഒരുസീന്‍ ഷൂട്ട് ചെയ്യുമ്പോള്‍, ബോധം മറഞ്ഞുപോവുകപോലും ചെയ്തു.

കഥാപാത്രങ്ങള്‍ക്കായി രൂപമാറ്റം വരുത്തുന്ന താരങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍, പൃഥ്വിരാജിനെപ്പോലെ മേക്കോവര്‍ നടത്തിയ താരങ്ങള്‍ കുറവാണ്. ഈയടുത്ത് ബോളിവുഡ് നടനും മോഡലുമായ റണ്‍ദീപ് ഹൂഡ ഇതുപോലെ രൂപമാറ്റം വരുത്തിയിരുന്നു. സ്വാതന്ത്ര്യ വീര്‍ സവാര്‍ക്കര്‍ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നുവത്. ഹൂഡ 30 കിലോയാണ് കഥാപാത്രത്തിനായി കുറച്ചത്, അതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍. ഒരഭിമുഖത്തില്‍ ഹൂഡ അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''പലപ്പോഴും നടക്കാനും ഉറങ്ങാനും വരെ ബുദ്ധിമുട്ടുള്ള ദിവസങ്ങളായിരുന്നു അതൊക്കെ''. സിനിമയുടെ ഷൂട്ടിങ് നീണ്ടതോടെ, അതേ രൂപത്തില്‍ തുടരേണ്ടിവന്നു. ''ദഹനകാര്യത്തില് പ്രശ്നങ്ങളുണ്ടായി. ജോയിന്റുകളില്‍ പലപ്പോഴും കഠിനമായ വേദനയനുഭവപ്പെട്ടു''.
'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയ്ക്കായി അഭിനേത്രി ഫറ ഷിബ്ല തന്റെ രൂപത്തില്‍ കാര്യമായ മാറ്റംവരുത്തിയിരുന്നു. 20 കിലോയാണ് ആ സമയത്ത് കൂട്ടിയത്. സിനിമ കഴിഞ്ഞപ്പോള്‍ പഴയരൂപത്തിലേക്കെത്തുകയും ചെയ്തു. ''ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു ഡയറ്റിലൂടെയാണ് ഞാന്‍ ഭാരം കൂട്ടിയത്. അതിന്റെ പ്രശ്നങ്ങള്‍ പിന്നീട് പലപ്പോഴുമുണ്ടായിരുന്നു. ശരീരത്തില്‍ കൊഴുപ്പിന്റെ കോശങ്ങള്‍ അടിഞ്ഞുകൂടി''.
ദം ലഗാകെ ഹൈഷ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അഭിനേത്രി ഭൂമി പട്നേക്കര്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിലെ കഥാപാത്രത്തിനായി 30 കിലോയാണ് ഭൂമി കൂട്ടിയത്, ആറുമാസം കൊണ്ടായിരുന്നു അത്രയും ഭാരം വര്‍ധിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍, 35 കിലോ അവര്‍ കുറയ്ക്കുകയും ചെയ്തു.

സിനിമയ്ക്കായി രൂപമാറ്റങ്ങള്‍ വരുത്തുന്നതില്‍ ഏറ്റവും പ്രധാനിയാണ് നടന് പ്രഭാസ്. ''ബാഹുബലി'യില്‍ അച്ഛന്റെ കഥാപാത്രത്തിനായി നല്ല തടി വേണമായിരുന്നു. പക്ഷേ, മകന്റെ കഥാപാത്രമാണെങ്കില്‍ മെലിഞ്ഞിരിക്കുകയും വേണം. ഫിസിക്കല്‍ ട്രെയിനര്‍മാരുടെ സഹായത്തോടെ ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. ആവശ്യമുള്ളപ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിച്ചും അല്ലാത്തപ്പോള്‍ നന്നായി ഡയറ്റ് ചെയ്തുമാണ് ശരീരം നിയന്ത്രണത്തിലാക്കിയത്. ഒപ്പം ഫിറ്റ്നസ് ട്രെയിനിങ്ങും. മിക്കവാറും ദിവസങ്ങളില്‍ രാത്രി പന്ത്രണ്ട് മണിക്കാവും ഷൂട്ടിങ് തീരുന്നത്. അതുകഴിഞ്ഞാലും വ്യായാമം ചെയ്യും. 85 കിലോ മുതല്‍ 105 വരെയായിരുന്നു 'ബാഹുബലി'യുടെ സമയത്തെ ഭാരം. അതുകഴിഞ്ഞ് 'സാഹോ'യ്ക്കുവേണ്ടി 10 കിലോ കുറച്ചു''.
ബാഹുബലിയില്‍ ബല്ലാള്ദേവനായി അഭിനയിച്ച റാണ ദഗ്ഗുപതിയും, പ്രഭാസിന്റെ അതേ പാതയിലാണ്. 'ബാഹുബലി' കഴിഞ്ഞ് 'കാടന്‍' എന്ന സിനിമയിലേക്കെത്തിയപ്പോഴേക്കും, 30 കിലോ ഭാരമാണ് റാണ കുറച്ചത്. 50 വയസ്സുള്ള കഥാപാത്രമായിരുന്നു 'കാടനി'ലേത്. അതിനായാണ് രൂപമാറ്റം വരുത്തിയത്.

'ദങ്കലി'ല്‍ രണ്ട് കാലത്തെ കഥാപാത്രങ്ങളാണ് അമീര്‍ ഖാന് അവതരിപ്പിച്ചത്. ചെറുപ്പകാലത്തെ കഥാപാത്രം തടിയൊന്നുമില്ലാതെ കായികക്ഷമതയുള്ള കഥാപാത്രമാണെങ്കില്‍, പ്രായമാകുന്നതിനനുസരിച്ച് തടിയും ചെറിയ കുടവയറുമുള്ള കഥാപാത്രമായി മാറണം. അതിനായി 68 കിലോയില്‍നിന്ന് 27 കിലോ ഭാരമാണ് അമീര്‍ ഖാന് കൂട്ടിയത്. അത് അഞ്ചുമാസം കൊണ്ടായിരുന്നു.
Content Highlights: stars who went through weight loss and weight gain for movies
Published: 27 Mar 2024, 03:26 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented