2010-ലാണ് സംവിധായിക ഫറാ ഖാന്‍ ‘തീസ് മാര്‍ ഖാന്‍’ എന്ന സിനിമയുമായി ബോക്‌സോഫീസിലെത്തുന്നത്. അക്ഷയ് കുമാറും കത്രീന കെയ്ഫുമായിരുന്നു പ്രധാനവേഷത്തില്‍. ‘മേം ഹൂംനാ’, ‘ഓം ശാന്തി ഓം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫറ ഒരുക്കിയ സിനിമയായതിനാല്‍ പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നു. പക്ഷേ, ചിത്രം വന്‍ പരാജയമായി. ഇന്നും ഗാനങ്ങളുടെ പേരിലാണ് ഈ സിനിമ ഓര്‍മിക്കപ്പെടുന്നത്.

To advertise here,

വിശാല്‍-ശേഖര്‍ ദ്വയം ഒരുക്കിയ പത്ത് ഗാനങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. വരികളെഴുതിയത് വിശാല്‍ ദഡ്ലാനി, അന്‍വിത ദത്ത്, ഷിരിഷ് കുന്ദേര്‍ എന്നിവരായിരുന്നു. സംവിധായിക ഫറയുടെ ഭര്‍ത്താവാണ് ഷിരിഷ് കുന്ദേര്‍. സിനിമ എഡിറ്ററായിരുന്ന ഷിരിഷ് ആദ്യമായി സംഗീതസംവിധാനം നടത്തിയ ചിത്രമാണ് ‘തീസ് മാര്‍ ഖാന്‍.’ സിനിമയുടെ ടൈറ്റില്‍ സോങ്ങാണ് ഷിരിഷ് ചിട്ടപ്പെടുത്തിയത്.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ സിനിമയുടെ ടൈറ്റില്‍ സോങ്ങിന്. വിഖ്യാത ഗായകന്‍ സോനു നിഗമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതും വ്യത്യസ്ത ശബ്ദങ്ങളില്‍. പല അവാര്‍ഡ് വേദികളിലും റിയാലിറ്റി ഷോയുടെ അരങ്ങുകളിലും സോനു നിഗം മറ്റ് ഗായകരെ അനുകരിക്കുന്നത് ആസ്വാദകര്‍ കണ്ടിട്ടുണ്ട്. അതിനെല്ലാം ഒരു പടി കടന്ന് 54 ശബ്ദങ്ങളിലാണ് സോനു ഈ ഗാനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കോറസും ആലാപനവും എല്ലാം സോനു തന്നെ. ഗാനത്തിന്റെ പല വേര്‍ഷനുകള്‍ അദ്ദേഹം പലപ്പോഴായി പാടി. അവ മിക്‌സ് ചെയ്ത് ഒരെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദി, ജാപ്പനീസ്,  അറബിക്, ഫ്രഞ്ച്, ചൈനീസ് ഭാഷകള്‍ കലര്‍ത്തിയും സ്ത്രീ ശബ്ദങ്ങള്‍ ഉപയോഗിച്ചുമാണ് സോനു ഗാനത്തില്‍ വ്യത്യസ്തത കൊണ്ടുവന്നത്. അതോടൊപ്പം നായകനായ അക്ഷയ് കുമാറിന്റെ ശബ്ദവുമായി ചേര്‍ന്നുനില്‍ക്കാനും സോനുവിന് കഴിഞ്ഞു. അക്ഷയ് കുമാര്‍ തന്നെയാണോ പാടുന്നത് എന്ന തോന്നിക്കുംവിധമായിരുന്നു സമാനത.

placeholder
സുനിധി ചൗഹാന്‍

കത്രീന കൈഫിന്റെ നൃത്തരംഗം കൊണ്ട് പ്രശസ്തമായ ‘ഷീല കി ജവാനി’ എന്ന ഗാനവും ഈ സിനിമയിലുള്ളതാണ്. ഈ ഗാനം ആലപിച്ചതിന് അക്കൊല്ലത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ഗായിക സുനിധി ചൗഹാന്‍ നേടിയിരുന്നു. ഗാനം കൊറിയോഗ്രാഫി ചെയ്ത ഫറാഖാന്‍, മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ഫിലിംഫെയര്‍ സ്വന്തമാക്കി.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi