കണ്ടാല്‍ മുത്തശ്ശിക്കഥകളിലെങ്ങോ കണ്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണ് ആത്മീയ രാജന്‍. കണ്ണൂരിന്റെ നാട്ടിടവഴികളില്‍ നിന്ന് മലയാളസിനിമയുടെ നായികാനിരയിലേക്ക് ചുവടുവച്ച ആത്മീയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് ഇതിനകം ജീവന്‍ നല്‍കി കഴിഞ്ഞു. 'ജോസഫി'ലെ സ്റ്റെല്ല പീറ്റര്‍, 'കോള്‍ഡ് കേസി'ലെ ഇവ മരിയ, 'മാര്‍ക്കോണി മത്തായി'യിലെ അന്ന, 'അദൃശ്യ'ത്തിലെ ശാലിനി, 'ഷെഫീഖിന്റെ സന്തോഷ'ത്തിലെ മെര്‍ലിന്‍ തുടങ്ങി ആത്മീയ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപിടി കഥാപാത്രങ്ങള്‍ മനസ്സില്‍ മിന്നിമറയും. തന്റെ കരിയറിന്റെ നല്ല കാലം ഇനി വരാനിരിക്കുന്നതേ ഉള്ളൂ എന്ന ഉറച്ച വിശ്വാസത്തില്‍ പുത്തന്‍ കഥാപാത്രങ്ങളില്‍ നിറയാനൊരുങ്ങുകയാണ് ആത്മീയ. 

To advertise here,

ദൂരെ നിന്ന അത്ഭുതം...
കണ്ണൂര്‍ ജില്ലയില്‍ ഒരുസാധാരണ ഗ്രാമത്തില്‍ സിനിമാ പാരമ്പര്യങ്ങളേതുമില്ലാത്ത കുടുംബത്തില്‍ ജനിച്ചൊരാളാണ് ഞാന്‍. സിനിമയിലെത്തണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടേക്കെത്താന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കാരണം സിനിമാപശ്ചാത്തലങ്ങളൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. 'മനംകൊത്തി പറവൈ' എന്ന തമിഴ് സിനിമയിലൂടെ അപ്രതീക്ഷിതമായി അരങ്ങേറാന്‍ സാധിച്ചു. അത് വലിയ വിജയമായി. അപ്പോഴും അമ്മയൊക്കെ സിനിമ കരിയറാക്കുന്നതിന് എതിരായിരുന്നു. അച്ഛനായിരുന്നു എന്നെ പിന്തുണച്ചത്. ആ സിനിമ കഴിഞ്ഞതോടെ ഇനി മതി എന്ന് അമ്മ പറഞ്ഞു. അതിനാല്‍ പഠിത്തത്തിന്റെ വഴിയെ പിന്നെ വീണ്ടും മുന്നോട്ട് പോയി. അപ്പോഴും എന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു. 
പിന്നീട് സിനിമ എന്നെ വീണ്ടും വിളിച്ചു. ജോസഫ് ഹിറ്റായ ശേഷം നാട്ടില്‍ നിന്ന് തന്നെ അനുമോദനങ്ങളും അഭിനന്ദനങ്ങളും കിട്ടിത്തുടങ്ങിയതോടെ അമ്മ ഇതൊരു നല്ല കരിയറാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാവരും കൂടെയുണ്ട്.

