തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും ദീര്‍ഘകാല സുഹൃത്തുമായ ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി തന്നെയാണ് വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടത്. ചുവന്ന സാരിക്കൊപ്പം ട്രഡിഷണല്‍ ആഭരണങ്ങളാണ് കീര്‍ത്തി അണിഞ്ഞിരിക്കുന്നത്. 

പുരോഹിതന്‍ ചടങ്ങുകള്‍ നടത്തുന്നതിന്റെയും ദമ്പതികള്‍ പരസ്പരം മാല ചാര്‍ത്തുന്നതും ചിത്രങ്ങളില്‍ കാണാം. വളര്‍ത്തുനായക്കൊപ്പവും ദമ്പതിമാര്‍ ചിത്രത്തിന് പോസ് ചെയ്തിട്ടുണ്ട്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാമേഖലയില്‍നിന്നുള്ള ഏറ്റവും അടുപ്പമുള്ളവരുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വിജയ് വിവാഹത്തിനെത്തിയ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 15 വര്‍ഷമായി കീര്‍ത്തിയുടെ സുഹൃത്താണ് ആന്റണി. കൊച്ചിയില്‍നിന്നുള്ള ആന്റണി ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. നടി മേനകയുടെയും ജി. സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.

'ഗീതാഞ്ജലി' എന്ന സിനിമയിലൂടെയാണ് കീര്‍ത്തി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്, തെലുഗു, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'മഹാനടി' എന്ന തെലുഗുചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും കീര്‍ത്തിയെ തേടിയെത്തി. ബേബി ജോണാണ് കീര്‍ത്തിയുടേതായി റിലീസാവാനിരിക്കുന്ന സിനിമ. കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് ചിത്രമായ 'തെരി'യുടെ ഹിന്ദി റീമേക്കാണ് 'ബേബി ജോണ്‍'.