അച്ഛന്റെ സിനിമാ സ്വപ്‌നം..
അച്ഛനാണ് എന്നില്‍ അഭിനയമോഹം ജനിപ്പിച്ചതെന്ന് പറയാം. അദ്ദേഹത്തിന് സിനിമ, നാടകം എല്ലാം വളരെ പ്രിയപ്പെട്ടതായിരുന്നു. നാടകം രചനയിലൊക്കെ അച്ഛന്‍ കെ.വി.രാജന്‍ സജീവമായിരുന്നു. അച്ഛന് സാധിക്കാതെ പോയ സിനിമാ സ്വപ്നം എനിക്കെങ്കിലും സാധിക്കണം എന്നൊരു മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. ബാലതാരമായി സിനിമയില്‍ അവസരം തേടാന്‍ അച്ഛന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്നൊക്കെ പലതവണ ദൈവത്തോടും രാത്രി ആകാശം നോക്കി നക്ഷത്രങ്ങളോടുമൊക്കെ എന്നെ സിനിമാനടിയാക്കണമെന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. നിര്‍മാതാവ് സെവന്‍ ആര്‍ട്സ് മോഹന്‍ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം വഴിയാണ് ഐ.വി.ശശി സാര്‍ സംവിധാനം ചെയ്ത 'വെള്ളത്തൂവല്‍' എന്ന സിനിമയില്‍ എനിക്കൊരു വേഷം കിട്ടുന്നത്. അതിനുശേഷം 'മനംകൊത്തി പറവൈ' എന്ന തമിഴ് സിനിമ ചെയ്തു. ആ സിനിമ വലിയ ഹിറ്റായി മാറി. തമിഴില്‍ നിന്ന് എന്നെത്തേടി ഒരുപാട് ഓഫറുകള്‍ വന്നു.  പിന്നീട് രഞ്ജന്‍ പ്രമോദ് സാര്‍ ഒരുക്കിയ റോസ് ഗിറ്റാറിനാല്‍ എന്ന സിനിമ കിട്ടി. 

വേര്‍തിരിവില്ല, എല്ലാം ഇഷ്ടം
ചില സിനിമകളിലെ കഥാപാത്രം സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും അതിന്റെ കഥാവഴിയിലെ പ്രാധാന്യം കൊണ്ട് ശ്രദ്ധനേടാറുണ്ട്. ജോസഫിലെ കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റി. അതുപോലെ മനോജ് കാന സംവിധാനം ചെയ്ത അമീബ എന്ന സിനിമയില്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രം ചെയ്തിരുന്നു. എന്‍ഡോസല്‍ഫാന്റെ ഇരയായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നമ്മള്‍ വാര്‍ത്തകളിലും നോവലിലുമൊക്കെ കണ്ട മനുഷ്യജീവിതങ്ങളെ നേരിട്ട് അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ആ സിനിമ ചെയ്തപ്പോള്‍ ആഴത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.  എല്ലാത്തരം സിനിമകളും ചെയ്യാനിഷ്ടപ്പെടുന്നയാളാണ് ഞാന്‍. സമാന്തര സിനിമ, കൊമേഴ്‌സ്യല്‍ സിനിമ എന്ന വേര്‍തിരിവില്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റെയും കഥയുടെയും മെറിറ്റ് മാത്രമേ ഞാന്‍ നോക്കാറുള്ളൂ. എല്ലാവരും അങ്ങനെ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മാറട്ടെ പഴഞ്ചന്‍ ചിന്തകള്‍... 
വിവാഹശേഷവും സ്ത്രീകള്‍ അഭിനയിക്കുന്നത്  സിനിമയില്‍ സംഭവിച്ച നല്ലൊരു മാറ്റമായാണ് കാണുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും അവ പരിഗണിക്കപ്പെടാനും പറ്റുന്ന ഒരവസ്ഥ ഇന്ന് സിനിമയിലുണ്ട്. അതിന്റെ മാറ്റം സിനിമയിലെ എല്ലാമേഖലയിലും കാണാന്‍ പറ്റും. ഇന്ന് വിവാഹശേഷം ജോലി ചെയ്യേണ്ട എന്ന് ഏതെങ്കിലും പെണ്‍കുട്ടിയോട് പറഞ്ഞാല്‍ അവളത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. വിവാഹം വേണ്ട എന്ന് തീരുമാനിച്ചാലും ജോലി ചെയ്യുന്നില്ല എന്ന് ആരും പറയില്ല. 
ഞാനും സനൂപും തമ്മില്‍ പ്രണയം തുടങ്ങുന്ന കാലത്ത് തന്നെ ഞാന്‍ സിനിമാ നടിയാണ്. ഇതുവരെ ഒരിക്കല്‍പോലും സിനിമ വിടണം എന്ന് പറഞ്ഞിട്ടില്ല. പുതിയ കാലത്ത് നടിമാരൊന്നും അങ്ങനെ വിവാഹശേഷം അഭിനയം നിര്‍ത്തുന്നവരല്ല. കാലം മാറിക്കഴിഞ്ഞു. പണ്ട് ചിലരൊക്കെ അങ്ങനെ ചെയ്തത് സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. അത് സിനിമയില്‍ മാത്രമല്ല, ഏതൊരു മേഖലയിലും നല്ല രീതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.

placeholder
.
ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമയിലേക്കുള്ള കാത്തിരിപ്പ് തന്നെയാണ് ഈ കരിയറിന്റെ വെല്ലുവിളിയും സൗന്ദര്യവും. ആ അസ്ഥിരത എപ്പോഴും ഉണ്ടാകും.  പഠിച്ച് റാങ്ക് നേടി ആ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് നേടാന്‍ പറ്റുന്ന ജോലിയല്ല. മറിച്ച്  കഴിവുകൊണ്ട് മാത്രം അവസരം ലഭിക്കാനും മുന്നോട്ടുപോകാനും സാധിക്കുന്ന മേഖലയാണ്. നല്ല സിനിമകളിലേക്ക് എത്തിപ്പെട്ടാല്‍ ഏറെ ദൂരം മുന്നോട്ടുപോകാനാകും. അത്തരമൊരു സിനിമ വരും എന്ന പ്രതീക്ഷയിലാണ് ഓരോ അഭിനേതാവും. പിന്നെ പണ്ടത്തെ പോലെ ഫീല്‍ഡ് ഔട്ട് എന്നൊരു പ്രതിസന്ധിയൊന്നും ഇന്നില്ല. കാത്തിരുന്നാല്‍ നല്ല സിനിമകള്‍ തേടി വരും. ആ കാത്തിരിപ്പിനൊരു രസമുണ്ട്. മലയാള സിനിമാഹബ്ബ് കൊച്ചിയാണ്. നമ്മളെ കഥ കേള്‍ക്കാന്‍ വിളിക്കുമ്പോള്‍ ലൈവായി ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനം നമ്മള്‍ ഇവിടെ തന്നെ ഉണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി ലോകത്തെ അറിയിക്കുക എന്നതാണ്. ആ കാര്യത്തില്‍ ഞാനല്‍പം പിറകോട്ടാണ്. നല്ല കഥാപാത്രങ്ങളിലൂടെ എന്നെ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ മതി എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അല്ലാതെ സോഷ്യല്‍മീഡിയ വഴിയുള്ള സ്വീകരണമല്ല പ്രധാനം. നല്ല കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

സിനിമയെന്ന അനുഭവം
ഇതുവരെയുള്ള യാത്രയില്‍ കുറേ ഉയര്‍ച്ചയും താഴ്ചയും ഉïായിട്ടുï്.  വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതുവരെയുള്ള കരിയര്‍ ഗ്രാഫ് എനിക്കിഷ്ടമാണ്. മനം കൊത്തി പറവൈ, ജോസഫ്, കോള്‍ഡ് കേസ്, മാര്‍ക്കോണി മത്തായി, ജോണ്‍ ലൂഥര്‍, ഷെഫീക്കിന്റെ സന്തോഷം, അദൃശ്യം, റോസ് ഗിറ്റാറിനാല്‍ തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കൂട്ടിവച്ചതാണ് എന്റെ ഇതുവരെയുള്ള സിനിമ കരിയര്‍. ജോസഫ് എന്ന സിനിമ ഹിറ്റായപ്പോഴാണ് വലിയ രീതിയിലുള്ള സന്തോഷം ആദ്യം സിനിമയില്‍ നിന്ന് അനുഭവിച്ചത്. കാരണം ഒരുപാട് പേര്‍ നമ്മളെ തിരിച്ചറിയുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. അതുപോലെ നാമം എന്ന സിനിമ ചെയ്തിരുന്നു. അതിന് ഫിലിം ക്രിട്ടിക്‌സ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. അതും നല്ലൊരു നിമിഷമായിരുന്നു. ഓരോ സിനിമയും എന്നെ സംബന്ധിച്ച് ഓരോ അനുഭവങ്ങളാണ്.